Sunday, July 3, 2011

ഋതുഭേദങ്ങള്‍















ര്‍മ്മയുടെ ആദ്യ പാഠങ്ങള്‍ ചികഞ്ഞെടുക്കുവാന്‍ കഴിയുന്ന കൊച്ചു
പ്രായത്തില്‍ അടുത്ത ബന്ധുവിന്‍റെ  ചേതനയറ്റ ശരീരം ഇടുങ്ങിയ മുറിയിലെ
പരുത്ത മരക്കട്ടിലില്‍ കിടക്കുന്ന രംഗം മനസ്സില്‍ ‍തെളിഞ്ഞു വരുന്നുണ്ട്.
ബാല്യകാലത്തെ കളിക്കൂട്ടുകാരന്‍ ബാബു രക്താര്‍ബുദം ബാധിച്ചു
പത്തായത്തിനു മുകളില്‍ പുതച്ചുമൂടി ചുരുണ്ട് കിടന്നത് ഇന്നും തീ
പിടിക്കുന്ന ഓര്‍മ്മ. പറമ്പിന്‍റെ  തെക്ക് പടിഞ്ഞാറേ മൂലയില്‍ അവനെ മറച്ച
മണ്‍കൂന ഇപ്പോഴും മനസ്സില്‍ നനഞ്ഞു തന്നെ നില്‍ക്കുന്നു.

ജീവിതത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ പിന്‍വാങ്ങി കടന്നു പോയ
എത്ര സഹോദരങ്ങള്‍...ബന്ധുക്കള്‍...അയല്‍പക്കത്തെ നല്ല മനുഷ്യര്‍... മനസ്സില്‍
അടുപ്പിച്ചു ചേര്‍ത്തു വെച്ചവര്‍...ബാല്യങ്ങള്‍...ഗുരുനാഥര്‍...
മനസ്സു മുഴുവന്‍ നമുക്ക് തന്ന് ശരീരവുമായി പോയ മാതാക്കള്‍...
ഇടഞ്ഞും കലഹിച്ചും ചിരിച്ചും കരഞ്ഞും ജീവിതത്തോടു പൊ രുതിയവര്‍...

ഓരോ ദിനവും ഈ പട്ടികയില്‍ കാലം പുതിയ പേരുകള്‍ എഴുതി ചേര്‍ക്കുന്നു.
ഒരു നിശ്വാസമോ സഹതാപം കലര്‍ന്ന വാക്കോ പകരം നല്‍കി
വിസ്മൃതരാകുന്ന വെറും  നിസ്സംഗത മാത്രം നമ്മില്‍ മുളക്കുന്നു.  

നമുക്കുള്ള കോളവും തയ്യാറാണ്...സൂര്യന്‍ വീണ്ടുമുദിക്കും, അസ്തമിക്കും...
മഴയും മഞ്ഞും ഋതുഭേദങ്ങളും വീണ്ടും അരങ്ങാടും...
തലമുറകള്‍ പുതു ഗാഥകള്‍ രചിക്കും .
ചെയ്ത കര്‍മ്മങ്ങളുടെ ഭാണ്ഡവും തൂക്കി നാം വിദൂരതയില്‍ എവിടെയോ മറയും!