Saturday, February 23, 2013

രണ്ടു ചിത്രങ്ങള്‍


ചക്രവാളത്തിൽ
ചെഞ്ചായം പൂശി 
സമുദ്രപ്പരപ്പിലേക്ക് 
ഊര്‍ന്നിറങ്ങി 
കൈവീശി മറയുന്ന 
സൂര്യനെ നോക്കി 
മെഴുകുതിരി പറഞ്ഞു ;
പോയ്‌ വരൂ... 
ഞാന്‍ 
ഏറ്റെടുത്തോളാം!

പറയുന്ന നാവും 
കേള്‍ക്കുന്ന കാതും 
കാണുന്ന കണ്ണും 
അരുതായ്മകളില്‍ 
ഉടക്കി ഉഴലുമ്പോള്‍ 
മൂകനും ബധിരനും 
പിന്നെ അന്ധനും 
എന്നെ എപ്പഴോ 
അതിജയിക്കുന്നു!

Sunday, February 17, 2013

പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു വിളിക്കുന്നു

എഴാമത് പുഷ്പപ്രദര്‍ശന മേളക്ക് യാമ്പു ഒരുങ്ങിക്കഴിഞ്ഞു. ചെങ്കടലിന്റെ തീരത്ത്  ഇനി പുഷ്പ വസന്തത്തിന്റെമനോഹര ദിനരാത്രങ്ങള്‍. സുന്ദര പുഷ്പങ്ങള്‍ തലയിൽ ചുമന്ന് കൊച്ചു ചെടികള്‍ താളം പിടിച്ചു തുടങ്ങി. നമ്മെ കാണുമ്പോള്‍ ആ താളം കൂടുതൽ ചടുലമാകാതിരിക്കില്ല!. വ്യാവസായികക്കുതിപ്പിനിടയിലും ഗ്രാമ്യമായ അനുഭൂതി പകര്‍ന്നു നല്‍കുന്ന ജനകീയ ആഘോഷമാണ് യാമ്പുവിലെ പുഷ്പ പ്രദര്‍ശനം.



സൗദി അറേബ്യയില്‍ ജിദ്ദ മഹാനഗരത്തില്‍ നിന്ന് 350 കി. മി  വടക്ക് പടിഞ്ഞാറ് മാറി  സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക  നഗരമാണ് യാമ്പു. ചെങ്കടല്‍ തീരത്ത്‌ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്രത്താളുകളില്‍ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാന്‍ സാധിക്കും. ചരിത്രമുറങ്ങുന്ന ബദ്റിനും യാമ്പുവിനുമിടയില്‍ വെറും 90 കി. മി മാത്രമാണ് ദൂരമുള്ളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 230 ഉം പരിശുദ്ധ മക്കയിലേക്ക് 370 കി മി ദൂരം.

യമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സുഗന്ധങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ മുതലായവയുടെ വ്യാപാരത്തില്‍ പുരാതന കാലം മുതലേ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിന്റെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതല്‍ തന്നെ മദീനയിലേക്കുള്ള സന്ദര്‍ശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്-അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു.



1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്റെയും പെട്രോ കെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്‌ട്ര കയറ്റുമതിയില്‍  മധ്യപൂര്‍വ ദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ 'റോയല്‍ കമ്മീഷന്‍' ഈ കുതിപ്പിന് ഊർജ്ജം പകരുന്നു. വ്യാവസായിക നഗരങ്ങളായ ജുബൈല്‍, യാമ്പു എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഭരണ വിഭാഗം പ്രവര്‍ത്തിക്കുന്നത് (Royal Commission for Yanbu and Jubail). പെട്രോളിയം- പെട്രോ കെമിക്കല്‍ മേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, വ്യാവസായിക ഊര്‍ജ്ജ മുന്നേറ്റം സാധ്യമാക്കുക എന്നിവ റോയല്‍ കമ്മീഷന്‍റെ പ്രധാന ലകഷ്യങ്ങളാണ്. യാമ്പു അല്‍ -സനാഇയ്യ എന്ന പേരിലാണ് വ്യാവസായിക ഏരിയ അറിയപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും റോയല്‍ കമ്മീഷന്‍റെ നിയന്ത്രണത്തിലാണ്. ചേര്‍ന്നു നില്‍ക്കുന്ന റസിഡന്‍സ് ഏരിയ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നു. എല്ലാത്തിലും ഉന്നത നിലവാരം പുലർത്തി  മുപ്പതോളം ചതുരശ്ര കിലോമീറ്റർ ചുറ്റളവില്‍ ഇത്  വ്യാപിച്ചു കിടക്കുന്നു. 



റോയല്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തിലാണ് ഓരോ വര്‍ഷവും യാമ്പു പുഷ്പ പ്രദര്‍ശനമേള നടക്കുന്നത്. ഏഴാമത് മേള ഫെബ്രു 18 മുതല്‍ മാര്‍ച്ച് 7 വരെയാണ് തികച്ചും സൗജന്യമായി ഒരുക്കുന്ന മേളയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി  വിവിധയിനം മത്സര പരിപാടികളും കലാ പ്രകടനങ്ങളും അരങ്ങേറും. നിരത്തുകളും വിദ്യാലയങ്ങളും ഓഫീസുകളും ഉദ്യാനങ്ങളും വര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ്ഞ ചെടികള്‍ കൊണ്ട് അലങ്കരിച്ചു  കഴിഞ്ഞു. പ്രധാന വീഥികളുടെയെല്ലാം വശങ്ങളില്‍ കിലോ മീറ്ററുകള്‍ നീളുന്ന പുഷ്പ പരവതാനികള്‍ തയ്യാറായി.



യാമ്പു ജിദ്ദ ഹൈവേയോടു  ചേര്‍ന്ന് നില്‍ക്കുന്ന അതിവിശാലമായ ഒക്കേഷന്‍ പാര്‍ക്കാണ് പ്രദര്‍ശനത്തിന്റെ പ്രധാന കേന്ദ്രം. എഴായിരത്തില്‍ പരം ഇനം ചെടികളില്‍ വിരിഞ്ഞു പുഞ്ചിരി തൂകി  നില്‍ക്കുന്ന ലക്ഷക്കണക്കിന്‌ പൂക്കള്‍ തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം വാക്കുകളില്‍ ഒതുങ്ങാത്ത വര്‍ണ്ണനയാണ്. പ്രത്യേക കലാ ചാരുതയോടെ നൂറുക്കണക്കിന് ച്തുരശ്ര മീറ്റര്‍ വ്യാപ്തിയില്‍ ചെടികള്‍ നട്ടാണ് പുഷ്പപരവതാനി ഒരുക്കുന്നത്.



കരകൌശല വസ്തുക്കള്‍അറേബ്യന്‍ പഴമ വിളിച്ചോതുന്ന ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍വിവിധയിനം പക്ഷികള്‍അലങ്കാര മത്സ്യങ്ങള്‍പൂക്കളുടെയും ചെടികളുടെയും പ്രദര്‍ശനംവില്പന തുടങ്ങിയ വൈവിധ്യങ്ങള്‍ പുഷ്പമേളക്ക് കൊഴുപ്പേകും. മരുഭൂമിയുടെ മുഴുവന്‍ വരള്ച്ചക്കും വിരസതക്കും വിട നല്‍കി സ്വദേശികളുടെയും വിദേശികളുടെയും മനസ്സില്‍  വര്‍ണ്ണങ്ങളുടെയും  സുഗന്ധത്തിന്റെയും  പുഷ്പവൃഷ്ടിയുടെയും  വിസ്മയക്കാഴ്ചകൾ നിറക്കുന്ന  പതിനഞ്ചു ദിനങ്ങളിനി യാമ്പുവിന്റെ രാപ്പകലുകളെ എറെ ധന്യമാക്കും!



സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ വന്ന് ഓരോവര്‍ഷവും ഈ വസന്തോല്‍സവത്തില്‍  പങ്കാളികളാകുന്നു. കഴിഞ്ഞ വര്ഷം ആറാമത് പുഷ്പമേളയില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ്  കണക്ക്. 

എങ്കില്‍ പുറപ്പെട്ടോളൂ ... ഇനി വൈകിക്കേണ്ട!



പുഷ്പ പരവതാനികള്‍ വിരിച്ച് യാമ്പു കാത്തിരിക്കുന്നു...

Thursday, February 7, 2013

വരള്‍ച്ച

                                                        പുല്‍ച്ചാടികള്‍ മരിച്ചു
തവളകള്‍ ചത്തുണങ്ങി
സൂര്യന്‍റെ കനലില്‍
ഗ്രാമ മനസ്സു വെന്തു
നിശ്വാസങ്ങളില്‍ നിന്ന്
തീ പടര്‍ന്നു
കുഞ്ഞു കാലുകളില്‍
വാര്‍ധക്യം വിണ്ടുകീറി

റവകള്‍ ശ്രുതി
ചങ്കില്‍ കുരുങ്ങി
മെല്ലെ നിലംപൊത്തി
അകിടിനു  താഴെ 
പാല്പാത്രങ്ങളില്‍
രക്തകണങ്ങള്‍ നേര്‍ത്ത
ചിത്രങ്ങള്‍ വരച്ചു

രയുന്ന പാടവരമ്പില്‍
വൃദ്ധന്‍
ഗതകാലം നുണഞ്ഞു
അയാളുടെ കണ്ണുനീര്‍
പൊട്ടിയ നിലം
അമൃതായി ഏറ്റുവാങ്ങി!

Monday, February 4, 2013

ചുറ്റുവട്ടം

                                                   ആള്‍ മരം 
ബോണ്‍സായ് 
എന്നു കരുതി 
ചട്ടിയില്‍ നട്ട് 
റൂമില്‍ വെച്ചത്
ആല്‍മരമായി 
വളര്‍ന്നാല്‍
മോന്തായം 
മൂര്‍ദ്ധാവില്‍ 
അമ്പും; പിന്നെ
നട്ടവര്‌ ബൌണ്‍സാകും!



മുറിപ്പാവാട 
ചിലര്‍ 
ബോബനും മോളിയും
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
അതേ മുറിപ്പാവാട
അതേ വള്ളിട്രൌസറും
വിക്രിയകളും!



പല്ലിക്കാലം 
പള്ളി പണിതു
പുണ്യം തേടിയവര്
പല്ലികള്‍ക്ക് 
കാതോര്‍ക്കുന്നു
പള്ളിയേക്കാള്‍
പല്ലി വലുതായാല്‍
പിന്നെ ഒരു കെട്ട്
പുല്ലു തിന്നലാ ഭേദം