Thursday, April 3, 2014

'മോടി' കൂടുമോ?


മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദവും  അഹിംസയും തന്റെ ജീവിത ദര്‍ശനമായി അവതരിപ്പിച്ച മഹാത്മജിയുടെ  നാടാണ് ഗുജറാത്ത്. പക്ഷെ ഇന്ന് ഗുജറാത്ത് ലോകത്ത് അറിയപ്പെടുന്നത് അഹിംസയുടെ ആള്‍രൂപമായ ഗാന്ധിയുടെ വിലാസത്തിലല്ല. മറിച്ച് നരമേധത്തിന്റെ തുരുത്തായാണ്. ആസന്നമായ തെരഞ്ഞെടുപ്പില്‍  അതേ നാട്ടില്‍ നിന്ന് ഇന്ത്യക്കൊരു പ്രധാന മന്ത്രി സ്ഥാനാര്‍ഥി വന്നപ്പോള്‍ മനസ്സില്‍ നേരും നന്മയും സൂക്ഷിക്കുന്ന ബഹുജനം ആ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാത്തതും  വെറും രാഷ്ട്രീയ വര്‍ഗ്ഗ വിരോധം കൊണ്ടല്ല. നിയുകതന്‍ ഗാന്ധി പിറന്ന മണ്ണില്‍  അഹിംസക്കും മതേതരത്വത്തിനും ശ്മശാനം പണിതു എന്നതാണ് അതിനു പിന്നിലെ വികാരം.
വംശഹത്യക്കു നേതൃത്വം നല്കിയവര്‍ വികസനത്തിന്റെ കുമിളകള്‍ കാണിച്ച്  ബാക്കിയുള്ള മുഴുവന്‍ പോരായ്മകളും മറച്ചുവെക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വര്‍ത്തമാനമാണ് പുതിയ സംഭവങ്ങള്‍ നമ്മോടു പറയുന്നത്.  വികസനമെന്നു കേള്‍ക്കുമ്പോള്‍ പൊതുവെ ജനം എല്ലാം മറക്കും. അതോടെ വംശഹത്യയൊന്നും ഒരു വിഷയമല്ലാതാകും. എന്ത് ഹത്യ നടന്നാലും തങ്ങളുടെ മൂലധനം സുരക്ഷിതമാകണമെന്ന ചിന്തയായിരിക്കും പിന്നെയുണ്ടാവുക. ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആളുകള്‍ പോലും ഇടക്കാലത്ത് ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയ സാഹചര്യവും മറ്റൊന്നല്ല.  പണമാണ് ഇതിനു പിന്നിലെ വികാരം; മനുഷ്യനല്ല. വംശഹത്യകള്‍ നിസ്സാരമാവുകയും മൂലധന സംരക്ഷണം പ്രധാനമാകുകയും ചെയ്യുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഗുജ്‌റാത്ത് ഉയര്‍ത്തിയതും ഇപ്പോള്‍ മോദി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതും. അതിനു പിന്നില്‍  വന്‍ കോര്‍പറേറ്റുകള്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കുന്നു!
സര്‍ക്കാര്‍ സംവിധാനങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും വിദഗ്ധമായി ദുരുപയോഗം ചെയ്ത് ഭരണകൂടത്തിന്റെ തന്നെ കാര്‍മികത്വത്തില്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ നിന്ന് നരേന്ദ്ര മോദിക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ആ ദുര്‍ഭൂതം തലയ്ക്കു മുകളില്‍ ഒരു മഹാ ശല്യമായി പാറിക്കളിക്കുന്നത് കൊണ്ടാണ് പുതിയ പ്രചാരണ പരീക്ഷണങ്ങളില്‍ മോദിയും അനുയായികളും അഭയം തേടാന്‍ ശ്രമിക്കുന്നത്.  ഹമ്മേഷ് മോദി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ അമര്‍ ചിത്രകഥകള്‍ ഈ ഗണത്തില്‍ പെടുന്നു. കുട്ടിക്കാലത്തു തന്നെ അസാധാരണ കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും സാഹസിക പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്ന ‘ബാല നരേന്ദ്ര’ യാണ് നാല്പത്തിയഞ്ച് പേജുള്ള പുസ്തകത്തിലെ  താരം. സൂറത്തിലെ താപി നദി കവിഞ്ഞൊഴുകിയപ്പോള്‍ അടുത്ത കാര്‍ണിവലില്‍ ചായക്കട നടത്തി പാവങ്ങളെ സഹായിച്ചത്, നിറയെ മുതലകളുള്ള കുളത്തിലേക്കു ചാടി അതില്‍ വീണ കളിപ്പന്ത് കൂട്ടുകാര്‍ക്ക് തിരിച്ചു നല്കിയത്, പൊളിഞ്ഞു വീണ സ്‌കൂള്‍ മതില്‍ നേരെയാക്കാനുള്ള പണം കണ്ടെത്താന്‍ നാടകം കളിച്ചത്, റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്‍ നടത്തിയിരുന്ന  ചായക്കടയില്‍ സേവനങ്ങള്‍ ചെയ്തത്… ഇങ്ങിനെ പോകുന്നു പുതു തലമുറക്കുള്ള ബാല നരേന്ദ്ര പാഠങ്ങള്‍!. താടിയും തൊപ്പിയുമൊക്കെ ധരിച്ച മുസ്‌ലിംകളുമായി  ചേര്‍ന്നു നിന്നു കൊണ്ടുള്ള പ്രത്യേക ചിത്രങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ ഗതകാലത്തെ പാപക്കറകള്‍ മായ്ച്ചു കളഞ്ഞ് അധികാര പീഠത്തിലേറാന്‍ ഇത്തരം കൊച്ചു വേലകള്‍ മതിയാവുമോ എന്നത് ഒരു സാമാന്യ ചോദ്യമാണ്.
ഗുജറാത്ത് ഒരു സുപ്രഭാതത്തില്‍ കലാപത്തിലേക്ക് വഴുതി വീണതായിരുന്നില്ല മറിച്ച്, നിരന്തരവും ബോധപൂര്‍വവുമായി നടന്ന വിദ്വേഷ കുത്തിവെപ്പ് കലാപമായി കത്തിപ്പടരുകയായിരുന്നു. ഗോദ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമായി അതിനെ വായിക്കാന്‍ കഴിയില്ല. പച്ച മനുഷ്യര്‍ക്കു മേല്‍ പൈശാചിക ക്രൂരതകള്‍ പ്രയോഗിക്കാന്‍ കഴിയുന്ന സമൂഹ മനസ്സ് പാകപ്പെടുത്തുകയായിരുന്നു അവിടെ. അക്രമികള്‍ക്ക് ഭരണകൂടത്തിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.  ഈ വിഷയത്തില്‍ മലയാളിയായ ഗുജറാത്ത് മുന്‍ അഡിഷണല്‍ ഇന്റലിജന്‍സ് ഡി ജി പി  ആര്‍ ബി ശ്രീകുമാര്‍ നടത്തിയ  വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.  കലാപത്തിന്റെ ഉത്തരവാദികളെയും കുറ്റവാളികളെയും നിയമത്തിനു മുന്‍പാകെ ഒരുപരിധി വരെ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കൂട്ടക്കൊലകളില്‍ ഉറ്റവരും സ്വത്തും നഷ്ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോഴും കേഴുകയാണ്.

ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് ദലിത് സ്ത്രീകളെ വേട്ടയാടി കൊന്നൊടുക്കുന്ന ഭീകരസംഭവങ്ങളും ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളില്‍  നടമാടിയിരുന്നു.  കളവ് കേസില്‍ നിരപരാധിത്വം തെളിയിപ്പിക്കാന്‍ വൃദ്ധയായ അമ്മയെയും മകളെയും തിളക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കി പൊള്ളിച്ച  സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പട്ടിണിയും   അക്രമവും മുസ്‌ലിം ന്യൂനപക്ഷ പീഡനവും അധികാര ദുര്‍വിനിയോഗവും  റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ  ഗുജറാത്തിനെയും മോദിയെയും എത്ര തന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ആ കറുപ്പ് തെളിഞ്ഞു നില്ക്കുക തന്നെ ചെയ്യും.
വികസനത്തിന്റെ ഇല്ലാക്കഥകളുടെ വേലിയേറ്റത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പതിവാണ്. മൊത്തം അഭ്യന്തര ഉത്പാദനത്തിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് വികസനം വെള്ള പൂശി അവതരിപ്പിക്കുന്നത്. പക്ഷെ  അടിസ്ഥാന പ്രശ്‌നങ്ങള്‍ അതി രൂക്ഷം തന്നെയാണെന്ന്  ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റി അംഗം അതുല്‍ സൂദ് വെളിപ്പെടുത്തിയിരുന്നു. മൊത്തം  ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ ദൃശ്യമല്ല. സാമൂഹിക സുരക്ഷ, ഭക്ഷ്യ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, നീതി, നിയമ പരിരക്ഷ, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.  ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ശിശു വിവാഹങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന് നാലാം സ്ഥാനമാണ്. യു എന്‍ ഡി പി യുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം കുട്ടികളെ വിദ്യാലയങ്ങളില്‍ നില നിര്‍ത്തുന്ന ശ്രമത്തില്‍ ഗുജറാത്തിന് പതിമൂന്നാം സ്ഥാനം മാത്രമാണുള്ളത്. പാതി വഴിയില്‍ പഠനം നിര്‍ത്തുന്നത് 59 ശതമാനം കുട്ടികളാണ്.  ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. 16 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശുദ്ധീകരിച്ച ജലം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 65 ശതമാനം വീടുകളിലുള്ളവര്‍ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിപ്പോരുന്നു. ഇതു മൂലം അവിടങ്ങളിലെ  പൊതു ജലാശയങ്ങള്‍ വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്.   48 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. ആദിവാസി മേഖലയിലും പട്ടികജാതി  പട്ടികവര്‍ഗ്ഗങ്ങളിലും 57 ശതമാനത്തിലേറെയും പട്ടിണിക്കാരാണ്. ദേശീയ കുടുംബ ഗാര്‍ഹിക സര്‍വേ  പ്രകാരം സംസ്ഥാനത്ത് മൂന്ന് വയസ്സിന് താഴെയുള്ള ശിശുക്കളില്‍ 47 ശതമാനം പേര്‍ ആവശ്യമായ ശരീര ഭാരമില്ലാത്തവരാണ്.  സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ  ശരാശരിയുടെ ഇരട്ടിയാണിത്.
ഇതിനിടെ ഗുജറാത്തിലെ വികസനവും മോദിയും ഫേസ് ബുക്കില്‍ വൈറലായി മാറുകയുണ്ടായി.  മോദി അനുകൂലികള്‍  ഗുജറാത്തിലെ വികസനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രൊമൊട്ട് ചെയ്യാനും വോട്ടു ചോദിക്കാനും തുടങ്ങിയതോടെയാണ് എതിര്‍പക്ഷത്തുള്ളവര്‍ ‘യഥാര്‍ത്ഥ വികസനം’ എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്ന ചിത്രങ്ങളുമായി രംഗത്തു വന്നത്. ഗുജറാത്തിലെ വികസന കാഴ്ചകള്‍ എന്ന പേരില്‍ പര്‍വതീകരിച്ച ചിത്രങ്ങള്‍ പുറത്തിറക്കി  അതേ നാണയത്തിലുള്ള മറുപടികളും അരങ്ങു തകര്‍ക്കുന്നുണ്ട്.
2013 ജൂലായ് 12ന് റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ 2002ല്‍ ചെയ്തത് ശരിയായിരുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മോദിയുടെ  മറുപടി. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രൂരതകള്‍ക്കൊന്നിന് നേതൃത്വം കൊടുത്തിട്ട്, രാജ്യത്തും പുറത്തുമുള്ള നേരായി ചിന്തിക്കുന്നവര്‍ ആ പ്രവൃത്തിയെയും അത് ചെയ്ത ആളെയും അപലപിച്ചിട്ട്, അത് തികച്ചും ശരിയാണ് എന്നു പറയുക മാത്രമല്ല, അതിന്റെ പേരില്‍ രാജ്യത്തിന്റെ അധികാര കസേര ഉറപ്പാക്കാന്‍കൂടി ശ്രമിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്.  2002ലെ ഗുജറാത്ത് കലാപത്തില്‍ ദുഃഖമുണ്ടെങ്കിലും തനിക്ക് കുറ്റബോധമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്ന് മോദിയുടെ ജീവചരിത്രമെഴുതിയ ബ്രിട്ടീഷ് എഴുത്തുകാരന്‍ ആന്റി മറീനോവ്  വെളിപ്പെടുത്തിയിരുന്നു.  ഗുജറാത്ത് കലാപം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയും  നേരത്തെ മോദി  ഇപ്രകാരം തന്നെയാണ്  പ്രതികരിച്ചിരുന്നത്.  പക്ഷെ കരണ്‍ താപ്പറുമായുള്ള തന്റെ അഭിമുഖത്തില്‍ താന്‍ ചെയ്ത പാതകത്തിന്റെ ദാഹം കാരണം വെള്ളം കുടിക്കുന്ന യതാര്‍ത്ഥ മോദിയെ ലോകം കാണുകയുണ്ടായി. ആ ആഭിമുഖത്തിലെ ചോദ്യ ശരങ്ങള്‍ക്കു പ്രതികരിക്കാന്‍ കഴിയാതെ അന്ന് മോദി ശിരസ്സു കുനിച്ച് അല്പം വിയര്‍പ്പോടെ ഐ ബി എന്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ശ്മശാനമൂകതയാണ് ഗുജറാത്തിന്റെ ആത്മഭാവം. ഒരു വിഭാഗം വ്യാപാരികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും മോദി ഭരണം കൊണ്ട് നേട്ടമുണ്ടായിക്കാണും. പക്ഷെ, സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ആ  ഭരണം ഒരു ശാപമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തശേഷം വര്‍ഗ്ഗീയ  ശക്തികള്‍ നേടിയ ആത്മവിശ്വാസം  വികാസം പ്രാപിച്ച് രാജ്യത്തെ പൊതു  സൗഹാര്‍ദ്ദത്തെ  തകര്‍ക്കാന്‍  തയാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണു ഇപ്പോഴത്തെ  മോദി സ്ഥാനാര്‍ഥിത്വം. ഇന്ത്യയിലെ മതേതര പുരോഗമന, ജനാധിപത്യ ശക്തികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും വലിയ  വിപല്‍ സൂചനയാണ് ഇത് നല്കുന്നത്. അതുകൊണ്ട് തന്നെയാണ്  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദിയുടെ കാല്‌വെപ്പുകളെ  എതിര്‍ക്കുന്നതും ഭീതിയോടെ നോക്കികാണുന്നതും!.
Published @ Varthamanam Daily- 27.03.14 http://varthamanam.com/?p=48169