Monday, October 6, 2014

ഉള്ളുണര്‍ന്ന ഉമ്മുല്‍ഖുറാ

03.10.14 ന് സൗദിയിലെ 'മലയാളം ന്യൂസി'ൽ പ്രസിദ്ധീകരിച്ചത് 

ഹജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ "ഗ്രാമങ്ങളുടെ മാതാവ്' (ഉമ്മുല്‍ ഖുറാ) എന്നും മക്കയിലെ കഅ്ബാലയത്തെ "ചിരപുരാതന ഗേഹം' (അല്‍ബൈത്തുല്‍ അതീഖ്) എന്നുമാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഹജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഇസ്‌ലാമില്‍ ആരാധനാ കര്‍മങ്ങള്‍ രണ്ടു തരമുണ്ട്. ശാരീരികമായ അധ്വാനം മുന്നിട്ടു നില്‍ക്കുന്നവയും സാമ്പത്തിക വിനിയോഗം മുഴച്ചുനില്‍ക്കുന്നവയും. ഹജില്‍ ഈ രണ്ട് വശങ്ങളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതായി കാണാം. ത്വവാഫ്, സഅ്‌യ്, കല്ലേറ്, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ ശാരീരികാധ്വാനം കൂടുതല്‍ പ്രകടമാക്കുന്ന ചടങ്ങുകളാണ്. ഹജ് യാത്രക്ക് വേണ്ട സാമ്പത്തിക ചെലവുകള്‍, ബലി, ദാനധര്‍മങ്ങള്‍ എന്നിവയില്‍ സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ പ്രകടമാകുന്നു. ഹജിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതും അതു കൊണ്ടാവാം. മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളോ ദുര്‍വൃത്തികളോ ഇല്ലാതെ പൂര്‍ണമായ ഹജ് നിര്‍വഹിക്കുന്നവര്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലെ നൈര്‍മല്യം പ്രാപിക്കുന്നുവെന്ന് പ്രവാചക തിരുമേനി (സ) പഠിപ്പിച്ചു. സ്രഷ്ടാവും സൃഷ്ടിയുമായുള്ള ആത്മബന്ധത്തിന് ഊഷ്മളത നല്‍കുന്നതാണ് ഹജിന്റെ ഓരോ കര്‍മങ്ങളും. ശാരീരികവും മാനസികവും സാമ്പത്തികവുമായി സ്രഷ്ടാവിനോടുള്ള പ്രതിബദ്ധത പ്രകടമാകുന്ന വ്യത്യസ്തമായ ആരാധന.

ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതവും ഇസ്മാഈല്‍ നബിയുടെ ചരിത്രവും ഹജില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. അടിമയായ ഹാജറിന്റെ നൊമ്പരങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും ഓര്‍ക്കാതെ ഒരാള്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കഴിയില്ല. കറുത്തവളും ആഫ്രിക്കന്‍ അടിമയും ദരിദ്രയും പിന്നെ സ്ത്രീയും. അവഗണിക്കപ്പെടാനുള്ള 'യോഗ്യത'യുടെ അടയാളങ്ങളായി സമൂഹം പരിഗണിക്കുന്ന എല്ലാം ഒത്തിണങ്ങിയ ഹാജറിന്റെ ജീവിതം ഹജിന്റെ ഏറ്റവും വലിയ ചരിത്ര പശ്ചാത്തലമാണ്. ഹാജർ നിന്ന ഇടങ്ങളിൽ എല്ലാ ഹാജിമാരും നിൽക്കുന്നു, ഓടിയ ഇടത്ത് ഓടുന്നു. അനശ്വരമായ ആദരം. ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ച് ജീവിതം ചരിത്രമാക്കി മാറ്റിയ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഓര്‍മകള്‍ ഒരിക്കലും ഇവിടെ വിസ്മൃതമാവുന്നില്ല.

നേരിന്റെ പാതയിലുള്ള സഞ്ചാരത്തില്‍ ഇബ്രാഹിം പ്രവാചകന്‍ അഗ്നികുണ്ഠത്തിലേക്ക് വരെ എറിയപ്പെട്ടു. സ്രഷ്ടാവിന്റെ നിര്‍ദേശമുണ്ടായപ്പോള്‍ സ്വന്തം മകനെ ബലികൊടുക്കാന്‍ തയ്യാറായി. നാടും വീടും പരിത്യജിച്ചു. സത്യത്തിന്റെ പ്രചാരണത്തിനായി ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത്, മക്ക എന്നീ പ്രദേശങ്ങള്‍ താണ്ടി. "അല്ലാഹുവിന്റെ ആത്മമിത്രം' (ഖലീലുല്ലാഹി) എന്ന പേരിനര്‍ഹനായി. കഅ്ബയും ഹജറുല്‍ അസ്‌വദും മഖാമു ഇബ്രാഹിമും ജംറകളുമെല്ലാം ആ ത്യാഗജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്നു. ഹിജ്‌റു ഇസ്മായിലും സഫയും മര്‍വയും സംസം കിണറുമെല്ലാം ഇസ്മായിലിന്റെയും ഹാജറ ബീവിയുടെയും ത്യാഗപൂര്‍ണമായ ജീവിതം അനുസ്മരിപ്പിക്കുന്നു. ആദര്‍ശശാലിയായ ഒരു നീഗ്രോ അടിമസ്ത്രീയെ ചരിത്രത്തിന്റെ ഉത്തുംഗതയിലേക്കുയര്‍ത്തിയ അധ്യായം കൂടിയാണ് ഹജില്‍ അനുസ്മരിക്കപ്പെടുന്നത്.


ഇസ്‌ലാമിലെ എല്ലാ ആരാധനകളും ഏത് സ്ഥലത്തും നിര്‍വഹിക്കാന്‍ അനുയോജ്യമാണെങ്കിലും വിശുദ്ധ ഹജ് കര്‍മം അതില്‍നിന്നും തികച്ചും വേറിട്ട അനുഭവമാണ്. ഏകദൈവാരാധനക്കായി ഭൂമിയില്‍ പണികഴിച്ച പ്രഥമ ഗേഹമായ വിശുദ്ധ കഅ്ബ മനുഷ്യചരിത്രത്തെ പരസ്പരം കണ്ണിചേര്‍ക്കുകയും പ്രവാചകന്മാരുടെ ജനതതിയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ മുഴുവന്‍ ഹാജിമാരും ഒരേസമയത്ത് സമ്മേളിക്കുന്നത് അന്ത്യവിധി നാളിലെ മനുഷ്യ സാഗരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

മനസ്സിലെ പാപക്കറകള്‍ കണ്ണീര് കൊണ്ട് കഴുകാന്‍ കൈകളുയര്‍ത്തി ഹാജിമാര്‍ കേഴുന്നത് മുഖ്യമായും അറഫാ സംഗമത്തിലാണ്. ഹജിന്റെ ഏറ്റവും പ്രധാന കര്‍മം കൂടിയാണ് അറഫ. രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും അതിരടയാളങ്ങളും ഭാഷാ വര്‍ണങ്ങളുടെ വൈവിധ്യങ്ങളും രൂപഭാവങ്ങളുടെ വ്യത്യാസങ്ങളും പരിഗണിക്കാതെ, ഒരേ സമയത്ത് ഒരേ സ്ഥലത്ത് ഒന്നിച്ചൊരുമിച്ചുകൂടി ഒരേ മനസ്സോടെ സര്‍വലോകരുടെയും രക്ഷകനായ തമ്പുരാനോട് സര്‍വലോകര്‍ക്കും വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഇതുപോലെ മറ്റെവിടെയാണ് കാണുക?

അറഫ എന്ന നാമകരണം ഈ സ്ഥലത്തിന് കിട്ടാന്‍ പല കാരണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം നബി(അ)ക്ക് ജിബ്‌രീല്‍(അ) ഹജ് നിര്‍വഹിച്ചു കാണിച്ചുകൊടുത്ത ശേഷം അവിടെവെച്ച് അറഫ്ത (മനസ്സിലാക്കിയോ?) എന്ന് ചോദിച്ചറിഞ്ഞതിനാലാണെന്നും ആദമും ഹവ്വയും അവിടെവെച്ച് പരസ്പരം കണ്ടുമുട്ടി തിരിച്ചറിഞ്ഞതിനാലാണെന്നും മറ്റും അഭിപ്രായങ്ങള്‍ ഉണ്ട്. പ്രവാചകന്റെ ജീവചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു അറഫയിലേത്. കുന്നും കുഴിയും മലകളും നിറഞ്ഞു നില്‍ക്കുന്ന ശാന്തഗംഭീരമായ ഒരന്തരീക്ഷത്തില്‍ ഒരു ലക്ഷത്തില്‍പരം അനുയായികളെ സാക്ഷി നിര്‍ത്തി മനുഷ്യാവകാശങ്ങളുടെ മഹത്വം പ്രഖ്യാപിച്ച പ്രഭാഷണം. അപരന്റെ ധനവും രക്തവും അഭിമാനവും ഏറെ പവിത്രമാണെന്ന കനപ്പെട്ട സന്ദേശം കൈമാറിയാണ് പ്രവാചക തിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ത്വവാഫും സഅ്‌യും മിനായിലെ താമസവും, അറഫയും മുസ്ദലിഫയുമെല്ലാം പരസ്പര സഹകരണത്തിന്റെ പാഠങ്ങളാണ് നല്‍കുന്നത്. അറഫയില്‍നിന്ന് മടങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയിലെ ഒഴിഞ്ഞ മൈതാനിയില്‍ ചെറുതായെന്തെങ്കിലും വിരിച്ച് അന്തിയുറങ്ങും. ആകാശത്ത് നക്ഷത്രങ്ങളും താഴെ മുസ്ദലിഫാ മൈതാനിയുടെ പരന്നു കിടക്കുന്ന പ്രതലവും മനസ്സില്‍ ഹജിന്റെ മന്ത്രങ്ങളും മാത്രം. താന്‍ എത്ര നിസ്സാരനെന്ന് ഓരോ ഹാജിക്കും ബോധ്യപ്പെടുന്ന കിടത്തം. അഹങ്കാരത്തിന്റെ എല്ലാ ചിഹ്നവും ഹജ് വേളയില്‍ തകര്‍ന്ന് വീഴുകയാണ്.

നിര്‍മലമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ഐക്യബോധത്തിന്റെയും ഉയര്‍ന്ന തലമാണ് ഹജിന്റെ കര്‍മങ്ങള്‍ അനുഭവിപ്പിക്കുന്നത്. ഭാഷയും വര്‍ണവും കുലവും നോക്കി മനുഷ്യരെ വിഭജിക്കുന്ന കാടന്‍ സമ്പ്രദായം നില നില്‍ക്കുന്ന ആധുനിക ലോകത്ത് മാനവിക ഐക്യത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ കര്‍മം കൂടിയാണിത്. പ്രത്യേകമായ ആരാധനാ മൂർത്തിയെ തേടിയുള്ള യാത്രയല്ല ഹജ്ജ്. പൂജിക്കപ്പെടാന്‍ പ്രത്യേക രൂപമോ സവിശേഷ  നൈവേദ്യമോ പൂജ നടത്താൻ  പരികർമ്മികളോ  ഇല്ല.  മുഴുവന്‍ ആരാധനകളും പ്രണാമങ്ങളും പ്രകീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ലോക സ്രഷ്ടാവിന് മാത്രം. അഥവാ, ഏകദൈവ വിശ്വാസത്തിന്റെ കരുത്തുറ്റ പ്രഖ്യാപനമാണ് ഹജില്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെടുന്നത്.

നിരന്തര ദൈവസ്മരണ, പശ്ചാത്താപം, ഭാവിയില്‍ മാതൃകാപരമായ ജീവിതം നയിക്കാനുള്ള ദൃഢനിശ്ചയം മുതലായവയിലൂടെ ഹാജിമാര്‍ ആത്മവിശുദ്ധിയുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. ഓരോ ഹാജിയും പുതിയ മനുഷ്യനായി മാറുന്നു. മരണത്തിലേക്കുള്ള യാത്രയല്ല, പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഹജ്. എന്നും ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന അനേകം സ്മരണകള്‍ സമ്മാനിച്ച ഹജിന്റെ അനുഭവങ്ങള്‍ നെഞ്ചേറ്റി, നിറഞ്ഞ മനസ്സോടെയും ആത്മസംതൃപ്തിയോടെയുമായിരിക്കും ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങുക. അവസാനം വിടവാങ്ങലിന്റെ ത്വവാഫ് നിര്‍വഹിച്ച് തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോള്‍, വീണ്ടും ഈ പുണ്യഭൂമിയിലെത്താന്‍ മനസ്സാഗ്രഹിക്കും. നിറകണ്ണുകളോടെ ഹാജിമാര്‍ അല്‍അമീന്റെ നാടുവിടും.

Thursday, September 4, 2014

ഓർക്കാൻ ഒരാൾ...

നമസ്കാരത്തിന് കൃത്യമായി പള്ളിയിലുണ്ടാകും അക്തർ ബായി. എഴുപതിനടുത്ത പ്രായം. സ്ഥിരമായി ധരിക്കാറുള്ള ജുബ്ബയുടെ ഇടതു കീശ പിന്നിക്കീറിയിട്ടുണ്ട്; അയാളുടെ ജീവിതം പോലെ തന്നെ!. സ്വർണ്ണ നിറത്തിലുള്ള നൂലുകൾ പിടിപ്പിച്ച ഒരു പഴയ തൊപ്പിയുണ്ട് ഭായിക്ക്. അയാളുടെ ആകെയുള്ള അലങ്കാരം. നമസ്കാര ശേഷം ദീർഘനേരം കൈകളുയർത്തി പ്രാർഥിക്കുന്നത് കാണാം. കണ്ണുകൾ പാതി ചിമ്മി മനസ്സുരുകിയ പ്രാർത്ഥന. അതൊരു ശീലമാണ് ഭായിക്ക്. കാണുമ്പോൾ ചെറുതായൊരു ചിരി. അത്രയേ ഞങ്ങൾ തമ്മിലറിയൂ. ഒരു കമ്പനിയുടെ തൊഴിലാളികളെ സൈറ്റിൽ എത്തിക്കലും തിരിച്ചു കൊണ്ടു വരലുമാണ് ഇപ്പോഴത്തെ ജോലി. അര നൂറ്റാണ്ടു കാലമായി വളയം പിടിക്കുന്നുണ്ട് ആ കൈകൾ. ഇവിടെ തന്നെ രണ്ടര പതിറ്റാണ്ടു കഴിഞ്ഞു. ഒരു വൈകുന്നേരം അടുത്തു കിട്ടയപ്പോഴാണ് ആ മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞത്.

പാകിസ്ഥാനിലെ ജാഫറാബാദ് ജില്ലയിൽ ഒരു ഉൾഗ്രാമത്തിലാണ് വീട്. ഭാര്യ നേരത്തെ മരിച്ചു. കടുത്ത പനിയായിരുന്നു തുടക്കം. ഏക മകൾ സാമിറയുടെ വിവാഹം കൂടി കഴിഞ്ഞതോടെ അക്തർ ബായി ശരിക്കും ഒറ്റപ്പെട്ടു. ശ്രദ്ദിക്കാനും സ്നേഹിക്കാനും ബന്ധുക്കൾ നന്നേ കുറവും. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു മൂന്നു വർഷം സാമിറ പിതാവിനെ ഇടക്കിടെ വന്നു കാണുമായിരുന്നു. അദ്ദേഹം തിരിച്ചും. മരുമകൻ മുഹമ്മദ്‌ മഖ്സൂദ് ജോലി തേടി അൽപം ദൂരേക്ക്‌ താമസം മാറിയതോടെ ആ ബന്ധത്തിലും ക്ളാവു പിടിക്കാൻ തുടങ്ങി. ക്രമേണ അവരുടെ വരവു നിലച്ചു. മരവിച്ച മനസ്സുമായി കഴിയുന്ന അക്കാലത്താണ് സൗദിയിലേക്ക് വിസ തരപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഉള്ളതു വിറ്റു. വിസക്കും യാത്രക്കുമുള്ളത് കഴിച്ച് ബാക്കി മകൾക്ക് നല്കി. വളരെ ചെറിയ ശമ്പളത്തിന് ഡ്രൈവറുടെ ജോലിക്കായി വിമാനം കയറി. ജോലിക്കപ്പുറം, വിശുദ്ധ മക്കയും പ്രവാചക നഗരവുമൊക്കെ ആ മനസ്സിന്റെ ആഗ്രഹങ്ങളായിരുന്നിരിക്കണം.

തബൂക്കിലായിരുന്നു സ്പോണ്സർ. രണ്ടു വർഷം കഴിഞ്ഞു കാണും. ഒരു ദുരന്ത വാർത്ത അക്തർ ബായിയെ തേടിയെത്തി. സാമിറയെ വീടിനകത്ത് മരിച്ച നിലയിൽ.............! വാർത്ത ആ പിതാവിന്റെ കാതിലെത്തുന്നതിന്റെ  ഇരുപത് ദിവസം മുൻപായിരുന്നു പോലും സംഭവം. ആരൊക്കെയോ വഴി വൈകിയാണ് നാട്ടിലുള്ളവർക്ക്  ബന്ധപ്പെടാനായത്. തന്റെ ചുറ്റും ഒരു വലിയ ചുഴി രൂപപ്പെട്ട് അതിൽ ആണ്ടു പോകുന്നതായി ഭായിക്ക് തോന്നി. മരുഭൂമിയുടെ വന്യതയും ജിവിതത്തിലെ ചവർപ്പും ഒരു പോലെ ബോധ്യമായ ദിനങ്ങൾ. ആഴക്കടലിൽ തുഴ നഷ്ടപ്പെട്ട വഞ്ചിക്കാരനെ പോലെയായി ജീവിതം. കയ്പേറിയ ഓർമ്മകളുടെ ഓളങ്ങളിൽ പള്ളിയും നമസ്കാരവും പ്രാത്ഥനയുമൊക്കെ ഭായിയുടെ അനുഭൂതിയായി മാറി.

എന്റെ ശിരസ്സു താണു. ഗദ്ഗദം ജലകണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ആ കണ്ണുകളിൽ ഞാനെങ്ങിനെ നോക്കും. ഞങ്ങള്ക്കിടയിൽ അവിചാരിതമായി ഉറഞ്ഞ മൗനം ഭേദിച്ചത് അദ്ദേഹമാണ്. " ഇനി... മടക്കമില്ല, ഇവിടെ മരിക്കണം...അതാണാഗ്രഹം...". ആ വാക്കുകൾ ബാക്കിയുണ്ടായിരുന്ന എന്റെ ചോദ്യങ്ങളെ മുഴുവൻ ബാഷ്പമാക്കി. തൊട്ടടുത്ത പള്ളിയിൽ നിന്ന് മഗ്'രിബ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങി. കൈകളുയർത്തി വേണ്ടുവോളം പ്രാർഥിക്കാനാവും, അക്തർ ബായി ധൃതിയിൽ പള്ളിയുടെ ഭാഗത്തേക്ക് ചുവടുകൾ വെച്ചു. മങ്ങിയ പ്രകാശത്തിലും ആ പഴയ  തൊപ്പിയിലെ നൂലുകൾ തിളങ്ങി. ദൂരെ..., സൂര്യൻ ചിതറിപ്പോയ ചെഞ്ചായം കൊണ്ട്, ആകാശം പല ചിത്രങ്ങൾ വരച്ചിരിക്കുന്നു!.

Tuesday, August 5, 2014

'ജിന്നു താഴ്‌വര'യിലേക്ക്

കുറെ കാലമായി മദീനയിലെ 'ജിന്നു താഴ്‌വര' ഒന്നു സന്ദർശിക്കാൻ വിചാരിക്കുന്നു. ഈ പെരുന്നാളിന് അതു നടന്നു. മദീന പട്ടണത്തിന്റെ പരിസരങ്ങളിൽ ചരിത്രമുറങ്ങുന്ന അനേകം ഇടങ്ങളുണ്ട്. നേരത്തെ സന്ദർശിച്ചവയും അല്ലാത്തവയും ഇത്തവണ കുടുംബ സമേതമുള്ള യാത്രയിൽ ഉൾപെട്ടു. രണ്ടര പതിറ്റാണ്ടിലേറെയായി മദീനയുടെ സ്പന്ദനങ്ങൾ അടുത്തറിയുന്ന പ്രിയ സുഹൃത്ത് Ayub Ottappalam ഗൈഡും നിഴലും സഹകാരിയുമായി മുഴുദിവസം കൂടെ വന്നു. വാദി അൽ-ജിന്ന്, വാദി അൽ-ബൈദാ എന്നെല്ലാം അറബിയിലും Ghost Valley, Magnetic Hill, Gravity Hill, Mysterious Spot എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്ന പ്രദേശമാണ് മദീനയിലെ ജബൽ ബൈദാ താഴ്‌വര. മദീനയുടെ വടക്കു കിഴക്ക് (24°43'21"N 39°26'35"E) ഭാഗത്ത് ഏതാണ്ട് 40 കിലോ മീറ്റർ ദൂരെയാണ് ഈ പ്രദേശം. ന്യൂട്രൽ ഗിയറിൽ ഇറക്കത്തിലേക്ക് ഉരുണ്ടു പോകേണ്ട വാഹനം എതിർ ദിശയിൽ സ്വയം കയറ്റം കയറി പോകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സൗദിയിലെത്തുന്ന സഞ്ചാരികളുടെ പുസ്തകത്തിൽ അടയാളം വെച്ച ഭൂപ്രദേശം.കാന്തിക പ്രഭാവമാണെന്നും, ജിന്നുകളുടെ പ്രവർത്തനമാണെന്നും പ്രേത പ്രഹേളികയാണെന്നും എല്ലാം വിശ്വസിക്കുന്നവരുണ്ട്. പെരുന്നാളയത് കൊണ്ടാവാം സ്ഥലത്ത് സന്ദർശകർ ധാരാളമുണ്ട്. താഴ്വരയെ തലോടി കടന്നുപോകുന്ന മനോഹര വീഥിയിൽ പലയിടത്തും ഈ ആശ്ചര്യം അനുഭവിക്കാനാവും. മൂക്കത്ത് വിരൽ വെച്ച് അതിശയിക്കുന്നവരും, അടക്കം പറയുന്നവരും, നേരിയ ഭയത്തോടെ ദൂരെ മാറി നിൽക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്. വാദി അൽ-ബൈദയെ കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നിലവിലുണ്ട്. രാത്രിയായാൽ അപശബ്ദങ്ങൾ കേൾക്കുമെന്നും "നിങ്ങൾ പോകൂ...ഇത് നിങ്ങളുടെ ഇടമല്ല..." എന്ന് അശരീരി കേട്ടതായും പ്രചാരമുണ്ട്. തലയില്ലാത്ത ശരീരങ്ങൾ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നു വരെ അതിശയോക്തി കലർന്ന പലതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രേതവും ജിന്നും ചെകുത്താനുമൊക്കെ കക്ഷികളാകുമ്പോൾ എന്തും ചിലവാകും. അവരേതായാലും വിശദീകരണം ചോദിക്കാൻ വരില്ലല്ലോ. ആരു പറഞ്ഞു, ആരു കണ്ടു/ കേട്ടു എന്നു മാത്രം ചോദിക്കരുത്.! കേട്ടവർ കേട്ടവർ കൂടുതൽ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നതിനാൽ ഇത്തരം വാർത്തകൾക്ക് അനുദിനം ആരോഗ്യം കൂടി വരികയാണ് പതിവ്. അൽപം അന്ധവിശ്വാസവും കൂടി കലർത്തി വിളമ്പിയാൽ സംഗതി ബഹു ജോറായി. Gravity Hill-കളോട് ചേർത്ത് എല്ലാ നാട്ടിലും ഇത്തരം കെട്ടു കഥകൾ നിലവിലുണ്ട്. പരിഷ്കൃതരെന്ന് നാം കരുതുന്ന പല നാട്ടുകാരും അന്തം വിട്ട അന്ധവിശ്വാസികളാണ് എന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ഹൊറർ സിനിമകൾ പുറത്തിറങ്ങുന്നതും വിജയിക്കുന്നതും ഇംഗ്ലീഷ് ഭാഷയിലും പാശ്ചാത്യ നാടുകളിലുമാണ്. നെറ്റ് ലോകത്തും ഇവ്വിഷയകമായ ചർച്ചകൾക്ക് നല്ല ചൂടാണ്. മദീനയിലെ ജിന്നു താഴ്‌വരയെ കുറിച്ചുള്ള ഓണ്‍ലൈൻ ചർച്ചയിൽ വന്ന ചോദ്യത്തിന് ഒരു വിദേശ വനിതയുടെ മറുപടി ഇങ്ങിനെ വായിക്കാം:

"This is true that there is a ghost valley in Saudi Arabia...precisely near Madina. The strange mountains have weird carvings and layers that are not natural in any way. I know this as my uncle lives in Saudi Arabia and he actually went to check it out! He says there are houses there with no doors or windows......whenever someone goes there...he experiences heavy headaches and a sort of burden on their shoulders. Other experiences include being slapped by someone.....the speed of cars increases even when the car is on neutral....Besides all of this....no body has ever dared to stay there after sunset."

എങ്ങിനെയുണ്ട് വിശദീകരണം?!ലോകത്ത്  29 രാജ്യങ്ങളിലായി ഏതാണ്ട് നൂറോളം പ്രദേശങ്ങളിൽ  Gravity Hill Site- കൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രം 23 സ്റ്റേറ്റുകളിലായി 40 സ്ഥലങ്ങളിൽ ഈ പ്രതിഭാസം കാണപ്പെടുന്നു. കനഡയിൽ 6 സ്ഥലങ്ങളിലും ആസ്ത്രേലിയ അയർലണ്ട് ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നാലിടങ്ങളിൽ വീതവും ഇതേ പ്രതിഭാസമുണ്ട്. ഇന്തോനേഷ്യ, ഇറ്റലി, ജോർദാൻ, ലെബനോൻ, മലേഷ്യ മെക്സിക്കോ, ഒമാൻ, സൗത്ത് ആഫ്രിക്ക, പോർച്ചുഗൽ, പോളണ്ട്, ഫിലിപ്പൈൻസ്, കൊറിയ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇതേ സംഭവമുണ്ട്. ഇന്ത്യയിൽ ജമ്മുവിലെ ലഡാക്കിലും ഗുജ്റാത്തിലെ സൌരാഷ്ട്ര റീജിയനിലും ഇത്തരം സ്പോട്ടുകളുണ്ട്. 

ജിന്നോ പ്രേതമോ കാന്തിക പ്രഭാവമോ ഒന്നുമല്ല, ചുറ്റുപാടുമുള്ള ഭൂപ്രതലത്തിന്റെ പ്രത്യേകത, ഇറക്കമുള്ള പ്രദേശത്തെ കയറ്റമുള്ളതാക്കി തോന്നിപ്പിക്കുന്ന Optical Illusion ആണ് സത്യത്തിൽ ഇവിടങ്ങളിലെല്ലാം ഉള്ളത്. ഭാഗികമായോ പൂർണമായോ ചക്രവാളം കാണാൻ കഴിയാത്ത അവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. ചുറ്റുമുള്ള കുന്നുകളുടെ വിതാനവുമായി ബന്ധപ്പെടുത്തി ഭൂപ്രതലത്തിന്റെ കിടപ്പ് മനസ്സിലാക്കുന്നതിൽ നമുക്ക് പറ്റുന്ന പിഴവാണ് ജിന്നും പ്രേതവു മൊക്കെയായി അരങ്ങു വാഴുന്നത്!. ഇത്തരം സ്പോട്ടുകൾ മിക്കതും പ്രത്യേകതരം കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതായിരിക്കും. റണ്‍വെയിൽ നിന്ന് പറന്നു പൊങ്ങിയ വിമാനം  സഞ്ചാരപഥത്തിലേക്ക് തിരിയുമ്പോൾ താഴെയുള്ള നഗരം ചെരിഞ്ഞതായി തോന്നാറില്ലേ. ഇവിടെ നഗരമല്ല വിമാനമാണ് ചെരിയുന്നത് എന്നതാണല്ലോ വസ്തുത.  സുഹൃത്ത് Faisu Madeena 2011 ജനുവരിയിൽ തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ നിന്നാണ് ആദ്യമായി മദീനയിലെ Gravity Hill- നെ കുറിച്ച് മനസ്സിലാക്കിയത്. അന്നു തന്നെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കുറെ വിവരങ്ങൾ പരിശോധിച്ചു. പക്ഷെ, എത്ര വിശദീകരിച്ചാലും ഇന്നും പലരും വസ്തുത അംഗീകരിക്കാറില്ല. 2010 ലെ Best Visual Illusion Award നേടിയ ജാപ്പനീസ് ശാസ്ത്രകാരൻ Kokichi Sugihara- യുടെ ഗവേഷണങ്ങൾ ഉൾപ്പെടെ ഒട്ടനേകം പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണ്. മദീനയിലെ ജബൽ ബൈദായുടെ റോഡ്‌ അവസാനിക്കുന്ന മലയടിവാരം വരെ വാഹനം ഓടിച്ചു പോയാലും വലിയ കയറ്റം അനുഭവപ്പെടില്ല. എന്നാൽ തിരിച്ച് വരുമ്പോൾ ഏതാണ്ട് 13 കിലോമീറ്റർ ദൂരം നല്ല ഇറക്കം മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. മൊത്തത്തിൽ ഇറക്കമുള്ള ഒരു പ്രതലത്തിൽ കയറ്റമുണ്ട് എന്ന് തോന്നിക്കുന്ന ഭാഗങ്ങളാണ് നമ്മുടെ കണ്ണുകളെ സമർത്ഥമായി വഞ്ചിക്കുന്നത്!

Thursday, April 3, 2014

'മോടി' കൂടുമോ?


മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദവും  അഹിംസയും തന്റെ ജീവിത ദര്‍ശനമായി അവതരിപ്പിച്ച മഹാത്മജിയുടെ  നാടാണ് ഗുജറാത്ത്. പക്ഷെ ഇന്ന് ഗുജറാത്ത് ലോകത്ത് അറിയപ്പെടുന്നത് അഹിംസയുടെ ആള്‍രൂപമായ ഗാന്ധിയുടെ വിലാസത്തിലല്ല. മറിച്ച് നരമേധത്തിന്റെ തുരുത്തായാണ്. ആസന്നമായ തെരഞ്ഞെടുപ്പില്‍  അതേ നാട്ടില്‍ നിന്ന് ഇന്ത്യക്കൊരു പ്രധാന മന്ത്രി സ്ഥാനാര്‍ഥി വന്നപ്പോള്‍ മനസ്സില്‍ നേരും നന്മയും സൂക്ഷിക്കുന്ന ബഹുജനം ആ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാത്തതും  വെറും രാഷ്ട്രീയ വര്‍ഗ്ഗ വിരോധം കൊണ്ടല്ല. നിയുകതന്‍ ഗാന്ധി പിറന്ന മണ്ണില്‍  അഹിംസക്കും മതേതരത്വത്തിനും ശ്മശാനം പണിതു എന്നതാണ് അതിനു പിന്നിലെ വികാരം.
വംശഹത്യക്കു നേതൃത്വം നല്കിയവര്‍ വികസനത്തിന്റെ കുമിളകള്‍ കാണിച്ച്  ബാക്കിയുള്ള മുഴുവന്‍ പോരായ്മകളും മറച്ചുവെക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വര്‍ത്തമാനമാണ് പുതിയ സംഭവങ്ങള്‍ നമ്മോടു പറയുന്നത്.  വികസനമെന്നു കേള്‍ക്കുമ്പോള്‍ പൊതുവെ ജനം എല്ലാം മറക്കും. അതോടെ വംശഹത്യയൊന്നും ഒരു വിഷയമല്ലാതാകും. എന്ത് ഹത്യ നടന്നാലും തങ്ങളുടെ മൂലധനം സുരക്ഷിതമാകണമെന്ന ചിന്തയായിരിക്കും പിന്നെയുണ്ടാവുക. ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആളുകള്‍ പോലും ഇടക്കാലത്ത് ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയ സാഹചര്യവും മറ്റൊന്നല്ല.  പണമാണ് ഇതിനു പിന്നിലെ വികാരം; മനുഷ്യനല്ല. വംശഹത്യകള്‍ നിസ്സാരമാവുകയും മൂലധന സംരക്ഷണം പ്രധാനമാകുകയും ചെയ്യുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഗുജ്‌റാത്ത് ഉയര്‍ത്തിയതും ഇപ്പോള്‍ മോദി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതും. അതിനു പിന്നില്‍  വന്‍ കോര്‍പറേറ്റുകള്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കുന്നു!
സര്‍ക്കാര്‍ സംവിധാനങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും വിദഗ്ധമായി ദുരുപയോഗം ചെയ്ത് ഭരണകൂടത്തിന്റെ തന്നെ കാര്‍മികത്വത്തില്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ നിന്ന് നരേന്ദ്ര മോദിക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ആ ദുര്‍ഭൂതം തലയ്ക്കു മുകളില്‍ ഒരു മഹാ ശല്യമായി പാറിക്കളിക്കുന്നത് കൊണ്ടാണ് പുതിയ പ്രചാരണ പരീക്ഷണങ്ങളില്‍ മോദിയും അനുയായികളും അഭയം തേടാന്‍ ശ്രമിക്കുന്നത്.  ഹമ്മേഷ് മോദി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ അമര്‍ ചിത്രകഥകള്‍ ഈ ഗണത്തില്‍ പെടുന്നു. കുട്ടിക്കാലത്തു തന്നെ അസാധാരണ കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും സാഹസിക പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്ന ‘ബാല നരേന്ദ്ര’ യാണ് നാല്പത്തിയഞ്ച് പേജുള്ള പുസ്തകത്തിലെ  താരം. സൂറത്തിലെ താപി നദി കവിഞ്ഞൊഴുകിയപ്പോള്‍ അടുത്ത കാര്‍ണിവലില്‍ ചായക്കട നടത്തി പാവങ്ങളെ സഹായിച്ചത്, നിറയെ മുതലകളുള്ള കുളത്തിലേക്കു ചാടി അതില്‍ വീണ കളിപ്പന്ത് കൂട്ടുകാര്‍ക്ക് തിരിച്ചു നല്കിയത്, പൊളിഞ്ഞു വീണ സ്‌കൂള്‍ മതില്‍ നേരെയാക്കാനുള്ള പണം കണ്ടെത്താന്‍ നാടകം കളിച്ചത്, റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്‍ നടത്തിയിരുന്ന  ചായക്കടയില്‍ സേവനങ്ങള്‍ ചെയ്തത്… ഇങ്ങിനെ പോകുന്നു പുതു തലമുറക്കുള്ള ബാല നരേന്ദ്ര പാഠങ്ങള്‍!. താടിയും തൊപ്പിയുമൊക്കെ ധരിച്ച മുസ്‌ലിംകളുമായി  ചേര്‍ന്നു നിന്നു കൊണ്ടുള്ള പ്രത്യേക ചിത്രങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ ഗതകാലത്തെ പാപക്കറകള്‍ മായ്ച്ചു കളഞ്ഞ് അധികാര പീഠത്തിലേറാന്‍ ഇത്തരം കൊച്ചു വേലകള്‍ മതിയാവുമോ എന്നത് ഒരു സാമാന്യ ചോദ്യമാണ്.
ഗുജറാത്ത് ഒരു സുപ്രഭാതത്തില്‍ കലാപത്തിലേക്ക് വഴുതി വീണതായിരുന്നില്ല മറിച്ച്, നിരന്തരവും ബോധപൂര്‍വവുമായി നടന്ന വിദ്വേഷ കുത്തിവെപ്പ് കലാപമായി കത്തിപ്പടരുകയായിരുന്നു. ഗോദ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമായി അതിനെ വായിക്കാന്‍ കഴിയില്ല. പച്ച മനുഷ്യര്‍ക്കു മേല്‍ പൈശാചിക ക്രൂരതകള്‍ പ്രയോഗിക്കാന്‍ കഴിയുന്ന സമൂഹ മനസ്സ് പാകപ്പെടുത്തുകയായിരുന്നു അവിടെ. അക്രമികള്‍ക്ക് ഭരണകൂടത്തിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.  ഈ വിഷയത്തില്‍ മലയാളിയായ ഗുജറാത്ത് മുന്‍ അഡിഷണല്‍ ഇന്റലിജന്‍സ് ഡി ജി പി  ആര്‍ ബി ശ്രീകുമാര്‍ നടത്തിയ  വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.  കലാപത്തിന്റെ ഉത്തരവാദികളെയും കുറ്റവാളികളെയും നിയമത്തിനു മുന്‍പാകെ ഒരുപരിധി വരെ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കൂട്ടക്കൊലകളില്‍ ഉറ്റവരും സ്വത്തും നഷ്ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോഴും കേഴുകയാണ്.

ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് ദലിത് സ്ത്രീകളെ വേട്ടയാടി കൊന്നൊടുക്കുന്ന ഭീകരസംഭവങ്ങളും ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളില്‍  നടമാടിയിരുന്നു.  കളവ് കേസില്‍ നിരപരാധിത്വം തെളിയിപ്പിക്കാന്‍ വൃദ്ധയായ അമ്മയെയും മകളെയും തിളക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കി പൊള്ളിച്ച  സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പട്ടിണിയും   അക്രമവും മുസ്‌ലിം ന്യൂനപക്ഷ പീഡനവും അധികാര ദുര്‍വിനിയോഗവും  റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ  ഗുജറാത്തിനെയും മോദിയെയും എത്ര തന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ആ കറുപ്പ് തെളിഞ്ഞു നില്ക്കുക തന്നെ ചെയ്യും.
വികസനത്തിന്റെ ഇല്ലാക്കഥകളുടെ വേലിയേറ്റത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പതിവാണ്. മൊത്തം അഭ്യന്തര ഉത്പാദനത്തിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് വികസനം വെള്ള പൂശി അവതരിപ്പിക്കുന്നത്. പക്ഷെ  അടിസ്ഥാന പ്രശ്‌നങ്ങള്‍ അതി രൂക്ഷം തന്നെയാണെന്ന്  ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റി അംഗം അതുല്‍ സൂദ് വെളിപ്പെടുത്തിയിരുന്നു. മൊത്തം  ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ ദൃശ്യമല്ല. സാമൂഹിക സുരക്ഷ, ഭക്ഷ്യ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, നീതി, നിയമ പരിരക്ഷ, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.  ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ശിശു വിവാഹങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന് നാലാം സ്ഥാനമാണ്. യു എന്‍ ഡി പി യുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം കുട്ടികളെ വിദ്യാലയങ്ങളില്‍ നില നിര്‍ത്തുന്ന ശ്രമത്തില്‍ ഗുജറാത്തിന് പതിമൂന്നാം സ്ഥാനം മാത്രമാണുള്ളത്. പാതി വഴിയില്‍ പഠനം നിര്‍ത്തുന്നത് 59 ശതമാനം കുട്ടികളാണ്.  ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. 16 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശുദ്ധീകരിച്ച ജലം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 65 ശതമാനം വീടുകളിലുള്ളവര്‍ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിപ്പോരുന്നു. ഇതു മൂലം അവിടങ്ങളിലെ  പൊതു ജലാശയങ്ങള്‍ വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്.   48 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. ആദിവാസി മേഖലയിലും പട്ടികജാതി  പട്ടികവര്‍ഗ്ഗങ്ങളിലും 57 ശതമാനത്തിലേറെയും പട്ടിണിക്കാരാണ്. ദേശീയ കുടുംബ ഗാര്‍ഹിക സര്‍വേ  പ്രകാരം സംസ്ഥാനത്ത് മൂന്ന് വയസ്സിന് താഴെയുള്ള ശിശുക്കളില്‍ 47 ശതമാനം പേര്‍ ആവശ്യമായ ശരീര ഭാരമില്ലാത്തവരാണ്.  സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ  ശരാശരിയുടെ ഇരട്ടിയാണിത്.
ഇതിനിടെ ഗുജറാത്തിലെ വികസനവും മോദിയും ഫേസ് ബുക്കില്‍ വൈറലായി മാറുകയുണ്ടായി.  മോദി അനുകൂലികള്‍  ഗുജറാത്തിലെ വികസനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രൊമൊട്ട് ചെയ്യാനും വോട്ടു ചോദിക്കാനും തുടങ്ങിയതോടെയാണ് എതിര്‍പക്ഷത്തുള്ളവര്‍ ‘യഥാര്‍ത്ഥ വികസനം’ എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്ന ചിത്രങ്ങളുമായി രംഗത്തു വന്നത്. ഗുജറാത്തിലെ വികസന കാഴ്ചകള്‍ എന്ന പേരില്‍ പര്‍വതീകരിച്ച ചിത്രങ്ങള്‍ പുറത്തിറക്കി  അതേ നാണയത്തിലുള്ള മറുപടികളും അരങ്ങു തകര്‍ക്കുന്നുണ്ട്.
2013 ജൂലായ് 12ന് റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ 2002ല്‍ ചെയ്തത് ശരിയായിരുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മോദിയുടെ  മറുപടി. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രൂരതകള്‍ക്കൊന്നിന് നേതൃത്വം കൊടുത്തിട്ട്, രാജ്യത്തും പുറത്തുമുള്ള നേരായി ചിന്തിക്കുന്നവര്‍ ആ പ്രവൃത്തിയെയും അത് ചെയ്ത ആളെയും അപലപിച്ചിട്ട്, അത് തികച്ചും ശരിയാണ് എന്നു പറയുക മാത്രമല്ല, അതിന്റെ പേരില്‍ രാജ്യത്തിന്റെ അധികാര കസേര ഉറപ്പാക്കാന്‍കൂടി ശ്രമിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്.  2002ലെ ഗുജറാത്ത് കലാപത്തില്‍ ദുഃഖമുണ്ടെങ്കിലും തനിക്ക് കുറ്റബോധമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്ന് മോദിയുടെ ജീവചരിത്രമെഴുതിയ ബ്രിട്ടീഷ് എഴുത്തുകാരന്‍ ആന്റി മറീനോവ്  വെളിപ്പെടുത്തിയിരുന്നു.  ഗുജറാത്ത് കലാപം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയും  നേരത്തെ മോദി  ഇപ്രകാരം തന്നെയാണ്  പ്രതികരിച്ചിരുന്നത്.  പക്ഷെ കരണ്‍ താപ്പറുമായുള്ള തന്റെ അഭിമുഖത്തില്‍ താന്‍ ചെയ്ത പാതകത്തിന്റെ ദാഹം കാരണം വെള്ളം കുടിക്കുന്ന യതാര്‍ത്ഥ മോദിയെ ലോകം കാണുകയുണ്ടായി. ആ ആഭിമുഖത്തിലെ ചോദ്യ ശരങ്ങള്‍ക്കു പ്രതികരിക്കാന്‍ കഴിയാതെ അന്ന് മോദി ശിരസ്സു കുനിച്ച് അല്പം വിയര്‍പ്പോടെ ഐ ബി എന്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ശ്മശാനമൂകതയാണ് ഗുജറാത്തിന്റെ ആത്മഭാവം. ഒരു വിഭാഗം വ്യാപാരികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും മോദി ഭരണം കൊണ്ട് നേട്ടമുണ്ടായിക്കാണും. പക്ഷെ, സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ആ  ഭരണം ഒരു ശാപമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തശേഷം വര്‍ഗ്ഗീയ  ശക്തികള്‍ നേടിയ ആത്മവിശ്വാസം  വികാസം പ്രാപിച്ച് രാജ്യത്തെ പൊതു  സൗഹാര്‍ദ്ദത്തെ  തകര്‍ക്കാന്‍  തയാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണു ഇപ്പോഴത്തെ  മോദി സ്ഥാനാര്‍ഥിത്വം. ഇന്ത്യയിലെ മതേതര പുരോഗമന, ജനാധിപത്യ ശക്തികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും വലിയ  വിപല്‍ സൂചനയാണ് ഇത് നല്കുന്നത്. അതുകൊണ്ട് തന്നെയാണ്  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദിയുടെ കാല്‌വെപ്പുകളെ  എതിര്‍ക്കുന്നതും ഭീതിയോടെ നോക്കികാണുന്നതും!.
Published @ Varthamanam Daily- 27.03.14 http://varthamanam.com/?p=48169

Thursday, March 6, 2014

ആരും ഞെട്ടരുത്...പ്ലീസ്!
ഭാഷാ പദാവലിയുടെ
തടിച്ച ശിഖരത്തിൽ നിന്ന്
ഞെട്ടൽ എന്ന പദം
വീണു മരിച്ചിട്ട്
കാലം കുറെയായി

മൗനം കൊണ്ടൊരു
കുഴി തീർത്ത്
അതിൽ ഖബറടക്കി,
മിനുക്കിപ്പണിത
മീസാൻ കല്ലുകളിലൊന്നിൽ
'ഞെട്ടൽ' എന്നു കൊത്തി
നാട്ടി വെച്ചു!

അടുത്തുള്ള കറുത്ത
മീസാൻ കല്ലുകൾ
നേരിയ പുതുമയോടെ
ഇടം കണ്ണിട്ടു നോക്കി  
പിന്നെ; നിർവികാരതയിൽ
പോളകൾ ചിമ്മി!

Tuesday, February 18, 2014

മനസ്സിൽ മായാത്ത അനുഭവം

ഫെബ്രുവരി ആദ്യവാരം കോട്ടക്കൽ നടന്ന മുജാഹിദ് സംസ്ഥാന  സമ്മേളന നഗരിയിൽ ഒരുക്കിയിരുന്ന 'ദ മെസേജ്' മെഗാ എക്സിബിഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് കുടുംബ സമേതം ഓരോ ദിവസവും പ്രദർശനം കാണാനെത്തിയത്.  തിരക്കു കാരണം എത്രയോ പേർ ദിവസവും മടങ്ങിപ്പോയി. മനുഷ്യൻറെ വിലാസവും ജീവിതവും ലക്ഷ്യവും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എക്സിബിഷൻ. ജനുവരി 26 ന്  ആരംഭിച്ച പ്രദർശനം ഫെബ്രുവരി 4 വരെ നീണ്ടു. മെഗാ എക്സ്പോയോട് ചേർന്ന് സജ്ജീകരിക്കപ്പെട്ടിരുന്ന 'കാഴ്ച' എന്ന മിനി എക്‌സിബിഷനിൽ വളരെ കൂടുതൽ പേർ പ്രവേശിച്ചു കാണില്ല. അതിനുള്ള കാരണം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. ഐ.എസ്‌.എം. മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ കോഴിക്കോട്‌ മലബാര്‍ ഐ ഹോസ്‌പിറ്റലുമായി ചേര്‍ന്നു സംഘടിപ്പിച്ച "കാഴ്‌ച' തീർത്തും വേറിട്ട അനുഭവമായിരുന്നു.

കട്ട പിടിച്ച  കറുത്ത ഇരുട്ട് അടക്കി വാഴുന്ന ഹാളാണ് 'കാഴ്ച' എക്‌സിബിഷന്റെ ഇടം. പ്രകാശത്തിനു പ്രവേശനം പാടെ നിരോധിച്ചിട്ടുണ്ട്. അകത്തു കയറുമ്പോൾ കറുത്ത കണ്ണട കൂടി ധരിപ്പിക്കും. അതോടെ നാം പൂർണ്ണമായും അന്ധരായി. ഒരു സമയം അഞ്ചു പേർക്കാണ് പ്രവേശനം. അറിയാത്ത വഴികളിലൂടെ നഗ്ന പാദരായാണ് പോകാനുള്ളത്. ഇരുട്ടിൻറെ ആ ലോകത്ത് നമ്മെ നയിക്കുന്നത് ശരിക്കും അന്ധരായ സഹോദരങ്ങളാണ്. അവർ മുന്നിൽ നടന്ന് നിർദേശങ്ങളും വിശദീകരണങ്ങളും തരും. അഥവാ, നമ്മൾ അന്ധരും അവർ വഴികളറിയുന്നവരും! അവരുടെ ലോകമാണത്. മുൻപിൽ നടക്കുന്ന അന്ധ സുഹൃത്തിൻറെ തോളിൽ ഇടതു കൈ കൊണ്ട് പിടിക്കണം...പിന്നിലുള്ളവർ അങ്ങിനെ ക്രമത്തിൽ അപരന്റെ തോളിൽ പിടിച്ച് ഒരു വരിയായാണ് നീങ്ങുന്നത്. വലതു കൈ ഫ്രീയാണ്. എല്ലാം തൊട്ടു മനസ്സിലാക്കാം. മണത്തറിയാം, ചോദിക്കാം, കേൾക്കാം; കണ്ണു മാത്രം കാണില്ല! പരിപൂർണ്ണ അന്ധത!

ശിങ്കാരി മേളം തകർത്താടുന്ന പൂരപ്പറമ്പിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. പൊരീ...പൊരീ..പൊരീ..., വള..വള..മാല...കച്ചവടക്കാരുടെ ബഹളം കേൾക്കാം. കടകളിൽ തൂക്കിയിട്ടിരിക്കുന്ന വില്പന വസ്തുക്കളും വളയും മാലയും ബലൂണുകളുമൊക്കെ തൊട്ടു ബോധ്യപ്പെടാം. പൊരിച്ചാക്കിൽ വിരലോടിക്കാം... കച്ചവടക്കാരോട് വർത്തമാനം പറയാം...വില ചോദിക്കാം. പക്ഷെ; വർണ്ണങ്ങളില്ലാത്ത കറുത്ത ലോകം!

ശിങ്കാരി മേളവും കച്ചവടക്കാരുടെ ശബ്ദങ്ങളും അവസാനിക്കുമ്പോൾ നമ്മൾ ഒരു പച്ചക്കറി മാര്‍ക്കറ്റിൽ പ്രവേശിച്ചിരിക്കും. വിലക്കുറവേയ്...കിലോ പത്ത്..കിലോ പത്ത്...ആദായം..ആദായം...നിരത്തിവെച്ചിരിക്കുന്ന തക്കാളി, ഉള്ളി, പൈനാപ്പിൾ, മുന്തിരി മറ്റു പലതരം പഴ വർഗ്ഗങ്ങൾ...എല്ലാം തൊട്ടു മനസ്സിലാക്കാം. ഉണക്ക മൽസ്യത്തിലും, മല്ലിച്ചപ്പിലുമൊക്കെ തൊട്ടാൽ വാസനിക്കാം...കച്ചവടക്കാരുടെ കുശലം പറച്ചിൽ കേൾക്കാം..പക്ഷെ!...ഒന്നും കാണാനാവില്ല!

മാർക്കറ്റു പിന്നിട്ട് കുത്തിയൊഴുകുന്ന പുഴക്കു മീതെ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെയാണ് യാത്ര. ഒന്ന്...രണ്ടു..മൂന്നു പടികൾ കയറിയാൽ പാലത്തിലൂടെ നടക്കാം. വലതു വശത്ത് കൈവരികൾ കെട്ടിയിട്ടുണ്ട്. അതിൽ തപ്പി പിടിച്ചു പതുക്കെ നടക്കാനാണ് അന്ധ സുഹൃത്തിന്റെ നിർദേശം. താഴെ കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദം കേള്ക്കാം. പാലത്തിൽ ചെറിയ നനവുണ്ട്...പാറയിൽ തല്ലിത്തകരുന്ന ജല കണങ്ങൾ നമ്മുടെ ശരീരത്തിൽ പതിക്കുന്നു. കാലു തെന്നിയാൽ എല്ലാം തീരുമെന്ന് തോന്നും. യാ അല്ലാഹ്...!

പാലം കഴിഞ്ഞ് സ്റ്റെപ്പുകളിറങ്ങി അല്പം നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്തി. രണ്ടു പടികൾ കയറിയാൽ പ്ലാറ്റ്ഫോമായി. അന്ധ സുഹൃത്ത് കൈപിടിച്ചു കയറ്റി. അയാളെന്നെ  മറുവശത്തേക്ക് പിടിച്ചു തിരിച്ചു.  അവിടെയാണത്രെ വണ്ടി വന്നു നിൽക്കുക. ഞാൻ ദിക്കറിയാത്ത വെറും അന്ധൻ!.  തീവണ്ടിയുടെ വരവറിയിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തനതു ശൈലിയിലുള്ള അറിയിപ്പുകൾ കേൾക്കാം. ചായ...ചായ...കാപ്യേയ് ...കാപ്യേയ്... വട...വട...നമ്മൾ തീർത്തും ഇപ്പോൾ ഒരു സ്റ്റേഷനിൽ തന്നെ! സ്റ്റേഷനിൽ കച്ചവടക്കാരുടെ പതിവു ബഹളം. ഏതോ ട്രാക്കിൽ ഏതോ ട്രൈൻ നിൽക്കുന്നുണ്ടാകും. അതിൽ യാത്രക്കാരുണ്ടാവും. പക്ഷെ, ഞാൻ... !!!.   ദൂരെ നിന്നും തീവണ്ടി വരുന്ന ശബ്ദം കേൾക്കാം. കിതപ്പ് കൂടിക്കൂടി ഓടിയടുത്ത് മുന്നിലൂടെ അത് ചീറിപ്പാഞ്ഞു പോയി. വസ്ത്രങ്ങളെ ഉലച്ച് കാറ്റു വീശി. ഹോണ്‍ മുഴക്കി ദൂരെ മറയുന്ന ശബ്ദം കേൾക്കാം. ആ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല!.

സ്റ്റേഷന്റെ പടവുകളിറങ്ങി മുന്നോട്ടു നടന്നാൽ പിന്നെ കൊടും കാടാണ്. കാലിൽ തടയുന്ന വള്ളിപ്പടർപ്പുകൾ...യാത്ര തടസ്സപ്പെടുത്തുന്ന പൊന്തക്കാടുകൾ...ഊടുവഴി...ശരീരത്തിൽ കോറുന്ന മരച്ചില്ലകൾ..വന്യ ജീവികളുടെ അലർച്ചയും മുരളലും...പൊന്തക്കാട്ടിൽ നിന്ന് ഏതോ ജീവി മാന്തുന്നു... അപരന്റെ തോളിൽ പിടിച്ച് ഒരു വിധം നടന്നു മുന്നോട്ടു നീങ്ങി. കാടവസാനിച്ചു. ഇപ്പോൾ പുറത്തേക്കുള്ള വാതിലിലാണ്. പുറത്തു കടന്നു...കണ്ണട നീക്കി...വെളിച്ചമുള്ള ലോകം...സമ്മേളന നഗരിയിൽ പലയിടത്തായി ജനം. നാളെ കഴിഞ്ഞാണ് തുടക്കം. എക്സിബിഷൻ അതിനു മുന്പ് അവസാനിക്കും. ഇതു വരെ എന്നെ നയിച്ച സുഹൃത്തിനെ നോക്കി. മൃതിയടഞ്ഞ കുഴിഞ്ഞ കണ്ണുകൾ! ഇവിടെയും അയാൾക്ക് ഇരുട്ടാണല്ലോ...!. ആ 'വഴികാട്ടി'യോട് അൽപ നേരം സൗഹൃദം പങ്കിട്ടു. ഒരു വളണ്ടിയർ അയാളുടെ കൈ പിടിച്ച് എക്സിബിഷൻ ഹാളിന്റെ മുൻ വശത്തെ കവാടത്തിലേക്കു കൊണ്ടു പോയി. അടുത്ത ടീമിനെ 'നയിക്കാൻ'.

ഇരുട്ടിൻറെ ലോകത്ത് സ്ത്രീകളെ നയിക്കുന്നതിന് അന്ധകളായ സഹോദരിമാരുണ്ട് 'കാഴ്ച'യിൽ. ശബ്ദങ്ങൾക്കും ഇടപെടലുകൾക്കുമായി ഇരുപതിലധികം പേരെ ഹാളിൽ പലയിടത്തായി വിന്യസിച്ചിട്ടുണ്ട് പോലും. പുറമേ റെക്കോർഡ് ചെയ്ത ശബ്ദങ്ങളും ഉപയോഗിക്കുന്നു! ഒരു ടീം യാത്ര പൂർത്തിയാക്കാൻ ഏതാണ്ട് 10 മിനുട്ടെടുക്കും. എന്നിട്ടേ അടുത്ത ഗ്രൂപിന് കയറാൻ കഴിയൂ. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സിൽ ബോധ്യപ്പെടലുകൾ പതിപ്പിക്കുന്ന വലിയൊരു സന്ദേശമാണ് 'കാഴ്ച'.


'കാഴ്ച'യെ പല രൂപത്തിൽ അനുഭവിച്ചവരുണ്ടാകാം. ഇരുൾ ആധിപത്യമുറപ്പിച്ച ആ വലിയ മുറിയിൽ അല്പം മുന്നോട്ടു നീങ്ങിയപ്പഴേ എൻറെ മനസ്സു തപിക്കാൻ തുടങ്ങിയിരുന്നു; ചങ്കു വേദനിക്കാനും. കട്ട പിടിച്ച ആ ഇരുട്ടിൽ ഞാൻ വിങ്ങി വിങ്ങിക്കരയുകയായിരുന്നു. ഒരായിരം വട്ടം ഞാനെന്റെ നാഥനെ സ്തുതിച്ചു. പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാൻ വല്ലാതെ പാടു പെട്ടു. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!