Saturday, September 25, 2010

മലയാളത്തനിമ കാക്കുക

ജ്ഞാനപീഠം എന്നു കേട്ടപ്പൊ
കാസര്‍കോഡു ബന്തടുക്കയിലുള്ള
കണാരന്‍മാഷ്‌ പറഞ്ഞു
"ണമ്മളുക്കു വളിയ സന്തോസം ആയി
ഇത് ഒറു ണള്ള ബഹുമധിയാണ്
എന്ന കാര്‍യത്തില്‍ സംസയം ഇള്ള"

കണ്ണൂര്‍ വടകര നാദാപുരം
ഭാഗത്ത് കേളി കൂട്ടായ്മയുടെ
സാംസ്കാരിക യോഗമുണ്ട്
ഏട്യാ ചെല്ലണ്ടീന്ന് അനക്കറീല
ബസ്സില് കൊറേ പേര് മന്നീക്കി
വന്നോരോക്കെ കീഞ്ഞ്‌
പാഞ്ഞ്‌ പോയീക്കി

മലപ്പുറത്തുള്ളോര്‍ക്ക്
എത്താ കാട്ടണ്ടീന്നറീല
എല്ലാരും പരിവാടിക്ക്
റെഡ്യായി മന്ന് ക്ക് ണ്
എപ്പോ തൊടങ്ങൂന്നറീല
എല്ലാരോടും ചോയ്ച്ചി
ഇപ്പൊ തോടങ്ങുംന്നാ തോന്ന് ണത്‌

തൃശ്ശൂരില്‍   ശവി  കന്നാലികള്‍
ചുള്ളന്‍മാരായി വന്നീണ്ട്
സാംസ്കാരിക സായാഹ്നം
രാവിലെ പത്തിന്
വെടിക്കെട്ടോടെ തൊടങ്ങൂത്രെ
മുന്നോടിയായി നേരത്തെ
രണ്ട്‌ അമിട്ടാ പൊട്ടി

കോട്ടയത്തേതു കണ്ടാല്‍
ഇതൊക്കെ എന്നാ പ്രോഗ്രാം
പരിപാടി മൊത്തം അവിടെയല്യോ
ആഡിറ്റാറിയത്തിനു   പുറത്ത്
ഏതാണ്ട്  അമ്പതു മീറ്റര്‍
നീളവൊള്ള കൊടിമരത്തില്
ഇരുപത്തിനാലു മീറ്ററിന്‍റെ
പതാകയല്യോ പാറുന്നെ

തിരോന്തരം നഗരത്തില്‍
മഴകള്‍ പെയ്യുന്നൊണ്ടേലും
കവിയരങ്ങും പൊതു സമ്മേളനോം
ഒടനെ നടക്കാമ്പോണ്
ക്വാഴിയും ബെറോട്ടായുമാ പാര്‍ട്ടി
ചുമ്മാ നിക്കാതെ പിറക്കെ വിട്ടോണം
എന്നാ കഴിചേച്ചു വരാം
കൂടെ ചായകളും കുടിക്കാം

Tuesday, September 14, 2010

പുത്തന്‍ വ്യാപാരം


പണ്ട് നമ്മുടെ ഇടവഴികളില്‍
ചാത്തനും മറുതയും
റൂഹാനികളും വിഹരിച്ചു
വസൂരി കുരുപ്പ് ചെകുത്താനും
കോളറ തട്ട് ചെകുത്താനുമായി
വേഷപ്പകര്‍ച്ച നടത്തി

കറുപ്പനും ഒടിയനും
രക്ത രക്ഷസ്സുകളും
ഇരുളിന്‍റെ ഘനം കൂട്ടിയപ്പോള്‍
തേരും ആനമറുതയും
പൊട്ടിയും ഗുളികനും
പിന്നെ ചേക്കുട്ടിപ്പാപ്പയും
നാടടക്കി വാണു

മാരണവും മന്ത്രവാദവും
ജനത്തിന്‌ വായുവും
കുടി നീരുമായി
ഗൌളിയും കരിമ്പൂച്ചയും
ദിന രാത്രങ്ങളുടെ
അജണ്ടകള്‍ നിശ്ചയിച്ചു

കണക്കുനോട്ടവും മഷിയിടലും
പിഞ്ഞാണമെഴുത്തും
പിന്നെ പക്ഷി ശാസ്ത്രവും
സമൂഹത്തിന്‍റെ മനസ്സു ഭരിച്ചു
അനുകൂല കാലാവസ്ഥ കണ്ട്
യക്ഷിയും മക്കളും
പാല മരങ്ങളില്‍
കുടില്‍ കെട്ടി പാര്‍ത്തു

നവോത്ഥാനത്തിന്‍റെ വെട്ടം
തിരിച്ചറിവും ചിന്തയുമായി
മണ്ണിനെ ഉഴുതു മറിച്ചപ്പോള്‍
കൂരിരുള്‍ കരിമ്പടം പുതച്ചു
പതുക്കെ വഴിമാറി
തലച്ചോറിലെ മാറാലകള്‍
ആഴങ്ങളില്‍ പുതഞ്ഞു പോയി

ഇന്നിപ്പോള്‍ ഇവയെല്ലാം
ശാസ്ത്രവല്‍ക്കരിക്കപ്പെട്ട
ഉത്തരാധുനിക മുഖവുമായി
പല്ലിളിച്ചു പുനര്‍ജ്ജനിക്കുന്നു
വഴിയോരങ്ങളില്‍ തുടങ്ങി
പഞ്ചനക്ഷത്ര സദസ്സുകളിലും
സ്വീകരണ മുറികളിലും വരെ
സകല ലൊട്ടു ലൊടുക്കുകളുടെയും
ശാസ്ത്രീയ വിപണനത്തിന്റെ  താളം
അനുദിനം മുറുകി വരുന്നു!!

Tuesday, September 7, 2010

ഈദുല്‍ ഫിത്വര്‍


ആശംസകളുടെ
ആത്മാവ് നഷ്ടമായിട്ടില്ലെങ്കില്‍
ഞാനും നേരുന്നു
"ഈദുല്‍ ഫിത്വര്‍"
ശവ്വാലിന്‍റെ പൊന്നമ്പിളി
ചിരിച്ചുയരുമ്പോള്‍
ഭൂതലത്തിന്‍റെ
ഏതോ ഒരു കോണില്‍
നാമും പങ്കുചേരുക
ഉള്ളു തുറക്കുന്ന
ആ ചിരിയിലും
ഇരുള്‍ മായ്ക്കുന്ന
നിലാവൊളിയുടെ
കളങ്കമേശാത്ത
തെളിമയിലും
**********