Monday, December 31, 2012

നല്ല നാളെ വരുമോ...?

അകവും പുറവും
ചിതറി നശിക്കാത്ത
കനല്‍പഥങ്ങളെന്‍
ചങ്കു തകര്‍ക്കാത്ത  
കാഴ്ചകള്‍ ഒന്നൊന്നായ്
കരളു പിളര്‍ക്കാത്ത
നല്ല നാളെ വരുമോ?

അറിവു നശിക്കാത്ത
അഴകസ്തമിക്കാത്ത
മാതൃത്വം ഉടയാത്ത
മാനം കവരാത്ത
മാനവ ഹൃദയം
വിഷലിപ്തമാവാത്ത
നല്ല നാളെ വരുമോ ?

നന്മയുടെ വേരറ്റു
കാലം തളരാത്ത
കണ്ണുകള്‍ നിറയാത്ത
കനവു നിലക്കാത്ത
'കള്ളന്മാര്‍'  കയ്യൂക്കു
കാണിച്ചു വാഴാത്ത
നല്ല നാളെ വരുമോ?

പുഴയും മലയും
മണ്ണും മരങ്ങളും
മരണം വരിക്കാത്ത;
കടലും കരയും
അരയന്റെ തോണിയും
ഇഴ പിരിഞ്ഞകലാത്ത;
നല്ല നാളെ വരുമോ
നല്ല നാളെ വരുമോ?

Tuesday, November 20, 2012

കരുതിക്കൊള്‍ക

കാഞ്ചി വലിച്ചും
ഷെല്ലുകള്‍ വര്ഷിച്ചും
പൈതങ്ങളെയും മാതാക്കളെയും
കൊന്നു കൊന്നു തിന്നുന്ന,
ചുടു രക്തത്തില്‍ കൈമുക്കി
ഇനിയും ആര്‍പ്പുവിളിക്കുന്ന,
കുടിലും കുടുംബവും
ബോംബിട്ടു തകര്‍ക്കുന്ന,
കുടല്‍മാലകള്‍ ഉടയാടയാക്കുന്ന
നെറികെട്ട നരാധമരേ...

പരകോടി ഹൃത്തടങ്ങളില്‍
ഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.
അഴുകിയ നിന്റെ മനസ്സിലും
ദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
നിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ച് കാര്‍ക്കിച്ച്
തുപ്പുന്നു ഞങ്ങള്‍ !

Wednesday, October 17, 2012

ഉപദേശി

ജനം തടിച്ചു കൂടിയിട്ടുണ്ട്. ശിരസ്സ്‌ വേണ്ടതിലധികം ഉയര്‍ത്തിയാണ് പ്രഭാഷകന്റെ ഇരിപ്പ്. വേദികളില്‍ അദ്ദേഹമൊരു വീര ശൂര പരാക്രമിയാണെന്ന് സ്വാഗത ഭാഷണത്തിലെ വിശദീകരണത്തില്‍ നിന്നു തന്നെ വേണ്ടത്ര മനസ്സിലാകുന്നുണ്ട്. എത്ര ആദരണീയന്‍...ബഹുമാന്യന്‍...എന്തൊരു ജന പിന്തുണ..!

മഹത്തുക്കളുടെ വഴിയെ കുറിച്ചാണ് പറയുന്നത്. സ്നേഹം, അലിവ്, ദയ, കാരുണ്യം, സഹനം, സത്യസന്ധത, അക്രമിച്ചവര്‍ക്ക് പോലും മാപ്പു നല്‍കിയ തുടുത്ത അദ്ധ്യായങ്ങള്‍, മാന്യതയുടെ മാനം മുട്ടുന്ന ഏടുകള്‍, സ്ഫുടം ചെയ്ത അകവും പുറവും അനാവൃതമാകുന്ന ശകലങ്ങള്‍...

പതുക്കെ സംസാരത്തിന്റെ ഗതി മാറി...

വ്യക്തി ഹത്യ, പരദൂഷണം, അതിര്‍ രേഖകള്‍ തുളക്കുന്ന വിമര്‍ശന ശരങ്ങള്‍, പുലഭ്യം...!!! അണികളുടെ ഉള്ളം നിറഞ്ഞു. വേദിയിലുള്ളവര്‍ ദീര്‍ഘമായി നിശ്വസിച്ചു. അവസാനം സകല പാപങ്ങല്‍ക്കുമുള്ള പരിഹാര പ്രാര്‍ത്ഥനയില്‍ ജനം മനസ്സുരുകി വിലയം പ്രാപിച്ചു.

വിജയ ഭാവത്തില്‍ വേദിയില്‍ നിന്നിറങ്ങിയ പ്രഭാഷകനെ അവര്‍ ആലിംഗനം ചെയ്തു... ചിലര്‍ ഉമ്മ വെച്ചു... മറ്റു ചിലര്‍ തൊട്ടു നോക്കി, വേറെ ചിലര്‍  ഒട്ടി നിന്ന്‌ നിര്‍വൃതിയടഞ്ഞു!.

അവരുടെ മനസ്സിലെ തായമ്പകയുടെ മുറുക്കത്തില്‍ പല്ലുകള്‍ നൃത്തം ചെയ്തു. പ്രഭാഷകന്‍ ശീതീകരിച്ച വാഹനത്തില്‍ കയറി പിറകോട്ടു ചാഞ്ഞിരുന്നു. കാലവര്‍ഷം കുഴികള്‍ തീര്‍ത്ത റോഡിലൂടെ ചാടിയും കുലുങ്ങിയും  അടുത്ത വേദിയിലേക്ക് നീങ്ങി.

Monday, August 20, 2012

ജനറേഷന്‍സ്


കാലം ചുളിവുകള്‍ തീര്‍ത്ത
കുന്നിന്‍റെ മുഖത്ത്
ജെ സി ബിയുടെ നഖങ്ങള്‍
അമര്‍ന്നു നിരങ്ങി
ചുവപ്പു കലര്‍ന്ന
അതിന്റെ ഉള്ളം
പറിച്ചു പുറത്തിട്ടു
പിന്നെ നിറം മഞ്ഞയായി...!

കുന്നിന്‍റെ കുടല്‍ മാലയും
രക്തവും മലവും
സ്ഥിരം ഏറ്റുവാങ്ങാന്‍
വിധിക്കപ്പെട്ട ടിപ്പര്‍
പതിവുപോലെ നിശബ്ദനായി
കണ്ണുകള്‍  പാതി ചിമ്മി
മുഖംതിരിച്ചു നിന്നു
പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
ദൂരെ മറഞ്ഞു!

Friday, July 20, 2012

മനസ്സാണ് പ്രമേയം

രീരത്തെ ബാധിക്കുന്ന വ്യാധികള്‍ നിര്‍ണ്ണയിച്ച് മരുന്ന് നിര്‍ദേശിക്കുന്നവരാണ് സാധാരണ ഡോക്ടര്‍മാര്‍. എന്നാല്‍ ഒരു മനോരോഗ വിശാരദന്‍ രോഗിയുടെ മനസ്സാണ് ച്കില്‍സിക്കുക. വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത മരുന്ന് സങ്കല്പങ്ങളെ അതിജയിച്ച് രോഗിക്ക് ശാശ്വത മുക്തി നല്‍കുന്ന പരിചയ സമ്പന്നരായ എത്രയോ മനോരോഗ വിദഗ്ദരെ നമുക്കറിയാം. എത്തിപ്പിടിക്കാന്‍ കഴിയാത്ത സമസ്യകളുടെ കലവറയായ മനുഷ്യ മനസ്സിനെയാണ്‌ ഇവിടെ ചികിത്സക്ക് വിധേയമാക്കുന്നത്. മസ്തിഷ്കമെന്ന മഹാത്ഭുതവുമായി ബന്ധപ്പെട്ടു കിടക്കുന്ന അനിര്‍വചനീയമായ ഒരു പതിഭാസം!. പഞ്ചേന്ത്രിയങ്ങളിലൂടെ സ്വാംശീകരിക്കുന്ന പതിനായിരക്കണക്കിനു വിവരങ്ങള്‍ മസ്തിഷ്കം കൈകാര്യം ചെയ്യുന്നതും സൂക്ഷിച്ചു വെക്കുന്നതും എങ്ങിനെയാണെന്ന് ഇപ്പോഴും ശാസ്ത്രത്തിനു മുന്‍പില്‍ ചോദ്യ ചിഹ്നമാണ്. വിചാരങ്ങളുടെ കേന്ദ്രം പ്രത്യക്ഷത്തില്‍ മസ്തിഷ്കമാണെങ്കില്‍ പിന്നെ എന്താണ് മനസ്സ് എന്ന ചോദ്യവും പ്രസക്തമാണ്.

ശരീരത്തെ പോലെ മനസ്സിനും ആരോഗ്യവും രോഗാതുരതയുമുണ്ട്. ഒരു വ്യക്തിയുടെ മനോനിലയില്‍ ചില പ്രത്യക്ഷ പിഴവുകള്‍ കാണുമ്പോള്‍ അതൊരു മനോവൈകല്യമായി വിലയിരുത്തപ്പെടുന്നു. അതിനാൽ ആരോഗ്യമുള്ള മനസ്സ് ഏറ്റവും വലിയ ഒരനുഗ്രഹം തന്നെയാണ്. പഠനത്തിന്റെ അടിസ്ഥാന ലക്‌ഷ്യം പോലും അപ്രകാരമാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. 'Education is the process of creating sound mind in the sound body' എന്ന അരിസ്റ്റോട്ടില്‍ വ്യാഖ്യാനം നമുക്ക് പരിചിതമാണ്. നല്ല കായിക ബലമുള്ള ഒരാള്‍ ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ കഴിയാതെ ജീവനൊടുക്കുന്നത് ശാരീരിക പുഷ്ടി കുറഞ്ഞത്‌ കൊണ്ടല്ല, മറിച്ച് മനസ്സിന്റെ ബലക്ഷയം കൊണ്ടാണ്. അനാവശ്യ മരുന്നുകള്‍ കുറിച്ചും ടെസ്റ്റുകള്‍ നിര്ദേശിച്ചും രോഗികളെ പിഴിയുന്ന ഒരു ഡോക്ടര്‍ സത്യത്തില്‍ തന്റെ മുന്‍പിലിരിക്കുന്ന രോഗിയേക്കാള്‍ രോഗാതുരനാണെന്ന് പറയേണ്ടി വരും- ഈ അര്‍ത്ഥത്തില്‍!. ഇവിടെയാണ് മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യം കടന്നുവരുന്നത്.

യഥാര്‍ത്ഥത്തില്‍ ശരീരത്തെപ്പോലെത്തന്നെ ആത്മാവിനും ഭക്ഷണവും പരിചരണവും ആവശ്യമുണ്ട്. ആത്മീയ ചിന്തകളും പരിശീലനവും കര്‍മ്മങ്ങളുമാണ്‌ ആത്മാവിനു നല്‍കാവുന്ന ഭക്ഷണം. പക്ഷെ ജീവിതത്തിന്റെ തിക്കിനും തിരക്കിനുമിടയില്‍ ശരീരബന്ധിതമായ ആവശ്യങ്ങള്‍ക്കു തന്നെ സമയം തികയാതെ മഹാഭൂരിഭാഗവും വലിയ നെട്ടോട്ടത്തിലാണ്. ക്ഷീണിച്ച മനസ്സും ആത്മാവുമുള്ളവര്‍ ഈ ധൃതിക്കിടയില്‍ എവിടെയും കുഴഞ്ഞു വീഴാം.

വിശുദ്ദ റമദാന്‍ മനസ്സിനെ ബലപ്പെടുത്തുവാനും ആത്മീയ ഔന്നിത്യം വരിക്കാനുമുള്ള മാസമാണ്. ഈ ഇനത്തില്‍ മതം നിശ്ചയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മം. ഇബ്നു ഖയ്യിം വ്രതത്തെ ഇങ്ങിനെ വ്യാഖ്യാനിച്ചിട്ടുണ്ട്- "ഓരോ അവയവത്തെയും നോമ്പ് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിട്ടു നിയന്ത്രിക്കുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവ സാമീപ്യം ലഭിച്ചവരുടെയും സാധനയുമാകുന്നു" (സാദുല്‍ മ'ആദ്)

ഹിന്ദു മതത്തിലും ബുദ്ധ-ജൈന മതങ്ങളിലും ക്രൈസ്തവ-ജൂത സംഹിതകളിലുമൊക്കെ വ്രതത്തിന്റെ പല ഭാവങ്ങള്‍ കാണാന്‍ കഴിയും. ഹിന്ദു മതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍ നിന്ന് ഉപാവര്‍ത്തനം ചെയ്തു വിരമിച്ച് നടത്തുന്ന വാസമാണ് ഉപവാസമായി പരിചയപ്പെടുത്തുന്നത്. കഴിഞ്ഞു പോയ സമൂഹങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമായിരുന്നുവെന്ന കാര്യം ഖുആന്‍ പ്രത്യേകം അനുസ്മരിപ്പിക്കുന്നുമുണ്ട് (ഖുര്‍ആന്‍- 2:183).

ഇസ്‌ലാം പരിചയപ്പെടുത്തുന്ന വ്രതത്തിന്റെ രൂപം സര്‍വ്വവിധേനയും സമ്പൂര്‍ണ്ണമാണ്. മാനസികവും ആത്മീയവുമായ ഉണര്‍വ്വിന് എന്തെല്ലാം ഘടകങ്ങള്‍ ആവശ്യമാണോ അതെല്ലാം റമദാന്‍ വ്രതത്തില്‍ സമ്മേളിച്ചിട്ടുണ്ട്. മനുഷ്യ കുലത്തിനു മാര്‍ഗ്ഗ ദര്‍ശകമായി പ്രപഞ്ച നാഥന്‍ കനിഞ്ഞേകിയ വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ച മാസം കൂടിയാണ് റമദാന്‍. ഇരുള്‍ക്കയങ്ങളില്‍ നിന്ന ആത്മീയ വളര്‍ച്ചയുടെ വിഹായസ്സിലേക്ക് മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്യുകയാണ് സത്യത്തില്‍ ഖുര്‍ആന്‍ ചെയ്യുന്നത്. ഭൌതികവും പാരത്രികവുമായ ജീവിതത്തെ വളരെ ഗൌരവത്തോടെ സമീപിക്കുന്ന ഈ ഗ്രന്ഥം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവം. കേട്ടുകേള്‍വികളോ കഷ്ണിച്ചു പരിചയപ്പെടുത്തിയ സുക്തങ്ങളോ അല്ല ഖുര്‍ആന്‍. അതിനപ്പുറം പലതുമാണ്. യാതൊരു സംശയവുമില്ലാത്തത് (ഖുര്‍ആന്‍- 2:2 ) എന്ന ഉറച്ച ആധികാരികത സ്വയം ഉറക്കെ പറയുന്ന ലോകത്തിലെ ഏക ഗ്രന്ഥം! വായനക്കാര്‍ അവരുടെ വായനയിലും പരിശോധനയിലും വിട്ടു പോകാന്‍ പാടില്ലാത്ത ദൈവിക വചനങ്ങളുടെ സമാഹാരം.

"ഹേ... മാനവ സമൂഹമേ ..." എന്ന് ഒട്ടനേകം തവണ ഉച്ചത്തില്‍ വിളിച്ചു കാര്യങ്ങള്‍ സംസാരിക്കുന്ന ഖുര്‍ആന്‍ സകല മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. അവതരണ മാസത്തില്‍ ഖുര്‍ആനെ അടുത്തറിയാന്‍ നമുക്ക് കഴിയട്ടെ. അത് പരിചയപ്പെടുത്തുന്ന ഉയര്‍ന്ന മനോനിലയും ആത്മീയ വശവും തൊട്ടറിയാന്‍ സാധിക്കട്ടെ. അതാണ്‌ റമദാന്‍ ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നത്. "തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുര്‍ആന്‍-91:9-10). മനുഷ്യ ശരീരമല്ല മനസ്സാണ് ഖുര്‍ആന്റെ പ്രമേയം; റമദാനിന്റെയും!

Sunday, July 1, 2012

ഒരാത്മഗതം


ജനല്‍ പാളിയിലൂടെ
പതുക്കെ നോക്കൂ
പ്രാരാബ്ധങ്ങളുടെ
ഇരുണ്ട പുക
പൊങ്ങുന്നത് കാണാം

എന്റെ വിഭവങ്ങളുടെ
ഗണിതവും ശാസ്ത്രവും
കറിയുടെ കട്ടിയും
എന്നിട്ടുമെന്തേ
ശരിക്കും ശരിപ്പെടാതെ?

ചില
ചുടു നിശ്വാസങ്ങളെ
നാം ഏറെ ഭയപ്പെടുക,
കാരണം...
നമ്മെ കരിച്ചു കളയാന്‍
അഗ്നിയെക്കാള്‍
ശക്തിയുണ്ടവക്ക്!Tuesday, June 12, 2012

ക്വട്ടേഷന്‍ ചിന്തുകള്‍

ഒന്ന്:
പടിയിറങ്ങുമ്പോള്‍
ഭാര്യയുടെ കൈപിടിച്ച്
അയാള്‍ പതുക്കെ പറഞ്ഞു
ആളുമാറി ആരെങ്കിലും
ചൂണ്ടിയില്ലെങ്കില്‍
വൈകുന്നേരം കാണാം!
-------------------------

രണ്ട്: 
ലൂസ്മോഷന്‍
ശല്യപ്പെടുത്തുന്ന
ചൊറിയന്‍ നാവുകള്‍ക്ക്
ഫ്രീ സര്‍വീസ് ആകയാല്‍ 
ഒ പി വാര്‍ഡുകളില്‍
നിറയെ ഇപ്പോള്‍
നാവുകളാണത്രെ!
--------------------------

മൂന്ന്:
പത്രം വന്നിട്ടില്ല
ചുവന്ന നിറവും മണവും
ചേരുവയില്ലാത്ത
ഇന്നത്തെ കെട്ടുകള്‍
വിതരണം ചെയ്യാന്‍
'ലജ്ജിക്കുന്നു'വെന്ന്
പത്രക്കാരന്‍ പയ്യന്‍!
--------------------------

Tuesday, May 15, 2012

ഉഖ്‌ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ...

സൗദി അറേബ്യയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയിലുള്ള നജ്റാന്‍ പട്ടണത്തില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റ് കാണാം. അതിനപ്പുറം നീണ്ടു കിടക്കുന്ന പര്‍വ്വത നിരകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തീര്‍ക്കുന്നു. നജ്റാന്‍ സിറ്റിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ തെക്കു മാറി കാലത്തിന്റെ കണ്ണീരു വീണ ഒരു പ്രാചീന നഗരമുണ്ട്‌. ഉഖ്‌ദൂദ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആഗമനത്തിനു ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് യൂസുഫ് ദു-നുവാസ് എന്ന യഹൂദ രാജാവിന്റെ ഭരണ കേന്ദ്രമായിരുന്നു ഉഖ്‌ദൂദ്  നഗരം. 1937 വരെ നജ്റാന്‍ യമന്റെ ഭാഗമായിരുന്നു. ഉഖ്‌ദൂദിലെ കോട്ടയും ചുറ്റുമുണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളായി നമ്മോടു സംസാരിക്കാന്‍ കാത്തിരിക്കുന്നുണ്ടിവിടെ!.

കച്ചവട കേന്ദ്രമായിരുന്നു ഉഖ്‌ദൂദ് നഗരം. നജ്റാന്‍ ഇന്നും അറിയപ്പെടുന്നത് കാര്‍ഷിക ഗ്രാമം എന്നാണ്. ചുറ്റും പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്നതിനാല്‍ വര്‍ഷപാതം മൂലമുള്ള ജലം നജ്റാനിന്റെ കാര്‍ഷിക സമൃദ്ധിക്ക് എക്കാലത്തും നല്ല സംഭാവനയാണ്. കര മാര്‍ഗ്ഗവും കടല്‍ വഴിയും ലോകത്തിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളുമായി അതി പ്രാചീന കച്ചവട ബന്ധവും നജ്റാനുണ്ട്. മുഹമ്മദ്‌ നബിക്ക് തൊട്ടു മുന്‍പുള്ള പ്രവാചകനായ ഇസാ നബി (യേശു) യുടെ യതാര്‍ത്ഥ അധ്യാപനങ്ങളില്‍ വിശ്വസിച്ചിരുന്ന നിഷ്കളങ്കരായ നിരവധി വിശ്വാസികള്‍ അവിടെ ജീവിച്ചിരുന്നു. യഹൂദ മതവിശ്വാസിയായ രാജാവ് ദു-നുവാസ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതായിസം സ്വീകരിക്കാനും നിര്‍ബന്ധം ചെലുത്തുകയും അല്ലാത്ത പക്ഷം വധിച്ചു കളയുമെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വാസം ഉപേക്ഷിക്കുകയോ മരണം വരിക്കുകയോ മാത്രമായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍. തികഞ്ഞ ഏക ദൈവാരാധകരായ അവര്‍ ഉറച്ച വിശ്വാസം വെടിഞ്ഞു യഹൂദികളാകാന്‍ ‍വിസമ്മതിച്ചു. തന്റെ കോട്ടയ്ക്കു സമീപം അഗ്നിയുടെ വലിയ കിടങ്ങുകള്‍ തീര്‍ത്ത്‌ വിശ്വാസികളെ മുഴുവന്‍ ചുട്ടെരിച്ച അതി ക്രൂരമായ രാജ നടപടിക്ക് ഉ‌ഖ്‌ദൂദ് നഗരം സാക്ഷിയായി. കണ്ണു നനയിച്ച ആ കാഴ്ചയില്‍ ഇന്നും വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉഖ്‌ദൂദെന്ന പ്രാചീന നഗരം. ഇരുപതിനായിരത്തോളം വിശ്വാസികളെയാണത്രെ ദു-നുവാസ് അഗ്നിനാളങ്ങള്‍ക്ക് വിഴുങ്ങാന്‍ കൊടുത്തത്. രാജാവും  കിങ്കരപ്പടയും അതു കണ്ട് ആര്‍ത്തു ചിരിച്ചുവെന്ന് ചരിത്രം!

വിശുദ്ധ ഖുര്‍ആന് ഈ സംഭവം (അസ്ഹാബുല്‍ ഉഖ്‌ദൂദ്) അനുസ്മരിച്ചു ഇപ്രകാരം പറയുന്നു:

"ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയിന്റെ ആള്‍ക്കാര്‍. അവര്‍ അതിനടുത്ത് ഇരിക്കുന്നവരായിരുന്നു. സത്യവിശ്വാസികളെ കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശ ഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ മേലുള്ള കുറ്റം" (വി. ഖുര്‍ആന് 85: 4-9)

എത്യോപ്യ (അബ്സീനിയ)  ഭരിച്ചിരുന്ന നീതിമാനായ നജ്ജാശി (നേഗസ്) രാജാവ് ദു-നുവാസിന് ശേഷം ഉഖ്‌ദൂദ് ജയിച്ചടക്കുന്നുണ്ട്. തന്റെ പ്രധിനിധിയായി അദ്ദേഹം അബ്റഹതിനെ അവിടെ നിശ്ചയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായം 105- ല്‍ പരാമര്‍ശിച്ച ആനക്കലഹ സംഭവത്തിലെ നായകന്‍ ഈ അബ്റഹതാണ്. പ്രവാചക തിരുമേനിയുടെ ആഗമനത്തോടെ ഉഖ്‌ദൂദ് നിവാസികള്‍ ഇസ്ലാമിന് കീഴ്പെട്ടു. നജ്റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പ്രവാചക സദസ്സില്‍ പലപ്പോഴും വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അവിടെ സ്ഥാപിക്കപ്പെട്ട പള്ളിയുടെ കല്‍ത്തറയും അവശിഷ്ടങ്ങളും ഇന്നും കാണാം. ഇന്നത്തെ നജ്റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്‌ദൂദ് പ്രദേശം. തൊട്ടടുത്തെല്ലാം ജനവാസമുണ്ട്. ചിത്രത്തില്‍ ഉഖ്‌ദൂദ് താഴ്‌വരയുടെ വിദൂരതയില്‍ കാണുന്ന മല കടന്നാല്‍ യമനായി. ഉഖ്‌ദൂദ് ഒരു Archeologically Protected Area കൂടിയാണ്. കാണുവാന്‍ കുറെയോന്നുമില്ലെങ്കിലും ചരിത്രത്തോട് ചേര്‍ത്ത് വായിക്കുമ്പോള് ‍അകം വിങ്ങുന്ന ഒരു അനുഭവമാണ് ഉഖ്‌ദൂദ്!.

നജ്റാന്‍ ‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രിയ സുഹൃത്തുമായ ശഫീഖിനും കുടുംബത്തോടുമൊപ്പം ഉഖ്‌ദൂദിലേക്കൊരു യാത്ര (11.05.2012)

 Entrance to the Archeological Site of  Ukhdood

 
ഉഖ്‌ദൂദിലേക്ക് ...
(WIth Prof. Shafeeq and Noonu Mol)
ഉഖ്‌ദൂദ്  താഴ്‌‌വര
ഉഖ്‌ദൂദ്  നഗരത്തിലേക്ക്

നഗര ശേഷിപ്പുകളിലൂടെ

കൊത്തിവെക്കപ്പെട്ട ലിപികള്‍

ദു-നുവാസിന്റെ കോട്ടയുടെ ഭാഗം

ചുട്ടെരിക്കപ്പെട്ടവരുടെ അസ്ഥികള്‍
(നിരവധി സ്ഥലങ്ങളില്‍ ‍ ഇങ്ങിനെ കാണാം)

ഉഖ്‌ദൂദ് നഗരം- മറ്റൊരു വീക്ഷണം

ഉഖ്‌ദൂദിലെ ആദ്യ പള്ളിയുടെ ശേഷിപ്പുകള്‍

Najran Museum

ഉഖ്‌ദൂദിലെ ലിപികള്
(@ Mesuem)
ഉഖ്‌ദൂദിലെ കലപ്പയും കപ്പിയും
(@ Mesuem)

ഉഖ്‌ദൂദ് നിവാസികള്‍ ഉപയോഗിച്ചിരുന്ന
പാത്രങ്ങള്‍ (@ Mesuem)

പ്രപഞ്ച നാഥനില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവിതം അഗ്നിയില്‍
ഹോമിക്കേണ്ടി വന്ന ഉഖ്‌ദൂദിലെ വിശ്വാസികളുടെ ഓര്‍മ്മക്കു മുന്‍പില്‍ പ്രാര്‍ഥനയോടെ...


Sunday, April 8, 2012

എല്ലാം കൃത്യം

പുതിയ 'ചാകര'
ജനവാസങ്ങളിലേക്ക്
കുടിയേറിയതിനാല്‍
ഇപ്പോഴിവിടെ
മാധ്യമ തമ്പ്രാക്കള്‍ക്കാ
വല വീശ്

എല്ലാം 'കൃത്യമാണ്'

എങ്കിലും പെന്‍സിലിന്റെ
മൂട്ടിലെ റബ്ബര്‍
പറയുന്നു...
"ആരും പെര്‍ഫെക്ടല്ല!"

Wednesday, April 4, 2012

സൂചന

ചെറിയ മനുഷ്യര്‍
വലിയ നിഴലുകള്‍
തീര്‍ക്കുമ്പോള്‍
ഒന്നുറപ്പിക്കാം...

വെളിച്ചം
അസ്തമിക്കാറായി
ഇരുള്‍ പതുക്കെ
പടികേറി
വരവായി!Sunday, March 4, 2012

സാഫല്യം

നിന്റെ ജന്മം
സഫലമായില്ലേ ?

ചേമ്പിലയില്‍ വീണ
മഴത്തുള്ളി ചോദിച്ചു

ചേമ്പില
കുണുങ്ങി തലയാട്ടി

മഴത്തുള്ളി...
മണ്ണില്‍ വീണ്‌
അപ്രത്യക്ഷമായി!

Saturday, February 25, 2012

നെടുവീര്‍പ്

നാല്‍ക്കവലയില്‍ പൊതുജനം വളഞ്ഞു വെച്ചു കൈകാര്യം ചെയ്യുന്ന ഒരുത്തനെക്കുറിച്ചുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

ജനം കൂടി നില്‍ക്കുന്നു...ചിലര്‍ കയ്യേറ്റം ചെയ്യുന്നുണ്ട്‌! വേറെ ചിലര്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒച്ചവെക്കുന്നു.  എന്തിനാണെന്ന് പോലുമറിയാതെ കൈകരുത്ത് കാണിക്കുന്നവരുമുണ്ട്‌!

എന്താ പ്രശ്നം?
"നാടു നീളെ നടന്നു പെണ്ണു കേട്ടുന്നവനാ..."

ഓഹോ
വേറെ ചാര്‍ജു വല്ലതും?
"ഉണ്ട്...സഞ്ചിയില്‍ ബോംബു നിര്‍മ്മാണം പഠിപ്പിക്കുന്ന രണ്ടു പുസ്തകങ്ങള്‍..."

പിന്നെ?
"ദിവ്യത്വം പറഞ്ഞ് ആയിരങ്ങളെ കബളിപ്പിച്ചിട്ടുമുണ്ടത്രെ..."
അതു ശരി!

"മാത്രമല്ല...അരയില്‍ നിന്ന് രക്തക്കറ പുരണ്ട ഒരു കത്തിയും പിടിച്ചെടുത്തിട്ടുണ്ട്"

ജനക്കൂട്ടത്തില്‍ നിന്നും അല്പം മാറി മുഖത്ത് സമ്മിശ്ര വികാരങ്ങള്‍
ചാലിച്ച തേജസ്സുറ്റ ഒരു മനുഷ്യന്‍! നാട്ടുകാരനാണെന്ന് തോന്നുന്നു ...
അയാളോടു കൂടി തിരക്കാമെന്നു വെച്ചു.

"ഈ പ്രതിയെ അറിയുമോ?"
ഉവ്വ്!

"എങ്ങിനെ?"
സ്ഥിരമായി എന്‍റെ വിലാസവും ശുഭവസ്ത്രങ്ങളും 'മുഖവും' മോഷ്ടിക്കാറുണ്ട്‌!!! ഇവന്‍ അതെല്ലാമുപയോഗിച്ച്  മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുകയും ചെയ്യുന്നു

"നിങ്ങളിത് ആരോടും പറയാറില്ലേ?"
ഉണ്ട്..പക്ഷെ എന്‍റെ ശബ്ദം പലരും കേള്‍ക്കാറില്ല...എല്ലാവരും ഇവനെ തുണക്കുന്നു...വേണ്ടത്ര അനുയായികളുമുണ്ട്. ആരെയും പണമെറിഞ്ഞു വീഴ്ത്തിയാണ് അവന്‍ കുതിക്കുന്നത്.
അതിനാല്‍ എന്‍റെ വാക്കുകള്‍ നേര്‍ത്ത് പോകാറാണ് പതിവ്...!

"താങ്കളാരാണ്?"
തെറ്റിദ്ദരിപ്പിക്കപ്പെട്ട...

"പേര്?"
മതം!!

ഓ...

"ഇതെല്ലാം കാണുമ്പോള്‍ അങ്ങ് എന്ത് പറയുന്നു?"
എന്തു പറയാന്‍...ഇവന്റെ അനുയായികള്‍ ഇതില്‍ വിദഗ്ദരാണ്. അവര്‍ ഈ നാടകം
തുടരും. കാലത്തെയും ലോകത്തെയും കൊഞ്ഞനം കുത്തി അവര്‍ വാഴും...എന്‍റെ വിലാസത്തില്‍!
ഇപ്പോഴെങ്കിലും നിങ്ങളവനെ തിരിച്ചറിഞ്ഞു പിടിച്ചല്ലോ.സന്തോഷ മുണ്ടെനിക്ക്.
നന്മയുടെയും തിരിച്ചറിവിന്റെയും തുരുത്തുകള്‍ ഇനിയും ബാക്കിയുണ്ട്‌.

ആര്‍പ്പുവിളികള്‍ക്കിടയില്‍ മതം ആശ്വാസത്തോടെ  നെടുവീര്‍പ്പിട്ടു.
പിന്നെ..., നേര്‍ത്ത പുഞ്ചിരിയോടെ ചമ്രം പടിഞ്ഞിരുന്നു!