Monday, November 28, 2011

ഹിജ്റക്കു സമയമായി




സൂയ കാര്‍ന്നു ശോഷിച്ച്
നേരും നെറിയും വറ്റി
മങ്ങിയ ക്ലാവു പിടിച്ച  
എന്‍റെ സ്വരൂപത്തിന്‌
അഞ്ജതയുടെ അടയാളങ്ങള്‍ വിട്ട്‌
ഹിജ്റക്കു സമയമായി


അഹന്തയുടെ കൊടുമുടിയിറങ്ങി
പാപങ്ങളുടെ പടുകുഴി കയറി
ദൂര്‍ത്തും ദുരയും തീര്‍ത്ത
തുരുത്തും ചുഴിയും വെടിഞ്ഞ്
നേരുകളുടെ  തീരം തേടി
ഹിജ്റക്കു സമയമായി

പകയും ദ്വേഷവും കൈകോര്‍ക്കുന്ന
അഴുകിയ തട്ടകങ്ങളില്‍ നിന്ന്
പണമെറിഞ്ഞ് മാനവും
മാനം വില്പനക്കു വെച്ച്
പണവും കൊയ്തു കൂട്ടുന്ന
കറുത്ത  ഗര്‍ത്തങ്ങളില്‍ നിന്ന്
ഹിജ്റക്കു സമയമായി

ശരിയുടെ കടിഞ്ഞാണ്‍ പിടിച്ച്
ശിരസ്സുയര്‍ത്തി, ദിശയറിഞ്ഞ നടത്തം
ഉള്ളും പുറവും ചൂഴ്ന്നു നില്‍ക്കുന്ന
തമസ്സിന്റെ കൂര്‍ത്ത കൊമ്പുകള്‍ വിട്ട്
നന്മയുടെ തെളിഞ്ഞ വീഥിയിലൂടെ
ബോധം തീണ്ടിയ യാത്ര

കാലം ആവശ്യപ്പെടുന്ന
പുതിയ ഹിജ്റയുടെ വീഥി
മക്കയില്‍ നിന്ന് മദീനയിലേക്കല്ല
അഹം എന്ന ഭാവത്തില്‍ നിന്ന്
തിരിച്ചറിവിന്‍റെ ശാദ്വല തീരത്തേക്കാണ്
.... ഹിജ്റക്കു സമയമായി...!