Sunday, December 26, 2010

പുതുവര്‍ഷം

അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!


Saturday, December 18, 2010

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്രാജാപുരത്തും ചീമേനിനാട്ടിലും
കാല്‍നൂറ്റാണ്ടു കാലത്തിലേറെയും
വായുവില്‍ പാറും ശകടം; ചറപറ
വാരിവിതറിയ ശകുനം മറക്കുമോ?

മുടിനരച്ചഴുകിയ കൌമാരം കണ്ടിടാം
വ്രണങ്ങള്‍ പേറും കുരുന്നു മക്കളെ തൊടാം
വ്രണിത ഹൃദയങ്ങള്‍ ചതഞ്ഞുറങ്ങുന്ന
കരിപുരണ്ട തെരുവൊക്കെയും ചുറ്റാം

ബദിയടുക്കയിലെ രോദനം കേള്‍ക്കുന്നില്ലേ
മുള്ളിയിലെ ക്ഷയിച്ച മക്കളെ കാണുന്നില്ലേ
കള്ളാറിലെ ക്കാഴ്ചകള്‍ നമ്മുടെ
കണ്ണുകള്‍ കുത്തിപ്പറിച്ചെറിയുന്നില്ലേ

ആയിരങ്ങള്‍ മണ്ണടിഞ്ഞമര്‍ന്നിട്ടും
ആര്‍ത്തനാദങ്ങള്‍ അലയടിച്ചുയര്‍ന്നിട്ടും
വൈകല്യം കോച്ചും 'അംഗങ്ങള്‍' പെരുത്തിട്ടും
വിലസുന്ന'തെന്തോ' സള്‍ഫാന്‍ മാപ്പിള!

മുലപ്പാലിന്‍ ഞരമ്പിലും നിറയും മഹാവിഷം
മണ്ണിലും ജലത്തിലും കറപാറ്റും കൊടുംവിഷം
ആര്‍ത്തി- പ്പരിഷകള്‍ വിളമ്പുന്ന  കൈവിഷം
ആരോഗ്യ ഹത്യയുടെ കൊടി നാട്ടും  നരവിഷം

സമിതിക്കും സമരക്കാര്‍ക്കും കോങ്കണ്ണിന്‍ 'സൂക്കേട്‌'
അന്വേഷിക്കൂട്ടങ്ങള്‍ക്ക് 'ഏമാന്‍റെ' കളിക്കൂട്ട്
ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!
Sunday, December 5, 2010

മണ്ടിപ്പാച്ചില്‍
വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'
വീട്ടുകാര്യങ്ങള്‍ തൊട്ടു മിനുക്കാന്‍
കുടുംബങ്ങളില്‍ ഓടിയണയാന്‍
അയല്പക്ക ബന്ധം പുതുക്കാന്‍
സൌഹൃദത്തിന്റെ കണ്ണി വിളക്കി
കൂടുതല്‍ ബലപ്പെടുത്താന്‍
വിവാഹങ്ങള്‍ക്കും വിരുന്നിനും
അതിഥിയായ് ചേരാന്‍
ജനന മരണങ്ങളില്‍ നിശബ്ദമായ്;
നിഴലായ് നിലകൊള്ളാന്‍
നാടും നാട്ടുവഴിയും
നാടന്‍ വിഭവങ്ങളും ആസ്വദിക്കാന്‍
ചാറ്റല്‍ മഴയില്‍ തുടങ്ങി
പതുക്കെ ഭാവം മാറുന്ന
പേമാരിയുടെ 'കലക്കന്‍'
കുത്തൊഴുക്ക് കണ്ടാസ്വദിക്കാന്‍
ഗ്രാമ്യമായ നിഷ്കളങ്കത
മതിവരുവോളം ആവാഹിക്കാന്‍
മൊബൈല്‍ ഫോണ്‍ നിശ്ചയിച്ചു തരുന്ന
അജണ്ടകള്‍ ആടിത്തീര്‍ക്കാന്‍...
ഒരുമാസം തികയുന്നില്ല
വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'

Thursday, October 7, 2010

E 'ലക്ഷന്‍'ഇലക്‌ഷന്‍ മഹാമഹത്തിന്‍റെ
ചെണ്ടയും തുകിലും മുറുകിക്കഴിഞ്ഞു
പത്രികാ സമര്‍പ്പണത്തിന്‍റെ ചൂടില്‍
നാട്ടിലെ രാഷ്ട്രീയക്കൊമ്പന്‍മാര്‍
മദപ്പാടു കാണിച്ചു തുടങ്ങി
വിമത ശല്യത്തില്‍ സഹികെട്ട്
പുകയുന്ന നേതാക്കളെ നോക്കി
തുറുപ്പുഗുലാന്‍മാര്‍ അണിയറയില്‍
കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നു

വിഭാഗീയതയുടെ ഗുണ്ടുകള്‍ പൊട്ടി
കട്ടപിടിച്ച പുകപടലമുയരുമ്പോള്‍
ചോട്ടാ നേതാക്കള്‍ ചുമച്ചു തളരുന്നു
നിറഞ്ഞു നില്‍ക്കുന്ന റിബലുകളുടെ
ചവിട്ടും കടിയും മാന്തലുമേറ്റ്
പാര്‍ട്ടികളുടെ മൂക്കും ചെവിയും
മുറിഞ്ഞ് വേദനിക്കുന്നുണ്ട്‌
കൂട്ടു മുന്നണിയും കുറുമുന്നണിയും
സാമ്പാര്‍ സഖ്യവുമെല്ലാം
ഇപ്പോള്‍ കൈകോര്‍ക്കലിന്‍റെ
നവഗാഥകള്‍ രചിക്കുകയാണ്

കൂറു മാറ്റവും കൂടു മാറ്റവും
പതിവ് പോലെ അരങ്ങു തകര്‍ക്കുന്നു
എല്ലാ ഞാഞ്ഞൂലുകളും ഇരിപ്പിടത്തിനായി
ഞെളിയുന്നതിന്റെ ആരവം കേള്‍ക്കാം
അവകാശങ്ങള്‍ക്കായുള്ള ഈ
വീറും ധൈര്യവും നീണാള്‍ വാഴട്ടെ
ജനത്തെ സേവിക്കാനുള്ള തല്‍പരതക്കും
ത്യാഗ മനസ്ഥിതിക്കും മുന്‍പില്‍
ഒരൊന്നൊന്നര നമോവാകം

ഇതെല്ലാമാണെങ്കിലും നമ്മള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പിനിറക്കിയ
പ്രകടനപത്രിക തിരുത്തില്ലാതെ
റീപ്രിന്‍റു ചെയ്ത ചാരിതാര്‍ഥ്യമുണ്ട്
സ്ഥാനതോടുള്ള ആര്‍ത്തിയാണ്
സ്ഥാനാര്‍ത്ഥിക്ക് എന്ന് പറയുന്നവര്‍
മുരളീധരന് 'ജയ്' വിളിക്കുക
നിബന്ധനയേതുമില്ലാതെയുള്ള
ആ പിന്തുണ....... ഹൊ!
കണ്ടു പഠിക്കേണ്ട ഒന്നു തന്നെ!!

Saturday, September 25, 2010

മലയാളത്തനിമ കാക്കുക

ജ്ഞാനപീഠം എന്നു കേട്ടപ്പൊ
കാസര്‍കോഡു ബന്തടുക്കയിലുള്ള
കണാരന്‍മാഷ്‌ പറഞ്ഞു
"ണമ്മളുക്കു വളിയ സന്തോസം ആയി
ഇത് ഒറു ണള്ള ബഹുമധിയാണ്
എന്ന കാര്‍യത്തില്‍ സംസയം ഇള്ള"

കണ്ണൂര്‍ വടകര നാദാപുരം
ഭാഗത്ത് കേളി കൂട്ടായ്മയുടെ
സാംസ്കാരിക യോഗമുണ്ട്
ഏട്യാ ചെല്ലണ്ടീന്ന് അനക്കറീല
ബസ്സില് കൊറേ പേര് മന്നീക്കി
വന്നോരോക്കെ കീഞ്ഞ്‌
പാഞ്ഞ്‌ പോയീക്കി

മലപ്പുറത്തുള്ളോര്‍ക്ക്
എത്താ കാട്ടണ്ടീന്നറീല
എല്ലാരും പരിവാടിക്ക്
റെഡ്യായി മന്ന് ക്ക് ണ്
എപ്പോ തൊടങ്ങൂന്നറീല
എല്ലാരോടും ചോയ്ച്ചി
ഇപ്പൊ തോടങ്ങുംന്നാ തോന്ന് ണത്‌

തൃശ്ശൂരില്‍   ശവി  കന്നാലികള്‍
ചുള്ളന്‍മാരായി വന്നീണ്ട്
സാംസ്കാരിക സായാഹ്നം
രാവിലെ പത്തിന്
വെടിക്കെട്ടോടെ തൊടങ്ങൂത്രെ
മുന്നോടിയായി നേരത്തെ
രണ്ട്‌ അമിട്ടാ പൊട്ടി

കോട്ടയത്തേതു കണ്ടാല്‍
ഇതൊക്കെ എന്നാ പ്രോഗ്രാം
പരിപാടി മൊത്തം അവിടെയല്യോ
ആഡിറ്റാറിയത്തിനു   പുറത്ത്
ഏതാണ്ട്  അമ്പതു മീറ്റര്‍
നീളവൊള്ള കൊടിമരത്തില്
ഇരുപത്തിനാലു മീറ്ററിന്‍റെ
പതാകയല്യോ പാറുന്നെ

തിരോന്തരം നഗരത്തില്‍
മഴകള്‍ പെയ്യുന്നൊണ്ടേലും
കവിയരങ്ങും പൊതു സമ്മേളനോം
ഒടനെ നടക്കാമ്പോണ്
ക്വാഴിയും ബെറോട്ടായുമാ പാര്‍ട്ടി
ചുമ്മാ നിക്കാതെ പിറക്കെ വിട്ടോണം
എന്നാ കഴിചേച്ചു വരാം
കൂടെ ചായകളും കുടിക്കാം

Tuesday, September 14, 2010

പുത്തന്‍ വ്യാപാരം


പണ്ട് നമ്മുടെ ഇടവഴികളില്‍
ചാത്തനും മറുതയും
റൂഹാനികളും വിഹരിച്ചു
വസൂരി കുരുപ്പ് ചെകുത്താനും
കോളറ തട്ട് ചെകുത്താനുമായി
വേഷപ്പകര്‍ച്ച നടത്തി

കറുപ്പനും ഒടിയനും
രക്ത രക്ഷസ്സുകളും
ഇരുളിന്‍റെ ഘനം കൂട്ടിയപ്പോള്‍
തേരും ആനമറുതയും
പൊട്ടിയും ഗുളികനും
പിന്നെ ചേക്കുട്ടിപ്പാപ്പയും
നാടടക്കി വാണു

മാരണവും മന്ത്രവാദവും
ജനത്തിന്‌ വായുവും
കുടി നീരുമായി
ഗൌളിയും കരിമ്പൂച്ചയും
ദിന രാത്രങ്ങളുടെ
അജണ്ടകള്‍ നിശ്ചയിച്ചു

കണക്കുനോട്ടവും മഷിയിടലും
പിഞ്ഞാണമെഴുത്തും
പിന്നെ പക്ഷി ശാസ്ത്രവും
സമൂഹത്തിന്‍റെ മനസ്സു ഭരിച്ചു
അനുകൂല കാലാവസ്ഥ കണ്ട്
യക്ഷിയും മക്കളും
പാല മരങ്ങളില്‍
കുടില്‍ കെട്ടി പാര്‍ത്തു

നവോത്ഥാനത്തിന്‍റെ വെട്ടം
തിരിച്ചറിവും ചിന്തയുമായി
മണ്ണിനെ ഉഴുതു മറിച്ചപ്പോള്‍
കൂരിരുള്‍ കരിമ്പടം പുതച്ചു
പതുക്കെ വഴിമാറി
തലച്ചോറിലെ മാറാലകള്‍
ആഴങ്ങളില്‍ പുതഞ്ഞു പോയി

ഇന്നിപ്പോള്‍ ഇവയെല്ലാം
ശാസ്ത്രവല്‍ക്കരിക്കപ്പെട്ട
ഉത്തരാധുനിക മുഖവുമായി
പല്ലിളിച്ചു പുനര്‍ജ്ജനിക്കുന്നു
വഴിയോരങ്ങളില്‍ തുടങ്ങി
പഞ്ചനക്ഷത്ര സദസ്സുകളിലും
സ്വീകരണ മുറികളിലും വരെ
സകല ലൊട്ടു ലൊടുക്കുകളുടെയും
ശാസ്ത്രീയ വിപണനത്തിന്റെ  താളം
അനുദിനം മുറുകി വരുന്നു!!

Tuesday, September 7, 2010

ഈദുല്‍ ഫിത്വര്‍


ആശംസകളുടെ
ആത്മാവ് നഷ്ടമായിട്ടില്ലെങ്കില്‍
ഞാനും നേരുന്നു
"ഈദുല്‍ ഫിത്വര്‍"
ശവ്വാലിന്‍റെ പൊന്നമ്പിളി
ചിരിച്ചുയരുമ്പോള്‍
ഭൂതലത്തിന്‍റെ
ഏതോ ഒരു കോണില്‍
നാമും പങ്കുചേരുക
ഉള്ളു തുറക്കുന്ന
ആ ചിരിയിലും
ഇരുള്‍ മായ്ക്കുന്ന
നിലാവൊളിയുടെ
കളങ്കമേശാത്ത
തെളിമയിലും
**********

Thursday, August 26, 2010

ലോകം അറിഞ്ഞിരുന്നെങ്കില്‍ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്‌
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ  
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും

കാരുണ്യവാന്‍റെ വര്‍ഷമുണ്ടായി
മാലാഖമാര്‍ പടനയിക്കാന്‍ പറന്നെത്തി
യുദ്ധക്കളം ഇരമ്പിയുണര്‍ന്നു
ബദറിടിവാരത്തില്‍ ധൂളികളുയര്‍ന്നു
വാനില്‍ സത്യത്തിന്‍ തൂവെള്ളക്കൊടിപാറി
കളങ്കമേശാത്ത വിശ്വാസം
പൊടിപിടിച്ച നിഷേധത്തിന്‍റെ
കറുത്ത തേറ്റകളെ പിഴുതെറിഞ്ഞു

കാലം ചരിത്ര പാഠത്തിനു മുകളില്‍
അതിന്‍റെ മാറാല തീര്‍ത്ത ഇന്ന്
ബദര്‍ ചിലര്‍ക്ക് വെറും രാക്കഥ
കഥാ പ്രസംഗത്തിന്‍റെ ത്രഡ്
വിഭവമൊരുക്കാനുള്ള വിത്ത്
തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
വഴിവിട്ട ജിഹാദി വട്ടങ്ങള്‍
ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
വിരോധാഭാസത്തിന്‍റെ അത്താണി

ലോകം അറിഞ്ഞിരുന്നെങ്കില്‍...
പോരാളികളുടെ ത്യാഗം
ആ പോരാട്ടത്തിന്‍റെ കാമ്പ്
കലര്‍പ്പില്ലാത്ത ആ സന്ദേശം
ഉള്ളില്‍ നേര്‍ക്കു നേരെയുള്ള
സമര്‍പ്പണത്തിന്‍റെ മന്ത്രവുമോതി
അവരുയര്‍ത്തിയ പതാകയുടെ പകിട്ട്!

Thursday, August 19, 2010

നമ്മെ നാം വിളിച്ചുണര്‍ത്തുക


മലയാളത്തിലെ പ്രസിദ്ധമായ ഒരു ചാനലില്‍ റമദാന്‍ 
സന്ദേശം നല്‍കുകയായിരുന്നു സാമൂഹ്യ രംഗത്ത്
അറിയപ്പെടുന്ന ഒരു മുസ്ലിം വനിത.

"റമദാന്‍ ആസന്നമായാല്‍ രുചികരമായ ഭക്ഷണവും പലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങളും സാമഗ്രികളും നേരത്തെ തന്നെ ഒരുക്കി വെക്കും. നോമ്പ് ദിവസങ്ങളില്‍ ഉച്ചയാകുന്നതോട് കൂടി വിവിധ ഇനങ്ങള്‍ ഒരുക്കാന്‍ ആരംഭിക്കും. രാത്രി നമസ്കാരം കഴിഞ്ഞു പുരുഷന്മാര്‍ തിരിച്ചു വരുമ്പോള്‍ നല്‍കാനുള്ള മറ്റു വിഭവങ്ങള്‍ വേറെയും . അത്താഴത്തിനു മുണ്ട് രുചിയൂറുന്ന...."  ഇങ്ങിനെ പോകുന്നു അവരുടെ വിശദീകരം!!

റമദാനിനെക്കുറിച്ച് ഒരു സാധാരണക്കാരനുള്ള അബദ്ധ ധാരണകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇവരും ചെയ്തത്!!

എന്തുകൊണ്ട് റമദാനും അതിലെ വ്രതവും ?
ഈ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും കൃത്യമായി വിശദീകരിക്കപ്പെടാറില്ല.
മാനവകുലത്തിന് മാര്‍ഗ ദര്‍ശകമായ വിശുദ്ധ ഖുര്ആ‍നിന്‍റെ അവതരണം
ആരംഭിച്ചത് റമദാനിലാണ്. അതിനുള്ള നന്ദിപ്രകാശനമാണ് ഈ മാസത്തിലെ
വ്രതം. ഇതാണ് വസ്തുത.

ഭക്ഷണമൊരുക്കലിന്‍റെയും ധനവാന്‍റെ ഔദാര്യത്തിനായി പാവങ്ങളുടെ
അലച്ചിലിന്‍റെയും മാസമായി റമദാന്‍ വിലയിരുത്തപ്പെട്ടുകൂട.
പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളോ വ്യാഖ്യാനങ്ങളോ
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്!

ദേഹേചകളെ മുഴുവന്‍ വെടിഞ്ഞു ദൈവഹിതത്തിന്‍റെ വഴിയിലേക്ക്
നേര്‍ക്കുനേരെ നടന്നടുക്കാനുള്ള  അവസരമാണ് റമദാന്‍.
"ഒരു റമദാനിനു സാക്ഷിയായിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവനേക്കാള്‍
നഷ്ടകാരിയായി മറ്റാരുണ്ട് " എന്ന പ്രവാചക വചനം നമ്മെ തൊട്ടുണര്‍ത്തുക.
വന്നുപോയ പാപങ്ങളോര്‍ത്ത് കരയാന്‍... മാപ്പിരക്കാന്‍...
മനസ്സ് കഴുകി വെടിപ്പാക്കാന്‍... വിശ്വാസത്തിന്‍റെ പുതിയ ഊര്‍ജ്ജം
ആവാഹിക്കാന്‍... ധനവും ശരീരവും മനസ്സും സ്ഫുടം ചെയ്തെടുക്കാന്‍ ...
അതിനു മതം നിശ്ചയിച്ച പ്രത്യേകമായ  മുപ്പതു നാളുകളെ നമ്മള്‍
വികലമാക്കാതിരുന്നാല്‍ മതി!

മനുഷ്യകുലത്തിനുള്ള മോക്ഷദായക ഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ആന്‍അത് മുസ്ലിംകളുടെ മാത്രം സ്വകാര്യ സ്വത്തല്ല. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രവാചകനായ മുഹമ്മദ്‌ നബിയിലൂടെ ഘട്ടം ഘട്ടമായി അത് കൈമാറപ്പെട്ടു.. സൃഷ്ടികര്‍ത്താവിന്‍റെ സവിധത്തില്‍ നിന്നും മുഴുവന്‍ മനുഷ്യകുലത്തിനും വഴികാട്ടിയായി അവതീര്‍ണ്ണമായ അവസാനത്തെ വേദം. വിശാലമായ ഈ കാഴ്ചപ്പുകളെയെല്ലാം തെറ്റായോ  സങ്കുചിതമായോ വ്യാഖ്യാനിക്കുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. അതിനുത്തരവാദികള്‍ ഇസ്ലാമിന്‍റെ ലേബളില്‍ പ്രത്യക്ഷപ്പെടുന്നവര്‍
തന്നെയാവുകയാണ് പലപ്പോഴും  പതിവ്!

വായിക്കുന്നവര്‍ അവരുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഗ്രന്ഥമാണ്  ഖുര്‍ആന്‍. പഠിക്കുന്നവര്‍ അവരുടെ പഠനത്തിന്‍റെ ഭാഗമാക്കേണ്ടതും. കാരണം അത് മാനവകുലത്തിന്‍റെ വിചാരവും ആചാരവും ജീവിത ശൈലിയും മാറ്റി പ്രതിഷ്ടിക്കുകയും സത്യത്തിലേക്കും തിരിച്ചറിവിലേക്കും വഴി നടത്തുകയും ചെയ്യുന്നു.

ഖുര്‍ആന്‍...
ഏറ്റവും വായിക്കപ്പെടുന്ന ഗ്രന്ഥമാണ്. അത് ചരിത്രത്തില്‍ തുല്യതയില്ലാത്ത
പരിവര്‍ത്തനം സാധ്യമാക്കി. പ്രപഞ്ചത്തെ തുറന്ന പുസ്തകമായി അവതരിപ്പിക്കുന്ന
ഖുര്‍ആന്‍ കാര്യങ്ങളെ യുക്തിഭദ്രമായി സമീപിക്കുന്നു. അതിന്‍റെ വിജ്ഞാനവ്യാസം
പരിമിതികളില്‍ ഉടക്കി നില്കുന്നില്ല. അത് ഗദ്യമോ പദ്യമോ വൃത്തതാള നിബദ്ദമോ അല്ല. എന്നാല്‍ അതില്‍ ഗദ്യപദ്യ വൃത്തതാള നിബദ്ദമുണ്ട്. അതൊരു ശാസ്ത്ര ഗ്രന്ഥമല്ല... അതില്‍ ശാസ്ത്രമുണ്ട്. ചരിത്ര ഗ്രന്ഥമല്ല... അതില്‍ ചരിത്രമുണ്ട്. നിയമപുസ്തകമല്ല... അതില്‍ നിയമമുണ്ട്. നാഗരികതയുടെ ഏടല്ല... അതില്‍ നാഗരികതയുണ്ട്. ഇഹലോകവും പരലോകവുമുണ്ട്.

അതിനാല്‍ ഖുര്‍ആനിന്‍റെ അവതരണ മാസം അതിന്‍റെ പഠനത്തിനുള്ള
ഊര്‍ജ്ജദായക മാസമായിത്തീരട്ടെ; സകല മനുഷ്യര്‍ക്കും!

'മരുഭൂമിയിലെ യാത്രക്കാരന്‍' എന്ന കവിതയില്‍ ജിബ്‌രീല്‍ നബിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട രംഗം പി.കുഞ്ഞിരാമന്‍ നായര്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്:

"ഉഷസ്സിന്‍റെ നേരിയ നീരാളത്തിരി നീക്കി തനിത്തങ്ക വിമാനത്തില്‍ ശൂന്യമായ മരുഭൂമിയില്‍ വന്നിറങ്ങിയ ഏതോ ദൈവദൂതന്‍ അര്‍ധ നിദ്രിദനായ ആ യുവാവിനെ ചുംബിച്ചു. മുഹമ്മദുണര്‍ന്നു. ഈ തന്നില്‍ താനല്ലാത്ത ഒരാള്‍ ഉള്ളില്‍നിന്ന്, ജ്യോതിര്‍ മണ്ഡലത്തില്‍ പുഞ്ചിരി തൂകുന്നതായി ആ ഭക്തന്‍ കണ്ടു. യജമാനന്‍റെ മുന്‍പില്‍ ഭ്രുത്യനെന്ന പോലെ ഞൊടിയിടനേരം ആ ജ്യോതിസ്സിന്‍റെ മുന്‍പില്‍ മുഹമ്മദ്‌ അനങ്ങാതെ നിന്നു. "മുഹമ്മദ്‌ എഴുന്നേല്‍ ക്കൂ, ഇരുളില്‍ മയങ്ങിയ ലോകത്തെ വിളിച്ചുണര്‍ത്തൂ....."- ഒരശരീരിയുണ്ടായി. ഒരിടി വരവുണ്ടായി. ഒരു നിശ്ശബ്ദ ശാസനയുണ്ടായി"

നമ്മെ നാം വിളിച്ചുണര്‍ത്തുക
അതിനാവട്ടെ ഈ മാസം!

Tuesday, August 10, 2010

റമദാന്‍ ചിന്തകള്‍


കാരുണ്യമൊഴുകും പുതു നിലാവാസന്ന മിനി-
പുണ്യം നിറഞ്ഞൊഴുകും പകലിരവു താരുണ്യം
സ്നേഹം നിറംചേര്‍ത്ത നിമിഷങ്ങളിഴ ചേര്‍ക്കാന്‍
കച്ച മുറുക്കാം കളങ്കമുടച്ചെറിയാം

ധനവാന്‍ വിശപ്പിന്‍റെ രുചിയെ രുചിച്ചറിയും
ധനമില്ലാ പാവങ്ങള്‍ കണ്പാര്‍ത്തു കാത്തിടും
സ്വര്‍ഗീയ വാടം മലര്‍ക്കെ തുറന്നിടും
നാരക വാതില്‍ അടച്ചു താഴ്പൂട്ടിടും

അന്ത്യയാമങ്ങളിനി നാഥനു നല്‍കിടാം
ഭാരമിരക്കാം ഭാവിയെ കാത്തിടാം
വൃദ്ധി വികാസത്തിന്‍ തേരേറി നീങ്ങുവാന്‍
നിമിഷ ബിന്ദുക്കളെ കോരിയെടുത്തിടാം

നാവില്‍ സ്തുതിയുടെ കീര്‍ത്തനം കോര്‍ത്തിടാം
നോവും നീറ്റലും സവിധമര്‍പ്പിച്ചിടാം
മൂഡ ദുരാര്‍ത്തികള്‍ മൂടിയൊതുക്കിടാം
ഭാവ വൈചിത്ര്യത്തിന്‍ അടിവേരറുത്തിടാം

കൈകളുയര്‍ത്തി കരഞ്ഞു കറ തീര്‍ക്കാന്‍
പാപക്കല നീക്കി ഹൃത്തം മിനുക്കുവാന്‍
കൂത്താടി വാഴുന്ന ലോഭങ്ങളില്ലാത്ത
മാസം റമദാനെ മാറോടു ചേര്‍ത്തിടാം

കുന്നായ്മ വേണ്ടയിനി കുത്തിപ്പറയേണ്ട
ക്ഷോഭ ലോഭാതികള്‍ തടവു തീര്‍ത്തീടേണ്ട
ത്യാഗ പരിശ്രമ പര്‍വ്വത്തെ വെറുമൊരു
താലി പൊട്ടിക്കുന്ന ജോലിയാക്കീടേണ്ട

വിശ്വപ്രകാശം പരത്തി മേവുന്നൊരീ
വിശ്വവി മോചന ഗ്രന്ഥം പുണര്‍ന്നിനി
സന്‍മാര്‍ഗ്ഗ ദര്‍ശന വീഥിയില്‍ മുന്നിടാം
ആത്മവികാസത്തിന്‍ വാനില്‍ പറന്നിടാം

Sunday, August 1, 2010

മാധ്യമ വിചാരം


ഒന്നാം പേജു പാര്‍ട്ടിക്കാര്‍ക്കു നല്‍കി
വെണ്ടക്ക നിരത്തി ചേരുവ ചേര്‍ത്തു
എഡിറ്റോറിയല്‍ കോളത്തില്‍
തലമുതിര്‍ന്ന എഡിറ്ററുടെ ജലദോഷം
വലതു ചാരത്ത്‌ കൂലിക്കെഴുതുന്ന
കോമളന്‍ സാറിന്‍റെ അവലോകനം
താഴെ അര്‍ദ്ധസത്യത്തില്‍ തീര്‍ത്ത
ആറു കോളത്തിന്‍റെ അതിശയോക്തി
പിന്നെ കത്തുകളും കുത്തുകളും
വാചക പാചക മേളകള്‍ വേറെയും


പ്രാദേശികത്തില്‍ പാമ്പു പിടിയന്‍
പ്രഭാകരന്‍ മുഴച്ചു നിന്നു
ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞ
വിദ്ധ്യാര്‍തഥിനിയുടെ ദുരന്തം
മാതൃവിലാപത്തിന്‍റെ ചിത്രശകലങ്ങള്‍
രക്തമുറ്റുന്ന കണ്ണുകള്‍
ആല്‍മരത്തില്‍ തൂങ്ങിച്ചത്ത
അന്തപ്പന്‍റെ അവസാനത്തെ കത്ത്
ബലാല്‍സംഘങ്ങളുടെ ത്രസിപ്പിക്കുന്ന
വാര്‍ത്തകള്‍ പന്ത്രണ്ടെണ്ണം
മൂര്‍ദ്ധാവില്‍ അടിയേറ്റു
തലപിളര്‍ന്ന തങ്കയുടെ റിപ്പോര്‍ട്ട്‌
തച്ചുകൊന്ന താടിക്കാരന്‍
മാരന്‍ കോരുവിന്‍റെ കഥനം
അങ്ങിനെയങ്ങിനെ.....


അന്താരാഷ്ട്രം പതിവില്‍ കൂടുതല്‍
'ഭീകര' അട്ടിമറികളാല്‍ സമ്പുഷ്ടം
ബോംബും തുപ്പാക്കിയും ആവശ്യത്തിന് 
നുഴഞ്ഞുകയറ്റക്കാരും കൊടുംഭീകരരും
പട്ടാളത്തിന്‍റെ പിടിയില്‍
'മതഭ്രാന്ത'രുടെ ക്രൂരതയും കൂത്തും
സമാധാനത്തിന്‍റെ പാശ്ചാത്യന്‍
ഉണര്‍ത്തുപാട്ടുകളും ശീലും
പാവം ഇസ്രായേലിന്‍റെ കണ്ണീരും
ഫലസ്തീനികളുടെ താണ്ഡവവും


പിന്നാമ്പുറത്തെ താളു മുഴുവന്‍
കണ്ണഞ്ചുന്ന വര്‍ണ്ണങ്ങളുടെ
മസാലകള്‍ തേച്ചു വെച്ചിട്ടുണ്ട്
അതിശയോക്തിയുടെ വിവരണം
ചാര്‍ത്തി മൊഞ്ചു കൂട്ടണം
അതുകൂടി ക്കഴിഞ്ഞാല്‍
ഇഷ്ടാനിഷ്ടങ്ങളുടെ കറുത്ത മഷിപുരട്ടി
വിഷം ചേര്‍ത്ത ഉമിനീരുകൊണ്ട്
കമ്പോസ് ചെയ്തു വിളമ്പാം
എല്ലാം 'മോഡി' യായാല്‍
പുറത്തു വിതരണക്കാരന്‍റെ
ഒംനിവാന്‍ കിതക്കാന്‍ തുടങ്ങും!!

Monday, July 26, 2010

ബന്ധമെന്ന കുന്തം


രണ്ടു നാള്‍ കേള്‍ക്കാതായപ്പോള്‍
സുഹൃത്തറിയാന്‍
ഇങ്ങിനെ കുറിച്ചയച്ചു:

"ചില ബന്ധങ്ങള്‍ വളരും
വേറെ ചിലത് വരളും
വളര്‍ന്നാല്‍ പന്തലിക്കും
വരണ്ടാല്‍ തളരും
പിന്നെ തകര്‍ന്നടിയും
വേച്ചു വളര്‍ന്ന ബന്ധങ്ങള്‍
വാടിയുണങ്ങാതിരിക്കാന്‍ 
വേഗത്തിലുണരാം; ഉയരാം  "

ഇതില്‍ നിന്നു
'പ്രചോദന'മുള്‍ക്കൊണ്ടാവാം
അയാള്‍ ബന്ധത്തിന്‍റെ
ചരടു പൊട്ടിച്ചെറിഞ്ഞു !
പിന്നെ, ഓര്‍മയുടെ
മങ്ങിയ താഴ്വരയില്‍
അമര്‍ന്നസ്തമിച്ചു
മറവിയുടെ മഞ്ഞുവീഴ്ച
അതിനു മുകളില്‍
പുതിയ പാളികള്‍ തീര്‍ക്കുന്നുണ്ട്
ഓര്‍ത്തെടുക്കാനവാത്ത വിധം
ഘനം വെക്കുന്നുമുണ്ട് !!

Wednesday, July 21, 2010

കഥാപാത്രങ്ങള്‍
മനസ്സു മന്ത്രിച്ചു
ഇനിയും ഒരായിരം
ചിത്രങ്ങള്‍ തീര്‍ക്കണം
വാനോളം ഉയരത്തില്‍
കവിതക്കൊടി പാറിക്കണം
ആലസ്യത്തിന്റെ പഴകിപ്പറിഞ്ഞ
മൂടുപടം വലിച്ചുകീറി
കരുത്തിന്‍റെ പടച്ചട്ടയണിഞ്ഞു
ആര്ജവത്തിന്‍റെ തേരേറി
ഒറ്റയടിപ്പാത്തയിലൂടെ നടക്കുമ്പോള്‍
നോവും നീറ്റലുമില്ല
മനസ്സു വിറക്കുന്നില്ല
ശരീരം ഒട്ടും തളരുന്നില്ല

അസ്തമയ സൂര്യനെ നോക്കി
ചായങ്ങള്‍ ചാലിച്ചു
ചക്രവാളത്തില്‍ തെളിഞ്ഞ
പരശ്ശതം വര്‍ണ്ണക്കൂട്ടുകളില്‍
എന്‍റെ ചിത്രം അലിഞ്ഞില്ലാതായി
തീരത്തുപോയി കവിത കുറിക്കാനിരുന്നു
തിരമാല ആഴങ്ങളിലേക്ക്
വലിച്ചു കൊണ്ടുപോയി
ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക!

Saturday, July 17, 2010

'പ്ര' വാസം
പ്രവാസിയെന്നും
പ്രശ്നങ്ങളിലാണത്രെ
'പ്രാന്തു' പിടിപ്പിക്കുന്ന
പ്രാരാബ്ധങ്ങളിലും!.
പ്രസ്തുത
പ്രചാരണങ്ങളെ
പ്രാക്തനമെന്നു വിളിച്ചോളൂ
പ്രയാസങ്ങള്‍ തീര്‍ന്നു
പ്രവാസം നിര്‍ത്തല്‍
പ്രായോഗികമല്ല തന്നെ
പ്രഷറും കൂടെ
പ്രമേഹവും ചേര്‍ന്ന്
പ്രണയിക്കുമ്പോഴും
പ്രതാപിയെപ്പോലെ
പ്രത്യുപകാരിയാകുന്നവന്‍.
പ്രതിസന്ധികള്‍ ഒരു
പ്രഹേളികയായി
പ്രഹരിച്ചുകൊണ്ടിരിക്കുമ്പോഴും
പ്രസന്നവദനനായി
പ്രതികരിക്കുന്നവന്‍.
പ്രതിമാസ വരുമാനത്തില്‍
പ്രതീക്ഷയുടെ കൂട്ടങ്ങള്‍
പ്രദക്ഷിണം വെക്കുമ്പോള്‍
പ്രത്യക്ഷപ്പെടാത്ത
പ്രതിനായകനെപ്പോലെ
പ്രതിരോധിക്കാന്‍ കഴിയാത്തവന്‍.
പ്രചണ്ഡമായ ഒത്തിരി
പ്രഘോഷണങ്ങള്‍ കേട്ട്
പ്രജ്ഞയറ്റു കിടക്കുന്നവന്‍
പ്രകടനപരത കളയാം
പ്രശ്നപ്പെരുമ നിര്‍ത്തി
പ്രത്യുല്പന്നമതികളും
പ്രതിജ്ഞാബദ്ധരുമാവാം
പ്രകാശ കിരണത്തിനായി
പ്രതാപശാലിയോടു
പ്രാര്‍ഥിക്കാം
പ്രവാസത്തിലെ
പ്രച്ചന്നവേഷങ്ങള്‍
പ്രഹസനമാകാതിരിക്കട്ടെ;
പ്രക്ഷുബ്ധവും!!

Monday, July 12, 2010

ബിസിയാണ്
ആരവങ്ങളൊതുങ്ങി                                                                               
ജബുലാനിയുടെ കാറ്റൊഴിച്ചു
വുവുസേല അട്ടത്തേക്കെറിഞ്ഞു
വിഡ്ഢിപ്പെട്ടിക്കു മുന്നില്‍
കാലൊടിഞ്ഞ കസേരകള്‍
വക്കാ വക്കാ  കളിക്കുന്നു
ഇനി പുറത്തേക്കിറങ്ങാം
എന്തോരം കാര്യങ്ങളാ...                                                  
ധനമന്ത്രിയെ കാണണം
പതിനാലായിരത്തി മുന്നൂറ്റിപ്പത്ത്
കുഴി അടച്ചെന്നാ അങ്ങോര്                                               
പതിനോന്നായിരത്തി മുപ്പത്തി
ആറെണ്ണം ബാക്കിയെന്നും
നമ്മളെണ്ണിയപ്പൊ നാലെണ്ണം കൂടുതലാ      
ഭകഷ്യ മന്ത്രിയെ കണ്ടിട്ടു വേണം
മുട്ടയും പാലും എവിടെക്കിട്ടുമെന്നറിയാന്‍                 
ഹോട്ടലിലേക്കുള്ള വഴിയും ചോദിക്കണം
ഖത്തറിലെ വിശേഷങ്ങളറിയാന്‍                                           
തച്ചിങ്കരിവരെ പോകാനുണ്ട്
ഫോണ്‍ നമ്പരു കിട്ടിയാ
ആ നസീറിനെ വിളിക്കണം
തടി കുറക്കാനുള്ള മരുന്നു ചോദിക്കാനാ
കുടകിലേക്കുള്ള ബസ്സ്‌ ടിക്കറ്റ്
ചാര്‍ജ്ജെത്ര യാണാവോ...?
ഏതായാലും ആന്‍വാറുശ്ശേരിയില്‍                                                      
തൂക്കിയിട്ടു  കാണും!
ശ്രീമതി ടീച്ചര്‍ ഉത്ഘാടനത്തിനു വരുന്നുണ്ട്
ഇംഗ്ലീഷില്‍ നാല് ഹെല്‍ത് ടിപ്പു കേക്കണം
തിരിച്ചു നിലമ്പൂരു വഴി പോന്നാല്‍
പ്ലംബിങ്ങിനു പറ്റിയ നല്ല
ബ്രേക്ക്‌ പമ്പുകളും കാണും
പോപുലറായ ഏതെങ്കിലും
ഫ്രണ്ടിനെ കണ്ടാല്‍
കുറഞ്ഞ വിലയില്‍ കൈപത്തികള്‍                                   
നാലെണ്ണം മേടിക്കണം
പഞ്ചായത്ത് ഇലക്ഷനാ  വരുന്നത്
ദയവായി  'ശുംഭന്മാര്‍'
ഞങ്ങടെ വഴി തടയരുത്
ജലാറ്റിന്‍ സ്റ്റിക്കുകളും
വടിവാളും കുറുവടിയും
നാടന്‍ ബോംബുകളും                                        
ആര്‍ ഡി എക്സും പാര്‍സലു ചെയ്യും
പറഞ്ഞില്ലാന്നു വേണ്ട!                                        
എതായിരുന്നാലും
ഇത്തവണ ക്ഷമിക്കുന്നു
കാരണം;ഇപ്പൊ 'ഞങ്ങള്‍'
ബഹൂത്  ബിസിയാ!!

Saturday, July 3, 2010

കാഴ്ചകള്‍


പൊതുജനത്തിന്റെ
കരിഞ്ഞ സ്വപ്നങ്ങളില്‍
പെട്രോളൊഴിച്ചു 'ഗവര്‍മേണ്ട്'
തീ കത്തിക്കുമ്പോള്‍
മറക്കു  പിറകില്‍
പാവം വമ്പന്മാരും
കോര്‍പറേറ്റുകളും
കുലുങ്ങിക്കരയുന്നു

ചെക്ക് പോസ്റ്റില്‍
പാണ്ടി ലോറിയിലിരുന്നു
വി ഐ പി തക്കാളി
ഇങ്കുലാബു വിളിക്കെ
വെണ്ടയ്ക്കയുടെയും
പാവക്കയുടെയും കണ്ണില്‍
പ്രതിപക്ഷത്തിന്റെ ഉശിര്

മകളുടെ കല്യാണത്തിനു
സ്ത്രീധനമായി
അഞ്ചു കിലോ ചെറുപയറും
നാലുകിലോ പരിപ്പും
വേണമെന്നാ ഡിമാന്റ്
അറ്റാക്കുവന്ന തന്തയെ
അലമാരയില്‍ വെച്ചിട്ടുണ്ട്
ഹര്‍ത്താലു കഴിഞ്ഞു
ഡോക്ടറെ കാണിക്കാന്‍

പാലില്ലാത്ത ചായ കുടിച്ച്‌
ചോരവറ്റിയ നാട്ടുകാരെ കണ്ട്
പോകരിന്റെ ചായക്കടയില്‍
ഓട്ടവീണ് പഴകിയ
പരുത്ത പരുത്ത
മുക്കാലി ബെഞ്ചിനുള്ളിലെ
താമസക്കാരായ മൂട്ടകള്‍
ഉറക്കെ പ്രതിഷേധിച്ചു

ഒരു കാര്യത്തില്‍
നമുക്ക് തന്തോയം
പുതിയ കുറ്റി വാങ്ങാന്‍
കാശു തികയാത്തതിനാല്‍
ഗ്യാസ് പൊട്ടിത്തെറിച്ചു
ഒരു കുടുംബത്തിലും
മരുമക്കളിനി മരിക്കില്ല

തേങ്ങകൊണ്ട് ചോറും
കറിയും ഉപ്പേരിയും
അച്ചാറും ചമ്മന്തിയും
പിന്നെ അപ്പവുമുണ്ടാക്കി
നമുക്ക് കേരളത്തനിമ കാക്കാം
അടുത്ത വോട്ടിങ്ങിലും
ചിഹ്നത്തിലാഞ്ഞു കുത്തി
നമുക്കീ ജനായത്ത-
ക്കൊടി പാറിക്കാം!!
(11.07.10 നു മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചു)

Tuesday, June 29, 2010

ആത്മാവിനെ കീറിക്കളയരുത്

"ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മികച്ചപ്രകടനത്തില്‍ നിരാശപൂണ്ട ബ്രസീല്‍ ആരാധകന്‍ തൂങ്ങി മരിച്ച നിലയില്‍. വയനാട് മേപ്പാടി കോട്ടവയല്‍ തച്ചനാട് രഞ്ജിത്താണ് (26) മരിച്ചത്. ക്‌ളബിലിരുന്നു മെക്‌സിക്കോ-അര്‍ജന്റീന മത്സരം കാണുന്നതിനിടെ രഞ്ജിത്ത് എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ. അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതോടെ അസ്വസ്ഥനായ ഇയാള്‍ ഇപ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞാണത്രേ പുറത്തേയ്ക്ക് പോയത്. പിന്നീട് തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയിയിരുന്നു. അര്‍ജന്റീനിയന്‍ ആരാധകര്‍ കളിയാക്കിയതിലെ മനോവിഷമമാണ് ജീവനൊടുക്കിയതിനു പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു".
വാര്‍ത്ത (28.06.10)

ടെലിവിഷന്‍ കാണാന്‍ അടുത്ത വീട്ടില്‍ പോകാന്‍ അനുവാദം നല്‍കാത്തതിനാല്‍
ആത്മഹത്യ ചയ്ത മകനെക്കുറിച്ചും തന്റെ വളര്‍ത്തുതത്ത കൂട്ടില്‍ നിന്ന്
പാറിപ്പോയതില്‍ മനംനൊന്തു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെക്കുറിച്ചും
വായിച്ചവരാന് നാം. പരീക്ഷ റിസള്‍ട്ടു വരുമ്പോഴും അഡ്മിഷന്‍
കിട്ടാതിരിക്കുമ്പോഴും ചാക്ക് കണക്കിനു ആത്മഹത്യകള്‍ വേറെ! കമിതാക്കളും
കാമാര്‍ത്തരും മരക്കൊമ്പിലും ജലാശയങ്ങളിലും റെയില്‍പാളത്തിലു മൊക്കെ
ഹൈജംപും ലോങ്ങ്‌ജംപും പഠിക്കുന്നത് ഇതിനു പുറമെ. മക്കളെ കൊന്നു
ജീവന്റെ തിരി സ്വയം തല്ലിക്കെടുത്തുന്ന മാതാക്കളും, കുടുംബ സമേതം
ജീവനൊടുക്കുന്ന കൂട്ടങ്ങളും മറ്റൊരു വശത്ത്.പുറം ലോകത്തെ ത്രസിപ്പിച്ചും
അസൂയപ്പെടുത്തിയും പളപളപ്പില്‍ ജീവിക്കുമ്പോഴും ഉള്ളില്‍ എരിതീയുമായി
അവസാനം ഒരു തുള്ളി വിഷത്തിലോ ഒരു കഷ്ണം കയറിലോ ഫുള്‍ സ്റ്റോപ്പിടുന്ന
താര മങ്കകളും ഹീറോകളും; അങ്ങിനെ... അങ്ങിനെ... അങ്ങിനെ...

തങ്ങള്‍ ആരാധ്യരായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുടെയും
നേതാക്കളുടെയുമൊക്കെ വിയോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്ന അന്യ സംസ്ഥാനക്കാരെക്കുറിച്ച് നമുക്ക് പരിചയമുണ്ട്. ഇത്തരം വിഷയങ്ങളില്‍
മലയാളിയുടെ മനോനില അല്പംകൂടി ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇമ്മാതിരി
സംഭവങ്ങള്‍ ആ ധാരണയെ പലപ്പോഴും തകിടംമറിക്കുന്നു.

Dale Carnegie എന്ന അമേരിക്കന്‍  എഴുത്തുകാരനെക്കുറിച്ച് വായിച്ചിട്ടുണ്ട്.
How to stop worrying and Start Living എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട
ഒരു രചനയാണ്. ജീവിതത്തിലെ അസ്വാസ്ത്യങ്ങള്‍ അവസാനിപ്പിച്ച്
നിര്‍മലമായി എങ്ങിനെ മുന്നോട്ടു പോകാം എന്നാണ് അതിലെ പ്രതിപാദ്യം.
പക്ഷെ ഗ്രന്ഥകാരന് അവസാനം  ആത്മഹത്യാ ചോദനയും ജീവിതവിരക്തിയും
ഉണ്ടായിരുന്നതായി സൂചനയുണ്ട്. അത് മറ്റൊരു സമസ്യ!

ആത്മഹത്യയെ കുറിച്ച് പ്രധാനമായും രണ്ടു പക്ഷമുണ്ട്
1) മഹാ ഭീരുക്കളാണ്‌ ഇത് ചെയ്യുക (ജീവിത യാഥാര്‍ത്യങ്ങളെ നേരിടാന്‍
കഴിയാത്ത ഒളിച്ചോട്ടം)
2) അതീവ ധൈര്യമുള്ളവരാനു ആത്മാഹുതി ചെയ്യുന്നവര്‍ (ജീവന്‍ അവസാനിപ്പിക്കാനുള്ള ധൈര്യമാണത്രെ ഉദ്ദേശ്യം)

വ്യാഖ്യാനങ്ങള്‍ എന്തുമാവാം. ഒരു കാര്യം ഉറപ്പ്;  ഒരിക്കല്‍ ആത്മഹത്യാ ശ്രമം
നടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ വീണ്ടും അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം. അതത്ര സുഖമുള്ള എര്പാടല്ല എന്നര്‍ത്ഥം. പ്രധാന
മതങ്ങളെല്ലാം ആത്മാഹുതി വന്‍പാപമായാണ് പരിചയപ്പെടുത്തുന്നത്.
സ്രഷ്ടാവ്  കനിഞ്ഞരുളിയ ആത്മാവിനെ  ഹനിക്കാന്‍ നമുക്ക്
അവകാശമില്ലെന്നാണ് കൃസ്തുമത ശാസന. ആത്മഹത്യ ചെയ്യുന്നവന്‍ നിത്യ നരകവാസിയാകുമെന്നാണ് ഇസ്ലാമിക അധ്യാപനം.ജീവിതത്തെ കുറിച്ചുള്ള
കൃത്യമായ കാഴ്ചപ്പാടും ലക്ഷ്യബോധവും അന്യം നില്‍ക്കുമ്പോഴാണ് ഈ ക്രൂരത
അരങ്ങേറുക. ഏതായാലും, നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെട്ട്‌ ഊതി
യണക്കുവാനും കീറിക്കളയുവാനും മാത്രം നിസ്സാരമല്ല മനുഷ്യജന്മം എന്നു നാം
തിരിച്ചറിഞ്ഞേ മതിയാവൂ! .

Saturday, June 26, 2010

അതുല്യമായ മാതൃക


ചില മനുഷ്യരിങ്ങനെയാണ്...
അവരുടെ വിട്ടുവീഴ്ചക്ക് മുന്‍പില്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞുപോകും,
തൊണ്ടയിടറും, നമ്മുടെ കരങ്ങള്‍ പ്രാര്ത്ഥനാനിര്‍ഭരമായ മനസ്സോടൊപ്പം
അവര്‍ക്കായി ഉയരും.ഫിദയുടെ മാതാപിതാക്കളും അടുത്തവരും കാണിച്ച
മഹാമനസ്കത കാരുണ്യത്തിന്റെ അതുല്യമായ മാതൃകയാണ് നമുക്ക്
സമ്മാനിച്ചിരിക്കുന്നത്. സ്നേഹം വഴിഞ്ഞൊഴുകിയ പ്രഖ്യാപനമാണ് അവര്‍
നടത്തിയത്. ഉള്ളുനീറി പിടയുമ്പോഴും തെളിനീരുപോലെ ഒഴുകുന്ന
നിസ്വാര്‍ഥമായ മനുഷ്യസ്നേഹം!. അതെ, ജൂണ്‍ 13നു നമ്മോടു യാത്രപറഞ്ഞ
ഫിദയുടെ കാര്യം തന്നെ. സംഭവത്തിന്‌ പൂര്‍ണ ഉത്തരവാദിയായ ഡ്രൈവര്‍
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നൌഷാദിന്റെ ജീവന്‍ തിരിച്ചുനല്‍കാനുള്ള
മഹാമനസ്കത കാണിച്ച ഈ മാതാപിതാക്കളെയും കുടുംബത്തെയും
അവരുടെ വിശ്വാസത്തിന്റെ കരുത്തിനെയും   നാം അംഗീകരിച്ചേ മതിയാകൂ.
"ഇത് അല്ലാഹുവിന്റെ വിധിയാണ്...ഞങ്ങളുടെ മകള്‍ പോയി. അത് കാരണം
മറ്റൊരു കുടുംബം ദുഃഖം പേറുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല..." ഇതായിരുന്നു
ഫിദയുടെ പിതാവ് ഹാരിസിന്റെയും അവളുടെ വല്യുപ്പയുടെയും പ്രതികരണം.

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍
നിങ്ങളോടു കരുണ കാണിക്കും" എന്ന പ്രവാചകവചനം നാം ചില്ലിട്ടു സൂക്ഷിക്കുക.
ഫിദയുടെ മാതാപിതാക്കള്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക്
പോകുന്നതിനാല്‍  നൌഷാദിന്റെ ജയില്‍ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍
ധ്രുതഗതിയിലാണ്നടന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ആവശ്യമായ
രേഖകള്‍ ശരിയാക്കിയ ശേഷം ഫിദയുടെ പിതാവ് കോബാര്‍ സ്റ്റേഷനില്‍
എത്തി ജാമ്യപേപ്പറില്‍ ഒപ്പുവെക്കുകയായിരുന്നു.
"മന: പൂര്‍വ്വം ചെയ്തതല്ല. ജീവിതത്തില്‍ ഒരിക്കലും വരാന്‍ പാടില്ലാത്ത കുറ്റം
സംഭവിച്ചിരിക്കുന്നു...ഫിദയുടെ കുടുംബവും സമൂഹവും എന്നോട് പൊറുക്കണം...
മാപ്പാക്കണം..... "
നൌഷാദിന്റെ സ്വരത്തില്‍ ജിവിതം തിരിച്ചു കിട്ടിയതിലുള്ള വൈകാരികമായ
വിങ്ങല്‍...ഒപ്പം താങ്ങാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ നിഴലും  നീറ്റലും.
എതായാലും ഈ വിട്ടുവീഴ്ചയില്‍ നമുക്ക്  വല്ലാത്ത മാതൃകയുണ്ട്‌
പ്രാര്‍ഥിക്കാം നമുക്ക്; പ്രത്യേകിച്ച് ഫിദക്കും അവളുടെ കുടുംബത്തിനും വേണ്ടി
കരഞ്ഞു തീര്‍ന്ന ആ കുടുംബത്തിന്റെ കണ്ണീരും ഫിദയുടെ മായാത്ത മുഖവും
പെട്ടെന്ന് മറക്കാനാവില്ലല്ലോ!

Monday, June 21, 2010

കാലചക്രം

പണ്ടൊരിക്കല്‍
ചേമ്പിലയില്‍ വീണ
മഴത്തുള്ളി ചോദിച്ചു
നിന്റെ ജന്മം സഫലമായില്ലേ?
ചേമ്പില തലയാട്ടി
മഴത്തുള്ളി മണ്ണില്‍
വീണ് അപ്രത്യക്ഷമായി

വര്‍ഷങ്ങള്‍ക്കിപ്പുറം
വിണ്ടു കീറിയ
മണ്‍കട്ടയില്‍ നിന്നൊരു
ജലകണമുയര്‍ന്ന്
വാടിത്തളര്‍ന്ന
തളിരിലയെ തഴുകി
അന്തരീക്ഷത്തില്‍  വിലയിച്ചു

ഇന്നിപ്പോള്‍
ചുട്ടു പൊള്ളുന്ന
മണലിനെ തലോടി
തീനാളങ്ങളെ ചുമലിലിരുത്തി
കുതിച്ചുവരുന്ന
കാറ്റെന്നെ വന്യമായി
ചുംബിക്കുന്നു

കാതങ്ങള്‍ക്കകലെ
ഹരിതാഭയുടെ വിണ്ണും 
നല്ല മനസ്സുകളും
കൈവീശി വിളിക്കുന്നുണ്ട്
തല്‍ക്കാലം
വളരുന്ന കഷണ്ടിയും
വരളുന്ന ഭൂതവും നോക്കി
ഞാനോന്നു നിശ്വസിച്ചോട്ടെ;
അല്പം ചുടുകാറ്റിനെ!.

Sunday, June 13, 2010

ജൊഹാനസ്ബര്‍ഗന്‍


ചുരുണ്ട് കൂടി
കൂനിക്കിടക്കാന്‍
എന്ത് സുഖമാണെന്നോ
ലോക കപ്പിന്റെ ആരവം
മാത്രമാണൊരു പ്രശ്നം
കണ്ണ് ചവര്‍ക്കുവോളം
പന്തുകളി കാണണം
പിന്നെ....
ചെവിയും കണ്ണും
വാര്‍ത്തക്ക് കൊടുക്കണം
പത്രത്തിലെ സ്പോര്‍ട്സ്
കോളം തിന്നുതീര്‍ക്കണം
എങ്കിലേ ധൈര്യമായി
പുറത്തിറങ്ങാനാവൂ
സമൂഹത്തില്‍
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ പെടുന്ന ഈ പാട്
ആരോട് പറയാന്‍
ഏതായാലും 
ഞാനെന്റെ ശിരസ്സ്‌
ടി വി ക്ക് മുന്‍പില്‍
അഴിച്ചു വെക്കുന്നു
ശരീരം കിടക്കയിലും
കണ്ണുകള്‍
പത്രത്താളിന്റെ
അരികില്‍ ഘനം
വെക്കുകയും ചെയ്യാം
ഇനി ഒറ്റ കാര്യം
മാത്രം ബാക്കി
ഒരു തോര്‍ത്ത്‌ വാങ്ങണം
ശബ്ദമുണ്ടാക്കുന്ന
ഇളയ മകന്റെ
വായില്‍ തിരുകാന്‍!


Wednesday, June 9, 2010

ആഞ്ഞു നടക്കട്ടെ ഞാന്‍

അല്പം വെളുത്ത
തുണി വാങ്ങണം
കുറച്ചു പഞ്ഞിയും
സുഗന്ധത്തിനു കര്‍പൂരവും
യാത്രയ്ക്കതു മതിയാകും
അതും ദ്രവിച്ചു നുരുമ്പി
ഞാനെന്ന ദേഹവും
മണ്ണോടു ചേര്‍ന്നാല്‍
'ആത്മ'രക്ഷക്ക് കൂട്ട് ?
...................................
...................................
ആഞ്ഞു നടക്കട്ടെ ഞാന്‍
കര്‍മ്മങ്ങളുടെ തെളിനീര്‍
കോരിയേടുക്കാനും
ഒഴുകിപ്പോയതത്രയും നോക്കി
കണ്ണു നനയാനും
കാരണം;
മരണം നിഴല്‍പോലെ
കൂടെ തന്നെയുണ്ട്
അന്ത്യ കാഹളം
മുഴ്ക്കേണ്ട ദൂതന്‍
അത് ചുണ്ടോടു ചേര്‍ത്ത്
ചെവി കൂര്‍പിച്ച്
പാദം മുന്നോട്ടാഞ്ഞു
നില്‍ക്കുന്നുമുണ്ട് !


see this video

Sunday, June 6, 2010

ഗാസയിലെ കുരുന്നുകള്‍ക്ക്

ഗാസയില്‍ കൊലചെയ്യപ്പെട്ട പരശ്ശതം പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രവും അവരുടെ കുടുംബങ്ങളുടെ ദീനവിലാപവും മാധ്യമങ്ങളിലൂടെ വന്നലച്ചപ്പോള്‍ 2009 ജനുവരിയില്‍ എഴുതിയത്. ജിദ്ദയില്‍ നിന്നുള്ള പടവുകള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും വേണ്ടി എന്‍റെ ചില്ലുജാലകത്തില്‍...
സ്നേഹം ചാലിച്ച കരങ്ങളെന്നെ
തലോടിയപ്പോള്‍ ഞാന്‍ കൊഞ്ചിച്ചിരിച്ചു
ചുടുമുത്തങ്ങള്‍ എനിക്കു പ്രതീക്ഷനല്‍കി
മാതാവിന്‍റെ താരാട്ടില്‍
ഞാന്‍ ഭാവിയുടെ ചിത്രംവരച്ചു
ആഗ്രഹങ്ങളെ താലോലിച്ചു
സങ്കല്പങ്ങള്‍ക്കു ചിറകുതുന്നി

ഞാന്‍:
ഗാസയുടെ സ്വന്തം കുരുന്ന്
നിങ്ങളെന്നെ ചുടുചോരയില്‍ മുക്കിക്കൊന്നു
മാതൃമാറിടത്തില്‍നിന്ന് പറിച്ചെറിഞ്ഞു
ക്ലസ്റ്റര്‍ ബോംബുകള്‍കൊണ്ട് കരിച്ചു
യുറേനിയം ബുളളറ്റുകളാല്‍ പിളര്‍ന്നു
വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് നശിപ്പിച്ചു
എനിക്ക് പിറന്നു വളരാന്‍ അവകാശപ്പെട്ട
എന്‍റെ മണ്ണില്‍ നിങ്ങളെന്നെ ചുട്ടുകൊന്നു
സ്നേഹവൃന്തം.. കളിക്കൂട്ടുകാര്‍..
പൂന്തോട്ടങ്ങള്‍.. എല്ലാം തകര്‍ത്തു

ഇവിടെ:
വളരാന്‍ എന്നെ അനുവദിച്ചില്ല
വിദ്യ നുകരാന്‍ അവസരം തന്നില്ല
എന്‍റെ കര്‍മ്മ മണ്ഡലം നിഷേധിക്കപ്പെട്ടു
വാതിലുകളും മേല്‍കൂരയും തകര്‍ത്തു
ചോരയുടെ ഗന്ധം സമ്മാനിച്ചു
നിങ്ങളെന്നെ മണ്ണറയിലേക്കയച്ചു
എന്‍റെ ചോരക്കുപകരം നിങ്ങളെന്തുനേടി?നാളെ:
ഞാന്‍ തീര്‍ത്ത കനല്‍പഥം
നിങ്ങളെ നിദ്രാവിഹീനരാക്കും
എന്‍റെ ഓരോ രക്തകണവും
അലകടലായ്‌ ഇരമ്പും
എന്‍റെ ദുരന്തത്തിനു സാക്ഷികളായ
നക്ഷത്രങ്ങള്‍ നിങ്ങളെ ആക്ഷേപിക്കും
എന്നെ പുണര്‍ന്നു വാവിട്ടലറിയ
കളിക്കൂട്ടുകാരന്‍റെ നിശ്വാസം
നിങ്ങളെ ഭസ്മമാക്കും

അവസാനം :
ന്യായവിധിനാളില്‍ ഞാനുമെഴുന്നേറ്റുവരും
കൊടും ക്രൂരതക്കെതിരില്‍ മൊഴിനല്‍കും
നീതി എന്‍റെ പക്ഷത്തായിരിക്കും
വിധി നിങ്ങള്‍ക്കെതിരിലും
ഞാന്‍ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍
കൊച്ചു പരിചാരകനായേക്കും
നിങ്ങള്‍ ശക്തമായ വിചാരണക്കൊടുവില്‍
നീറി നീറി വെന്തുരുകും!

Tuesday, June 1, 2010

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക


ഈ കിരാതമായ കൂട്ടക്കൊല ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുന്നു. ലോകത്തെമ്പാടും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ പുതിയ മുഖം. അന്താരാഷ്ട്ര സമാധാനശ്രമങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്ന കടുത്ത വെല്ലുവിളിയാണിത്‌. പശ്ചിമേഷ്യയില്‍ യുദ്ധപ്രതീതി സൃഷ്ടിക്കുന്നതാണ്  ഈ പുതിയ നരനായാട്ട്. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ചാണ്  ഈ പേക്കൂത്ത് നടത്തിയിരിക്കുന്നത് എന്നത് വിഷയത്തിന്‍റെ ഗൌരവം ഏറ്റുന്നുണ്ട്.

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക

ഇസ്രായേല് ഉപരോധം പട്ടിണിക്കിട്ട ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോടില' സമാധാന കപ്പല്‍ വ്യൂഹത്തിനുനേരെ ഇസ്രായേല് സൈന്യം നടത്തിയ ആക്രമണത്തില് 16 ലേറെ പേര് കൊല്ലപ്പെട്ടിരിക്കുന്നു. 60ലേറെ പേര്ക്ക് ഗുരുതരമായി പരിക്കേററ്റിട്ടുണ്ട്. വിവിധ രാജ്യങ്ങളില്നിന്നുള്ള 700ലേറെ സമാധാന പ്രവര്ത്തകരാണ് ആറു കപ്പലുകളിലായി ഉണ്ടായിരുന്നത്.കുവൈറ്റ്‌, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച പതിനായിരം ടണ്‍ ഭകഷ്യധാന്യങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍  എന്നിവ അടങ്ങിയ മൂന്ന് കാര്‍ഗോ കപ്പലുകളും എഴുനൂറോളം യാത്രക്കാരുള്ള മറ്റു മൂന്ന് കപ്പലുകളുമടങ്ങിയ വ്യൂഹം. വ്യൂഹത്തിന്റെ മുന്നണിയില് ഉണ്ടായിരുന്ന തുര്ക്കിയില് നിന്നുള്ള മാവി മര്മറ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായ മാവി മര്മറയില് അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു. ആക്രമണത്തെതുടര്ന്ന് കപ്പലുമായുള്ള വാര്ത്താ വിനിമയ ബന്ധം മുറിഞ്ഞു. കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം ഇസ്രായേലിലെ ഹൈഫയിലേക്ക് തിരിച്ചുവിട്ടു.

കപ്പല്‍ വ്യൂഹത്തെ  തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഇസ്രായേല് യുദ്ധക്കപ്പലുകളെ തയാറാക്കി നിര്ത്തിയിരുന്നു. ഗസ്സ തീരത്തുനിന്ന് 65 കിലോമീറ്റര് അകലെ അന്താരാഷ്ട്ര ജലാതിര്ത്തിയില്‍ വെച്ച്  കപ്പലിനെ വളഞ്ഞ ഇസ്രായേല് നാവികസേന വെടിവെക്കുകയായിരുന്നു. ഇതിനിടെ, ഹെലികോപ്റ്റര് വഴി കൂടുതല് സൈനികര് കപ്പലിനുള്ളില് പ്രവേശിച്ചു. കപ്പല്‍വ്യൂഹത്തില്‍  കടന്നുകയറിയ സൈന്യം ഉടന് വെടിയുതിര്ക്കുകയായിരുന്നെന്ന് കപ്പലിലുണ്ടായിരുന്ന സമാധാനപ്രവര്ത്തകര് പറഞ്ഞു.

ഞായറാഴ്ച സൈപ്രസില് നിന്നാണ് ഇവര്‍ ഗസ്സയിലേക്ക് പുറപ്പെട്ടത്.സമാധാന നൊബേല് വിജയി മോറിയഡ് കൊറിഗനും ഏതാനും മാധ്യമപ്രവര്ത്തകരും ഉള്പ്പെടെ 50 രാഷ്ട്രങ്ങളില് നിന്നുള്ളവര് സംഘത്തിലുണ്ട്.

അതെ,
ലോക മനസ്സാക്ഷി യോടൊപ്പം നമ്മളും പ്രതിഷേധിക്കുക!


Sunday, May 30, 2010

ചെകുത്താന്‍ ചിരിക്കുന്നു
ദിനപത്രങ്ങളില്‍ ദീന വാര്‍ത്തകള്‍
നിറയുമീ യുഗസന്ധി സന്നിഗ്ധം
ഭയചകിതം കലുഷിതം
ചാനലിലിരമ്പും ചൂടുള്ള 
ഗദ്ഗദം മര്‍ത്ത്യന്‍റെ നോവോ 
കനലോ കിനാവോ

ലോക വാര്‍ത്തയുണ്ടാ-
ഭ്യന്തരമുണ്ടാര്‍ത്തി പൂണ്ട
രുകൊലചെയ്യും നവ
ചോരക്കൊതിയരുടെ പടമുണ്ട്
'വെട്ടു'ണ്ട് തിരുത്തുണ്ട്
ചെമപ്പുതേച്ച വാള്‍ക്കത്തിയുണ്ട്‌

വഴിതെറ്റിയ 'ജിഹാദി'കള്‍ കുരക്കുന്നു
മാവോയിസ്റ്റുകള്‍ നാക്കുതൂക്കിക്കിതക്കുന്നു
'ശ്രീരാമ'സേനയും മുത്തലക്കുമാരും
നേത്രം തുറിപ്പിച്ചു ജയ് വിളി മുഴക്കുന്നു
കണ്ണൂരിലിപ്പൊഴും വടിവാളുയരുന്നു
കണ്ണീരുവീണീ മണ്‍തടം കുതിരുന്നു

കുരുതിക്കളങ്ങള്‍ എമ്പാടുമിണ്ടിവിടം
യമനും കറാച്ചിയു മി-
സതാംബൂളും ഡല്‍ഹിയും
ബാലിയും ജക്കാര്‍ത്തയും
മുംബെയും മുംബാസയും
അതിരും എതിരുമില്ലാ-
മുഴു മുക്കുമൂലയും

ദുരന്ത പര്‍വ്വങ്ങളില്‍
ചെകുത്താന്‍ ചിരിക്കുന്നു
ഇനിയും നിണം കാണാന്‍
കുടില്‍ കെട്ടിയിരിക്കുന്നു
സന്തോഷത്തിമര്‍പ്പിനാല്
‍കൈകൊട്ടി ചിരിക്കുന്നു
പൊന്‍തൂവല്‍ മിനുക്കിയവന്‍
തൊപ്പിയില്‍ തിരുകുന്നു

ആഗോള ശാന്തിയുടെ യ-
പ്പോസ്തലന്മാരെവിടെ
ഇവിടെ 'ക്രമം' തീര്‍ക്കും
വായാടി കൂട്ടമെവിടെ
ഭരണപുങ്കപ്പരിഷകളെവിടെ
ബലൂണ്‍ പോലെ വീര്‍ത്ത
വായുള്ള മാന്യരെവിടെ?

അഷ്ട ദിക്കിലും
രോദനം മുഴങ്ങുന്നു
അക്ഷമരായ് നമ്മള്‍
ദു:ഖം ഭുജിക്കുന്നു
ഒരു ശാന്തി ദൂതിനായ്
കേണു കേണിടറുന്നു
കൊലയൊരു കലയായ്
നിവചിച്ചീടുമ്പോ-
ഴൊരു ബോധിവൃക്ഷം
തപസ്സു ചെയ്തീടുന്നു!

നമ്മുടെയുള്‍ത്തടം
നന്മയാല്‍  നിറയട്ടെ
സ്നേഹത്തിന്‍ ഇളംകാറ്റില്‍
മനുഷ്യത്വം വിളയട്ടെ
ശാന്തിയുടെ ദൂതുമായ്
നാമ്പുകള്‍ ഉയരട്ടെ 
ഹിംസയുടെ തേറ്റകള്‍
തകര്‍ന്നടിഞ്ഞുടയട്ടെ!

Sunday, May 23, 2010

ഞങ്ങളും വിതുമ്പുന്നു; പ്രാര്‍ത്ഥിക്കുന്നു


ഈ വാര്‍ത്ത ഒരിടിനാദമായ്
പ്രതിധ്വനിക്കുന്നു
വല്ലാത്ത തീക്ഷ്ണതയില്‍
മിന്നലായ് പെയ്തിറങ്ങുന്നു
കനത്ത നൊമ്പരം 
നമ്മെ ഉലച്ചു മറിക്കുന്നു
നമ്മുടെ പ്രിയപെട്ടവര്‍
ഈ കുത്തൊഴുക്കില്‍
അസ്തമിച്ചു പോകുന്നു

നിറം മങ്ങിയ മോഹങ്ങള്‍
മിനുക്കാന്‍ പറന്നുവന്നവര്‍
കാതങ്ങള്‍ക്കപ്പുറെ നിന്നും
ധൃതിയില്‍ ‍ഓടിയടുത്തവര്‍
പെട്ടിയില്‍ നിറക്കാന്‍
കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍
അതിലേറെ, സ്വപ്‌നങ്ങള്‍ 
അടുക്കിയടുക്കിവെച്ചവര്‍
ഈ ദുരന്ത പര്യവസാനം
അഗ്നിയില്‍ നെയ്‌ത പരീക്ഷണം !!

പിഞ്ചോമനകളെ പുണര്‍ന്ന്
കത്തിയമര്‍ന്ന മാതാക്കളേ...
കാത്തിരുന്നവരെ തനിച്ചാക്കി
വിടപറഞ്ഞ നിഷ്കളങ്കരേ...
മക്കള്‍ക്ക്‌ വേണ്ടി കരുതിയ
മുത്തം വഴിക്കുവെച്ച്
വിനഷ്ടമായ ഹതഭാഗ്യരേ...
പെറ്റുമ്മയെ മാറോടു ചേര്‍ക്കാന്‍
കഴിയാതെ പോയ ദു:ഖപുത്രരേ...
ഈ മതിലിനിപ്പുറമുള്ള
ഞങ്ങളോട് കൈവീശാതെ
തിരിച്ചുപോയ പ്രിയരേ...

മറഞ്ഞു പോകാന്‍
അഗ്നിച്ചിറകിലേറി
നിങ്ങളെന്തിനു വന്നു
നിങ്ങളോടൊപ്പം ഞങ്ങളുടെ
മനസ്സും കത്തിയെരിയുന്നു
വല്ലാതെ തപിക്കുന്നു
അകത്തളം തേങ്ങുന്നു
ഉള്ളം വിതുമ്പുന്നു
ആകെ നീറിപ്പുകയുന്നു
ഈ ദു:ഖം ഞങ്ങള്‍
പകുത്തെടുക്കുന്നു
ഹൃദയത്തില്‍ പ്രാര്‍ത്ഥന
അലയടിച്ചുയരുന്നു
ഇത്, നമ്മുടെ
നിസ്സഹായതയുടെ വിളംബരം
നിസ്സാരതയുടെ പ്രതിബിംബം
ഓര്‍മയില്‍ കത്തിയാളുന്ന
ജീവന്‍ മണക്കും അദ്ധ്യായം
പാവം കുടുംബങ്ങളുടെ
ദീനവിലാപം ചേര്‍ത്ത കഥനം
ആഴത്തില്‍ ചിന്തിക്കാന്‍
ബാക്കിയായ നമുക്കൊരു പാഠം

നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
കാത്തു രക്ഷിക്കണേ...നാഥാ...

Monday, May 17, 2010

പ്രളയ മുക്തി


ഈ കൊടും പ്രളയത്തില്‍
നമ്മെ തുണക്കാന്‍
ഇനി നോഹയുടെ പെട്ടകമില്ല
ഊഷരതയില്‍ ജീവജലമേകാന്‍
മോശെയുടെ വടിയില്ല
കനത്ത പ്രഹരം തടുക്കാന്‍
ദാവീദു പണിത പടച്ചട്ടയില്ല
നമുക്ക് സൗധങ്ങള്‍ തീര്‍ക്കാന്‍
സുലൈമാന്‍റെ സൈന്യമില്ല
നമ്മുടെ സ്വപ്നങ്ങളെ
വ്യാഖ്യാനിച്ചു ചിറകു നല്‍കാന്‍
യൂസുഫിന്‍ സുന്ദര മുഖമില്ല
അഗ്നിയില്‍ നിന്നെഴുന്നേറ്റു വരാന്‍
ധീരന്‍ ഇബ്റാഹീമില്ല

പക്ഷെ...
യുഗങ്ങളുടെ വേഷപ്പകര്‍ച്ചകള്‍
തീര്‍ത്ത അജയ്യ ശക്തിയുണ്ട്
അവന്‍റെ തിരുനോട്ടമുണ്ട്
മലകളുടെ നാട്ടില്‍ പിറന്ന
മഹാമതിന്‍ മന്ത്രമുണ്ട്‌
മന:കോട്ടകളില്‍ നിറഞ്ഞാടുന്ന
നാംറൂദും ഖാറൂനും
ഹാമാനും ഫറോവമാരും
തകര്‍ന്നടിയാന്‍ തുടങ്ങട്ടെ
മനസ്സിന്‍റെ തീരങ്ങളില്‍
ഒലിവിലകളുമായി
വെള്ളരിപ്രാവുകളണയട്ടെ!

Tuesday, May 11, 2010

നഖക്ഷതങ്ങള്‍

ഗൃഹാതുരതയുണര്ത്തുന്ന ചില ചിത്രങ്ങള്‍ അയച്ച് ഒരു സുഹൃത്ത്‌ പറഞ്ഞു "ഇതിനെക്കുറിച്ച്‌ എന്തെങ്കിലുമെഴുതൂ..." അങ്ങിനെ ഈ പോസ്റ്റുണ്ടായി.

പലതും...
അന്യമായിക്കൊണ്ടിരിക്കുന്നു
ഗ്രാമ്യമായ ഹരിതാഭ
നമ്മുടെ മനസ്സില്‍
വിളക്കിചേര്‍ത്ത
ഗൃഹാതുരതയാണ്
യാന്ത്രികതയുടെ
സമയമില്ലായ്മയില്‍
ബന്ധങ്ങള്‍ ഇല്ലാതാകുന്നു
വിയര്‍പ്പിന്‍റെ മണം
വിലകൊടുത്തു വാങ്ങാന്‍
വിധിക്കപ്പെട്ട
പുതിയ തലമുറക്ക്
നാം നുണഞ്ഞ
അനുഭവങ്ങളുടെ തനിമ
സ്വപ്നത്തിലും സ്വപ്നം
കാണാനാവാത്ത കനി

പുതിയ പാഠ പുസ്തകങ്ങള്‍ക്ക്
വല്ലാത്തൊരു സുഗന്ധമായിരുന്നു
ഒരു പുഷ്പവും നല്‍കാത്ത;
ഉറവ ഏതെന്നറിയാത്ത,
ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന
നിത്യമായ സുഗന്ധം!
ഇന്നും കൂട്ടിനുള്ള സുഗന്ധംപുസ്തകങ്ങള്‍ ഭദ്രമായിക്കെട്ടി
സ്കൂളിലേക്ക് പുറപ്പെടും
കാറ്റില്‍ ഉലഞ്ഞാടി കുട 'അമ്പടം' മറിയും
മഴയത്തു നനഞ്ഞു കുതിര്‍ന്നു നടക്കും
പെരുമയും ഉശിരും നടിച്ചു
കൂട്ടുകാരുമായി അടിപിടി കൂടും
വസ്ത്രവും പുസ്തകവും കീറും
മുഖവും കഴുത്തും മാന്തിപ്പറിക്കും
നഖക്ഷതങ്ങള്‍ സംസാരിക്കുംമകരമാസ തണുപ്പില്‍
ഉണങ്ങിയ പ്ലാവില കൂട്ടി തീ കായും
മഞ്ഞുവീണ് ആര്‍ദ്രമായ ഇലകളില്‍
തീ പടരാന്‍ മടിച്ചു നില്‍ക്കും
എല്ലാം കഴിയുമ്പോള്‍
ദേഹമാസകലം പുകയുടെ മണം നിറയും
പര പര വെളുക്കുവോളം
കൂനിക്കൂടിയിരിക്കുംമഴക്കാലത്ത് തോട്ടിലും കുളത്തിലും
മലക്കം മറിഞ്ഞും ഊളിയിട്ടും
ചാടി ച്ചാടിത്തിമര്‍ക്കും
കണ്ണ് ‘മുട്ടയിടുവോളം’ മുങ്ങിക്കളിക്കും
ആര്ത്തും ചൂളം വിളിച്ചും
മുങ്ങാന്‍ കുഴികളിടും
തണുത്തു വിറച്ചു വിറങ്ങലിച്ച്
കിട് കിട് കിടാന്നു പറയും


പ്ലാവിന്മുകളില്‍ കയറി
ചക്ക പറിക്കും
മാവിന്റെ ഏഴാം ചുള്ളിയില്‍
നിന്ന് മാങ്ങയും
പറങ്കി മാങ്ങ കടിച്ചുകീറും
പപ്പായ കറ കിറെന്നു ശാപ്പിടും
ഇളനീര്‍ മാതളം പേരക്ക
ഞാവല്‍പഴം അത്തിപ്പഴം...
പ്രകൃതിയുടെ രുചിയറിയുംപന്തു കളിക്കാന്‍
തരികിട പിരിവെടുക്കും
കട്ടിയുള്ള ബലൂണ്‍ വാങ്ങി
തുണിക്കഷ്ണം ചുറ്റി
ചരടു വലിച്ചു വരിഞ്ഞു കെട്ടി
കാല്‍ പന്ത് കളിക്കും
എല്ലാത്തിനും പരിചയ
സമ്പന്നര്‍ കാണും
അവരെ സോപ്പിട്ടും
കാണിക്ക കൊടുത്തും
സംഗതി നേടും

തെങ്ങോലയില്‍ നിന്ന് പീപിയുണ്ടാക്കും
ചില മണ്ടൂസുകള്‍ ഊതിയാല്‍
പീപി മൌനം പാലിക്കും
ഊതാനറിയാത്ത 'മണകുണാഞ്ഞന്മാര്‍'
ഓല ചക്രവും ഓല പാമ്പും
ഓല തുമ്പിയുമുണ്ടാക്കും
ചക്രവണ്ടി ഉരുട്ടിയുരുട്ടി
ഓലച്ക്രം കീറും
കൂമന്‍ കേടാക്കിയ തേങ്ങാ തൊണ്ടില്‍
ഈന്തിന്‍ പട്ട കയറ്റി ഉരുട്ടിക്കളിക്കും
ചകിരി പിഞ്ഞിപ്പിഞ്ഞി
‘ഉശിരന്‍' വണ്ടിയാകും
ബോംബയും മൈസൂരും
കോഴിക്കോടും ബംഗ്ലൂരുമൊക്കെ
യാത്ര പോയി വരുംവഴിവക്കിലെ തേന്മാവിന് ചുവട്ടില്‍
കാറ്റ് വരുന്നതും കാത്തിരിക്കും
കാറ്റ് പാഞ്ഞു പോകുമ്പോള്‍
പഴു പഴുത്ത മാമ്പഴങ്ങളെ
തള്ളി താഴെയിടും
കണ്ണും ദിക്കുമുള്ളവന്‍
അതു നൊട്ടി നുണയും
മറ്റൊരു കാറ്റിന്‍റെ
വരവിനു കാതോര്‍ക്കും
വൈകുന്നേരങ്ങളില്‍ വലിയവരുടെ
പന്തുകളി കാണാന്‍ പോകും
കളിക്കളം കടന്നു പുറത്ത് പോകുന്ന
പന്തെടുക്കാന്‍ ആക്രാന്തം കാട്ടും
ഗോള്പോസ്റ്റിനു പിറകില്‍ കാത്തിരിക്കും
ചിലപ്പോള്‍ വയറ്റത് ശക്തമായി വന്നടിക്കും
കണ്ണില്‍ പൊന്നീച്ച പാറും !
പുറമേ ധൈര്യപൂര്‍വ്വം ചിരിക്കും
കഥ വീട്ടിലറിയും, ജഗപൊഗയാകും


പാട വാക്കിലെ ചെറു ചാലില്‍ നിന്ന്
മുണ്ടു കോരി മീന്‍ പിടിക്കും
കെണിയില്‍ പെട്ട ചെറു മീനുകള്‍
കുപ്പികളില്‍ കണ്ണു തുറിപ്പിച്ച്
അങ്ങുമിങ്ങും ഓടിനടക്കും
മീന്‍കുഞ്ഞുങ്ങളോട് സാമ്യമുള്ള
മാക്രിമക്കളെ പിടിച്ചു സ്വയം
പല്ലിളിച്ചു വിഡ്ഢികളാകുംപടക്കവും പൂത്തിരിയും
കൊതിയോടെ തിരികൊളുത്തും
വലിയ ഗമയില്‍ നില്‍ക്കും
കൈവിരല്‍ പൊള്ളും
ആരും കാണാതെ പിന്നോട്ടു വലിയും
അടുത്ത ചോറും കറിയുമാകുമ്പോള്‍
സംഭവം പുറത്തറിയും
കുടുംബങ്ങളിലേക്ക്‌ വിരുന്നു പോകും
അവിടെ അതിഥിയായി വിലസും
കളിയും വഴക്കും കലഹവും
കുതൂഹലവും നിറയും
രാത്രി കഥ പറഞ്ഞു കഥ പറഞ്ഞു
ഉറക്കത്തിലേക്കു വഴുതും
ദിവസങ്ങള്‍ ആഴ്ചകളാകും
അടുത്ത വിരുന്നു കാലത്തിനായി
വൃക്ഷികക്കാറ്റിനായി
കണ്ണി മാങ്ങക്കായി
കളിക്കൂട്ടങ്ങള്‍ക്കായി
കുസൃതികള്‍ക്കായി
പ്രതീക്ഷയോടെ കാത്തിരിക്കും
**********x*************

Saturday, May 8, 2010

വീണ്ടും രാവണം


കണ്ണു കാണാത്തോര-
ന്ധന്റെ രോദനം
വിണ്ണിന്‍ ശോകം
വിലാപ കാവ്യം
കൈകാലു ശോഷിച്ചോ
രുണ്ണിയുടെ ദൈന്യത
മണ്ണിലെ കൂട്ടര്‍ക്ക്
പാഠ ഭാഗം

ശത്രു വന്നിന്നു
പുറം തോലുരിക്കുന്നു
മിത്രമോ കമ്പിളി
കവര്‍ന്നു മാറ്റീടുന്നു
വിപ്രതിപത്തിയാം
ചില്ലിട്ട നേത്രങ്ങള്‍
ഗനധര്‍വ്വനെയും
പിശാചായ് കാണുന്നു

ഉത്തരം ചോരുന്നു
തായമാര്‍ നീറുന്നു
നടവരമ്പിന്‍ വക്കിലൊരു
വൃദ്ധ കേഴുന്നു
കുടിലില്‍ നിന്നൊരു
ദീര്‍ഘ നിശ്വാസമുയരുന്നു
കടമേറ്റ കര്‍ഷകന്‍
കയറുമായ് നീങ്ങുന്നു

ഇരുപതിന്‍ പടികടന്നു-
ഴലുന്ന പൊന്‍മോള്‍ക്ക്
ഇടറുന്ന പാദങ്ങള്‍
ചെറുതോണി തിരയുന്നു
കനിവുറവ വറ്റി
മനം വിണ്ടുകീറിയ
രാവണന്‍മാരിവിടെ
രാജരായ് വാഴുന്നു

Tuesday, May 4, 2010

യാത്രികന്‍റെ സംസാരം

ജിദ്ദയില്‍ 3 വര്‍ഷക്കാലത്തെ താമസം വിശാല സൗഹൃദം സമ്മാനിച്ചു.
ജോലിസ്ഥലം മാറല്‍ അനിവാര്യതയായി ഒരുഭാഗത്ത്.
സ്വഗൃഹം പോലെ ജിദ്ദയും സ്നേഹവലയവും മറു ഭാഗത്ത്
ഒടുവില്‍ എന്‍റെ സംസാരം കഴിഞ്ഞ  മാര്‍ച്ച് 28 നു
ഭാണ്ഡമൊരുക്കുമ്പോള്‍
അരുതെന്നു പറയാം
സ്നേഹം തേനില്‍ ചാലിച്ചു
ചുണ്ടില്‍ പുരട്ടാം
കരള്‍ വലിച്ചു വേര്പെടുത്താം
എന്‍റെ വിയര്‍പ്പു പുരണ്ട വസ്ത്രം
അലമാരയില്‍ തൂക്കാം
കുറിച്ചിട്ട താളുകള്‍
പൊടിതട്ടിയെടുക്കാം
ആള്‍കൂട്ടത്തില്‍
അമരനായി പ്രതിഷ്ടിക്കാം
വിറങ്ങലിച്ച കവിളില്‍
അമര്ത്തിച്ചുംബിക്കാം
ആലിംഗനം ചെയ്തു
വീര്‍പ്പു മുട്ടിക്കാം
നനുത്ത ഓര്‍മ്മകള്‍ക്ക്
തിരി കൊളുത്താം
കണ്ണീരുവീണു നിറം മങ്ങിയ
കടലാസു തുണ്ടില്‍
അക്ഷരക്കവിത തീര്‍ക്കാം
വാക്കുകളുടെ അസ്ത്രം തൊടുത്ത്
എന്‍റെ നെഞ്ചകം പിളര്‍ക്കാം
എല്ലാം നിങ്ങളുടെ അവകാശം
പകരം ഞാനെന്‍റെ
ചങ്കു പറിച്ചു നല്‍കുന്നു
അതു നിങ്ങള്‍
ഏറ്റു വാങ്ങിയെ തീരൂ
കാരണം...
അതുകൂടെ നിറച്ചാല്‍
എന്‍റെ ഭാണ്ഡം
എരിഞ്ഞു വെണ്ണീറാകും !

Sunday, April 25, 2010

ഉമ്മ വിട്ടുപിരിഞ്ഞ പ്രിയ മാതാവിന്റെ സ്മരണയിലും,
അവര്‍ക്കുള്ള പ്രാര്ത്ഥനയിലും തുടക്കം.


     
          ഉമ്മ

ഇളം കാറ്റില്‍ മുഴുക്കെ
മുലപ്പാലിന്‍റെ മണം നിറയുന്നു
വിട പറയലിന്‍റെ ഇരമ്പം
ആര്‍ത്തലച്ചു വരുന്നു
ഇരുട്ട് വ്യാപിക്കുന്നു
ശൂന്യത ചുഴി തീര്‍ക്കുന്നു
സ്നേഹ സാഗരം നുരയുന്നു
ഓര്‍മ്മകള്‍ സാന്ദ്രമാകുന്നു

ഖബറില്‍ മറഞ്ഞത്
എനിക്കു വേണ്ടി
നിറഞ്ഞൊഴുകിയ ഹൃദയം
എന്നെ ചേര്‍ത്ത മാറിടം
ഇമ വെട്ടാതെ പാര്‍ത്ത മിഴികള്‍
താരാട്ടിയ ദുര്‍ബല കരങ്ങള്‍
ഞാനെന്ന ഭാരവും പേറി
വേച്ചു വേച്ചു നടന്ന
മെലിഞ്ഞ കാലുകള്‍
എന്‍റെ കൈവിരല്‍
ഊളിയിട്ട മുടിയിഴകള്‍
ഞാന്‍ അധരം ചേര്‍ത്തമര്‍ത്തിയ
നനുത്ത കവിള്‍ത്തടം

നികത്താനാവാത്ത നഷ്ടവും
തന്നു തീരാത്ത സ്നേഹവും
മായാത്ത പുഞ്ചിരിയും
ഒരുപിടി വെളുത്ത വസ്ത്രങ്ങളും
വലിയ ലിപിയുള്ള ഖുര്‍ആനും
ചാരുകസേരയും; അതിലേറെ
നല്ല ഓര്‍മകളും ബാക്കി വെച്ചു
സ്വര്‍ഗ്ഗ വാതില്‍ തേടി
പോയി... അല്ലേ...?

‘ജന്നത്തി’ല്‍ നിന്നൊരു
കവാടം തുറക്കട്ടെ
അണമുറിയാതെ
കാരുണ്യം വര്‍ഷിക്കട്ടെ
ഇരുള്‍ മുറ്റിയ മണ്‍വീട്ടില്‍
പ്രഭാവലയങ്ങള്‍ നിറയട്ടെ
ഉദ്യാന പടവുകള്‍ കയറി
നാഥന്‍റെ ആഥിത്യമറിയട്ടെ
കര്‍മ്മങ്ങളുടെ തണലില്‍
ശാന്തമായ് ഉറങ്ങട്ടെ

കരുണാമയനേ…
പ്രകാശത്തിന്‍റെ വിളക്കുമാടമേ
വാക്ക് പാലിക്കുന്നവനേ
മനസ്സുള്ളം കാണുന്നവനേ
ഹൃത്തടം തണുപ്പിക്കുന്നവനേ
നീ സകല രക്ഷയും നല്‍ക,
ഉയിര്‍ത്തെഴുന്നേറ്റു വരും നാളില്‍
ഇനിയും സന്ധിപ്പിച്ചു തരിക
കൈവെള്ളയില്‍ മുഖമമര്‍ത്തി
വിതുമ്പാന്‍ എന്നെയനുവദിക്ക...!