Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Tuesday, August 5, 2014

'ജിന്നു താഴ്‌വര'യിലേക്ക്

കുറെ കാലമായി മദീനയിലെ 'ജിന്നു താഴ്‌വര' ഒന്നു സന്ദർശിക്കാൻ വിചാരിക്കുന്നു. ഈ പെരുന്നാളിന് അതു നടന്നു. മദീന പട്ടണത്തിന്റെ പരിസരങ്ങളിൽ ചരിത്രമുറങ്ങുന്ന അനേകം ഇടങ്ങളുണ്ട്. നേരത്തെ സന്ദർശിച്ചവയും അല്ലാത്തവയും ഇത്തവണ കുടുംബ സമേതമുള്ള യാത്രയിൽ ഉൾപെട്ടു. രണ്ടര പതിറ്റാണ്ടിലേറെയായി മദീനയുടെ സ്പന്ദനങ്ങൾ അടുത്തറിയുന്ന പ്രിയ സുഹൃത്ത് Ayub Ottappalam ഗൈഡും നിഴലും സഹകാരിയുമായി മുഴുദിവസം കൂടെ വന്നു. വാദി അൽ-ജിന്ന്, വാദി അൽ-ബൈദാ എന്നെല്ലാം അറബിയിലും Ghost Valley, Magnetic Hill, Gravity Hill, Mysterious Spot എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്ന പ്രദേശമാണ് മദീനയിലെ ജബൽ ബൈദാ താഴ്‌വര. മദീനയുടെ വടക്കു കിഴക്ക് (24°43'21"N 39°26'35"E) ഭാഗത്ത് ഏതാണ്ട് 40 കിലോ മീറ്റർ ദൂരെയാണ് ഈ പ്രദേശം. ന്യൂട്രൽ ഗിയറിൽ ഇറക്കത്തിലേക്ക് ഉരുണ്ടു പോകേണ്ട വാഹനം എതിർ ദിശയിൽ സ്വയം കയറ്റം കയറി പോകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സൗദിയിലെത്തുന്ന സഞ്ചാരികളുടെ പുസ്തകത്തിൽ അടയാളം വെച്ച ഭൂപ്രദേശം.



കാന്തിക പ്രഭാവമാണെന്നും, ജിന്നുകളുടെ പ്രവർത്തനമാണെന്നും പ്രേത പ്രഹേളികയാണെന്നും എല്ലാം വിശ്വസിക്കുന്നവരുണ്ട്. പെരുന്നാളയത് കൊണ്ടാവാം സ്ഥലത്ത് സന്ദർശകർ ധാരാളമുണ്ട്. താഴ്വരയെ തലോടി കടന്നുപോകുന്ന മനോഹര വീഥിയിൽ പലയിടത്തും ഈ ആശ്ചര്യം അനുഭവിക്കാനാവും. മൂക്കത്ത് വിരൽ വെച്ച് അതിശയിക്കുന്നവരും, അടക്കം പറയുന്നവരും, നേരിയ ഭയത്തോടെ ദൂരെ മാറി നിൽക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്. വാദി അൽ-ബൈദയെ കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നിലവിലുണ്ട്. രാത്രിയായാൽ അപശബ്ദങ്ങൾ കേൾക്കുമെന്നും "നിങ്ങൾ പോകൂ...ഇത് നിങ്ങളുടെ ഇടമല്ല..." എന്ന് അശരീരി കേട്ടതായും പ്രചാരമുണ്ട്. തലയില്ലാത്ത ശരീരങ്ങൾ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നു വരെ അതിശയോക്തി കലർന്ന പലതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രേതവും ജിന്നും ചെകുത്താനുമൊക്കെ കക്ഷികളാകുമ്പോൾ എന്തും ചിലവാകും. അവരേതായാലും വിശദീകരണം ചോദിക്കാൻ വരില്ലല്ലോ. ആരു പറഞ്ഞു, ആരു കണ്ടു/ കേട്ടു എന്നു മാത്രം ചോദിക്കരുത്.! കേട്ടവർ കേട്ടവർ കൂടുതൽ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നതിനാൽ ഇത്തരം വാർത്തകൾക്ക് അനുദിനം ആരോഗ്യം കൂടി വരികയാണ് പതിവ്. അൽപം അന്ധവിശ്വാസവും കൂടി കലർത്തി വിളമ്പിയാൽ സംഗതി ബഹു ജോറായി. Gravity Hill-കളോട് ചേർത്ത് എല്ലാ നാട്ടിലും ഇത്തരം കെട്ടു കഥകൾ നിലവിലുണ്ട്. പരിഷ്കൃതരെന്ന് നാം കരുതുന്ന പല നാട്ടുകാരും അന്തം വിട്ട അന്ധവിശ്വാസികളാണ് എന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ഹൊറർ സിനിമകൾ പുറത്തിറങ്ങുന്നതും വിജയിക്കുന്നതും ഇംഗ്ലീഷ് ഭാഷയിലും പാശ്ചാത്യ നാടുകളിലുമാണ്. 



നെറ്റ് ലോകത്തും ഇവ്വിഷയകമായ ചർച്ചകൾക്ക് നല്ല ചൂടാണ്. മദീനയിലെ ജിന്നു താഴ്‌വരയെ കുറിച്ചുള്ള ഓണ്‍ലൈൻ ചർച്ചയിൽ വന്ന ചോദ്യത്തിന് ഒരു വിദേശ വനിതയുടെ മറുപടി ഇങ്ങിനെ വായിക്കാം:

"This is true that there is a ghost valley in Saudi Arabia...precisely near Madina. The strange mountains have weird carvings and layers that are not natural in any way. I know this as my uncle lives in Saudi Arabia and he actually went to check it out! He says there are houses there with no doors or windows......whenever someone goes there...he experiences heavy headaches and a sort of burden on their shoulders. Other experiences include being slapped by someone.....the speed of cars increases even when the car is on neutral....Besides all of this....no body has ever dared to stay there after sunset."

എങ്ങിനെയുണ്ട് വിശദീകരണം?!



ലോകത്ത്  29 രാജ്യങ്ങളിലായി ഏതാണ്ട് നൂറോളം പ്രദേശങ്ങളിൽ  Gravity Hill Site- കൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രം 23 സ്റ്റേറ്റുകളിലായി 40 സ്ഥലങ്ങളിൽ ഈ പ്രതിഭാസം കാണപ്പെടുന്നു. കനഡയിൽ 6 സ്ഥലങ്ങളിലും ആസ്ത്രേലിയ അയർലണ്ട് ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നാലിടങ്ങളിൽ വീതവും ഇതേ പ്രതിഭാസമുണ്ട്. ഇന്തോനേഷ്യ, ഇറ്റലി, ജോർദാൻ, ലെബനോൻ, മലേഷ്യ മെക്സിക്കോ, ഒമാൻ, സൗത്ത് ആഫ്രിക്ക, പോർച്ചുഗൽ, പോളണ്ട്, ഫിലിപ്പൈൻസ്, കൊറിയ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇതേ സംഭവമുണ്ട്. ഇന്ത്യയിൽ ജമ്മുവിലെ ലഡാക്കിലും ഗുജ്റാത്തിലെ സൌരാഷ്ട്ര റീജിയനിലും ഇത്തരം സ്പോട്ടുകളുണ്ട്. 

ജിന്നോ പ്രേതമോ കാന്തിക പ്രഭാവമോ ഒന്നുമല്ല, ചുറ്റുപാടുമുള്ള ഭൂപ്രതലത്തിന്റെ പ്രത്യേകത, ഇറക്കമുള്ള പ്രദേശത്തെ കയറ്റമുള്ളതാക്കി തോന്നിപ്പിക്കുന്ന Optical Illusion ആണ് സത്യത്തിൽ ഇവിടങ്ങളിലെല്ലാം ഉള്ളത്. ഭാഗികമായോ പൂർണമായോ ചക്രവാളം കാണാൻ കഴിയാത്ത അവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. ചുറ്റുമുള്ള കുന്നുകളുടെ വിതാനവുമായി ബന്ധപ്പെടുത്തി ഭൂപ്രതലത്തിന്റെ കിടപ്പ് മനസ്സിലാക്കുന്നതിൽ നമുക്ക് പറ്റുന്ന പിഴവാണ് ജിന്നും പ്രേതവു മൊക്കെയായി അരങ്ങു വാഴുന്നത്!. ഇത്തരം സ്പോട്ടുകൾ മിക്കതും പ്രത്യേകതരം കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതായിരിക്കും. റണ്‍വെയിൽ നിന്ന് പറന്നു പൊങ്ങിയ വിമാനം  സഞ്ചാരപഥത്തിലേക്ക് തിരിയുമ്പോൾ താഴെയുള്ള നഗരം ചെരിഞ്ഞതായി തോന്നാറില്ലേ. ഇവിടെ നഗരമല്ല വിമാനമാണ് ചെരിയുന്നത് എന്നതാണല്ലോ വസ്തുത.  



സുഹൃത്ത് Faisu Madeena 2011 ജനുവരിയിൽ തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ നിന്നാണ് ആദ്യമായി മദീനയിലെ Gravity Hill- നെ കുറിച്ച് മനസ്സിലാക്കിയത്. അന്നു തന്നെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കുറെ വിവരങ്ങൾ പരിശോധിച്ചു. പക്ഷെ, എത്ര വിശദീകരിച്ചാലും ഇന്നും പലരും വസ്തുത അംഗീകരിക്കാറില്ല. 2010 ലെ Best Visual Illusion Award നേടിയ ജാപ്പനീസ് ശാസ്ത്രകാരൻ Kokichi Sugihara- യുടെ ഗവേഷണങ്ങൾ ഉൾപ്പെടെ ഒട്ടനേകം പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണ്. മദീനയിലെ ജബൽ ബൈദായുടെ റോഡ്‌ അവസാനിക്കുന്ന മലയടിവാരം വരെ വാഹനം ഓടിച്ചു പോയാലും വലിയ കയറ്റം അനുഭവപ്പെടില്ല. എന്നാൽ തിരിച്ച് വരുമ്പോൾ ഏതാണ്ട് 13 കിലോമീറ്റർ ദൂരം നല്ല ഇറക്കം മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. മൊത്തത്തിൽ ഇറക്കമുള്ള ഒരു പ്രതലത്തിൽ കയറ്റമുണ്ട് എന്ന് തോന്നിക്കുന്ന ഭാഗങ്ങളാണ് നമ്മുടെ കണ്ണുകളെ സമർത്ഥമായി വഞ്ചിക്കുന്നത്!

Wednesday, June 19, 2013

ചരിത്രമുറങ്ങുന്ന അൽ ഉലയിലേക്ക്...

ചെറുപ്പം മുതലേ  മനസ്സിൽ ചേക്കേറിയ ഒരു ഭൂപ്രദേശം നേരിൽ കാണുക അവാച്യമായ അനുഭവമാണ്. അടുത്തറിയും തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന മരുപ്പരപ്പും അരികെ  തലയുയർത്തി നിൽക്കുന്ന  മലനിരകളും വഴി നീളെ  കൂടെ വരുമ്പോൾ  യാത്ര പിന്നെയും ഹൃദ്യമാകും. ലക്ഷ്യ സ്ഥാനം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഇടം കൂടിയാകുമ്പോൾ  ജിജ്ഞാസയും നമ്മോടു കൈകോർക്കും. 

മാമലകൾ സാക്ഷി...മുന്നിൽ അക'ബർ ചാലിയാർ  


ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട്  962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ  ഹിജ്‌ർ പ്രദേശം. 2008-ൽ കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.  


ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ യാമ്പുവിൽ നിന്ന് യാമ്പു നഖൽ, അൽ ഈസ് വഴിയാണ് അൽ ഉലയിലേക്കുള്ള യാത്ര. ചെറിയ ഒറ്റവരിപ്പതയാണ്  പോക്കിനും വരവിനുമുള്ളത്. പാത ചെറുതെങ്കിലും വാഹങ്ങളുടെ   വേഗതക്ക് കാര്യമായ കുറവൊന്നുമില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ റോഡിനപ്പുറം കടക്കുക ഇവിടെ സാധാരണ കാഴ്ച. ഹൈവേകളിൽ ഇരുവശവും കാണുന്ന  കമ്പി വെലിയൊന്നും ഇത്തരം റോഡുകൾക്കില്ല.  പാവം ഒട്ടകങ്ങൾ രാത്രിയാകുമ്പോൾ  നമ്മെ അലോസരപ്പെടുത്തുന്ന ഭീകരന്മാരായെന്നു വരും!.   



യാത്രക്കിടയിൽ

പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 325 കിലോമീറ്റര്‍ വടക്കു  മാറിയാണ് അൽ ഉല നഗരം.  അൽ വജ്ഹാണ് തൊട്ടടുത്ത എയർപോർട്ട്‌. അൽ ഉലയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയൊരുക്കി തുടങ്ങും. കാലത്തിന്റെ പരുക്കുകളും നൂറ്റാണ്ടുകളുടെ പ്രായം സമ്മാനിച്ച  അടയാളങ്ങളും  കലാപരമായി ഏറ്റുവാങ്ങി ഇന്നും ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളാണ് അൽ ഉല നഗരത്തിൽ നമ്മെ വരവേൽക്കുക. കാലത്തിന്റെ കരവിരുതും ശില്പ ചാരുതയും അവയിലൂടെ വായിച്ചെടുക്കാനാവും.  പ്രകൃതിയുടെ നിർമ്മാണ വൈദഗ്ദ്യത്തിൽ രൂപം കൊണ്ട ശില്‍പ താഴ്‌വരയാണ്‌ ചരിത്രമുറങ്ങുന്ന അൽ ഉല പട്ടണം. 
 അൽ ഉല

അൽ ഉല - മദായിൻ സാലിഹ് റോഡ്‌ 

അല്‍ ഉലയിൽ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാൽ മദായിൻ സ്വാലിഹിലെത്താം. ചരിത്രത്തിന്റെ കനപ്പെട്ട ശേഷിപ്പുകളുള്ള മൂക താഴ്വര!. മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാറകൾ നമ്മെ പൌരാണിക കാലത്തേക്ക് കൈപിടിച്ചു നടത്തും. അവിടെ പ്രവേശിക്കുമ്പോൾ തന്നെ ഭയവും ആശ്ചര്യവും  ഇഴ ചേർന്ന വികാരം നമ്മെ വലയം ചെയ്യും. അതി ശക്തവാന്മാരായിരുന്ന ഒരു ജനപഥം വിട്ടേച്ചു പോയ കാർഷിക സമതലവും കാലത്തിന്റെ രുചി ഭേദങ്ങൾക്ക് മൂകമായി സാക്ഷി നില്ക്കുന്ന പ്രായം ചെന്ന പാറക്കെട്ടുകളും കുന്നുകളും. സഹസ്രാബ്ദങ്ങളുടെ അനുഭവം വിളിച്ചോതുന്ന ഈ പ്രദേശത്തിന്റെ സംരക്ഷണം പ്രകൃതി തന്നെ സ്വയം ഏറ്റെടുത്തപോലെ തോന്നും. പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും ഇന്ന് ഈ ചരിത്ര  ഭൂമിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.




പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇവിടെ ചെറുതും വലുതുമായ 132 ശിലാഭവനങ്ങളാണുള്ളത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ 
സ്ഥാപിച്ചിട്ടുണ്ട് . വാഹങ്ങൾ ചെന്നെത്താവുന്ന വിധം റോഡുകൾ നിർമ്മിച്ചിട്ടുമുണ്ട്.



വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ ജനത വസിച്ചിരുന്ന  ഈ  താഴ്വര. തങ്ങളുടെ പ്രവാചകനെ  ധിക്കരിക്കുകയും അഹങ്കരിക്കുകയും ചെയ്ത കാരണത്താൽ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട  സമൂദ്  ഗോത്രത്തിന്റെ ആവാസകേന്ദ്രമായിരുന്നതു കൊണ്ടാണ് ഇവിടം മദായിൻ സ്വാലിഹ് എന്ന പേരിൽ പ്രസിദ്ധമായത്. സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നവരും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുവരുമായിരുന്നു അതി ശക്തവാന്മാരായ സമൂദുകാർ. 



ദൈവ കല്പന ധിക്കരിക്കുകയും അവരിലെ ദൂതന്റെ പ്രവാചകത്വത്തിനു തെളിവായി അമാനുഷിക രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്കു ലംഘിച്ച് അവർ അറുത്ത് കളയുകയും ചെയ്തു. ഒൻപത്  റൗഡി  സംഘങ്ങൾ ആ നഗരത്തിൽ  ഉണ്ടായിരുന്നതായി ഖുർആൻ പറയുന്നുണ്ട് . ധിക്കാരം അതിരു കടന്നപ്പോൾ ഘോര ശബ്ദം മൂലം അവർ നശിപ്പിക്കപ്പെടുകയാണുണ്ടായത് . ഏതാണ്ട് 5000 വര്ഷം മുന്പ്  ബി സി 3000 ത്തിനും 2500 നും ഇടയിലാണ്  സമൂദ്   ഗോത്രത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. അറബികൾക്കിടയിൽ പ്രവാചക ആഗമനത്തിനു മുൻപു തന്നെ ഇവരെ കുറിച്ചുള്ള കഥകൾ നില നിന്നിരുന്നു.  



വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തതായും  പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും ചരിത്രമുണ്ട്. അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമായതിനാൽ ദു:ഖത്തോടു  കൂടിയല്ലാതെ നിങ്ങളവിടെ പ്രവേശിക്കരുതെന്നും പെട്ടെന്ന് കടന്നു പോകണമെന്നും പ്രവാചകൻ നിർദേശിച്ചു.   




നരവംശ ശാസ്ത്ര പഠനങ്ങൾ പ്രകാരം പുരാത ജോർദാൻ കേന്ദ്രമായി ഭരണം നടത്തിയിരുന്ന നബ്ത്തികളുടെ രണ്ടാം പട്ടണമായാണ് മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്.  ജോർദാനിലെ പുരാതന പെട്ര നഗരമായിരുന്നു അവരുടെ ആസ്ഥാനം. ഏതാണ്ട് ബി സി  312 ൽ പെട്ര നഗരം സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . 1985  മുതൽ  യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിലും ഇപ്പോൾ പുതിയ ലോകാത്ഭുതങ്ങളിലും പെട്രയുണ്ട്. പീത വർണ്ണത്തിലുള്ള മലകൾ തുരന്നുള്ള നിർമ്മിതികളിലെ സ്തൂപങ്ങളും രൂപങ്ങളും രണ്ടിടത്തും ഒരേ ശൈലിയിലാണ്. പെട്രയല്ല മദായിൻ സ്വാലിഹാണ് നബ്തികളുടെ ഒന്നാം നഗരം എന്ന വാദവും നിലവിലുണ്ട്. പെട്രയിലെ നിർമ്മിതികളിൽ തൂണുകൾ വളരെ കൂടുതലായി  കാണപ്പെടുന്നു എന്നതും പ്രത്യേകതയാണ്. വിശുദ്ധ ഖുർആന്റെ വിവരണവും സൗദി ചരിത്ര പഠനങ്ങളും അനുസരിച്ച് സ്വാലിഹ് നബി നിയുക്തനായ ഹിജ്ർ പ്രദേശം ഇതു തന്നെയാണെന്നും മദാഇൻ സ്വാലിഹിൽ കാണുന്നത് സമൂദ് ഗോത്രത്തിന്റെ ശേഷിപ്പുകളാണെന്നുമുള്ള  ഉറച്ച പക്ഷമാണ്  മുസ്‌ലിംകൾക്കുള്ളത്. സമൂദ് ഗോത്രത്തിന്റെ  ശിലാ ഭവനങ്ങളിൽ നബ്തികൾ പില്കാലത്ത് തങ്ങളുടേതായ മാറ്റങ്ങൾ വരുത്തി എന്നു വിശ്വസിക്കുന്നതാവും കൂടുതൽ നീതി. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളിൽ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. 

പുരാതന പെട്ര നഗരം . ജോർദ്ദാൻ  

അൽ- ഖസ്'ന: പെട്രയിലെ പുരാതന ക്ഷേത്രം

നബ്ത്തികളുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രവും ഇടത്താവളവുമായിരുന്നു മദായിന്‍ സ്വാലിഹ് . തലസ്ഥാനമായ പെട്ര എ ഡി  106-ല്‍ റോമാ സൈന്യത്തോട് പരാചയപ്പെട്ടതോടെ  മദായിന്‍ സ്വാലിഹിന്റെ പ്രതാപവും അവസാനിച്ചുവെന്നാണ് ചരിത്രം. പില്‍ക്കാലത്ത് ദമസ്‌കസില്‍ നിന്ന്  മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയിലും  മദായിന്‍ സ്വാലിഹ് ഒരു  പ്രധാന കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷൻ കൂടിയായിരുന്നു ഇവിടം. ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും റെയിലിന്റെയും എന്‍ജിന്റെയും ഭാഗങ്ങൾ അവിടെ നില നിർത്തിയിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഞരമ്പു പോലെ പഴയ ഡമസ്കസ് മുതൽ മദീന വരെ നീണ്ടു കിടന്ന ചരിത്ര സഞ്ചാരത്തിന്റെ നാരോ ഗേജ്!



നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് കൃത്യമായ വിവരമില്ലെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതപ്പെടുന്നത്.  ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സ്വാലിഹും നിലംപൊത്തിയതിനുശേഷം ഈ പ്രദേശത്തെ പിന്മുറക്കാരായ നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിന്‍  ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പഴയ ഹിജ് ർ  നിവാസികളും പിൽകാലക്കാരായ നബ്ത്തികളും ചരിത്ര കുതുകികളുടെ മുൻപിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഒട്ടേറെ വാതായനങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട് 




പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽ- ഉല പുരാതന നഗരം അൽ ഉലയിലെ മറ്റൊരു കാഴ്ചയാണ്. 800 -ൽ പരംവീടുകളുടെ ഒരു സമുച്ഛയമാണിത്. കല്ലും മണ്ണും ഈത്തപ്പനത്തടിയുമൊക്കെ ഉപയോഗിച്ച് നിമ്മിച്ച ഈ വീടുകൾ പലതും മുകൾ നിലയുള്ളതാണ്. ചുവന്ന പാറയിൽ  ഉയരത്തിൽ നിർമ്മിച്ച കോട്ടയുടെ മുകളിൽ കയറിയാൽ പുരാതന നഗരവും ആധുനിക നഗരവും ഇരു വശങ്ങളിലായി കാണാം.  കോട്ടയുടെ അടിത്തറയുടെ പ്രായം 2600 വർഷമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  വീടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വഴികൾ മനോഹരമായി പ്ലാൻ ചെയ്തു നിർമ്മിച്ചിട്ടുണ്ട്. ആരവത്തോടും ആഹ്ലാദത്തോടും കൂടി ഒരു ജനത ഇപ്പോഴും അവിടെ ജീവിക്കുന്ന പോലെ തോന്നും. കോട്ടയുടെ മുകളിൽ കയറിയാൽ മുഴുവൻ ഭവനങ്ങളും ഒറ്റ ക്ലിക്കിൽ പകർത്താം.


സഹയാത്രികർ അൽ ഉല കോട്ടയുടെ മുകളിൽ 

അൽ- ഉല ഓൾഡ്‌ സിറ്റി  


പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ  അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.


 മുസഫർ അഹ് മദ്  'മരുഭൂമിയുടെ ആത്മകഥ' അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌. "മടങ്ങുന്നു. തൊഴിൾ ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തിൽ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടുകാരനുമാകണം. മരുഭൂമി താണ്ടാൻ കരുത്തുള്ള പേശികൾ വാങ്ങണം".  മടങ്ങുന്നു... 

Sunday, February 17, 2013

പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു വിളിക്കുന്നു

എഴാമത് പുഷ്പപ്രദര്‍ശന മേളക്ക് യാമ്പു ഒരുങ്ങിക്കഴിഞ്ഞു. ചെങ്കടലിന്റെ തീരത്ത്  ഇനി പുഷ്പ വസന്തത്തിന്റെമനോഹര ദിനരാത്രങ്ങള്‍. സുന്ദര പുഷ്പങ്ങള്‍ തലയിൽ ചുമന്ന് കൊച്ചു ചെടികള്‍ താളം പിടിച്ചു തുടങ്ങി. നമ്മെ കാണുമ്പോള്‍ ആ താളം കൂടുതൽ ചടുലമാകാതിരിക്കില്ല!. വ്യാവസായികക്കുതിപ്പിനിടയിലും ഗ്രാമ്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന ജനകീയ ആഘോഷമാണ് യാമ്പുവിലെ പുഷ്പ പ്രദര്‍ശനം.



സൗദി അറേബ്യയില്‍ ജിദ്ദ മഹാനഗരത്തില്‍ നിന്ന് 350 കി. മി  വടക്ക് പടിഞ്ഞാറ് മാറി  സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക  നഗരമാണ് യാമ്പു. ചെങ്കടല്‍ തീരത്ത്‌ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്രത്താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും. ചരിത്രമുറങ്ങുന്ന ബദ്റിനും യാമ്പുവിനുമിടയില്‍ വെറും 90 കി. മി മാത്രമാണ് ദൂരമുള്ളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 230 ഉം പരിശുദ്ധ മക്കയിലേക്ക് 370 കി മി ദൂരം.

യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയുടെ വ്യാപാരത്തില്‍ പുരാതന കാലം മുതലേ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിന്റെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതല്‍ തന്നെ മദീനയിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്-അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു.



1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെയും പെട്രോ കെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്‌ട്ര കയറ്റുമതിയില്‍  മധ്യപൂര്‍വ ദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ 'റോയല്‍ കമ്മീഷന്‍' ഈ കുതിപ്പിന് ഊർജ്ജം പകരുന്നു. വ്യാവസായിക നഗരങ്ങളായ ജുബൈല്‍, യാമ്പു എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഭരണ വിഭാഗം പ്രവര്‍ത്തിക്കുന്നത് (Royal Commission for Yanbu and Jubail). പെട്രോളിയം- പെട്രോ കെമിക്കല്‍ മേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, വ്യാവസായിക ഊര്‍ജ്ജ മുന്നേറ്റം സാധ്യമാക്കുക എന്നിവ റോയല്‍ കമ്മീഷന്‍റെ പ്രധാന ലകഷ്യങ്ങളാണ്. യാമ്പു അല്‍ -സനാഇയ്യ എന്ന പേരിലാണ് വ്യാവസായിക ഏരിയ അറിയപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും റോയല്‍ കമ്മീഷന്‍റെ നിയന്ത്രണത്തിലാണ്. ചേര്‍ന്നു നില്‍ക്കുന്ന റസിഡന്‍സ് ഏരിയ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നു. എല്ലാത്തിലും ഉന്നത നിലവാരം പുലർത്തി  മുപ്പതോളം ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ ഇത്  വ്യാപിച്ചു കിടക്കുന്നു. 



റോയല്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തിലാണ് ഓരോ വര്‍ഷവും യാമ്പു പുഷ്പ പ്രദര്‍ശനമേള നടക്കുന്നത്. ഏഴാമത് മേള ഫെബ്രു 18 മുതല്‍ മാര്‍ച്ച് 7 വരെയാണ്.  തികച്ചും സൗജന്യമായി ഒരുക്കുന്ന മേളയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി  വിവിധയിനം മത്സര പരിപാടികളും കലാ പ്രകടനങ്ങളും അരങ്ങേറും. നിരത്തുകളും വിദ്യാലയങ്ങളും ഓഫീസുകളും ഉദ്യാനങ്ങളും വര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ്ഞ ചെടികള്‍ കൊണ്ട് അലങ്കരിച്ചു  കഴിഞ്ഞു. പ്രധാന വീഥികളുടെയെല്ലാം വശങ്ങളില്‍ കിലോ മീറ്ററുകള്‍ നീളുന്ന പുഷ്പ പരവതാനികള്‍ തയ്യാറായി.



യാമ്പു ജിദ്ദ ഹൈവേയോടു  ചേര്‍ന്ന് നില്‍ക്കുന്ന അതിവിശാലമായ ഒക്കേഷന്‍ പാര്‍ക്കാണ് പ്രദര്‍ശനത്തിന്റെ പ്രധാന കേന്ദ്രം. എഴായിരത്തില്‍ പരം ഇനം ചെടികളില്‍ വിരിഞ്ഞു പുഞ്ചിരി തൂകി  നില്‍ക്കുന്ന ലക്ഷക്കണക്കിന്‌ പൂക്കള്‍ തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം വാക്കുകളില്‍ ഒതുങ്ങാത്ത വര്‍ണ്ണനയാണ്. പ്രത്യേക കലാ ചാരുതയോടെ നൂറുക്കണക്കിന് ച്തുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ ചെടികള്‍ നട്ടാണ് പുഷ്പപരവതാനി ഒരുക്കുന്നത്.



കരകൌശല വസ്തുക്കള്‍, അറേബ്യന്‍ പഴമ വിളിച്ചോതുന്ന ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍, വിവിധയിനം പക്ഷികള്‍, അലങ്കാര മത്സ്യങ്ങള്‍, പൂക്കളുടെയും ചെടികളുടെയും പ്രദര്‍ശനം, വില്പന തുടങ്ങിയ വൈവിധ്യങ്ങള്‍ പുഷ്പമേളക്ക് കൊഴുപ്പേകും. മരുഭൂമിയുടെ മുഴുവന്‍ വരള്ച്ചക്കും വിരസതക്കും വിട നല്‍കി സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍  വര്‍ണ്ണങ്ങളുടെയും  സുഗന്ധത്തിന്റെയും  പുഷ്പവൃഷ്ടിയുടെയും  വിസ്മയക്കാഴ്ചകൾ നിറക്കുന്ന  പതിനഞ്ചു ദിനങ്ങളിനി യാമ്പുവിന്റെ രാപ്പകലുകളെ എറെ ധന്യമാക്കും!



സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ വന്ന് ഓരോവര്‍ഷവും ഈ വസന്തോല്‍സവത്തില്‍  പങ്കാളികളാകുന്നു. കഴിഞ്ഞ വര്ഷം ആറാമത് പുഷ്പമേളയില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ്  കണക്ക്. 

എങ്കില്‍ പുറപ്പെട്ടോളൂ ... ഇനി വൈകിക്കേണ്ട!



പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു കാത്തിരിക്കുന്നു...

Tuesday, May 15, 2012

ഉഖ്‌ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ...

സൗദി അറേബ്യയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയിലുള്ള നജ്റാന്‍ പട്ടണത്തില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് കാണാം. അതിനപ്പുറം നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തീര്‍ക്കുന്നു. നജ്റാന്‍ സിറ്റിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ തെക്കു മാറി കാലത്തിന്റെ കണ്ണീരു വീണ ഒരു പ്രാചീന നഗരമുണ്ട്‌. ഉഖ്‌ദൂദ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആഗമനത്തിനു ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് യൂസുഫ് ദു-നുവാസ് എന്ന യഹൂദ രാജാവിന്റെ ഭരണ കേന്ദ്രമായിരുന്നു ഉഖ്‌ദൂദ്  നഗരം. 1937 വരെ നജ്റാന്‍ യമന്റെ ഭാഗമായിരുന്നു. ഉഖ്‌ദൂദിലെ കോട്ടയും ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി നമ്മോടു സംസാരിക്കാന്‍ കാത്തിരിക്കുന്നുണ്ടിവിടെ!.

കച്ചവട കേന്ദ്രമായിരുന്നു ഉഖ്‌ദൂദ് നഗരം. നജ്റാന്‍ ഇന്നും അറിയപ്പെടുന്നത് കാര്‍ഷിക ഗ്രാമം എന്നാണ്. ചുറ്റും പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്നതിനാല്‍ വര്‍ഷപാതം മൂലമുള്ള ജലം നജ്റാനിന്റെ കാര്‍ഷിക സമൃദ്ധിക്ക് എക്കാലത്തും നല്ല സംഭാവനയാണ്. കര മാര്‍ഗ്ഗവും കടല്‍ വഴിയും ലോകത്തിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളുമായി അതി പ്രാചീന കച്ചവട ബന്ധവും നജ്റാനുണ്ട്. മുഹമ്മദ്‌ നബിക്ക് തൊട്ടു മുന്‍പുള്ള പ്രവാചകനായ ഇസാ നബി (യേശു) യുടെ യതാര്‍ത്ഥ അധ്യാപനങ്ങളില്‍ വിശ്വസിച്ചിരുന്ന നിഷ്കളങ്കരായ നിരവധി വിശ്വാസികള്‍ അവിടെ ജീവിച്ചിരുന്നു. യഹൂദ മതവിശ്വാസിയായ രാജാവ് ദു-നുവാസ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതായിസം സ്വീകരിക്കാനും നിര്‍ബന്ധം ചെലുത്തുകയും അല്ലാത്ത പക്ഷം വധിച്ചു കളയുമെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വാസം ഉപേക്ഷിക്കുകയോ മരണം വരിക്കുകയോ മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍. തികഞ്ഞ ഏക ദൈവാരാധകരായ അവര്‍ ഉറച്ച വിശ്വാസം വെടിഞ്ഞു യഹൂദികളാകാന്‍ ‍വിസമ്മതിച്ചു. തന്റെ കോട്ടയ്ക്കു സമീപം അഗ്നിയുടെ വലിയ കിടങ്ങുകള്‍ തീര്‍ത്ത്‌ വിശ്വാസികളെ മുഴുവന്‍ ചുട്ടെരിച്ച അതി ക്രൂരമായ രാജ നടപടിക്ക് ഉ‌ഖ്‌ദൂദ് നഗരം സാക്ഷിയായി. കണ്ണു നനയിച്ച ആ കാഴ്ചയില്‍ ഇന്നും വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉഖ്‌ദൂദെന്ന പ്രാചീന നഗരം. ഇരുപതിനായിരത്തോളം വിശ്വാസികളെയാണത്രെ ദു-നുവാസ് അഗ്നിനാളങ്ങള്‍ക്ക് വിഴുങ്ങാന്‍ കൊടുത്തത്. രാജാവും  കിങ്കരപ്പടയും അതു കണ്ട് ആര്‍ത്തു ചിരിച്ചുവെന്ന് ചരിത്രം!

വിശുദ്ധ ഖുര്‍ആന് ഈ സംഭവം (അസ്ഹാബുല്‍ ഉഖ്‌ദൂദ്) അനുസ്മരിച്ചു ഇപ്രകാരം പറയുന്നു:

"ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിനടുത്ത് ഇരിക്കുന്നവരായിരുന്നു. സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശ ഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ മേലുള്ള കുറ്റം" (വി. ഖുര്‍ആന് 85: 4-9)

എത്യോപ്യ (അബ്സീനിയ)  ഭരിച്ചിരുന്ന നീതിമാനായ നജ്ജാശി (നേഗസ്) രാജാവ് ദു-നുവാസിന് ശേഷം ഉഖ്‌ദൂദ് ജയിച്ചടക്കുന്നുണ്ട്. തന്റെ പ്രധിനിധിയായി അദ്ദേഹം അബ്റഹതിനെ അവിടെ നിശ്ചയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 105- ല്‍ പരാമര്‍ശിച്ച ആനക്കലഹ സംഭവത്തിലെ നായകന്‍ ഈ അബ്റഹതാണ്. പ്രവാചക തിരുമേനിയുടെ ആഗമനത്തോടെ ഉഖ്‌ദൂദ് നിവാസികള്‍ ഇസ്ലാമിന് കീഴ്പെട്ടു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പ്രവാചക സദസ്സില്‍ പലപ്പോഴും വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയുടെ കല്‍ത്തറയും അവശിഷ്ടങ്ങളും ഇന്നും കാണാം. ഇന്നത്തെ നജ്റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്‌ദൂദ് പ്രദേശം. തൊട്ടടുത്തെല്ലാം ജനവാസമുണ്ട്. ചിത്രത്തില്‍ ഉഖ്‌ദൂദ് താഴ്‌വരയുടെ വിദൂരതയില്‍ കാണുന്ന മല കടന്നാല്‍ യമനായി. ഉഖ്‌ദൂദ് ഒരു Archeologically Protected Area കൂടിയാണ്. കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത് വായിക്കുമ്പോള് ‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്‌ദൂദ്!.

നജ്റാന്‍ ‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രിയ സുഹൃത്തുമായ ശഫീഖിനും കുടുംബത്തോടുമൊപ്പം ഉഖ്‌ദൂദിലേക്കൊരു യാത്ര (11.05.2012)

 Entrance to the Archeological Site of  Ukhdood

 
ഉഖ്‌ദൂദിലേക്ക് ...
(WIth Prof. Shafeeq and Noonu Mol)
ഉഖ്‌ദൂദ്  താഴ്‌‌വര




ഉഖ്‌ദൂദ്  നഗരത്തിലേക്ക്

നഗര ശേഷിപ്പുകളിലൂടെ

കൊത്തിവെക്കപ്പെട്ട ലിപികള്‍

ദു-നുവാസിന്റെ കോട്ടയുടെ ഭാഗം

ചുട്ടെരിക്കപ്പെട്ടവരുടെ അസ്ഥികള്‍
(നിരവധി സ്ഥലങ്ങളില്‍ ‍ ഇങ്ങിനെ കാണാം)

ഉഖ്‌ദൂദ് നഗരം- മറ്റൊരു വീക്ഷണം

ഉഖ്‌ദൂദിലെ ആദ്യ പള്ളിയുടെ ശേഷിപ്പുകള്‍

Najran Museum

ഉഖ്‌ദൂദിലെ ലിപികള്
(@ Mesuem)
ഉഖ്‌ദൂദിലെ കലപ്പയും കപ്പിയും
(@ Mesuem)

ഉഖ്‌ദൂദ് നിവാസികള്‍ ഉപയോഗിച്ചിരുന്ന
പാത്രങ്ങള്‍ (@ Mesuem)

പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍
ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...