Monday, July 26, 2010

ബന്ധമെന്ന കുന്തം














രണ്ടു നാള്‍ കേള്‍ക്കാതായപ്പോള്‍
സുഹൃത്തറിയാന്‍
ഇങ്ങിനെ കുറിച്ചയച്ചു:

"ചില ബന്ധങ്ങള്‍ വളരും
വേറെ ചിലത് വരളും
വളര്‍ന്നാല്‍ പന്തലിക്കും
വരണ്ടാല്‍ തളരും
പിന്നെ തകര്‍ന്നടിയും
വേച്ചു വളര്‍ന്ന ബന്ധങ്ങള്‍
വാടിയുണങ്ങാതിരിക്കാന്‍ 
വേഗത്തിലുണരാം; ഉയരാം  "

ഇതില്‍ നിന്നു
'പ്രചോദന'മുള്‍ക്കൊണ്ടാവാം
അയാള്‍ ബന്ധത്തിന്‍റെ
ചരടു പൊട്ടിച്ചെറിഞ്ഞു !
പിന്നെ, ഓര്‍മയുടെ
മങ്ങിയ താഴ്വരയില്‍
അമര്‍ന്നസ്തമിച്ചു
മറവിയുടെ മഞ്ഞുവീഴ്ച
അതിനു മുകളില്‍
പുതിയ പാളികള്‍ തീര്‍ക്കുന്നുണ്ട്
ഓര്‍ത്തെടുക്കാനവാത്ത വിധം
ഘനം വെക്കുന്നുമുണ്ട് !!

Wednesday, July 21, 2010

കഥാപാത്രങ്ങള്‍












മനസ്സു മന്ത്രിച്ചു
ഇനിയും ഒരായിരം
ചിത്രങ്ങള്‍ തീര്‍ക്കണം
വാനോളം ഉയരത്തില്‍
കവിതക്കൊടി പാറിക്കണം
ആലസ്യത്തിന്റെ പഴകിപ്പറിഞ്ഞ
മൂടുപടം വലിച്ചുകീറി
കരുത്തിന്‍റെ പടച്ചട്ടയണിഞ്ഞു
ആര്ജവത്തിന്‍റെ തേരേറി
ഒറ്റയടിപ്പാത്തയിലൂടെ നടക്കുമ്പോള്‍
നോവും നീറ്റലുമില്ല
മനസ്സു വിറക്കുന്നില്ല
ശരീരം ഒട്ടും തളരുന്നില്ല

അസ്തമയ സൂര്യനെ നോക്കി
ചായങ്ങള്‍ ചാലിച്ചു
ചക്രവാളത്തില്‍ തെളിഞ്ഞ
പരശ്ശതം വര്‍ണ്ണക്കൂട്ടുകളില്‍
എന്‍റെ ചിത്രം അലിഞ്ഞില്ലാതായി
തീരത്തുപോയി കവിത കുറിക്കാനിരുന്നു
തിരമാല ആഴങ്ങളിലേക്ക്
വലിച്ചു കൊണ്ടുപോയി
ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക!

Saturday, July 17, 2010

'പ്ര' വാസം








പ്രവാസിയെന്നും
പ്രശ്നങ്ങളിലാണത്രെ
'പ്രാന്തു' പിടിപ്പിക്കുന്ന
പ്രാരാബ്ധങ്ങളിലും!.
പ്രസ്തുത
പ്രചാരണങ്ങളെ
പ്രാക്തനമെന്നു വിളിച്ചോളൂ
പ്രയാസങ്ങള്‍ തീര്‍ന്നു
പ്രവാസം നിര്‍ത്തല്‍
പ്രായോഗികമല്ല തന്നെ
പ്രഷറും കൂടെ
പ്രമേഹവും ചേര്‍ന്ന്
പ്രണയിക്കുമ്പോഴും
പ്രതാപിയെപ്പോലെ
പ്രത്യുപകാരിയാകുന്നവന്‍.
പ്രതിസന്ധികള്‍ ഒരു
പ്രഹേളികയായി
പ്രഹരിച്ചുകൊണ്ടിരിക്കുമ്പോഴും
പ്രസന്നവദനനായി
പ്രതികരിക്കുന്നവന്‍.
പ്രതിമാസ വരുമാനത്തില്‍
പ്രതീക്ഷയുടെ കൂട്ടങ്ങള്‍
പ്രദക്ഷിണം വെക്കുമ്പോള്‍
പ്രത്യക്ഷപ്പെടാത്ത
പ്രതിനായകനെപ്പോലെ
പ്രതിരോധിക്കാന്‍ കഴിയാത്തവന്‍.
പ്രചണ്ഡമായ ഒത്തിരി
പ്രഘോഷണങ്ങള്‍ കേട്ട്
പ്രജ്ഞയറ്റു കിടക്കുന്നവന്‍
പ്രകടനപരത കളയാം
പ്രശ്നപ്പെരുമ നിര്‍ത്തി
പ്രത്യുല്പന്നമതികളും
പ്രതിജ്ഞാബദ്ധരുമാവാം
പ്രകാശ കിരണത്തിനായി
പ്രതാപശാലിയോടു
പ്രാര്‍ഥിക്കാം
പ്രവാസത്തിലെ
പ്രച്ചന്നവേഷങ്ങള്‍
പ്രഹസനമാകാതിരിക്കട്ടെ;
പ്രക്ഷുബ്ധവും!!

Monday, July 12, 2010

ബിസിയാണ്












ആരവങ്ങളൊതുങ്ങി                                                                               
ജബുലാനിയുടെ കാറ്റൊഴിച്ചു
വുവുസേല അട്ടത്തേക്കെറിഞ്ഞു
വിഡ്ഢിപ്പെട്ടിക്കു മുന്നില്‍
കാലൊടിഞ്ഞ കസേരകള്‍
വക്കാ വക്കാ  കളിക്കുന്നു
ഇനി പുറത്തേക്കിറങ്ങാം
എന്തോരം കാര്യങ്ങളാ...                                                  
ധനമന്ത്രിയെ കാണണം
പതിനാലായിരത്തി മുന്നൂറ്റിപ്പത്ത്
കുഴി അടച്ചെന്നാ അങ്ങോര്                                               
പതിനോന്നായിരത്തി മുപ്പത്തി
ആറെണ്ണം ബാക്കിയെന്നും
നമ്മളെണ്ണിയപ്പൊ നാലെണ്ണം കൂടുതലാ      
ഭകഷ്യ മന്ത്രിയെ കണ്ടിട്ടു വേണം
മുട്ടയും പാലും എവിടെക്കിട്ടുമെന്നറിയാന്‍                 
ഹോട്ടലിലേക്കുള്ള വഴിയും ചോദിക്കണം
ഖത്തറിലെ വിശേഷങ്ങളറിയാന്‍                                           
തച്ചിങ്കരിവരെ പോകാനുണ്ട്
ഫോണ്‍ നമ്പരു കിട്ടിയാ
ആ നസീറിനെ വിളിക്കണം
തടി കുറക്കാനുള്ള മരുന്നു ചോദിക്കാനാ
കുടകിലേക്കുള്ള ബസ്സ്‌ ടിക്കറ്റ്
ചാര്‍ജ്ജെത്ര യാണാവോ...?
ഏതായാലും ആന്‍വാറുശ്ശേരിയില്‍                                                      
തൂക്കിയിട്ടു  കാണും!
ശ്രീമതി ടീച്ചര്‍ ഉത്ഘാടനത്തിനു വരുന്നുണ്ട്
ഇംഗ്ലീഷില്‍ നാല് ഹെല്‍ത് ടിപ്പു കേക്കണം
തിരിച്ചു നിലമ്പൂരു വഴി പോന്നാല്‍
പ്ലംബിങ്ങിനു പറ്റിയ നല്ല
ബ്രേക്ക്‌ പമ്പുകളും കാണും
പോപുലറായ ഏതെങ്കിലും
ഫ്രണ്ടിനെ കണ്ടാല്‍
കുറഞ്ഞ വിലയില്‍ കൈപത്തികള്‍                                   
നാലെണ്ണം മേടിക്കണം
പഞ്ചായത്ത് ഇലക്ഷനാ  വരുന്നത്
ദയവായി  'ശുംഭന്മാര്‍'
ഞങ്ങടെ വഴി തടയരുത്
ജലാറ്റിന്‍ സ്റ്റിക്കുകളും
വടിവാളും കുറുവടിയും
നാടന്‍ ബോംബുകളും                                        
ആര്‍ ഡി എക്സും പാര്‍സലു ചെയ്യും
പറഞ്ഞില്ലാന്നു വേണ്ട!                                        
എതായിരുന്നാലും
ഇത്തവണ ക്ഷമിക്കുന്നു
കാരണം;ഇപ്പൊ 'ഞങ്ങള്‍'
ബഹൂത്  ബിസിയാ!!

Saturday, July 3, 2010

കാഴ്ചകള്‍










പൊതുജനത്തിന്റെ
കരിഞ്ഞ സ്വപ്നങ്ങളില്‍
പെട്രോളൊഴിച്ചു 'ഗവര്‍മേണ്ട്'
തീ കത്തിക്കുമ്പോള്‍
മറക്കു  പിറകില്‍
പാവം വമ്പന്മാരും
കോര്‍പറേറ്റുകളും
കുലുങ്ങിക്കരയുന്നു

ചെക്ക് പോസ്റ്റില്‍
പാണ്ടി ലോറിയിലിരുന്നു
വി ഐ പി തക്കാളി
ഇങ്കുലാബു വിളിക്കെ
വെണ്ടയ്ക്കയുടെയും
പാവക്കയുടെയും കണ്ണില്‍
പ്രതിപക്ഷത്തിന്റെ ഉശിര്

മകളുടെ കല്യാണത്തിനു
സ്ത്രീധനമായി
അഞ്ചു കിലോ ചെറുപയറും
നാലുകിലോ പരിപ്പും
വേണമെന്നാ ഡിമാന്റ്
അറ്റാക്കുവന്ന തന്തയെ
അലമാരയില്‍ വെച്ചിട്ടുണ്ട്
ഹര്‍ത്താലു കഴിഞ്ഞു
ഡോക്ടറെ കാണിക്കാന്‍

പാലില്ലാത്ത ചായ കുടിച്ച്‌
ചോരവറ്റിയ നാട്ടുകാരെ കണ്ട്
പോകരിന്റെ ചായക്കടയില്‍
ഓട്ടവീണ് പഴകിയ
പരുത്ത പരുത്ത
മുക്കാലി ബെഞ്ചിനുള്ളിലെ
താമസക്കാരായ മൂട്ടകള്‍
ഉറക്കെ പ്രതിഷേധിച്ചു

ഒരു കാര്യത്തില്‍
നമുക്ക് തന്തോയം
പുതിയ കുറ്റി വാങ്ങാന്‍
കാശു തികയാത്തതിനാല്‍
ഗ്യാസ് പൊട്ടിത്തെറിച്ചു
ഒരു കുടുംബത്തിലും
മരുമക്കളിനി മരിക്കില്ല

തേങ്ങകൊണ്ട് ചോറും
കറിയും ഉപ്പേരിയും
അച്ചാറും ചമ്മന്തിയും
പിന്നെ അപ്പവുമുണ്ടാക്കി
നമുക്ക് കേരളത്തനിമ കാക്കാം
അടുത്ത വോട്ടിങ്ങിലും
ചിഹ്നത്തിലാഞ്ഞു കുത്തി
നമുക്കീ ജനായത്ത-
ക്കൊടി പാറിക്കാം!!
(11.07.10 നു മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചു)