Thursday, January 27, 2011

ഉണര്‍ന്നിരിക്കാം

(ഉണര്‍വിനും സൗഹാര്‍ദ്ദത്തിനും ഒരുസന്ദേശം)ഉണര്‍ന്നിരിക്കാം; താളം
പിഴക്കാതെ നോക്കാം
അമരത്തു നിന്നിനിയും
ആര്‍പ്പു വിളിക്കാം
അറിയാനു മുയരാനും
പടവുകള്‍ തീര്‍ക്കാം
അനിതരമൊരു
ചക്രവാളം ചമക്കാം

മഴതോര്‍ന്ന മാനത്തെ
നോക്കിച്ചിരിക്കാം
മഴവില്ലു കൊണ്ടിനി
അസ്ത്രം തൊടുക്കാം
കപട  നാട്യങ്ങളിനി
മണ്ണില്‍ മറക്കാം
മറു തീരമണയുവാന്‍
മനനം തുടങ്ങാം

ചുമരിന്‍ മറപറ്റി
ഹൃദയം വിതുമ്പുന്ന
ഒരു ചെറു പൈതലിന്‍
കവിളില്‍ തലോടാം
കൈകളെ ക്കോര്‍ക്കാം
കൌതുകം കൂറാം
ഇരുളില്‍ നിലാവിന്‍റെ
പ്രഭവീശി നില്‍ക്കാം

നയനാധരങ്ങളില്‍
അമൃതു ചാലിക്കാം
കുതിരവേഗത്തില്‍
കുതിച്ചാഞ്ഞു പായാം
ഒരുമയുടെ തെളിവാര്‍ന്ന
രാഗം മുഴക്കാം
അകലങ്ങളില്‍ അരുണ
രശ്മികള്‍ തേടാം

Wednesday, January 19, 2011

ഒരു കുന്തന്‍ ഭടവുമായി കടന്നുവരുന്നു!


രംഗം ഒന്ന്:
അരങ്ങേറാന്‍ പോകുന്ന നാടകങ്ങളുടെ പേരുകള്‍  ക്ലാസ്സ്‌മുറികളിലെ
മുക്കാലി ബോര്‍ഡുകളില്‍ പല വര്‍ണ്ണങ്ങളിലുള്ള ചോക്കുകള്‍
കൊണ്ട് വളച്ചും ചരിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. കിടിലന്‍
ഡയലോഗുകള്‍ അങ്ങുമിങ്ങും ഉയര്‍ന്നു കേള്‍ക്കുന്നു.
ഗനാലാപനത്തിന്‍റെയും കൈകൊട്ടി ക്കളിയുടെയുമൊക്കെ
ശബ്ദങ്ങളുമുണ്ട്. എങ്ങും പരിശീലനത്തിന്‍റെ മുട്ടും വിളിയും.
അച്ചടക്കത്തിന്‍റെ മൊത്തകുത്തക ഏറ്റെടുത്ത്‌ വരാന്തയിലൂടെ
ലാത്തുകയാണ്. ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
VIII B ക്ലാസ് അവതരിപ്പിക്കുന്നു.... "ദുര്‍ഗമട പാന്താവുകള്‍".
എന്‍റെ കണ്ണു തള്ളി.ഒരു നിമിഷം അന്ധാളിച്ചു പോയി. പിന്നെ ബോധം
വീണ്ടെടുത്തു. എന്നിലെ കലാകാരന്‍ സടകുടഞ്ഞു. അധ്യാപക
രക്തം തിളച്ചു.നാടകാചാര്യന്‍ എന്ന് തോന്നിക്കുന്ന ഗ്രൂപിലെ
അല്പം മുതിര്‍ന്ന ഒരു വിദ്യാര്‍ഥിയെ അടുത്തു വിളിച്ചു.
"എന്താ നാടകത്തിന്‍റെ പ്രമേയം"?
"അത്...സ്വാതന്ത്ര സമര കാലത്ത് സാധാരണക്കാര്‍ അനുഭവിച്ച .... "
"very good...നല്ല തീം..."
"നാടകത്തിന്‍റെ പേര്?"
"ഇതാണ് സര്‍..." അത്യുല്‍സാഹത്തോടെ അവന്‍ ബോര്‍ഡിലേക്ക് ചൂണ്ടി
"ആരാ ഇത് സെലക്ട്‌ ചെയ്തത്?"
"ഞങ്ങള്‍ തന്നെ...ലൈബ്രറിയില്‍ നിന്ന്...."
"ആ പുസ്തകമെവിടെ?"
"ഇല്ല സര്‍, അതില്‍ നിന്ന്... പകര്‍ത്തിയതാ...
പകര്‍പ്പെടുത്ത നാടകാചാര്യന്‍ പറ്റിച്ച പണിയാവും! മനസ്സ് മന്ത്രിച്ചു
നാടകത്തിന്‍റെ പേര് "ദുര്‍ഘട പാതകള്‍" എന്നു തിരുത്തി ശരിയാക്കി

രംഗം രണ്ട്:
സ്ത്രീയുടെ വേഷമാണ് അഷ്‌റഫ്‌ എന്ന വിദ്യാര്‍ത്ഥിക്ക്.
പുള്ളിപ്പാവാടയും ബ്ലൌസും ധരിച്ച ഗ്രാമീണ യുവതി. നാടകം
അരങ്ങു തകര്‍ക്കുകയാണ്. ഗ്രാമങ്ങളില്‍ പട്ടാളത്തിന്‍റെ പേക്കൂത്ത്...
കര്‍ഷകരുടെ ദീന രോദനം...കുട്ടികളുടെ നിലവിളി...
കര്ട്ടന് പിറകില്‍ പാവാടയും ബ്ലൌസും ധരിച്ചു അഷ്‌റഫ്‌
രംഗപ്രവേശനത്തിന് റെഡിയായി നില്‍പ്പുണ്ട്. ആദ്യാപകരുടെ
മുഖത്ത് നോക്കുമ്പോള്‍ അവന്‍ ഒരു നാണക്കാരിയെപ്പോലെ...
ഇത്രയും സമയം വേഷമണിഞ്ഞു നില്‍ക്കാനുള്ള അവന്‍റെ കലാ
ചാരുതയെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു. ഇടയ്ക്കു വേദിയില്‍
ചില കഥാപാത്രങ്ങള്‍ക്ക് ഡയലോഗ് പിഴക്കുന്നു...ചിലര്‍ പരുങ്ങുന്നു...
ഒരു വിധത്തില്‍ നാടകം അവസാനിച്ചു.പക്ഷെ നമ്മുടെ 'പാവാടക്കാരി'
ഇപ്പോഴും വേദിക്ക് പിറകില്‍ തന്നെ! തന്‍റെ രംഗം കഴിഞ്ഞു പോയതും
നാടകം തീര്‍ന്നതുമറിഞ്ഞ് അവന്‍ തച്ചന്‍റെ മരപ്പാവ പോലെ
നില്‍ക്കുകയാണ്  !!

തോഴിമാര്‍ രാജകുമാരിയെ ആനയിക്കുന്ന പോലെ 'സഹനടന്മാര്‍'
അവനെ അടുത്ത ക്ലാസ്സ്‌ റൂമിലേക്ക്‌ കൊണ്ടുപോകുന്നതു കണ്ടു.
പിന്നെ എന്ത് നടന്നുവോ അവോ..!

കലോല്‍സവ വേദികളുണരുമ്പോള്‍ ഇന്നും എന്‍റെ മനസ്സില്‍
ആദ്യം ഓടിയെത്തുക ഈ സംഭവമാണ്.
നിഷ്കളങ്ക ബാല്യങ്ങള്‍... അവരുടെ മനസ്സെത്ര മനോഹരം! 

Sunday, January 16, 2011

നവലോകക്രമ സന്തതി


മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

Saturday, January 8, 2011

ജീവിതം ഏച്ചുകെട്ടുന്നവര്‍ജോലികള്‍ ഏതാണ്ടൊക്കെ ചെയ്യുമെങ്കിലും വാച്ച് മാന്‍  പണിക്കു തീരെ പറ്റിയ ആളല്ല അമീന്‍ എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .ആരോഗ്യമില്ലാത്ത ശരീരം. ആസ്തമ രോഗി. പ്രാരാബ്ധങ്ങളുടെ കൂടപ്പിറപ്പ്.പുള്ളിയുള്ള അറബി തട്ടം മുഖപടം പോലെ വലിച്ചു ചുറ്റിയുള്ള നടപ്പ്...

"ക്യാ ഹാല്‍ ഹേ സാബ്........."

പിറകില്‍ നിന്നും നീട്ടിയുള്ള വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഭവ്യതയില്‍ കുതിര്‍ന്ന പതിവ് മുഖം.
"250 റിയാല്‍ കടം വേണ്ടിയിരുന്നു....അടുത്ത മാസം....."
വിശദാംശങ്ങള്‍ തിരക്കാന്‍ നിന്നില്ല. കൊടുക്കാമെന്നേറ്റു.

ബംഗ്ലാദേശില്‍ തന്നെ ആശ്രയിച്ചു കഴിയുന്ന ഭാര്യയും ആറ് കുട്ടികളും. മക്കള്‍ നാലുപേര്‍ പഠിക്കുന്നു. രോഗിയായ മാതാവ്. പരോക്ഷമായെങ്കിലും തന്നില്‍ പ്രതീക്ഷ വെക്കുന്ന രണ്ടു സഹോദരിമാര്‍. അധ്വാനിക്കാന്‍ കഴിയാത്ത ഒരു സഹോദരനും കുടുംബവും. കടലിനിപ്പുറം സ്ഥിരം വേലിയേറ്റം നടക്കുന്ന ഒരു മനസ്സ്. മരുഭൂമിയില്‍ ‍ പ്രാണജലത്തിനായ് വേച്ചുനടക്കുന്ന പഥികന്‍ .400 റിയാല്‍ ശമ്പളക്കാരന്‍.
ഇതാണ് എനിക്കറിയാവുന്ന അമീന്‍ ആഹ് മദ്.

സ്വന്തം മരുന്നിനു തന്നെ ഓരോ മാസവും ചുരുങ്ങിയത് 200 റിയാല്‍ വരും.ഭക്ഷണം ഉള്‍പെടെയുള്ള മറ്റു ചെലവുകള്‍ വേറെയും.തന്‍റെ വരുമാനത്തില്‍ നിന്ന് അമീന്‍ വാങ്ങിക്കഴിക്കുന്ന വരണ്ട 'രുചിഭേദങ്ങള്‍' ഞാന്‍ കാണാറുണ്ട്‌. രണ്ടു റിയാലില്‍ ഒതുങ്ങുന്ന ഉരുപ്പടികള്‍!

എന്‍റെ അനുകൂല മറുപടി കേട്ട് സസന്തോഷം നീണ്ട വരാന്തയിലൂടെ അമീന്‍ നടന്നു മറയുമ്പോള്‍
ഓരോമാസവും ദശ ലക്ഷക്കണക്കിന് റിയാലുകള്‍ വരുമാനമുള്ള അയാളുടെ മുതലാളിയുടെ രൂപം  എന്‍റെ മനസ്സില്‍ തെളിഞ്ഞു; കൂടെ...
ബംഗാളിയുടെ ശമ്പളം 400 റിയാലായി നിജപ്പെടുത്തിവെച്ച പഹയന്‍ ആരാണാവോ?എന്ന സംശയവും!