Sunday, December 26, 2010

പുതുവര്‍ഷം









അടുത്ത മുന്നൂറ്റി അറുപത്തിയഞ്ചു
ദിനങ്ങള്‍ ഇനി ചുമരില്‍ കയറും
തണുത്ത  സ്മരണകള്‍ നുണഞ്ഞ്
രണ്ടായിരത്തി പത്തിന്‍റെ കലണ്ടര്‍
തട്ടിന്‍പുറത്തെ എട്ടുകാലികള്‍ക്കു കൂട്ടാകും
ഉയര്‍ച്ചയും തകര്‍ച്ചയും അയവിറക്കി
നിറങ്ങള്‍ പുരട്ടിയ ഗതകാലം
സീല്‍ക്കാരത്തോടെ മാധ്യമങ്ങളില്‍
പല്ലിളിച്ചു പ്രത്യക്ഷപ്പെടും

വരും കാലത്തേക്കുള്ള
കുരുക്കുകള്‍ തയ്യാറാക്കുന്നതിന്‍റെ
ആരവം കേള്‍ക്കാം
ഹൈ-ടെക് കുതികാല്‍ വെട്ടും
ഓണ്‍ലൈന്‍ തരികിടകളും
അപെക്സ് അള്‍ട്ടിമ പൂശി
മോഞ്ചു കൂട്ടുന്നതിന്‍റെ
നെട്ടോട്ടവും തിരക്കും കാണാം

ഇനി പുതുവര്‍ഷത്തിന്‍റെ ഊഴം.
പുത്തന്‍ ചരിത്രത്തിന്‍റെ
ലിപികള്‍ ഗര്‍ഭംധരിച്ചു കഴിഞ്ഞു
ഈ മഹാപ്രവാഹത്തിന്‍റെ
വിജയവും വിഹ്വലതകളും
അടയാളപ്പെടുത്തി വെക്കാനുള്ള
മഷിക്കൂട്ടുകള്‍ തയ്യാറായി
വിലക്കയറ്റത്തിന്‍റെ തോളില്‍ കയ്യിട്ട്
ഉട്ടോപ്യന്‍ ഉന്‍മാദങ്ങളുടെ
പുതിയ 'യോ..യോ' ചക്രവാളത്തിലേക്ക്
ജനം കുതിപ്പ് തുടങ്ങിക്കഴിഞ്ഞു...

ജീവിതത്തിന്‍റെ പരുക്കന്‍ ഭിത്തിയില്‍ നിന്ന്
ഒരു വര്‍ഷം അടര്‍ന്നുപോയതും
മൃത്യുവിന്‍റെ ചതുപ്പിലേക്ക്
ഒരു വര്‍ഷം ഓടിയടുത്തതുമറിയാതെ!


Saturday, December 18, 2010

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്







രാജാപുരത്തും ചീമേനിനാട്ടിലും
കാല്‍നൂറ്റാണ്ടു കാലത്തിലേറെയും
വായുവില്‍ പാറും ശകടം; ചറപറ
വാരിവിതറിയ ശകുനം മറക്കുമോ?

മുടിനരച്ചഴുകിയ കൌമാരം കണ്ടിടാം
വ്രണങ്ങള്‍ പേറും കുരുന്നു മക്കളെ തൊടാം
വ്രണിത ഹൃദയങ്ങള്‍ ചതഞ്ഞുറങ്ങുന്ന
കരിപുരണ്ട തെരുവൊക്കെയും ചുറ്റാം

ബദിയടുക്കയിലെ രോദനം കേള്‍ക്കുന്നില്ലേ
മുള്ളിയിലെ ക്ഷയിച്ച മക്കളെ കാണുന്നില്ലേ
കള്ളാറിലെ ക്കാഴ്ചകള്‍ നമ്മുടെ
കണ്ണുകള്‍ കുത്തിപ്പറിച്ചെറിയുന്നില്ലേ

ആയിരങ്ങള്‍ മണ്ണടിഞ്ഞമര്‍ന്നിട്ടും
ആര്‍ത്തനാദങ്ങള്‍ അലയടിച്ചുയര്‍ന്നിട്ടും
വൈകല്യം കോച്ചും 'അംഗങ്ങള്‍' പെരുത്തിട്ടും
വിലസുന്ന'തെന്തോ' സള്‍ഫാന്‍ മാപ്പിള!

മുലപ്പാലിന്‍ ഞരമ്പിലും നിറയും മഹാവിഷം
മണ്ണിലും ജലത്തിലും കറപാറ്റും കൊടുംവിഷം
ആര്‍ത്തി- പ്പരിഷകള്‍ വിളമ്പുന്ന  കൈവിഷം
ആരോഗ്യ ഹത്യയുടെ കൊടി നാട്ടും  നരവിഷം

സമിതിക്കും സമരക്കാര്‍ക്കും കോങ്കണ്ണിന്‍ 'സൂക്കേട്‌'
അന്വേഷിക്കൂട്ടങ്ങള്‍ക്ക് 'ഏമാന്‍റെ' കളിക്കൂട്ട്
ഇടതിനും വലതിനും ഇരിപ്പിടക്കസര്‍ത്താട്ട്
ഇരവിലെ മനുഷ്യര്‍ക്ക്‌ ഇടനെഞ്ചില്‍ മുറിപ്പാട്!




Sunday, December 5, 2010

മണ്ടിപ്പാച്ചില്‍












വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'
വീട്ടുകാര്യങ്ങള്‍ തൊട്ടു മിനുക്കാന്‍
കുടുംബങ്ങളില്‍ ഓടിയണയാന്‍
അയല്പക്ക ബന്ധം പുതുക്കാന്‍
സൌഹൃദത്തിന്റെ കണ്ണി വിളക്കി
കൂടുതല്‍ ബലപ്പെടുത്താന്‍
വിവാഹങ്ങള്‍ക്കും വിരുന്നിനും
അതിഥിയായ് ചേരാന്‍
ജനന മരണങ്ങളില്‍ നിശബ്ദമായ്;
നിഴലായ് നിലകൊള്ളാന്‍
നാടും നാട്ടുവഴിയും
നാടന്‍ വിഭവങ്ങളും ആസ്വദിക്കാന്‍
ചാറ്റല്‍ മഴയില്‍ തുടങ്ങി
പതുക്കെ ഭാവം മാറുന്ന
പേമാരിയുടെ 'കലക്കന്‍'
കുത്തൊഴുക്ക് കണ്ടാസ്വദിക്കാന്‍
ഗ്രാമ്യമായ നിഷ്കളങ്കത
മതിവരുവോളം ആവാഹിക്കാന്‍
മൊബൈല്‍ ഫോണ്‍ നിശ്ചയിച്ചു തരുന്ന
അജണ്ടകള്‍ ആടിത്തീര്‍ക്കാന്‍...
ഒരുമാസം തികയുന്നില്ല
വെക്കേഷന്‍ ഒരസ്സല്‍ 'മണ്ടിപ്പാച്ചില്‍'