Sunday, May 30, 2010

ചെകുത്താന്‍ ചിരിക്കുന്നു
ദിനപത്രങ്ങളില്‍ ദീന വാര്‍ത്തകള്‍
നിറയുമീ യുഗസന്ധി സന്നിഗ്ധം
ഭയചകിതം കലുഷിതം
ചാനലിലിരമ്പും ചൂടുള്ള 
ഗദ്ഗദം മര്‍ത്ത്യന്‍റെ നോവോ 
കനലോ കിനാവോ

ലോക വാര്‍ത്തയുണ്ടാ-
ഭ്യന്തരമുണ്ടാര്‍ത്തി പൂണ്ട
രുകൊലചെയ്യും നവ
ചോരക്കൊതിയരുടെ പടമുണ്ട്
'വെട്ടു'ണ്ട് തിരുത്തുണ്ട്
ചെമപ്പുതേച്ച വാള്‍ക്കത്തിയുണ്ട്‌

വഴിതെറ്റിയ 'ജിഹാദി'കള്‍ കുരക്കുന്നു
മാവോയിസ്റ്റുകള്‍ നാക്കുതൂക്കിക്കിതക്കുന്നു
'ശ്രീരാമ'സേനയും മുത്തലക്കുമാരും
നേത്രം തുറിപ്പിച്ചു ജയ് വിളി മുഴക്കുന്നു
കണ്ണൂരിലിപ്പൊഴും വടിവാളുയരുന്നു
കണ്ണീരുവീണീ മണ്‍തടം കുതിരുന്നു

കുരുതിക്കളങ്ങള്‍ എമ്പാടുമിണ്ടിവിടം
യമനും കറാച്ചിയു മി-
സതാംബൂളും ഡല്‍ഹിയും
ബാലിയും ജക്കാര്‍ത്തയും
മുംബെയും മുംബാസയും
അതിരും എതിരുമില്ലാ-
മുഴു മുക്കുമൂലയും

ദുരന്ത പര്‍വ്വങ്ങളില്‍
ചെകുത്താന്‍ ചിരിക്കുന്നു
ഇനിയും നിണം കാണാന്‍
കുടില്‍ കെട്ടിയിരിക്കുന്നു
സന്തോഷത്തിമര്‍പ്പിനാല്
‍കൈകൊട്ടി ചിരിക്കുന്നു
പൊന്‍തൂവല്‍ മിനുക്കിയവന്‍
തൊപ്പിയില്‍ തിരുകുന്നു

ആഗോള ശാന്തിയുടെ യ-
പ്പോസ്തലന്മാരെവിടെ
ഇവിടെ 'ക്രമം' തീര്‍ക്കും
വായാടി കൂട്ടമെവിടെ
ഭരണപുങ്കപ്പരിഷകളെവിടെ
ബലൂണ്‍ പോലെ വീര്‍ത്ത
വായുള്ള മാന്യരെവിടെ?

അഷ്ട ദിക്കിലും
രോദനം മുഴങ്ങുന്നു
അക്ഷമരായ് നമ്മള്‍
ദു:ഖം ഭുജിക്കുന്നു
ഒരു ശാന്തി ദൂതിനായ്
കേണു കേണിടറുന്നു
കൊലയൊരു കലയായ്
നിവചിച്ചീടുമ്പോ-
ഴൊരു ബോധിവൃക്ഷം
തപസ്സു ചെയ്തീടുന്നു!

നമ്മുടെയുള്‍ത്തടം
നന്മയാല്‍  നിറയട്ടെ
സ്നേഹത്തിന്‍ ഇളംകാറ്റില്‍
മനുഷ്യത്വം വിളയട്ടെ
ശാന്തിയുടെ ദൂതുമായ്
നാമ്പുകള്‍ ഉയരട്ടെ 
ഹിംസയുടെ തേറ്റകള്‍
തകര്‍ന്നടിഞ്ഞുടയട്ടെ!

Sunday, May 23, 2010

ഞങ്ങളും വിതുമ്പുന്നു; പ്രാര്‍ത്ഥിക്കുന്നു


ഈ വാര്‍ത്ത ഒരിടിനാദമായ്
പ്രതിധ്വനിക്കുന്നു
വല്ലാത്ത തീക്ഷ്ണതയില്‍
മിന്നലായ് പെയ്തിറങ്ങുന്നു
കനത്ത നൊമ്പരം 
നമ്മെ ഉലച്ചു മറിക്കുന്നു
നമ്മുടെ പ്രിയപെട്ടവര്‍
ഈ കുത്തൊഴുക്കില്‍
അസ്തമിച്ചു പോകുന്നു

നിറം മങ്ങിയ മോഹങ്ങള്‍
മിനുക്കാന്‍ പറന്നുവന്നവര്‍
കാതങ്ങള്‍ക്കപ്പുറെ നിന്നും
ധൃതിയില്‍ ‍ഓടിയടുത്തവര്‍
പെട്ടിയില്‍ നിറക്കാന്‍
കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍
അതിലേറെ, സ്വപ്‌നങ്ങള്‍ 
അടുക്കിയടുക്കിവെച്ചവര്‍
ഈ ദുരന്ത പര്യവസാനം
അഗ്നിയില്‍ നെയ്‌ത പരീക്ഷണം !!

പിഞ്ചോമനകളെ പുണര്‍ന്ന്
കത്തിയമര്‍ന്ന മാതാക്കളേ...
കാത്തിരുന്നവരെ തനിച്ചാക്കി
വിടപറഞ്ഞ നിഷ്കളങ്കരേ...
മക്കള്‍ക്ക്‌ വേണ്ടി കരുതിയ
മുത്തം വഴിക്കുവെച്ച്
വിനഷ്ടമായ ഹതഭാഗ്യരേ...
പെറ്റുമ്മയെ മാറോടു ചേര്‍ക്കാന്‍
കഴിയാതെ പോയ ദു:ഖപുത്രരേ...
ഈ മതിലിനിപ്പുറമുള്ള
ഞങ്ങളോട് കൈവീശാതെ
തിരിച്ചുപോയ പ്രിയരേ...

മറഞ്ഞു പോകാന്‍
അഗ്നിച്ചിറകിലേറി
നിങ്ങളെന്തിനു വന്നു
നിങ്ങളോടൊപ്പം ഞങ്ങളുടെ
മനസ്സും കത്തിയെരിയുന്നു
വല്ലാതെ തപിക്കുന്നു
അകത്തളം തേങ്ങുന്നു
ഉള്ളം വിതുമ്പുന്നു
ആകെ നീറിപ്പുകയുന്നു
ഈ ദു:ഖം ഞങ്ങള്‍
പകുത്തെടുക്കുന്നു
ഹൃദയത്തില്‍ പ്രാര്‍ത്ഥന
അലയടിച്ചുയരുന്നു
ഇത്, നമ്മുടെ
നിസ്സഹായതയുടെ വിളംബരം
നിസ്സാരതയുടെ പ്രതിബിംബം
ഓര്‍മയില്‍ കത്തിയാളുന്ന
ജീവന്‍ മണക്കും അദ്ധ്യായം
പാവം കുടുംബങ്ങളുടെ
ദീനവിലാപം ചേര്‍ത്ത കഥനം
ആഴത്തില്‍ ചിന്തിക്കാന്‍
ബാക്കിയായ നമുക്കൊരു പാഠം

നഷ്ടപെട്ടവര്‍ക്ക് കരുത്തുനല്‍കണേ
കാത്തു രക്ഷിക്കണേ...നാഥാ...

Monday, May 17, 2010

പ്രളയ മുക്തി


ഈ കൊടും പ്രളയത്തില്‍
നമ്മെ തുണക്കാന്‍
ഇനി നോഹയുടെ പെട്ടകമില്ല
ഊഷരതയില്‍ ജീവജലമേകാന്‍
മോശെയുടെ വടിയില്ല
കനത്ത പ്രഹരം തടുക്കാന്‍
ദാവീദു പണിത പടച്ചട്ടയില്ല
നമുക്ക് സൗധങ്ങള്‍ തീര്‍ക്കാന്‍
സുലൈമാന്‍റെ സൈന്യമില്ല
നമ്മുടെ സ്വപ്നങ്ങളെ
വ്യാഖ്യാനിച്ചു ചിറകു നല്‍കാന്‍
യൂസുഫിന്‍ സുന്ദര മുഖമില്ല
അഗ്നിയില്‍ നിന്നെഴുന്നേറ്റു വരാന്‍
ധീരന്‍ ഇബ്റാഹീമില്ല

പക്ഷെ...
യുഗങ്ങളുടെ വേഷപ്പകര്‍ച്ചകള്‍
തീര്‍ത്ത അജയ്യ ശക്തിയുണ്ട്
അവന്‍റെ തിരുനോട്ടമുണ്ട്
മലകളുടെ നാട്ടില്‍ പിറന്ന
മഹാമതിന്‍ മന്ത്രമുണ്ട്‌
മന:കോട്ടകളില്‍ നിറഞ്ഞാടുന്ന
നാംറൂദും ഖാറൂനും
ഹാമാനും ഫറോവമാരും
തകര്‍ന്നടിയാന്‍ തുടങ്ങട്ടെ
മനസ്സിന്‍റെ തീരങ്ങളില്‍
ഒലിവിലകളുമായി
വെള്ളരിപ്രാവുകളണയട്ടെ!

Tuesday, May 11, 2010

നഖക്ഷതങ്ങള്‍

ഗൃഹാതുരതയുണര്ത്തുന്ന ചില ചിത്രങ്ങള്‍ അയച്ച് ഒരു സുഹൃത്ത്‌ പറഞ്ഞു "ഇതിനെക്കുറിച്ച്‌ എന്തെങ്കിലുമെഴുതൂ..." അങ്ങിനെ ഈ പോസ്റ്റുണ്ടായി.

പലതും...
അന്യമായിക്കൊണ്ടിരിക്കുന്നു
ഗ്രാമ്യമായ ഹരിതാഭ
നമ്മുടെ മനസ്സില്‍
വിളക്കിചേര്‍ത്ത
ഗൃഹാതുരതയാണ്
യാന്ത്രികതയുടെ
സമയമില്ലായ്മയില്‍
ബന്ധങ്ങള്‍ ഇല്ലാതാകുന്നു
വിയര്‍പ്പിന്‍റെ മണം
വിലകൊടുത്തു വാങ്ങാന്‍
വിധിക്കപ്പെട്ട
പുതിയ തലമുറക്ക്
നാം നുണഞ്ഞ
അനുഭവങ്ങളുടെ തനിമ
സ്വപ്നത്തിലും സ്വപ്നം
കാണാനാവാത്ത കനി

പുതിയ പാഠ പുസ്തകങ്ങള്‍ക്ക്
വല്ലാത്തൊരു സുഗന്ധമായിരുന്നു
ഒരു പുഷ്പവും നല്‍കാത്ത;
ഉറവ ഏതെന്നറിയാത്ത,
ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന
നിത്യമായ സുഗന്ധം!
ഇന്നും കൂട്ടിനുള്ള സുഗന്ധംപുസ്തകങ്ങള്‍ ഭദ്രമായിക്കെട്ടി
സ്കൂളിലേക്ക് പുറപ്പെടും
കാറ്റില്‍ ഉലഞ്ഞാടി കുട 'അമ്പടം' മറിയും
മഴയത്തു നനഞ്ഞു കുതിര്‍ന്നു നടക്കും
പെരുമയും ഉശിരും നടിച്ചു
കൂട്ടുകാരുമായി അടിപിടി കൂടും
വസ്ത്രവും പുസ്തകവും കീറും
മുഖവും കഴുത്തും മാന്തിപ്പറിക്കും
നഖക്ഷതങ്ങള്‍ സംസാരിക്കുംമകരമാസ തണുപ്പില്‍
ഉണങ്ങിയ പ്ലാവില കൂട്ടി തീ കായും
മഞ്ഞുവീണ് ആര്‍ദ്രമായ ഇലകളില്‍
തീ പടരാന്‍ മടിച്ചു നില്‍ക്കും
എല്ലാം കഴിയുമ്പോള്‍
ദേഹമാസകലം പുകയുടെ മണം നിറയും
പര പര വെളുക്കുവോളം
കൂനിക്കൂടിയിരിക്കുംമഴക്കാലത്ത് തോട്ടിലും കുളത്തിലും
മലക്കം മറിഞ്ഞും ഊളിയിട്ടും
ചാടി ച്ചാടിത്തിമര്‍ക്കും
കണ്ണ് ‘മുട്ടയിടുവോളം’ മുങ്ങിക്കളിക്കും
ആര്ത്തും ചൂളം വിളിച്ചും
മുങ്ങാന്‍ കുഴികളിടും
തണുത്തു വിറച്ചു വിറങ്ങലിച്ച്
കിട് കിട് കിടാന്നു പറയും


പ്ലാവിന്മുകളില്‍ കയറി
ചക്ക പറിക്കും
മാവിന്റെ ഏഴാം ചുള്ളിയില്‍
നിന്ന് മാങ്ങയും
പറങ്കി മാങ്ങ കടിച്ചുകീറും
പപ്പായ കറ കിറെന്നു ശാപ്പിടും
ഇളനീര്‍ മാതളം പേരക്ക
ഞാവല്‍പഴം അത്തിപ്പഴം...
പ്രകൃതിയുടെ രുചിയറിയുംപന്തു കളിക്കാന്‍
തരികിട പിരിവെടുക്കും
കട്ടിയുള്ള ബലൂണ്‍ വാങ്ങി
തുണിക്കഷ്ണം ചുറ്റി
ചരടു വലിച്ചു വരിഞ്ഞു കെട്ടി
കാല്‍ പന്ത് കളിക്കും
എല്ലാത്തിനും പരിചയ
സമ്പന്നര്‍ കാണും
അവരെ സോപ്പിട്ടും
കാണിക്ക കൊടുത്തും
സംഗതി നേടും

തെങ്ങോലയില്‍ നിന്ന് പീപിയുണ്ടാക്കും
ചില മണ്ടൂസുകള്‍ ഊതിയാല്‍
പീപി മൌനം പാലിക്കും
ഊതാനറിയാത്ത 'മണകുണാഞ്ഞന്മാര്‍'
ഓല ചക്രവും ഓല പാമ്പും
ഓല തുമ്പിയുമുണ്ടാക്കും
ചക്രവണ്ടി ഉരുട്ടിയുരുട്ടി
ഓലച്ക്രം കീറും
കൂമന്‍ കേടാക്കിയ തേങ്ങാ തൊണ്ടില്‍
ഈന്തിന്‍ പട്ട കയറ്റി ഉരുട്ടിക്കളിക്കും
ചകിരി പിഞ്ഞിപ്പിഞ്ഞി
‘ഉശിരന്‍' വണ്ടിയാകും
ബോംബയും മൈസൂരും
കോഴിക്കോടും ബംഗ്ലൂരുമൊക്കെ
യാത്ര പോയി വരുംവഴിവക്കിലെ തേന്മാവിന് ചുവട്ടില്‍
കാറ്റ് വരുന്നതും കാത്തിരിക്കും
കാറ്റ് പാഞ്ഞു പോകുമ്പോള്‍
പഴു പഴുത്ത മാമ്പഴങ്ങളെ
തള്ളി താഴെയിടും
കണ്ണും ദിക്കുമുള്ളവന്‍
അതു നൊട്ടി നുണയും
മറ്റൊരു കാറ്റിന്‍റെ
വരവിനു കാതോര്‍ക്കും
വൈകുന്നേരങ്ങളില്‍ വലിയവരുടെ
പന്തുകളി കാണാന്‍ പോകും
കളിക്കളം കടന്നു പുറത്ത് പോകുന്ന
പന്തെടുക്കാന്‍ ആക്രാന്തം കാട്ടും
ഗോള്പോസ്റ്റിനു പിറകില്‍ കാത്തിരിക്കും
ചിലപ്പോള്‍ വയറ്റത് ശക്തമായി വന്നടിക്കും
കണ്ണില്‍ പൊന്നീച്ച പാറും !
പുറമേ ധൈര്യപൂര്‍വ്വം ചിരിക്കും
കഥ വീട്ടിലറിയും, ജഗപൊഗയാകും


പാട വാക്കിലെ ചെറു ചാലില്‍ നിന്ന്
മുണ്ടു കോരി മീന്‍ പിടിക്കും
കെണിയില്‍ പെട്ട ചെറു മീനുകള്‍
കുപ്പികളില്‍ കണ്ണു തുറിപ്പിച്ച്
അങ്ങുമിങ്ങും ഓടിനടക്കും
മീന്‍കുഞ്ഞുങ്ങളോട് സാമ്യമുള്ള
മാക്രിമക്കളെ പിടിച്ചു സ്വയം
പല്ലിളിച്ചു വിഡ്ഢികളാകുംപടക്കവും പൂത്തിരിയും
കൊതിയോടെ തിരികൊളുത്തും
വലിയ ഗമയില്‍ നില്‍ക്കും
കൈവിരല്‍ പൊള്ളും
ആരും കാണാതെ പിന്നോട്ടു വലിയും
അടുത്ത ചോറും കറിയുമാകുമ്പോള്‍
സംഭവം പുറത്തറിയും
കുടുംബങ്ങളിലേക്ക്‌ വിരുന്നു പോകും
അവിടെ അതിഥിയായി വിലസും
കളിയും വഴക്കും കലഹവും
കുതൂഹലവും നിറയും
രാത്രി കഥ പറഞ്ഞു കഥ പറഞ്ഞു
ഉറക്കത്തിലേക്കു വഴുതും
ദിവസങ്ങള്‍ ആഴ്ചകളാകും
അടുത്ത വിരുന്നു കാലത്തിനായി
വൃക്ഷികക്കാറ്റിനായി
കണ്ണി മാങ്ങക്കായി
കളിക്കൂട്ടങ്ങള്‍ക്കായി
കുസൃതികള്‍ക്കായി
പ്രതീക്ഷയോടെ കാത്തിരിക്കും
**********x*************

Saturday, May 8, 2010

വീണ്ടും രാവണം


കണ്ണു കാണാത്തോര-
ന്ധന്റെ രോദനം
വിണ്ണിന്‍ ശോകം
വിലാപ കാവ്യം
കൈകാലു ശോഷിച്ചോ
രുണ്ണിയുടെ ദൈന്യത
മണ്ണിലെ കൂട്ടര്‍ക്ക്
പാഠ ഭാഗം

ശത്രു വന്നിന്നു
പുറം തോലുരിക്കുന്നു
മിത്രമോ കമ്പിളി
കവര്‍ന്നു മാറ്റീടുന്നു
വിപ്രതിപത്തിയാം
ചില്ലിട്ട നേത്രങ്ങള്‍
ഗനധര്‍വ്വനെയും
പിശാചായ് കാണുന്നു

ഉത്തരം ചോരുന്നു
തായമാര്‍ നീറുന്നു
നടവരമ്പിന്‍ വക്കിലൊരു
വൃദ്ധ കേഴുന്നു
കുടിലില്‍ നിന്നൊരു
ദീര്‍ഘ നിശ്വാസമുയരുന്നു
കടമേറ്റ കര്‍ഷകന്‍
കയറുമായ് നീങ്ങുന്നു

ഇരുപതിന്‍ പടികടന്നു-
ഴലുന്ന പൊന്‍മോള്‍ക്ക്
ഇടറുന്ന പാദങ്ങള്‍
ചെറുതോണി തിരയുന്നു
കനിവുറവ വറ്റി
മനം വിണ്ടുകീറിയ
രാവണന്‍മാരിവിടെ
രാജരായ് വാഴുന്നു

Tuesday, May 4, 2010

യാത്രികന്‍റെ സംസാരം

ജിദ്ദയില്‍ 3 വര്‍ഷക്കാലത്തെ താമസം വിശാല സൗഹൃദം സമ്മാനിച്ചു.
ജോലിസ്ഥലം മാറല്‍ അനിവാര്യതയായി ഒരുഭാഗത്ത്.
സ്വഗൃഹം പോലെ ജിദ്ദയും സ്നേഹവലയവും മറു ഭാഗത്ത്
ഒടുവില്‍ എന്‍റെ സംസാരം കഴിഞ്ഞ  മാര്‍ച്ച് 28 നു
ഭാണ്ഡമൊരുക്കുമ്പോള്‍
അരുതെന്നു പറയാം
സ്നേഹം തേനില്‍ ചാലിച്ചു
ചുണ്ടില്‍ പുരട്ടാം
കരള്‍ വലിച്ചു വേര്പെടുത്താം
എന്‍റെ വിയര്‍പ്പു പുരണ്ട വസ്ത്രം
അലമാരയില്‍ തൂക്കാം
കുറിച്ചിട്ട താളുകള്‍
പൊടിതട്ടിയെടുക്കാം
ആള്‍കൂട്ടത്തില്‍
അമരനായി പ്രതിഷ്ടിക്കാം
വിറങ്ങലിച്ച കവിളില്‍
അമര്ത്തിച്ചുംബിക്കാം
ആലിംഗനം ചെയ്തു
വീര്‍പ്പു മുട്ടിക്കാം
നനുത്ത ഓര്‍മ്മകള്‍ക്ക്
തിരി കൊളുത്താം
കണ്ണീരുവീണു നിറം മങ്ങിയ
കടലാസു തുണ്ടില്‍
അക്ഷരക്കവിത തീര്‍ക്കാം
വാക്കുകളുടെ അസ്ത്രം തൊടുത്ത്
എന്‍റെ നെഞ്ചകം പിളര്‍ക്കാം
എല്ലാം നിങ്ങളുടെ അവകാശം
പകരം ഞാനെന്‍റെ
ചങ്കു പറിച്ചു നല്‍കുന്നു
അതു നിങ്ങള്‍
ഏറ്റു വാങ്ങിയെ തീരൂ
കാരണം...
അതുകൂടെ നിറച്ചാല്‍
എന്‍റെ ഭാണ്ഡം
എരിഞ്ഞു വെണ്ണീറാകും !