Sunday, March 20, 2011

വോട്ടു സീസന്‍ബാലറ്റ് പെട്ടികള്‍ വോട്ടിംഗ് യന്ത്രങ്ങളെ
ഗര്‍ഭം ധരിച്ച് ദിനം കാത്ത് കഴിയുന്നു
തെരഞ്ഞെടുപ്പിന്‍റെ കാന്‍വാസിനു ചുറ്റും
ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി
ചാനലുകളുടെ വറവു ചട്ടിയില്‍
ചുടു വിഭവങ്ങള്‍ പൊരിയുന്നുണ്ട്‌

ഡല്‍ഹിയിലേക്കുള്ള തീവണ്ടികളില്‍
സ്ഥാനാര്‍ത്ഥിയാകേണ്ടവരെ കുത്തിനിറച്ച
ചാക്കുകള്‍ അച്ചടക്കത്തോടെ അടുക്കിയിട്ടുണ്ട്
പാളത്തിലെ ഇലക്ട്രിക്‌ പോസ്റ്റില്‍ തൂങ്ങിയാടുന്ന
നേതാവിന്‍റെ പടത്തിനു താഴെ നിന്ന്
ഒരു കൂട്ടം ഉറുമ്പുകള്‍ ഇങ്കുലാബ് വിളിക്കുന്നു

പ്രത്യയശാസ്ത്ര കൊമേഡിയന്‍മാര്‍
കത്തിവേഷത്തില്‍ നിറഞ്ഞാടുമ്പോള്‍
ഫ്രെയിമിനുള്ളിലെ പഴയ ചിത്രങ്ങള്‍
പതുക്കെ ഇറങ്ങി നടക്കുന്നു
നേതാക്കളുടെ നാവു വലിച്ച് ജനം
കൊടിമരത്തില്‍ കേട്ടാതിരുന്നാല്‍ നന്ന്

കാലു വാരലിന്‍റെ സുനാമി ഭീഷണിയും
പാര പണിയുടെ ഭൂകമ്പ ഭീതിയും
പാര്‍ട്ടികളെ ഉലച്ചു 'ശക്തമാക്കുന്നുണ്ട്'
സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
പാടെ വഴിയാധാരമായിപ്പോകും

സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്‍
പ്രകടനക്കാരെ നോക്കി നിശ്വസിച്ചു
ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്‌' മാറിയ
മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!

Saturday, March 12, 2011

നിലയും നില്‍പുംജീവനു ജലകണ
നനവു വേണം
വായു വന്നൊന്നു
തുടിപ്പേകണം
കാലൂന്നി നില്‍ക്കുവാന്‍
ഭൂതലം കനിയണം
കാലത്തിന്‍ ചക്രം
തിരിഞ്ഞീടണം
പിടിവിട്ടു പോകില്‍ ജല-
മലറിടും രാക്ഷസി
വടം പൊട്ടിയാല്‍
വായു വന്‍നാശിനി
ഒന്നു കിടുങ്ങിയാല്‍
ഭൂമി പ്രേതാലയം
കാലം കയം പോല്‍
ഇരുണ്ട മൂകാലയം

മിന്നി മറയുന്ന
കാഴ്ചകള്‍  നമ്മിലെ
ചിന്തയെ ദ്യോദിച്ചു
നിര്‍ത്തുകില്ലേ
പ്രാണന്‍റെ
തറ തീര്‍ക്കുമി-
ക്കൂട്ടമത്രയും
ഇവ്വിധമാകത്തില്‍
പാഠമില്ലേ?

Sunday, March 6, 2011

കുമിള


ദ്യമായി ഞാനവിടെ ചെല്ലുമ്പോള്‍ മനസ്സു തുറന്ന ചിരി നിറഞ്ഞൊഴുകിയിരുന്നു.
തീന്‍മേശയില്‍ നിരന്ന ആവി പാറുന്ന വിഭവങ്ങള്‍ വായ്ക്കകത്ത് നൃത്ത വിരുന്നൊരുക്കി.
എവിടെയും സന്തോഷത്തിന്‍റെ ബഹുവര്‍ണ്ണ ചിഹ്നങ്ങള്‍ വിന്യസിച്ചിരുന്നു.
പടിയിറങ്ങുമ്പോള്‍ വിട്ടൊഴിയാത്ത എന്തോ ഒന്ന് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്
പോലെ.....ഇനിയും അവിടെ തങ്ങാന്‍ തന്നെയാണ് മനസ്സ്‌ മന്ത്രിക്കുന്നത്.

രണ്ട്ടാമത്തെ സന്ദര്‍ശനത്തില്‍ തൈലത്തിന്‍റെയും കുഴമ്പിന്‍റെയും
കഷായത്തിന്‍റെയുമൊക്കെ ഗന്ധം വല്ലാത്ത മനംപുരട്ടലുണ്ടാക്കി. അധികനേരം
നില്‍ക്കാന്‍ കഴിഞ്ഞില്ല. വിങ്ങലും മടുപ്പും  അനുഭവപ്പെട്ടു.  തടിമാടന്‍മാരായ
നിമിഷങ്ങള്‍ പഴഞ്ചന്‍ ‍പാദരക്ഷയണിഞ്ഞ് വേച്ചു നടക്കുന്നതു പോലെ തോന്നി.
കാലം അതിന്‍റെ പരുക്ക് പതിപ്പിക്കാതെ ഒന്നിനെയും വിട്ടുകളയുന്നില്ല

ഇന്നവിടെ കര്‍പൂരവും കുന്തിരിക്കവും പുകയുന്നു. നാസാരന്ദ്രങ്ങളെ ഭരിക്കുന്ന
പുകപടലമാണ് ചുറ്റും!... തളംകെട്ടി നില്‍ക്കുന്ന മൂകതയില്‍ നിഴലുപോലെ
സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഞാന്‍ വിണ്ടുകീറിയ മുറ്റത്തിന്‍റെ ആളൊഴിഞ്ഞ
വടക്കേ മൂലയിലേക്ക് പതുക്കെ നടന്നു. അവിടെ, ആകാശത്തിലേക്ക് ചില്ലകള്‍
പടര്‍ത്തിയ മുത്തശ്ശിപ്ലാവില്‍ ചാരി നിന്ന് ഓര്‍മയുടെ പഴകിയ താളുകള്‍
മറിക്കാന്‍ അല്പം സമയമുണ്ട്. തെളിഞ്ഞ വാനിലെ നക്ഷത്രങ്ങളെനോക്കി
ചാരു കസേരയില്‍ അദ്ദേഹം വിശ്രമിച്ചിരുന്നത് ഇവിടെയായിരിക്കണം!

Wednesday, March 2, 2011

തിരിച്ചറിവ്ടത്തിണ്ണയിലെ പരുത്ത ചാക്കിന്‍ കഷ്ണത്തില്‍
കൂനിക്കൂടുമ്പോള്‍ ആ നിമിഷത്തെ അയാള്‍ വീണ്ടും
ശപിച്ചു. എത്ര അവിചാരിതമായാണ് തന്‍റെ
സ്നേഹക്കൂട്ടങ്ങളും ശാന്ത ജീവിതവും നഷ്ടമായത്.
സുഖലോലുപമല്ലെങ്കിലും ആ ജിവിതത്തിന് വല്ലാത്ത
ഒരു സൌന്ദര്യമുണ്ടായിരുന്നു. അര്‍ത്ഥവും വര്‍ണ്ണങ്ങളും
രുചിയുമുണ്ടായിരുന്നു. സ്നേഹം ചാലിച്ച ഹൃദയങ്ങള്‍
കാവല്‍ നിന്നിരുന്നു.  


ഇപ്പോള്‍ ഈ അന്യ സംസ്ഥാനത്ത്... കൊച്ചു പട്ടണത്തിലെ വരണ്ടുണങ്ങിയ
തെരുവോരത്ത്... കുഷ്ഠരോഗികള്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കുമിടയില്‍
ജഡകുത്തി, തിരിച്ചറിയാപ്പെടാത്ത ഒരാളായി... ഇങ്ങിനെയെത്ര നാള്‍?
ഒന്നുകില്‍ നിയമപാലകര്‍ കണ്ടെത്തും വരെ; അല്ലെങ്കില്‍ ജീവന്‍റെ
വേരറ്റുപോകുവോളം?!

പിടി ഇളകിയ ആ കo)ര അയല്‍പക്കത്തെ ശ്രീധരന്‍റെ ശരീരത്തില്‍ കുത്തിയിറക്കാന്‍
ഏതു കാട്ടുമൃഗമാണ്‌ തന്‍റെ മനസ്സില്‍ തുടി കൊട്ടിയത്?  അതും...അതും....
വേലിയുടെ അതിര്‍ത്തിയില്‍ ചാഞ്ഞു നിന്ന ഒരു തൈ പ്ലാവിന്‍റെ തര്‍ക്കത്തെ ചൊല്ലി!