Tuesday, June 29, 2010

ആത്മാവിനെ കീറിക്കളയരുത്

"ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ മികച്ചപ്രകടനത്തില്‍ നിരാശപൂണ്ട ബ്രസീല്‍ ആരാധകന്‍ തൂങ്ങി മരിച്ച നിലയില്‍. വയനാട് മേപ്പാടി കോട്ടവയല്‍ തച്ചനാട് രഞ്ജിത്താണ് (26) മരിച്ചത്. ക്‌ളബിലിരുന്നു മെക്‌സിക്കോ-അര്‍ജന്റീന മത്സരം കാണുന്നതിനിടെ രഞ്ജിത്ത് എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ. അര്‍ജന്റീനയുടെ രണ്ടാംഗോള്‍ വന്നതോടെ അസ്വസ്ഥനായ ഇയാള്‍ ഇപ്പോള്‍ കാണിച്ചുതരാമെന്നു പറഞ്ഞാണത്രേ പുറത്തേയ്ക്ക് പോയത്. പിന്നീട് തോട്ടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയിയിരുന്നു. അര്‍ജന്റീനിയന്‍ ആരാധകര്‍ കളിയാക്കിയതിലെ മനോവിഷമമാണ് ജീവനൊടുക്കിയതിനു പിന്നിലെ കാരണമെന്ന് കരുതപ്പെടുന്നു".
വാര്‍ത്ത (28.06.10)

ടെലിവിഷന്‍ കാണാന്‍ അടുത്ത വീട്ടില്‍ പോകാന്‍ അനുവാദം നല്‍കാത്തതിനാല്‍
ആത്മഹത്യ ചയ്ത മകനെക്കുറിച്ചും തന്റെ വളര്‍ത്തുതത്ത കൂട്ടില്‍ നിന്ന്
പാറിപ്പോയതില്‍ മനംനൊന്തു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെക്കുറിച്ചും
വായിച്ചവരാന് നാം. പരീക്ഷ റിസള്‍ട്ടു വരുമ്പോഴും അഡ്മിഷന്‍
കിട്ടാതിരിക്കുമ്പോഴും ചാക്ക് കണക്കിനു ആത്മഹത്യകള്‍ വേറെ! കമിതാക്കളും
കാമാര്‍ത്തരും മരക്കൊമ്പിലും ജലാശയങ്ങളിലും റെയില്‍പാളത്തിലു മൊക്കെ
ഹൈജംപും ലോങ്ങ്‌ജംപും പഠിക്കുന്നത് ഇതിനു പുറമെ. മക്കളെ കൊന്നു
ജീവന്റെ തിരി സ്വയം തല്ലിക്കെടുത്തുന്ന മാതാക്കളും, കുടുംബ സമേതം
ജീവനൊടുക്കുന്ന കൂട്ടങ്ങളും മറ്റൊരു വശത്ത്.പുറം ലോകത്തെ ത്രസിപ്പിച്ചും
അസൂയപ്പെടുത്തിയും പളപളപ്പില്‍ ജീവിക്കുമ്പോഴും ഉള്ളില്‍ എരിതീയുമായി
അവസാനം ഒരു തുള്ളി വിഷത്തിലോ ഒരു കഷ്ണം കയറിലോ ഫുള്‍ സ്റ്റോപ്പിടുന്ന
താര മങ്കകളും ഹീറോകളും; അങ്ങിനെ... അങ്ങിനെ... അങ്ങിനെ...

തങ്ങള്‍ ആരാധ്യരായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുടെയും
നേതാക്കളുടെയുമൊക്കെ വിയോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്ന അന്യ സംസ്ഥാനക്കാരെക്കുറിച്ച് നമുക്ക് പരിചയമുണ്ട്. ഇത്തരം വിഷയങ്ങളില്‍
മലയാളിയുടെ മനോനില അല്പംകൂടി ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇമ്മാതിരി
സംഭവങ്ങള്‍ ആ ധാരണയെ പലപ്പോഴും തകിടംമറിക്കുന്നു.

Dale Carnegie എന്ന അമേരിക്കന്‍  എഴുത്തുകാരനെക്കുറിച്ച് വായിച്ചിട്ടുണ്ട്.
How to stop worrying and Start Living എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട
ഒരു രചനയാണ്. ജീവിതത്തിലെ അസ്വാസ്ത്യങ്ങള്‍ അവസാനിപ്പിച്ച്
നിര്‍മലമായി എങ്ങിനെ മുന്നോട്ടു പോകാം എന്നാണ് അതിലെ പ്രതിപാദ്യം.
പക്ഷെ ഗ്രന്ഥകാരന് അവസാനം  ആത്മഹത്യാ ചോദനയും ജീവിതവിരക്തിയും
ഉണ്ടായിരുന്നതായി സൂചനയുണ്ട്. അത് മറ്റൊരു സമസ്യ!

ആത്മഹത്യയെ കുറിച്ച് പ്രധാനമായും രണ്ടു പക്ഷമുണ്ട്
1) മഹാ ഭീരുക്കളാണ്‌ ഇത് ചെയ്യുക (ജീവിത യാഥാര്‍ത്യങ്ങളെ നേരിടാന്‍
കഴിയാത്ത ഒളിച്ചോട്ടം)
2) അതീവ ധൈര്യമുള്ളവരാനു ആത്മാഹുതി ചെയ്യുന്നവര്‍ (ജീവന്‍ അവസാനിപ്പിക്കാനുള്ള ധൈര്യമാണത്രെ ഉദ്ദേശ്യം)

വ്യാഖ്യാനങ്ങള്‍ എന്തുമാവാം. ഒരു കാര്യം ഉറപ്പ്;  ഒരിക്കല്‍ ആത്മഹത്യാ ശ്രമം
നടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ വീണ്ടും അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം. അതത്ര സുഖമുള്ള എര്പാടല്ല എന്നര്‍ത്ഥം. പ്രധാന
മതങ്ങളെല്ലാം ആത്മാഹുതി വന്‍പാപമായാണ് പരിചയപ്പെടുത്തുന്നത്.
സ്രഷ്ടാവ്  കനിഞ്ഞരുളിയ ആത്മാവിനെ  ഹനിക്കാന്‍ നമുക്ക്
അവകാശമില്ലെന്നാണ് കൃസ്തുമത ശാസന. ആത്മഹത്യ ചെയ്യുന്നവന്‍ നിത്യ നരകവാസിയാകുമെന്നാണ് ഇസ്ലാമിക അധ്യാപനം.ജീവിതത്തെ കുറിച്ചുള്ള
കൃത്യമായ കാഴ്ചപ്പാടും ലക്ഷ്യബോധവും അന്യം നില്‍ക്കുമ്പോഴാണ് ഈ ക്രൂരത
അരങ്ങേറുക. ഏതായാലും, നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെട്ട്‌ ഊതി
യണക്കുവാനും കീറിക്കളയുവാനും മാത്രം നിസ്സാരമല്ല മനുഷ്യജന്മം എന്നു നാം
തിരിച്ചറിഞ്ഞേ മതിയാവൂ! .

Saturday, June 26, 2010

അതുല്യമായ മാതൃക














ചില മനുഷ്യരിങ്ങനെയാണ്...
അവരുടെ വിട്ടുവീഴ്ചക്ക് മുന്‍പില്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞുപോകും,
തൊണ്ടയിടറും, നമ്മുടെ കരങ്ങള്‍ പ്രാര്ത്ഥനാനിര്‍ഭരമായ മനസ്സോടൊപ്പം
അവര്‍ക്കായി ഉയരും.ഫിദയുടെ മാതാപിതാക്കളും അടുത്തവരും കാണിച്ച
മഹാമനസ്കത കാരുണ്യത്തിന്റെ അതുല്യമായ മാതൃകയാണ് നമുക്ക്
സമ്മാനിച്ചിരിക്കുന്നത്. സ്നേഹം വഴിഞ്ഞൊഴുകിയ പ്രഖ്യാപനമാണ് അവര്‍
നടത്തിയത്. ഉള്ളുനീറി പിടയുമ്പോഴും തെളിനീരുപോലെ ഒഴുകുന്ന
നിസ്വാര്‍ഥമായ മനുഷ്യസ്നേഹം!. അതെ, ജൂണ്‍ 13നു നമ്മോടു യാത്രപറഞ്ഞ
ഫിദയുടെ കാര്യം തന്നെ. സംഭവത്തിന്‌ പൂര്‍ണ ഉത്തരവാദിയായ ഡ്രൈവര്‍
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നൌഷാദിന്റെ ജീവന്‍ തിരിച്ചുനല്‍കാനുള്ള
മഹാമനസ്കത കാണിച്ച ഈ മാതാപിതാക്കളെയും കുടുംബത്തെയും
അവരുടെ വിശ്വാസത്തിന്റെ കരുത്തിനെയും   നാം അംഗീകരിച്ചേ മതിയാകൂ.
"ഇത് അല്ലാഹുവിന്റെ വിധിയാണ്...ഞങ്ങളുടെ മകള്‍ പോയി. അത് കാരണം
മറ്റൊരു കുടുംബം ദുഃഖം പേറുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല..." ഇതായിരുന്നു
ഫിദയുടെ പിതാവ് ഹാരിസിന്റെയും അവളുടെ വല്യുപ്പയുടെയും പ്രതികരണം.

"നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, എങ്കില്‍ ആകാശത്തിലുള്ളവന്‍
നിങ്ങളോടു കരുണ കാണിക്കും" എന്ന പ്രവാചകവചനം നാം ചില്ലിട്ടു സൂക്ഷിക്കുക.
ഫിദയുടെ മാതാപിതാക്കള്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക്
പോകുന്നതിനാല്‍  നൌഷാദിന്റെ ജയില്‍ മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍
ധ്രുതഗതിയിലാണ്നടന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ആവശ്യമായ
രേഖകള്‍ ശരിയാക്കിയ ശേഷം ഫിദയുടെ പിതാവ് കോബാര്‍ സ്റ്റേഷനില്‍
എത്തി ജാമ്യപേപ്പറില്‍ ഒപ്പുവെക്കുകയായിരുന്നു.
"മന: പൂര്‍വ്വം ചെയ്തതല്ല. ജീവിതത്തില്‍ ഒരിക്കലും വരാന്‍ പാടില്ലാത്ത കുറ്റം
സംഭവിച്ചിരിക്കുന്നു...ഫിദയുടെ കുടുംബവും സമൂഹവും എന്നോട് പൊറുക്കണം...
മാപ്പാക്കണം..... "
നൌഷാദിന്റെ സ്വരത്തില്‍ ജിവിതം തിരിച്ചു കിട്ടിയതിലുള്ള വൈകാരികമായ
വിങ്ങല്‍...ഒപ്പം താങ്ങാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ നിഴലും  നീറ്റലും.
എതായാലും ഈ വിട്ടുവീഴ്ചയില്‍ നമുക്ക്  വല്ലാത്ത മാതൃകയുണ്ട്‌
പ്രാര്‍ഥിക്കാം നമുക്ക്; പ്രത്യേകിച്ച് ഫിദക്കും അവളുടെ കുടുംബത്തിനും വേണ്ടി
കരഞ്ഞു തീര്‍ന്ന ആ കുടുംബത്തിന്റെ കണ്ണീരും ഫിദയുടെ മായാത്ത മുഖവും
പെട്ടെന്ന് മറക്കാനാവില്ലല്ലോ!

Monday, June 21, 2010

കാലചക്രം













പണ്ടൊരിക്കല്‍
ചേമ്പിലയില്‍ വീണ
മഴത്തുള്ളി ചോദിച്ചു
നിന്റെ ജന്മം സഫലമായില്ലേ?
ചേമ്പില തലയാട്ടി
മഴത്തുള്ളി മണ്ണില്‍
വീണ് അപ്രത്യക്ഷമായി

വര്‍ഷങ്ങള്‍ക്കിപ്പുറം
വിണ്ടു കീറിയ
മണ്‍കട്ടയില്‍ നിന്നൊരു
ജലകണമുയര്‍ന്ന്
വാടിത്തളര്‍ന്ന
തളിരിലയെ തഴുകി
അന്തരീക്ഷത്തില്‍  വിലയിച്ചു

ഇന്നിപ്പോള്‍
ചുട്ടു പൊള്ളുന്ന
മണലിനെ തലോടി
തീനാളങ്ങളെ ചുമലിലിരുത്തി
കുതിച്ചുവരുന്ന
കാറ്റെന്നെ വന്യമായി
ചുംബിക്കുന്നു

കാതങ്ങള്‍ക്കകലെ
ഹരിതാഭയുടെ വിണ്ണും 
നല്ല മനസ്സുകളും
കൈവീശി വിളിക്കുന്നുണ്ട്
തല്‍ക്കാലം
വളരുന്ന കഷണ്ടിയും
വരളുന്ന ഭൂതവും നോക്കി
ഞാനോന്നു നിശ്വസിച്ചോട്ടെ;
അല്പം ചുടുകാറ്റിനെ!.

Sunday, June 13, 2010

ജൊഹാനസ്ബര്‍ഗന്‍














ചുരുണ്ട് കൂടി
കൂനിക്കിടക്കാന്‍
എന്ത് സുഖമാണെന്നോ
ലോക കപ്പിന്റെ ആരവം
മാത്രമാണൊരു പ്രശ്നം
കണ്ണ് ചവര്‍ക്കുവോളം
പന്തുകളി കാണണം
പിന്നെ....
ചെവിയും കണ്ണും
വാര്‍ത്തക്ക് കൊടുക്കണം
പത്രത്തിലെ സ്പോര്‍ട്സ്
കോളം തിന്നുതീര്‍ക്കണം
എങ്കിലേ ധൈര്യമായി
പുറത്തിറങ്ങാനാവൂ
സമൂഹത്തില്‍
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ പെടുന്ന ഈ പാട്
ആരോട് പറയാന്‍
ഏതായാലും 
ഞാനെന്റെ ശിരസ്സ്‌
ടി വി ക്ക് മുന്‍പില്‍
അഴിച്ചു വെക്കുന്നു
ശരീരം കിടക്കയിലും
കണ്ണുകള്‍
പത്രത്താളിന്റെ
അരികില്‍ ഘനം
വെക്കുകയും ചെയ്യാം
ഇനി ഒറ്റ കാര്യം
മാത്രം ബാക്കി
ഒരു തോര്‍ത്ത്‌ വാങ്ങണം
ശബ്ദമുണ്ടാക്കുന്ന
ഇളയ മകന്റെ
വായില്‍ തിരുകാന്‍!


Wednesday, June 9, 2010

ആഞ്ഞു നടക്കട്ടെ ഞാന്‍

അല്പം വെളുത്ത
തുണി വാങ്ങണം
കുറച്ചു പഞ്ഞിയും
സുഗന്ധത്തിനു കര്‍പൂരവും
യാത്രയ്ക്കതു മതിയാകും
അതും ദ്രവിച്ചു നുരുമ്പി
ഞാനെന്ന ദേഹവും
മണ്ണോടു ചേര്‍ന്നാല്‍
'ആത്മ'രക്ഷക്ക് കൂട്ട് ?
...................................
...................................
ആഞ്ഞു നടക്കട്ടെ ഞാന്‍
കര്‍മ്മങ്ങളുടെ തെളിനീര്‍
കോരിയേടുക്കാനും
ഒഴുകിപ്പോയതത്രയും നോക്കി
കണ്ണു നനയാനും
കാരണം;
മരണം നിഴല്‍പോലെ
കൂടെ തന്നെയുണ്ട്
അന്ത്യ കാഹളം
മുഴ്ക്കേണ്ട ദൂതന്‍
അത് ചുണ്ടോടു ചേര്‍ത്ത്
ചെവി കൂര്‍പിച്ച്
പാദം മുന്നോട്ടാഞ്ഞു
നില്‍ക്കുന്നുമുണ്ട് !


see this video

Sunday, June 6, 2010

ഗാസയിലെ കുരുന്നുകള്‍ക്ക്

ഗാസയില്‍ കൊലചെയ്യപ്പെട്ട പരശ്ശതം പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രവും അവരുടെ കുടുംബങ്ങളുടെ ദീനവിലാപവും മാധ്യമങ്ങളിലൂടെ വന്നലച്ചപ്പോള്‍ 2009 ജനുവരിയില്‍ എഴുതിയത്. ജിദ്ദയില്‍ നിന്നുള്ള പടവുകള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചു. വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും വേണ്ടി എന്‍റെ ചില്ലുജാലകത്തില്‍...




സ്നേഹം ചാലിച്ച കരങ്ങളെന്നെ
തലോടിയപ്പോള്‍ ഞാന്‍ കൊഞ്ചിച്ചിരിച്ചു
ചുടുമുത്തങ്ങള്‍ എനിക്കു പ്രതീക്ഷനല്‍കി
മാതാവിന്‍റെ താരാട്ടില്‍
ഞാന്‍ ഭാവിയുടെ ചിത്രംവരച്ചു
ആഗ്രഹങ്ങളെ താലോലിച്ചു
സങ്കല്പങ്ങള്‍ക്കു ചിറകുതുന്നി

ഞാന്‍:
ഗാസയുടെ സ്വന്തം കുരുന്ന്
നിങ്ങളെന്നെ ചുടുചോരയില്‍ മുക്കിക്കൊന്നു
മാതൃമാറിടത്തില്‍നിന്ന് പറിച്ചെറിഞ്ഞു
ക്ലസ്റ്റര്‍ ബോംബുകള്‍കൊണ്ട് കരിച്ചു
യുറേനിയം ബുളളറ്റുകളാല്‍ പിളര്‍ന്നു
വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് നശിപ്പിച്ചു
എനിക്ക് പിറന്നു വളരാന്‍ അവകാശപ്പെട്ട
എന്‍റെ മണ്ണില്‍ നിങ്ങളെന്നെ ചുട്ടുകൊന്നു
സ്നേഹവൃന്തം.. കളിക്കൂട്ടുകാര്‍..
പൂന്തോട്ടങ്ങള്‍.. എല്ലാം തകര്‍ത്തു

ഇവിടെ:
വളരാന്‍ എന്നെ അനുവദിച്ചില്ല
വിദ്യ നുകരാന്‍ അവസരം തന്നില്ല
എന്‍റെ കര്‍മ്മ മണ്ഡലം നിഷേധിക്കപ്പെട്ടു
വാതിലുകളും മേല്‍കൂരയും തകര്‍ത്തു
ചോരയുടെ ഗന്ധം സമ്മാനിച്ചു
നിങ്ങളെന്നെ മണ്ണറയിലേക്കയച്ചു
എന്‍റെ ചോരക്കുപകരം നിങ്ങളെന്തുനേടി?















നാളെ:
ഞാന്‍ തീര്‍ത്ത കനല്‍പഥം
നിങ്ങളെ നിദ്രാവിഹീനരാക്കും
എന്‍റെ ഓരോ രക്തകണവും
അലകടലായ്‌ ഇരമ്പും
എന്‍റെ ദുരന്തത്തിനു സാക്ഷികളായ
നക്ഷത്രങ്ങള്‍ നിങ്ങളെ ആക്ഷേപിക്കും
എന്നെ പുണര്‍ന്നു വാവിട്ടലറിയ
കളിക്കൂട്ടുകാരന്‍റെ നിശ്വാസം
നിങ്ങളെ ഭസ്മമാക്കും

അവസാനം :
ന്യായവിധിനാളില്‍ ഞാനുമെഴുന്നേറ്റുവരും
കൊടും ക്രൂരതക്കെതിരില്‍ മൊഴിനല്‍കും
നീതി എന്‍റെ പക്ഷത്തായിരിക്കും
വിധി നിങ്ങള്‍ക്കെതിരിലും
ഞാന്‍ സ്വര്‍ഗ്ഗീയ ഉദ്യാനങ്ങളില്‍
കൊച്ചു പരിചാരകനായേക്കും
നിങ്ങള്‍ ശക്തമായ വിചാരണക്കൊടുവില്‍
നീറി നീറി വെന്തുരുകും!

Tuesday, June 1, 2010

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക


ഈ കിരാതമായ കൂട്ടക്കൊല ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുന്നു. ലോകത്തെമ്പാടും പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ പുതിയ മുഖം. അന്താരാഷ്ട്ര സമാധാനശ്രമങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്ന കടുത്ത വെല്ലുവിളിയാണിത്‌. പശ്ചിമേഷ്യയില്‍ യുദ്ധപ്രതീതി സൃഷ്ടിക്കുന്നതാണ്  ഈ പുതിയ നരനായാട്ട്. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ചാണ്  ഈ പേക്കൂത്ത് നടത്തിയിരിക്കുന്നത് എന്നത് വിഷയത്തിന്‍റെ ഗൌരവം ഏറ്റുന്നുണ്ട്.

ലോക മനസ്സാക്ഷിയോടൊപ്പം നമ്മളും പ്രതിഷേധിക്കുക

ഇസ്രായേല് ഉപരോധം പട്ടിണിക്കിട്ട ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോടില' സമാധാന കപ്പല്‍ വ്യൂഹത്തിനുനേരെ ഇസ്രായേല് സൈന്യം നടത്തിയ ആക്രമണത്തില് 16 ലേറെ പേര് കൊല്ലപ്പെട്ടിരിക്കുന്നു. 60ലേറെ പേര്ക്ക് ഗുരുതരമായി പരിക്കേററ്റിട്ടുണ്ട്. വിവിധ രാജ്യങ്ങളില്നിന്നുള്ള 700ലേറെ സമാധാന പ്രവര്ത്തകരാണ് ആറു കപ്പലുകളിലായി ഉണ്ടായിരുന്നത്.കുവൈറ്റ്‌, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച പതിനായിരം ടണ്‍ ഭകഷ്യധാന്യങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍  എന്നിവ അടങ്ങിയ മൂന്ന് കാര്‍ഗോ കപ്പലുകളും എഴുനൂറോളം യാത്രക്കാരുള്ള മറ്റു മൂന്ന് കപ്പലുകളുമടങ്ങിയ വ്യൂഹം. വ്യൂഹത്തിന്റെ മുന്നണിയില് ഉണ്ടായിരുന്ന തുര്ക്കിയില് നിന്നുള്ള മാവി മര്മറ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യൂഹത്തിലെ ഏറ്റവും വലിയ കപ്പലായ മാവി മര്മറയില് അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു. ആക്രമണത്തെതുടര്ന്ന് കപ്പലുമായുള്ള വാര്ത്താ വിനിമയ ബന്ധം മുറിഞ്ഞു. കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം ഇസ്രായേലിലെ ഹൈഫയിലേക്ക് തിരിച്ചുവിട്ടു.

കപ്പല്‍ വ്യൂഹത്തെ  തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഇസ്രായേല് യുദ്ധക്കപ്പലുകളെ തയാറാക്കി നിര്ത്തിയിരുന്നു. ഗസ്സ തീരത്തുനിന്ന് 65 കിലോമീറ്റര് അകലെ അന്താരാഷ്ട്ര ജലാതിര്ത്തിയില്‍ വെച്ച്  കപ്പലിനെ വളഞ്ഞ ഇസ്രായേല് നാവികസേന വെടിവെക്കുകയായിരുന്നു. ഇതിനിടെ, ഹെലികോപ്റ്റര് വഴി കൂടുതല് സൈനികര് കപ്പലിനുള്ളില് പ്രവേശിച്ചു. കപ്പല്‍വ്യൂഹത്തില്‍  കടന്നുകയറിയ സൈന്യം ഉടന് വെടിയുതിര്ക്കുകയായിരുന്നെന്ന് കപ്പലിലുണ്ടായിരുന്ന സമാധാനപ്രവര്ത്തകര് പറഞ്ഞു.

ഞായറാഴ്ച സൈപ്രസില് നിന്നാണ് ഇവര്‍ ഗസ്സയിലേക്ക് പുറപ്പെട്ടത്.സമാധാന നൊബേല് വിജയി മോറിയഡ് കൊറിഗനും ഏതാനും മാധ്യമപ്രവര്ത്തകരും ഉള്പ്പെടെ 50 രാഷ്ട്രങ്ങളില് നിന്നുള്ളവര് സംഘത്തിലുണ്ട്.

അതെ,
ലോക മനസ്സാക്ഷി യോടൊപ്പം നമ്മളും പ്രതിഷേധിക്കുക!