Friday, July 20, 2012

മനസ്സാണ് പ്രമേയം

രീരത്തെ ബാധിക്കുന്ന വ്യാധികള്‍ നിര്‍ണ്ണയിച്ച് മരുന്ന് നിര്‍ദേശിക്കുന്നവരാണ് സാധാരണ ഡോക്ടര്‍മാര്‍. എന്നാല്‍ ഒരു മനോരോഗ വിശാരദന്‍ രോഗിയുടെ മനസ്സാണ് ച്കില്‍സിക്കുക. വൈദ്യശാസ്ത്രത്തിന്റെ പരമ്പരാഗത മരുന്ന് സങ്കല്പങ്ങളെ അതിജയിച്ച് രോഗിക്ക് ശാശ്വത മുക്തി നല്‍കുന്ന പരിചയ സമ്പന്നരായ എത്രയോ മനോരോഗ വിദഗ്ദരെ നമുക്കറിയാം. എത്തിപ്പിടിക്കാന്‍ കഴിയാത്ത സമസ്യകളുടെ കലവറയായ മനുഷ്യ മനസ്സിനെയാണ്‌ ഇവിടെ ചികിത്സക്ക് വിധേയമാക്കുന്നത്. മസ്തിഷ്കമെന്ന മഹാത്ഭുതവുമായി ബന്ധപ്പെട്ടു കിടക്കുന്ന അനിര്‍വചനീയമായ ഒരു പതിഭാസം!. പഞ്ചേന്ത്രിയങ്ങളിലൂടെ സ്വാംശീകരിക്കുന്ന പതിനായിരക്കണക്കിനു വിവരങ്ങള്‍ മസ്തിഷ്കം കൈകാര്യം ചെയ്യുന്നതും സൂക്ഷിച്ചു വെക്കുന്നതും എങ്ങിനെയാണെന്ന് ഇപ്പോഴും ശാസ്ത്രത്തിനു മുന്‍പില്‍ ചോദ്യ ചിഹ്നമാണ്. വിചാരങ്ങളുടെ കേന്ദ്രം പ്രത്യക്ഷത്തില്‍ മസ്തിഷ്കമാണെങ്കില്‍ പിന്നെ എന്താണ് മനസ്സ് എന്ന ചോദ്യവും പ്രസക്തമാണ്.

ശരീരത്തെ പോലെ മനസ്സിനും ആരോഗ്യവും രോഗാതുരതയുമുണ്ട്. ഒരു വ്യക്തിയുടെ മനോനിലയില്‍ ചില പ്രത്യക്ഷ പിഴവുകള്‍ കാണുമ്പോള്‍ അതൊരു മനോവൈകല്യമായി വിലയിരുത്തപ്പെടുന്നു. അതിനാൽ ആരോഗ്യമുള്ള മനസ്സ് ഏറ്റവും വലിയ ഒരനുഗ്രഹം തന്നെയാണ്. പഠനത്തിന്റെ അടിസ്ഥാന ലക്‌ഷ്യം പോലും അപ്രകാരമാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. 'Education is the process of creating sound mind in the sound body' എന്ന അരിസ്റ്റോട്ടില്‍ വ്യാഖ്യാനം നമുക്ക് പരിചിതമാണ്. നല്ല കായിക ബലമുള്ള ഒരാള്‍ ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ കഴിയാതെ ജീവനൊടുക്കുന്നത് ശാരീരിക പുഷ്ടി കുറഞ്ഞത്‌ കൊണ്ടല്ല, മറിച്ച് മനസ്സിന്റെ ബലക്ഷയം കൊണ്ടാണ്. അനാവശ്യ മരുന്നുകള്‍ കുറിച്ചും ടെസ്റ്റുകള്‍ നിര്ദേശിച്ചും രോഗികളെ പിഴിയുന്ന ഒരു ഡോക്ടര്‍ സത്യത്തില്‍ തന്റെ മുന്‍പിലിരിക്കുന്ന രോഗിയേക്കാള്‍ രോഗാതുരനാണെന്ന് പറയേണ്ടി വരും- ഈ അര്‍ത്ഥത്തില്‍!. ഇവിടെയാണ് മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യം കടന്നുവരുന്നത്.

യഥാര്‍ത്ഥത്തില്‍ ശരീരത്തെപ്പോലെത്തന്നെ ആത്മാവിനും ഭക്ഷണവും പരിചരണവും ആവശ്യമുണ്ട്. ആത്മീയ ചിന്തകളും പരിശീലനവും കര്‍മ്മങ്ങളുമാണ്‌ ആത്മാവിനു നല്‍കാവുന്ന ഭക്ഷണം. പക്ഷെ ജീവിതത്തിന്റെ തിക്കിനും തിരക്കിനുമിടയില്‍ ശരീരബന്ധിതമായ ആവശ്യങ്ങള്‍ക്കു തന്നെ സമയം തികയാതെ മഹാഭൂരിഭാഗവും വലിയ നെട്ടോട്ടത്തിലാണ്. ക്ഷീണിച്ച മനസ്സും ആത്മാവുമുള്ളവര്‍ ഈ ധൃതിക്കിടയില്‍ എവിടെയും കുഴഞ്ഞു വീഴാം.

വിശുദ്ദ റമദാന്‍ മനസ്സിനെ ബലപ്പെടുത്തുവാനും ആത്മീയ ഔന്നിത്യം വരിക്കാനുമുള്ള മാസമാണ്. ഈ ഇനത്തില്‍ മതം നിശ്ചയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മം. ഇബ്നു ഖയ്യിം വ്രതത്തെ ഇങ്ങിനെ വ്യാഖ്യാനിച്ചിട്ടുണ്ട്- "ഓരോ അവയവത്തെയും നോമ്പ് ശാന്തമാക്കുന്നു. ഓരോ ശക്തിയെയും തളച്ചിടുകയും കടിഞ്ഞാണിട്ടു നിയന്ത്രിക്കുകയും ചെയ്യുന്നു. അപ്പോള്‍ നോമ്പ് ഭക്തന്മാരുടെ കടിഞ്ഞാണും യോദ്ധാക്കളുടെ പരിചയും പുണ്യവാന്മാരുടെയും ദൈവ സാമീപ്യം ലഭിച്ചവരുടെയും സാധനയുമാകുന്നു" (സാദുല്‍ മ'ആദ്)

ഹിന്ദു മതത്തിലും ബുദ്ധ-ജൈന മതങ്ങളിലും ക്രൈസ്തവ-ജൂത സംഹിതകളിലുമൊക്കെ വ്രതത്തിന്റെ പല ഭാവങ്ങള്‍ കാണാന്‍ കഴിയും. ഹിന്ദു മതത്തില്‍ അഗ്നിപുരാണ പ്രകാരം പാപത്തില്‍ നിന്ന് ഉപാവര്‍ത്തനം ചെയ്തു വിരമിച്ച് നടത്തുന്ന വാസമാണ് ഉപവാസമായി പരിചയപ്പെടുത്തുന്നത്. കഴിഞ്ഞു പോയ സമൂഹങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമായിരുന്നുവെന്ന കാര്യം ഖുആന്‍ പ്രത്യേകം അനുസ്മരിപ്പിക്കുന്നുമുണ്ട് (ഖുര്‍ആന്‍- 2:183).

ഇസ്‌ലാം പരിചയപ്പെടുത്തുന്ന വ്രതത്തിന്റെ രൂപം സര്‍വ്വവിധേനയും സമ്പൂര്‍ണ്ണമാണ്. മാനസികവും ആത്മീയവുമായ ഉണര്‍വ്വിന് എന്തെല്ലാം ഘടകങ്ങള്‍ ആവശ്യമാണോ അതെല്ലാം റമദാന്‍ വ്രതത്തില്‍ സമ്മേളിച്ചിട്ടുണ്ട്. മനുഷ്യ കുലത്തിനു മാര്‍ഗ്ഗ ദര്‍ശകമായി പ്രപഞ്ച നാഥന്‍ കനിഞ്ഞേകിയ വിശുദ്ധ ഖുര്‍ആന്റെ അവതരണം ആരംഭിച്ച മാസം കൂടിയാണ് റമദാന്‍. ഇരുള്‍ക്കയങ്ങളില്‍ നിന്ന ആത്മീയ വളര്‍ച്ചയുടെ വിഹായസ്സിലേക്ക് മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്യുകയാണ് സത്യത്തില്‍ ഖുര്‍ആന്‍ ചെയ്യുന്നത്. ഭൌതികവും പാരത്രികവുമായ ജീവിതത്തെ വളരെ ഗൌരവത്തോടെ സമീപിക്കുന്ന ഈ ഗ്രന്ഥം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവം. കേട്ടുകേള്‍വികളോ കഷ്ണിച്ചു പരിചയപ്പെടുത്തിയ സുക്തങ്ങളോ അല്ല ഖുര്‍ആന്‍. അതിനപ്പുറം പലതുമാണ്. യാതൊരു സംശയവുമില്ലാത്തത് (ഖുര്‍ആന്‍- 2:2 ) എന്ന ഉറച്ച ആധികാരികത സ്വയം ഉറക്കെ പറയുന്ന ലോകത്തിലെ ഏക ഗ്രന്ഥം! വായനക്കാര്‍ അവരുടെ വായനയിലും പരിശോധനയിലും വിട്ടു പോകാന്‍ പാടില്ലാത്ത ദൈവിക വചനങ്ങളുടെ സമാഹാരം.

"ഹേ... മാനവ സമൂഹമേ ..." എന്ന് ഒട്ടനേകം തവണ ഉച്ചത്തില്‍ വിളിച്ചു കാര്യങ്ങള്‍ സംസാരിക്കുന്ന ഖുര്‍ആന്‍ സകല മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. അവതരണ മാസത്തില്‍ ഖുര്‍ആനെ അടുത്തറിയാന്‍ നമുക്ക് കഴിയട്ടെ. അത് പരിചയപ്പെടുത്തുന്ന ഉയര്‍ന്ന മനോനിലയും ആത്മീയ വശവും തൊട്ടറിയാന്‍ സാധിക്കട്ടെ. അതാണ്‌ റമദാന്‍ ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നത്. "തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന് വിജയിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു. (ഖുര്‍ആന്‍-91:9-10). മനുഷ്യ ശരീരമല്ല മനസ്സാണ് ഖുര്‍ആന്റെ പ്രമേയം; റമദാനിന്റെയും!

Sunday, July 1, 2012

ഒരാത്മഗതം










ജനല്‍ പാളിയിലൂടെ
പതുക്കെ നോക്കൂ
പ്രാരാബ്ധങ്ങളുടെ
ഇരുണ്ട പുക
പൊങ്ങുന്നത് കാണാം

എന്റെ വിഭവങ്ങളുടെ
ഗണിതവും ശാസ്ത്രവും
കറിയുടെ കട്ടിയും
എന്നിട്ടുമെന്തേ
ശരിക്കും ശരിപ്പെടാതെ?

ചില
ചുടു നിശ്വാസങ്ങളെ
നാം ഏറെ ഭയപ്പെടുക,
കാരണം...
നമ്മെ കരിച്ചു കളയാന്‍
അഗ്നിയെക്കാള്‍
ശക്തിയുണ്ടവക്ക്!