Wednesday, October 17, 2012

ഉപദേശി

ജനം തടിച്ചു കൂടിയിട്ടുണ്ട്. ശിരസ്സ്‌ വേണ്ടതിലധികം ഉയര്‍ത്തിയാണ് പ്രഭാഷകന്റെ ഇരിപ്പ്. വേദികളില്‍ അദ്ദേഹമൊരു വീര ശൂര പരാക്രമിയാണെന്ന് സ്വാഗത ഭാഷണത്തിലെ വിശദീകരണത്തില്‍ നിന്നു തന്നെ വേണ്ടത്ര മനസ്സിലാകുന്നുണ്ട്. എത്ര ആദരണീയന്‍...ബഹുമാന്യന്‍...എന്തൊരു ജന പിന്തുണ..!

മഹത്തുക്കളുടെ വഴിയെ കുറിച്ചാണ് പറയുന്നത്. സ്നേഹം, അലിവ്, ദയ, കാരുണ്യം, സഹനം, സത്യസന്ധത, അക്രമിച്ചവര്‍ക്ക് പോലും മാപ്പു നല്‍കിയ തുടുത്ത അദ്ധ്യായങ്ങള്‍, മാന്യതയുടെ മാനം മുട്ടുന്ന ഏടുകള്‍, സ്ഫുടം ചെയ്ത അകവും പുറവും അനാവൃതമാകുന്ന ശകലങ്ങള്‍...

പതുക്കെ സംസാരത്തിന്റെ ഗതി മാറി...

വ്യക്തി ഹത്യ, പരദൂഷണം, അതിര്‍ രേഖകള്‍ തുളക്കുന്ന വിമര്‍ശന ശരങ്ങള്‍, പുലഭ്യം...!!! അണികളുടെ ഉള്ളം നിറഞ്ഞു. വേദിയിലുള്ളവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അവസാനം സകല പാപങ്ങല്‍ക്കുമുള്ള പരിഹാര പ്രാര്‍ത്ഥനയില്‍ ജനം മനസ്സുരുകി വിലയം പ്രാപിച്ചു.

വിജയ ഭാവത്തില്‍ വേദിയില്‍ നിന്നിറങ്ങിയ പ്രഭാഷകനെ അവര്‍ ആലിംഗനം ചെയ്തു... ചിലര്‍ ഉമ്മ വെച്ചു... മറ്റു ചിലര്‍ തൊട്ടു നോക്കി, വേറെ ചിലര്‍  ഒട്ടി നിന്ന്‌ നിര്‍വൃതിയടഞ്ഞു!.

അവരുടെ മനസ്സിലെ തായമ്പകയുടെ മുറുക്കത്തില്‍ പല്ലുകള്‍ നൃത്തം ചെയ്തു. പ്രഭാഷകന്‍ ശീതീകരിച്ച വാഹനത്തില്‍ കയറി പിറകോട്ടു ചാഞ്ഞിരുന്നു. കാലവര്‍ഷം കുഴികള്‍ തീര്‍ത്ത റോഡിലൂടെ ചാടിയും കുലുങ്ങിയും  അടുത്ത വേദിയിലേക്ക് നീങ്ങി.