Sunday, February 20, 2011

പെടാപാട്











വിയര്‍ത്തും പുഴുങ്ങിയും
ഞാനൊരു പന്ത്രണ്ടു വരി
കുത്തിക്കുറിച്ചു കൂട്ടി
കവിതയെന്നു പേരുവെച്ചു
ഭാര്യയെക്കാണിച്ചപ്പോള്‍
മിഴിപോലും തരാതെ
വളിഞൊന്നു ചിരിച്ചു
കിടിലന്‍ സര്‍ട്ടിഫിക്കേറ്റ്!
മകന്‍ വന്നൊന്നു കണ്ണോടിച്ചു
വേറെ പണിയില്ലേ?
എന്നര്‍ത്ഥം വെച്ചു
തറപ്പിച്ചു നോക്കി
നാലാള്‍ക്കു മെയില്‍ അയച്ചു
ഫേസ് ബുക്കിന്‍റെ ചുമരില്‍ തൂക്കി
ആര് തിരിഞ്ഞു നോക്കാന്‍
ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
കമന്‍റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില
ഫോണെടുത്തു പലര്‍ക്കും കറക്കി
അവരൊന്നും എന്നെ അറിയില്ല  
മാര്‍ക്കറ്റിങ്ങിന്‍റെ ഏടുകള്‍ പരതി
അവിടെ പിണഞ്ഞു കിടക്കുന്ന  
തിയറികള്‍ എന്നോട് കയര്‍ത്തു

പെടാപാടിന്‍റെ ഒടുക്കം...
രചനകളുടെ ഭാരമുള്ള  
പഴയ സഞ്ചി തോളില്‍ തൂക്കി
ജുബ്ബയണിഞ്ഞു തെക്കോട്ട്‌ നടന്നു
വടക്ക് നിന്ന് വരുന്നവര്‍
അടക്കം പറഞ്ഞു
വഴിവക്കിലുള്ളവര്‍
വാപൊളിച്ചു നോക്കി നിന്നു
പടിഞ്ഞാറോട്ടു പോകുന്നവര്‍
പതിയെ മന്ത്രിച്ചു
മഹാകവിയാ പോകുന്നേ...!!

Saturday, February 12, 2011

വിട

പകരം വെക്കാന്‍
മറ്റൊന്നില്ലാത്ത
ആ തൂലികയും
ചിന്തയും നിലച്ചു
ആശയങ്ങള്‍ മാത്രം
നിറച്ചു നല്‍കിയിരുന്ന
ആ പ്രഭാഷകന്‍
യാത്രയായി
നല്ല ഓര്‍മ്മകള്‍
ബാക്കിയായി
അകം വിങ്ങി
വിട നല്‍കുന്നു...
അനശ്വര ഗേഹത്തിലേക്ക്

നവോത്ഥാനത്തിന്‍റെ 
യുവ ചേതനയെ
ഒന്നര പതിറ്റാണ്ടിലേറെ 
നയിച്ച ശാന്തമായ
സ്നേഹക്കരുത്തേ...
അവസാനയാത്രയില്‍
സാക്ഷിയാകാന്‍
കഴിയാതെ പോയ
എന്‍റെ ദു:ഖവും
മനസ്സു നിറഞ്ഞ
പ്രാര്‍ഥനയും
ഞാനിവിടെ
ചാലിക്കുന്നു

കറയേല്‍ക്കാത്ത
വിശ്വാസികളുടെ
പ്രാര്‍തഥനയുണ്ട്
അവരുടെ മനസ്സില്‍
നേരിന്‍റെ ശബ്ദം
അലയടിക്കുന്നുണ്ട്
വിട്ടേച്ചു പോയ
സന്ദേശത്തിന്‍റെ
നനവാര്‍ന്ന
തുടിപ്പുണ്ട്

നാഥന്‍റെ വെളിച്ചം
ആളിക്കത്തിക്കാന്‍
യൌവ്വനം
സമര്‍പ്പിച്ചതില്‍
സന്തോഷിക്കുക;
സമാധാനിക്കുക
അവന്‍ കൈവിടില്ല
നമ്മള്‍ നിസ്സഹായരും
അവന്...‍എല്ലാം
തീരുമാനിക്കുന്നവനുമല്ലേ!

Tuesday, February 8, 2011

ഈ ഉടായിപ്പുകളോട് സഹതപിക്കുക













മ്മള്‍ പണം കൊടുത്തു വാങ്ങി വീടിന്‍റെ അകത്തളങ്ങളില്‍
സ്ഥാപിച്ചു നിര്‍ത്തിയിട്ടുള്ള ടെലിവിഷന്‍ വിളമ്പുന്ന ചൂടേറിയതും
ആറിയതും ചിലപ്പോഴൊക്കെ നാറിയതുമായ വിഭവങ്ങളോട്
തത്സമയം പ്രതികരിക്കാന്‍ അതിന്‍റെ മുന്‍പിലിരിക്കുന്ന
പ്രേക്ഷകന്  ഒരു വകുപ്പുമില്ല എന്നത് കൊണ്ടാണ് പല
അവതാരകര്‍ക്കും വീണ്ടും ഇളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാന്‍
സാധിക്കുന്നത്. അറ്റ കൈക്ക് വേണമെങ്കില്‍ ടി വി
തല്ലിപ്പൊട്ടിക്കുകയോ കൈവെള്ളയില്‍ അമര്‍ത്തിക്കടിക്കുകയോ
പല്ലിറുമ്മി അസ്വസ്ഥരാവുകയോ ചെയ്യാം എന്നല്ലാതെ മറ്റെന്തിനു
കഴിയും? ആനുകാലിക വിഷയങ്ങളുടെ അവലോകനം എന്ന
ഗണത്തില്‍ മലയാളത്തിലെ വിവിധ ചാനലുകള്‍ വൈവിധ്യ
രൂപേണ പലതും ഒരുക്കിയിട്ടുണ്ട്.

പക്ഷെ  ലോകത്തിന്‍റെ
അഷ്ടദിക്കുകളില്‍ നിന്ന്
ലക്ഷക്കണക്കിനാളുകള്‍
ഇതെല്ലാം
വീക്ഷിക്കുന്നുന്ടെന്നും
അവരെല്ലാം 'ച്വോറ്' തിന്നുന്ന
മനുഷ്യര്‍ തന്നെയാനെന്നുമുള്ള
യാതൊരു ബോധവുമില്ലാതെ

ചില അവതാരകര്‍ വലിയ ആവേശത്തോടെ  എഴുന്നള്ളി വരുന്നത്
കാണുമ്പോള്‍ ഒരു പത്തുകിലോ സഹതാപമെങ്കിലും തോന്നിപ്പോകും!
അങ്ങുമിങ്ങും നിന്നെടുത്ത വീഡിയോ ക്ലിപ്പുകള്‍  എഡിറ്റു ചെയ്ത്
അവതാരകന്‍റെ വകയായുള്ള വളിപ്പന്‍ ചോദ്യങ്ങള്‍ക്ക് അത്
മറുപടിയായി കാണിക്കലാണ് ഇവന്മാരുടെ പ്രധാന പ്രകടനം.
നേഴ്സറിയിലും എല്‍ പി സ്കൂളിലുമൊക്കെ പഠിക്കുന്ന കൊച്ചു
കിടാങ്ങളുടെ കരച്ചില്‍ മാറ്റാന്‍ ഇത്തരം 'വഹകള്‍' ചിലപ്പോള്‍
സഹായകമായേക്കും.അതല്ലാതെ പ്രേക്ഷകന്റെ നിലവാരത്തെയും
മനോനിലയെയും ഇത്രമേല്‍ താഴ്ത്തിക്കാണുന്ന ഈ വക
എടാകൂടങ്ങള്‍ മാന്യമായി പറഞ്ഞാല്‍ ഒരു തരം പിണ്ണാക്
പരിപാടിയാണ്. പത്രസമ്മേളനങ്ങളിലും പ്രഭാഷണ വേദികളിലും
അഭിമുഖങ്ങളിലും നടത്തിയ അഭിപ്രായ പ്രകടനങ്ങളെയും
പ്രസ്താവനകളേയും യാതൊരു പുലബന്ധവുമില്ലാത്ത രൂപത്തില്‍
ഏച്ചുകെട്ടി അവതരിപ്പിക്കുന്നത്‌ ഒരു നാലാംകിട തറ
പരിപാടിയായിട്ടെ തോന്നിയിട്ടുള്ളൂ.

പഴയ സിനിമാ
ഗാനങ്ങളുടെയും
കവിതകളുടെയും
ഈരടികള്‍
അസ്ഥാനത് ചേര്‍ത്ത്
ദൃശ്യത്തിനു
അവതാരകന്‍
ഉദ്ദ്യേശി ക്കുന്ന
ധ്വനി വരുത്തലാണ്
മറ്റൊരു വിക്രിയ.

ബഹുകേമം എന്നല്ലാതെ എന്നാ പറയാനാ. പൊതുരംഗത്തും
സാംസ്കാരിക സാഹിത്യ രംഗങ്ങളിലും ഒക്കെയുള്ള പലരുടെയും
സംസാരത്തോടു ചേര്‍ത്ത് മനുഷ്യന്‍റെയും മൃഗങ്ങളുടെയുമൊക്കെ
അപശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ഇത്തരം എഡിറ്റര്‍മാര്‍ മിടുക്ക്
കാണിക്കാറുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്‍റെ
പത്രസമ്മേളനവും ഒരു തെരുവ് പട്ടി കാറിക്കുരക്കുന്നതും ഒരുമിച്ചു
കാണിച്ചാണ് ഒരു ചാനല്‍ തങ്ങളുടെ ഉടായിപ്പിനു മോടികൂട്ടിയത്.








തട്ടിക്കൂട്ട് മിമിക്രി സംഘങ്ങള്‍  പോലും ഇവരുടെ നാലയലത്ത്‌ വരാന്‍ 
അറച്ചെന്നു  വരും. ആക്ഷേപ ഹാസ്യം എന്നതിന് പകരം ആഭാസ
ഹാസ്യം എന്നാവും ഇതിനെല്ലാം ചേരുക. ഈ ഗണത്തില്‍ ഉണ്ടായിരുന്ന
'കൊമ്പുള്ള സാക്ഷിക്കാരന്‍' ബോധോദയമുണ്ടായി പിന്മാറി
എന്ന് തോന്നുന്നു. ഏതായാലും   ഇത്തരം വിഭവങ്ങള്‍ കണ്ടു
'നിര്‍വൃതിയടയുവാന്‍' ലോകത്ത് മലയാളം പ്രേക്ഷകര്‍ക്ക്‌ മാത്രമാവും
'മഹാഭാഗ്യം' കിട്ടിക്കാണുക.!!

Update:
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് മിനിറ്റുകളോളം
കൂട്ടക്കൂക്കലിന്‍റെ പിന്നാമ്പുറ ശബ്ദം സന്നിവേശിപ്പിച്ച്‌
'കൊഴുപ്പേകിയ' അവതാരകാ... താങ്കളുടെ ചര്‍മ്മക്കരുത്തിനു
മുന്‍പില്‍ പലരും howzat തന്നെ കെട്ടാ!!