Monday, December 23, 2013

ഒളിച്ചോടുന്നവരോട്

ഓർമ്മകളുടെ ശീതക്കാറ്റടിച്ച്
കണ്ണുകൾ കലങ്ങുമ്പോൾ
മനസ്സിൻറെ  ആഴങ്ങളിൽ
സങ്കടങ്ങളുടെ തിരയുണരും

ചിലപ്പോൾ
തൊണ്ടയുടെ ഉള്ളറകളിൽ
നോവിന്റെ മുള്ളുകൾ
ജനിച്ച് മുട്ടിലിഴയും

കാലുകൾ കുഴഞ്ഞ്
മഷിത്തണ്ടു പോലെ
ദുർബലപ്പെട്ട്
മെല്ലെ ഉലഞ്ഞാടും

ഇടക്കൊക്കെ
പതിവു താളം വിട്ട്
ഹൃദയം സ്വയമൊരു
പെരുമ്പറക്ക് കച്ച മുറുക്കും

മൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം                                        
ഇരമ്പിയൊടുങ്ങും

കണ്ണീരും നോവും
വിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?

കയ്പു ചാലിച്ച
അനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!

 Published @ Pravasi Varthamanam 12.12.13

Wednesday, December 18, 2013

അറബി ഭാഷയുടെ മലയാളപ്പെരുമ

ലയാള മണ്ണും അറേബ്യയും തമ്മില്‍ അതിപുരാതനമായ വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നത്‌ ചരിത്രവും വസ്തുതയുമാണ്. പ്രാചീനകാലം മുതൽ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി കടല്‍വഴിയും കരവഴിയും അറബികള്‍ക്ക്‌ ബന്ധമുണ്ട്‌. പോര്‍ച്ചുഗീസ്‌ അധിനിവേശത്തിന്‌ മുമ്പ്‌ മലബാര്‍ തീരത്തെ കച്ചവട മേധാവിത്വം അറബി വ്യാപാരികൾക്കായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ  ഈ ബന്ധം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി.  മുഹമ്മദ്‌ നബിക്ക്‌ മുമ്പുള്ള അറബിക്കവിതകളിലും സഞ്ചാര കഥകളിലും യാത്രാ വിവരണങ്ങളിലും  അതിന്റെ സൂചനകളുണ്ട്‌. ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം തന്റെ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ അറബികളുടെ വരവിനെ പരാമർശിക്കുന്നുണ്ട്. 

അറബികളുമായുള്ള കേരളീയരുടെ ബന്ധം വെറും വ്യാപാരം എന്നതിനപ്പുറം വിവാഹ-കുടുംബ  ബന്ധങ്ങളിലേക്കു വരെ വ്യാപിച്ചു. അത് കൊണ്ടുതന്നെ ആശയ വിനിമയത്തിൽ  അറബി മലയാളം എന്ന പുരാതന ശൈലിക്ക് ആ ബന്ധങ്ങളോളം തന്നെ പഴക്കവുമുണ്ട്. മലയാള ഭാഷക്ക് അംഗീകൃതമായ ലിപി സമ്പ്രദായം ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം പ്രചാരം നേടിയത്. ഗ്രന്ഥ രചനക്കും ബോധന മാധ്യമമായും അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. അറബി ലിപി ഉപയോഗിച്ചുള്ള തമിഴ് മലേഷ്യൻ മഹൽ തുർക്കിഷ് ഭാഷകളും മറ്റിടങ്ങളിൽ രൂപപ്പെട്ടിരുന്നു.  അറബി മലയാളത്തിൽ നിന്ന് പുരോഗമിച്ച്  ശുദ്ധ ഭാഷാ കൈമാറ്റത്തിലേക്കും സാംസ്കാരിക വിനിമയത്തിലേക്കും വളർന്നു വികസിച്ച രണ്ട് ഭൂപ്രദേശങ്ങളുടെ ഈടുറ്റ ബന്ധമാണ്പി ന്നീട് ചരിത്രം കുറിച്ചു വെച്ചത്. ഓളങ്ങളെ മുറിച്ച് കാറ്റിന്റെ ആനുകൂല്യത്തിൽ തെന്നി നീങ്ങിയ പായ്ക്കപ്പലുകളുടെ കാലത്തോളം നീളുന്ന ബന്ധം അറബി ഭാഷക്ക് മലയാളക്കരയുമായുണ്ട്. അതിപ്പോഴും തുടരുന്നു. അറബിക്കടലിന്റെ അതി വിദൂരത പോലും ആ ബന്ധങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയുടെ പ്രവാസം ഈ ബന്ധത്തെ ബലപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ ജന്മംകൊണ്ട ഈ ഭാഷ നാവിക വാണിജ്യ സാംസ്കാരിക ബന്ധങ്ങളിലൂടെ കരയും കടലും കടന്ന്‌ വിവിധ നാടുകളില്‍ ചെന്നെത്തി. ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ ഇസ്‌ലാമിന്റെ വ്യാപനവും വിശുദ്ധ ഖുര്‍ആന്റെ പഠനവും വഴിയാണ്  സെമിറ്റിക്  ഭാഷയായ അറബി  വ്യാപകമായി ഇതര ദിക്കുകളിൽ  പ്രചരിച്ചത്. 

നോഹ (നൂഹ്) പ്രവാചകന്റെ കാലത്തെ ജലപ്രലയത്തിനു ശേഷം അവശേഷിച്ച  സന്തതികളില്‍ ശാം എന്ന പുത്രന്റെ സന്താന പരമ്പരയിലുള്ള ജനവിഭാഗ മാണ് ചരിത്രത്തിൽ സെമിറ്റിക്കുകള്‍ എന്നറിയപ്പെട്ടത്. ഇവരില്‍ ഇറാഖ് സിറിയ ഫലസ്ത്വീന് അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ താമസിച്ചിരുന്ന സെമിറ്റിക്കുകള്‍ സംസാരിച്ചിരുന്ന ഭാഷയാണ് അറബിക്. അതുകൊണ്ടു തന്നെയാണ്  അവര്‍ അറബികൾ എന്നറിയപ്പെട്ടതും. ഹീബ്രു, അരാമിക് ഭാഷകലളുമായി ബന്ധപ്പെട്ട്  കിടക്കുന്ന ഒന്നാണിത്. ഭാഷാ ചരിത്ര ഗവേഷകന്മാരുടെ കാഴ്ചപ്പാടില്‍ വടക്ക് ഒറോന്തസ് (സിറിയയിലൂടെ ഒഴുക്കുന്ന നദി) മുതല്‍ തെക്ക് സിനായ് വരെയും  കിഴക്ക് മധ്യ ധരണ്യാഴി വരെയും വ്യാപിച്ചു കിടന്നിരുന്ന കന്‍ആന്‍ പ്രദേശത്തുകാരുടെ ഭാഷയുമായി അറബി ഭാഷക്ക് പൊക്കിൾ കൊടി ബന്ധമുണ്ട്.  ക്രി. മു 3000 ല്‍ മധ്യ അറേബ്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സെമിറ്റിക് ഗോത്രക്കാരാണ് ഇവിടുത്തെ ആദിമ നിവാസികൾ. സെമിറ്റിക്ക് ഭാഷാ കുടുംബത്തില്‍ അറബി ഭാഷയാണ് പ്രമുഖം. സുന്ദരന്‍മാരും വിരൂപികളും വെളുത്തവരും കറുത്തവരും നീണ്ടവരും കുറിയവരും പരിഷ്കൃതരും അപരിഷ്കൃതരും എല്ലാം അറബികള്‍ക്കിടയിലുണ്ട്. പ്രകൃതിയിലും ആകാരത്തിലും വിശ്വാസത്തിലും ജീവിത രീതികളിലും വ്യത്യസ്തരാണെങ്കിലും പൊതു  ഭാഷ അവരെ എകീകരിക്കുന്നു. ഭൂമിശാസ്‌ത്രത്തിന്റെ അതിര്‍ത്തികള്‍ക്കതീതമായി ജനകോടികളെ സ്വാധീനിക്കാൻ അറബി ഭാഷക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.


1948 ൽ  ലബനോൻ തലസ്ഥാന നഗരിയായ ബൈറൂത്തിൽ നടന്ന യുനസ്കോയുടെ മൂന്നാമത് ജനറൽ കോണ്‍ഫറൻസിലാണ് ഇംഗ്ലീഷിനും ഫ്രെഞ്ചിനോടുമോപ്പം മൂന്നാമത്തെ ക്രയ ഭാഷയായി അറബിയെ അംഗീകരിച്ചത്. റഷ്യൻ സ്പാനിഷ്‌ ചൈനീസ് ഭാഷകൾ പിന്നീട് ഈ ഗണത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. 1973 ഡിസംബർ 18 ന്  യു എൻ ജനറൽ അസ്സംബ്ലി അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയും എല്ലാവർഷവും ഡിസ: 18 ലോക അറബി ഭാഷാ ദിനമായി ആചരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇരുപത്തിനാല് രാഷ്ട്രങ്ങളിലായി ഏതാണ്ട് 420 മില്യന്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്‌ ഇന്ന് അറബിക്‌. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ ഈ ഭാഷ ഉപയോഗിക്കുന്ന പരകോടി ജനങ്ങള്‍ വേറെയുമുണ്ട്‌. വിശുദ്ധ ഖുർആനിന്റെ  ഭാഷയായതിനാല്‍ ലോകത്തെ ഇരുനൂറിൽ പരം രാജ്യങ്ങളിലുള്ള  മുസ്‌ലിംകള്‍ അറബി ഭാഷ പ്രാഥമികമായെങ്കിലും ഉപയോഗിക്കുന്നു. 2010 സെന്‍സസ്‌ പ്രകാരം 162 കോടി മുസ്‌ലിംകൾ ലോകത്തുണ്ട്.  ലോകജനസംഖ്യയുടെ ഏതാണ്ട്‌ 25 ശതമാനം. അറേബ്യൻ ഉപഭൂഖണ്ഡത്തിലും വടക്കൻ  ആഫ്രിക്കൻ രാജ്യങ്ങളിലും അറബി എല്ലാ വിഭാഗം ജനങ്ങളുടെയും സംസാര ഭാഷയുമാണ്‌.  നാലായിരത്തില്‍ പരം വര്‍ഷം പഴക്കമുണ്ടായിട്ടും അനേകം തലമുറകളായി ലക്ഷോപലക്ഷം ജനസമൂഹങ്ങള്‍ കൈകാര്യം ചെയ്‌തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ പ്രാധാന്യത്തിനോ ഒട്ടും മങ്ങലേൽക്കാതെ അറബി ഭാഷ ഇന്നും അതിന്റെ തനിമ കാക്കുന്നു. 

മധ്യകാല നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത്‌ എഴുതപ്പെട്ട ശാസ്‌ത്ര-സാങ്കേതിക-വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ അറബിഭാഷയില്‍ ലോകത്തിന്‌ ലഭ്യമാക്കാനും ഗ്രീക്ക്‌ ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്‌ത്‌ ലോകത്തിന്‌ സമ്മാനിക്കാനും അറബി ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. വാസ്‌കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിനുപയോഗിച്ചിരുന്ന  ഭൂപടങ്ങളുടെ  ഭാഷ അറബിയായിരുന്നു. പോര്‍ത്തുഗീസ്‌ കപ്പിത്താന്‍ കബ്‌റാള്‍ 1500 സപ്‌തംബറിൽ  സാമൂതിരി രാജാവിന്‌ നല്‍കിയ പോര്‍ത്തുഗീസ്‌ രാജാവിന്റെ കത്ത്‌ അറബിഭാഷയിലുള്ളതായിരുന്നു. ആള്‍ജിബ്രയുടെയും അരിത്‌മാറ്റിക്‌സിന്റെയും അടിസ്ഥാന ഭാഷയും അറബി തന്നെയാണ്. ഭൂമുഖത്ത്‌ ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയും അറബി തന്നെ. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുറ്റ ഭാഷ എന്ന നിലയിൽ  അറബി ഭാഷ മറ്റു ഭാഷകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. 


മലയാളക്കരയിലെ കോഴിക്കോട് കേരള  കണ്ണൂര്‍  മഹാത്മാഗാന്ധി ശ്രീശങ്കരാചാര്യ എന്നീ അഞ്ച് സർവ്വകലാശാലകളിൽ അറബിയില്‍ ബിരുദാനന്തര  ഗവേഷണ സൗകര്യമുണ്ട്‌. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി  ജാമിഅ മില്ലിയ, ഡല്‍ഹി യുനിവേഴ്‌സിറ്റി, അലീഗര്‍  തുടങ്ങി ഒട്ടനേകം യൂനിവേഴ്‌സിറ്റികളിലും  അറബിയില്‍ ഗവേഷണ സൗകര്യമുണ്ട്‌. കേരളത്തിലെ ആറായിരത്തിലധികം സ്‌കൂളുകളില്‍ പതിനായിരത്തിലധികം അധ്യാപകര്‍ അറബി ഭാഷ പഠിപ്പിക്കുന്നു. സംസ്ഥാനത്തെ അഞ്ച് ഓറിയന്റൽ സ്കൂളുകളിൽ അറബിക് പ്രധാന പഠന വിഷയമാണ്. പതിനൊന്ന്‌ എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും ഇരുപതിലധികം അണ്‍എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും ആയിരക്കണക്കിന്‌ മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ചും മദ്‌റസകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തില്‍ വിവിധയിടങ്ങളിൽ നിന്നായി പത്തിലധികം അറബി മാസികകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. 

ഹിജ്‌റ 885-ല്‍ വിട വാങ്ങിയ കോഴിക്കോട്‌ ഖാസി അബൂബക്കര്‍ ശാലിയാത്തി അതി സുന്ദരമായ അറബി കവിതകളുടെ രചയിതാവാണ്‌. വിശ്രുതനായ ചരിത്ര പുരുഷൻ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ കവിതകള്‍ അറബികള്‍ക്കു പോലും ഏറെ പ്രിയങ്കരമായിരുന്നു. കേരളീയ ചിഹ്‌നങ്ങളും പദങ്ങളും സാംസ്കാരിക അടയാളങ്ങളും കൊണ്ട്‌ അറബിക്കവിതയെ പുണർന്ന പ്രതിഭാശാലിയാണ്‌ വെളിയങ്കോട്‌ ഉമര്‍ഖാദി.  കേരളീയ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ നഖചിത്രങ്ങളാണ്‌ ഉമര്‍ ഖാദിയുടെ കവിതകള്‍. പെരുമ്പടവം ശ്രീധരന്റൈ പ്രസിദ്ധ നോവല്‍ ‘ഒരു സങ്കീര്‍ത്തനം പോലെ’ ഇംഗ്ലീഷ് വഴിയാണ് അറബിയിലെത്തിയത്. ഭാരതീയ ദാര്‍ശനികന്മാര്‍ സംസ്‌കൃതത്തിലെഴുതിയിരുന്ന ഗണിതശാസ്ത്രം സാഹിത്യം വൈദ്യം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 


ഖലീഫ ഹാറൂണ്‍ റഷീദിന്റെയും ഖലീഫ മന്‍സൂറിന്റെയും കാലഘട്ടങ്ങളിൽ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ താമസിച്ച് സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതിഹാസം, വേദോപനിഷത്തുക്കള്‍, വൈദ്യശാസ്ത്രം, ജോതിശാസ്ത്രം, ഗണിതശാസ്ത്രം, അര്‍ത്ഥശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രസിദ്ധ ഇന്ത്യന്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെല്ലാം തലമുറകളിലൂടെ നില നിന്ന അറബി  സംസ്‌കൃത പണ്ഡിതന്മാരുടെ യോജിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് അറബിയിലേക്ക് മാറിയത്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയും ഇബ്നു ഖല്‍ദൂനിന്റെ ‘മുഖദ്ദിമ’യും മലയാളത്തിലേക്കും ഇന്ത്യന്‍ ക്ളാസിക്കുകളായ രാമായണം മഹാഭാരതം പഞ്ചതന്ത്രം  മുതലായവ അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ‘ചെമ്മീന്‍’ അറബി പരിഭാഷ ഈ മേഖലയിൽ തിളങ്ങുന്ന അധ്യായമാണ്. മലയാളിയുടെ വായനാനുഭവത്തെ സാന്ദ്രമാക്കിയ ആടു ജീവിതം അറബിയിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ലോക അറബി ഭാഷാ ദിനത്തിൻറെ ഊഷ്മളതയിൽ ഈ ബന്ധം കൂടുതൽ ശക്തമാകട്ടെ എന്നു പ്രത്യാശിക്കാം.

(ലോക അറബി ഭാഷാ ദിനത്തിൽ (18.12.13) മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചു )

Tuesday, December 10, 2013

കടം തരുമോ?

കരുത്തുള്ള വാക്കുകൾ
കൂട്ടിനു കിട്ടിയാൽ
ഗതകാലം ചികയാം
താഴിട്ടു പൂട്ടിയ
ഓര്മ്മകളുടെ
ചെപ്പു തുറക്കാം
മറവിയുടെ മാറാലകൾ
വകഞ്ഞു മാറ്റി
മനസ്സിൻറെ ഭിത്തികളിൽ
മഞ്ഞു പെയ്യിക്കാം


മാതാവിൻറെ മടിയിൽ
തല ചായ്ക്കാം
കൊച്ചു പെങ്ങളുടെ
വാത്സല്യമറിയാം
അനുഭവങ്ങളുടെ നനുത്ത
പടവുകളിറങ്ങി
ബാല്യമെന്ന
പൊയ്കയിൽ
ചാടിക്കുളിക്കാം
മഴവെള്ളത്തിൽ
കാടലാസു തോണിയിറക്കാം
കുഞ്ഞു കിളികളോട്
കിന്നാരം പറയാം
സ്നേഹത്തിന്റെ
കളിവീടു പണിയാം

ഉപ്പുകൂട്ടി പച്ചമാങ്ങ
പകുക്കാം
കുറ്റിപ്പൊന്തയിലെ
മുള്ളുകൊണ്ട്
ചുള്ളിക്ക പറിക്കാം
മരച്ചില്ലകളിൽ
ഊഞ്ഞാലു കെട്ടാം
പാടവക്കിലിരുന്ന്
മീൻ പിടിക്കാം
കൊയ്തൊഴിഞ്ഞ പാടത്ത്
കാൽപന്തു കളിക്കാം
പൊട്ടിയ ഭരണിയിൽ
നിന്ന് ഉപ്പുമാങ്ങ
മോഷ്ടിക്കാം

മൂന്നാം ക്ലാസ്സിലെ
കാലൊടിഞ്ഞ
ബെഞ്ചിലിരിക്കാം
പുതിയ പുസ്തകങ്ങളുടെ
സ്നേഹ ഗന്ധം
വീണ്ടുമറിയാം
സ്കൂൾ മുറ്റത്ത്
കളിക്കൂട്ടങ്ങളൊരുക്കാം
മാനം കറുക്കുമ്പോൾ
പരിഭവിക്കാം
കണക്കു മാഷുടെ
തല്ലു കൊള്ളാം
മുറിഞ്ഞ പെൻസിൽ
കയ്യിൽ പിടിച്ച്
കണ്ണീരു വാർക്കാം

പറങ്കിമാവും
നെല്ലി മരവും
ഞാവൽ പഴവും
തേടി അലയാം
കുന്നുകൾ താണ്ടാം
കുളങ്ങളിൽ കൂത്താടാം
ഇടവഴികളിലും
മരത്തണലിലും
പുനർജനിക്കാം
ജീവിതത്തിൻറെ
പടിയിറങ്ങിപ്പോയ
കളിക്കൂട്ടുകാരനെയോർത്ത്
വിങ്ങിക്കരയാം
മനസ്സിന്റെ
വരണ്ട മുറിവുകളിൽ
ആ കണ്ണീരു പുരട്ടാം

ഓർമ്മകളുടെ
തുലാവർഷം
തീർക്കുന്ന
മഴ കൊണ്ട്
നനഞ്ഞു കുതിരാം

കരുത്തുള്ള വാക്കുകൾ
കടം തരുമോ?

Sunday, September 22, 2013

കൊലപാതകങ്ങളുടെ മന:ശാസ്ത്രം?

ർക്കാർ ജോലി ലഭിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്ന മകൻ ഒരു സിനിമാ കഥാപാത്രം മാത്രമായിരുന്നെങ്കിൽ ഇന്ന് അതും യാഥാർത്യമായി പുലരുന്നുണ്ട്. ബീഹാറിലെ മുങ്കര്‍ ജില്ലയിൽ നിന്ന്  ഈ വർഷം  ജൂലായ് 18 നാണ് സമാന സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. റെയില്‍വേയിൽ  ജോലി കിട്ടുന്നതിനു വേണ്ടി സ്വന്തം അച്ഛനെ മകന്‍ വാടകക്കൊലയാളിയെ വിട്ട് കൊലപ്പെടുത്തുകയായിരുന്നു. ജമല്‍പുര്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലെ സീനിയര്‍ ടെക്‌നീഷ്യന്‍ ആയിരുന്ന ഉപേന്ദ്ര മണ്ഡല്‍ ആണ്  കൊല്ലപ്പെട്ടത്. ഗര്‍ഹി വില്ലേജിലെ താമസക്കാരനായ അനില്‍ കുമാര്‍ എന്ന വാടക്കൊലയാളിയാണ് ഉപേന്ദ്ര മണ്ഡലിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉപേന്ദ്ര മണ്ഡലിന്റെ മകന്‍ സദാനന്ദ് മണ്ഡലാണ് കൊലപാതകത്തിന് പിന്നിലെന്ന്‌ തെളിഞ്ഞത്. റെയില്‍വേ ഉദ്യോഗസ്ഥാനായ പിതാവ് സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ തനിക്ക് ആ ജോലികിട്ടുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ്  അച്ഛനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൂത്ത മകനായ സദാനന്ദ് മണ്ഡല്‍ പോലീസിനോട് സമ്മതിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്‍കാത്തതിനാണ് ഉത്തർപ്രദേശിലെ  ബാല്ല്യ ജില്ലയിലെ ഖൈറ നിഫ്കി ഗ്രാമത്തില്‍ കഴിഞ്ഞ ജൂലൈ മാസത്തിൽ  ശിവാനന്ദ് ഗിരി എന്ന അറുപത്തിരണ്ടുകാരൻ  മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്.  ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമങ്ങളിൽ മാത്രം കേട്ടിരുന്ന ഇത്തരം സംഭവങ്ങൾ ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. 

കഴിഞ്ഞ മാസം മണിമലയ്ക്കു സമീപം പഴയിടത്ത്  കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ട ദമ്പതികളായ  ഭാസ്കരന്‍ നായരുടെയും തങ്കമ്മയുടെയും അടുത്ത ബന്ധുവായ അരുണ്‍ ശശിയാണ് പിന്നീട് പ്രതിയായി  പിടിയിലായത്. സഹോദരനും സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത  പരിയാരത്തെ നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയെ സ്വന്തം മകന്‍ രഞ്ജിത്  വിഷം നല്‍കി കൊന്ന് കുഴിച്ചുമൂടിയത്  2011 ഒക്ടോബര്‍ ഒമ്പതിനാണ്.  രഞ്ജിത്തും രഞ്ജിത്തിന്‍റെ സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മാലതിയ്ക്ക് രഞ്ജിത് ബലമായി വിഷം നല്‍കുകയായിരുന്നു. അമ്മ വിഷം കഴിച്ചു മരിച്ചു എന്നും ആരും അറിയാതെ ജഡം മറവു ചെയ്യാമെന്നും പിതാവ് മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞെങ്കിലും ബന്ധുക്കളെ ഈ വിവരം അറിയിക്കണമെന്ന് മാധവന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സഹോദരങ്ങള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ആദിവാസി യുവാക്കളെ കൊണ്ട് കമ്പോസ്റ്റ്  കുഴി ഉണ്ടാക്കി  മാതാവിന്‍റെ ജഡം ഈ കുഴിയില്‍മറവു ചെയ്യുകയായിരുന്നു. അമ്മ എറണാകുളത്ത് ചികിത്സയ്ക്കായി പോയിരിക്കുകയാണെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാരനായ പ്രതാപചന്ദ്രന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തോടെ  കൊലപാതക രഹസ്യം പുറത്താവുകയാണുണ്ടായത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012 ല്‍ രാജ്യത്ത് മൊത്തം നടന്ന കൊലപാതകങ്ങള്‍ 34,434 ആണ്. ഇതില്‍ കൊലപാതക കാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് 13,448 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 3,877 കൊലപാതകങ്ങളും വ്യക്തി താല്പര്യങ്ങളുടെ പുറത്ത് നടന്നിട്ടുള്ളതാണ്. 3,169 കൊലപാതകങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമായിരുന്നു. 2,549 കൊലപാതകങ്ങള്‍ നടന്നത് പ്രണയത്തിന്റേയും സെക്‌സിന്റേയും പേരിലാണ്.  വ്യക്തി താല്പര്യങ്ങൾക്കും വൈരാഗ്യത്തിനും വസ്തു തര്‍ക്കത്തിനും തൊട്ടു താഴെ കൊലപാതക കാരണങ്ങളില്‍ പ്രണയം വില്ലനായി വരുന്നുണ്ട്. സാമ്പത്തിക ദുരയും വഴിവിട്ട താല്പര്യങ്ങളും ദുര്മോഹവുമാണ് അടിസ്ഥാനപരമായി ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാനുള്ളത്. ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സംസ്ഥാനം മുൻപന്തിയിലുണ്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2012 ലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം ആദ്യ സ്ഥാനങ്ങളുടെ ക്രമത്തിൽ   കേരളം  (455.8), മധ്യപ്രദേശ് (298.8), തമിഴ്നാട് (294.8) എന്നിങ്ങനെയാണ് ക്രൈം റേറ്റ്.    

ഏവരും വാഹനാപകടം ആണെന്ന് ആദ്യം കരുതിയ ദുരന്തമാണ്  കഴിഞ്ഞ നോമ്പു കാലത്ത് അരീക്കോട്‌ ആലുക്കലില്‍ സ്‌കൂട്ടര്‍ വെളളക്കെട്ടിലേക്ക്‌ മറിഞ്ഞ്‌ ഉമ്മയും രണ്ടു മക്കളും മരിച്ച സംഭവം. പോലീസിന്റെ അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലയെന്ന് ഉടൻ തെളിഞ്ഞു. മറ്റൊരു വിവാഹം കഴിക്കാനും ഭാവിയിൽ മക്കൾ ബാധ്യത അകാതിരിക്കാനുമാണ് കുടുംബ നാഥൻ  ഈ  ആസൂത്രിത കൂട്ടക്കൊല നടത്തിയത്. ഭാര്യയുടെയും മക്കളുടെയും പേരിൽ ഇന്ഷുറന്സ് പോളിസികൾ വരെ കൊലപാതകി മുഹമ്മദ്‌ ഷരീഫ് തയ്യാറാക്കി വെച്ചിരുന്നു. ഏഴും അഞ്ചും വയസുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയെ മർദ്ദിച്ചവശയാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തി കക്കൂസ് ടാങ്കിൽ മൂടിയ കേസിൽ നെടുമങ്ങാട്ടുള്ള വേട്ടമ്പള്ളി തവലോത്തു കോളനിയിലെ ഓട്ടോ ഡ്രൈവർ ആന്റണിയെ പൊലീസ് അറസ്​റ്റു ചെയ്​ത വാർത്ത നാം മറന്നിട്ടില്ല. ഇതിൽ മദ്യമായിരുന്നു വില്ലൻ!. ഇത്തരം അനവധി സംഭവങ്ങൾക്കു പുറമെയാണ് രാഷ്ട്രീയ ഗോഥയിൽ  അരങ്ങേറുന്ന ക്രൂരമായ കൊലകൾ. 

നാട്ടിലും വിദേശത്തും ഒരു പോലെ ഞെട്ടലുണ്ടാക്കിയ കൊലപാതകമാണ് ഈ മാസം ഷാര്‍ജയിൽ  അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അബൂബക്കര്‍ കുത്തേറ്റുമരിച്ച സംഭവം. പിടിയിയിലായത് അതേ സ്ഥാപനത്തിൽ  ജോലി ചെയ്യുന്ന കണ്ണൂര്‍ കൊളച്ചേരി സ്വദേശി  അബ്ദുല്‍ബാസിത് എന്ന ഇരുപത്തിമൂന്നുകാരനാണെന്നത് വലിയ ഞെട്ടലോടു കൂടിയാണ് പുറം ലോകം ശ്രവിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന ബാസിത്തിന്റെ പിതാവ് മൊയ്തീന്‍കുഞ്ഞിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലപ്പെട്ട അബൂബക്കര്‍ തന്നെയാണ് വിസ നല്‍കി ബാസിത്തിന്  സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ബാസിതിന്  സഹോദരിയുടെ കല്യാണത്തിന് പത്തുദിവസം നാട്ടില്‍ പോകാനായി ലീവ് നല്‍കുകയും കല്യാണ ആവശ്യത്തിനായി സാമ്പത്തികസഹായം നല്‍കുകയും ഇനിയും വേണ്ടത് ചെയ്യാമെന്ന് അബൂബക്കർ പറയുകയും ചെയ്തിരുന്നു. ഒരു സാധാരണ മലയാളി യുവാവിന് എങ്ങിനെ ഇത്ര ക്രൂരനാകാൻ കഴിഞ്ഞു എന്ന ചോദ്യം അവശേഷിക്കുന്നു.  മനുഷ്യ ബന്ധങ്ങളെയും പരസ്പര വിശ്വാസത്തെയും കാറ്റിൽ പറത്തുന്ന ഇത്തരം സംഭവങ്ങൾ നാട്ടിലും പുറത്തും വ്യാപകമാകുന്നു എന്നതാണ് സമകാല ചിത്രം. ഇത് കേരളീയ കുടുംബങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്.

മദ്യ ലഹരിയിലോ നൈമിഷിക വികാരങ്ങളുടെ വേലിയേറ്റത്തിലോ നടക്കുന്ന കൊലപാതകങ്ങളെക്കാൾ കൂടുതൽ ആസൂത്രിത കൊലപാതകങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിൽ ഭൂരിഭാഗവും സാമ്പത്തിക ലാഭങ്ങൾ ലാക്കാകി ഉള്ളവയാണെന്നും  കാണാൻ കഴിയും. പെട്ടെന്ന് പണക്കാരാവുകയെന്ന ദുർമോഹം സാർഥകമാക്കാനോ ഭൌതിക സുഖങ്ങളിൽ ആറാടുന്നതിനോ വേണ്ട പണത്തിനായി  കൂടപ്പിറപ്പിന്റെ നെഞ്ചിൽ വരെ കഠാരയിറക്കാൻ മടിക്കാത്ത സമൂഹമാണോ നാംആധുനിക ആഡംബര ജീവിതത്തിലും മാധ്യമങ്ങൾ നിറം തേച്ച് വിളമ്പുന്ന മോഹിപ്പിക്കുന്ന പരസ്യങ്ങളിലും അഭിരമിച്ച് സ്വപ്‌നങ്ങൾ മെനയുന്ന തരം താണ സംസ്കാരത്തിലേക്ക് നാം മൂക്കുകുത്തി വീണു എന്നിടത്താണ് പ്രശ്നത്തിന്റെ അടിവേരുള്ളത്. തൊലിപ്പുറത്തും അവയവങ്ങളിലും വരുന്ന രോഗങ്ങൾ നിർണ്ണയിക്കാനും ചികിത്സിക്കാനും എളുപ്പമാണ്. മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തലും ചികിൽസിക്കലും അത്ര എളുപ്പമല്ല.  പുറമെ സുന്ദരന്മാരും കുലീനരുമായി തോന്നിക്കുന്ന പലരും മനസ്സിൽ മാരക രോഗങ്ങൾ പേറി നടക്കുന്നവരാണെന്ന സത്യം തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാവണം. ഭരണ കൂടത്തിനും നിയമ പാലകർക്കും  പൊതു രംഗത്തും മത രംഗത്തുമുള്ള സംഘടനകൾക്കും സന്നദ്ധ കൂട്ടായ്മകൾക്കും കുടുംബങ്ങൾക്കും ഇതിൽ കൃത്യമായ റോളുണ്ട്. 

ഒരാളുടെ ദുർമോഹങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഒന്നോ അതിലധികമോ കുടുംബങ്ങളോ ഒരു ഗ്രാമം മുഴുവനോ ആയിരിക്കും. അവരുടെ ജീവിതം ആകെ അടിമേൽ മറിയുന്നു. ആ നഷ്ടവും വിങ്ങലും തലമുറകളോളം നീളുന്നു. കൊലപാതകിയുടെ  ഇഹലോക ജീവിതവും മരണാനന്തര ജീവിതവും  ഇരുളടയുന്നു. ഇരുമ്പഴിക്കുള്ളിൽ കൈവിരൽ കടിച്ചു കാലം കഴിക്കാനോ വധ ശിക്ഷക്കു കീഴ്പെടാനോ  അയാൾ വിധിക്കപ്പെടുന്നു. ഇക്കാലത്ത് നടക്കുന്ന കൊലപാതകങ്ങളിൽ അപൂർവ്വം എണ്ണങ്ങൾ ഒഴിച്ചു നിർത്തിയാൽ പ്രതികൾ കൃത്യമായി പിടിക്കപ്പെടുന്നുണ്ട് എന്ന ചിന്ത പോലും കുറ്റം ചെയ്യാൻ മുതിരുന്നവരെ അലട്ടുന്നില്ല എന്നത് ഏറെ കൗതുകരമാണ്.  കാൽ പന്തുകളിയിലെ തർക്കം മൂത്താണ് മലപ്പുറം ജില്ലയിലെ കുനിയിൽ പ്രദേശത്ത് ഒരു പാവം ചെറുപ്പക്കാരനെ കുത്തി വീഴ്ത്തിയത്.   ജാമ്യത്തിലിറങ്ങിയ കൊലപാതകികൾ പിന്നീട് സമാന രീതിയിൽ വധിക്കപ്പെട്ടു. കൊലപാതക പരമ്പരയിൽ ഒരു ഗ്രാമം മുഴുവൻ വിറങ്ങലിച്ചു പോയ  മഹാ ദുരന്തം! ആരെന്തു നേടിനീറുന്ന കുറേ മനസ്സുകളിൽ  കരിയാത്ത കുറെ മുറിപ്പാടുകളല്ലാതെ!

"മറ്റൊരാളെ കൊന്നതിനു പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു". (ഖുർആൻ-5:32)  
(Published @ Varthamanam Daily- 22.09.13)

Monday, July 22, 2013

നോമ്പ്
അകം വിങ്ങുന്ന 
പശ്ചാതാപം 
മനസ്സിലെ 
കളകൾ 
പിഴുതെറിയണം 

ഉള്ളു നിറഞ്ഞ
പ്രാർത്ഥന
ജീവിതത്തെ
നനച്ച്
ഹരിതാഭമാക്കണം

എങ്കിൽ
നോമ്പുകാരന്റെ
ദിനരാത്രങ്ങൾ
സാർത്ഥകമായി!

Wednesday, June 19, 2013

ചരിത്രമുറങ്ങുന്ന അൽ ഉലയിലേക്ക്...

ചെറുപ്പം മുതലേ  മനസ്സിൽ ചേക്കേറിയ ഒരു ഭൂപ്രദേശം നേരിൽ കാണുക അവാച്യമായ അനുഭവമാണ്. അടുത്തറിയും തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന മരുപ്പരപ്പും അരികെ  തലയുയർത്തി നിൽക്കുന്ന  മലനിരകളും വഴി നീളെ  കൂടെ വരുമ്പോൾ  യാത്ര പിന്നെയും ഹൃദ്യമാകും. ലക്ഷ്യ സ്ഥാനം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഇടം കൂടിയാകുമ്പോൾ  ജിജ്ഞാസയും നമ്മോടു കൈകോർക്കും. 

മാമലകൾ സാക്ഷി...മുന്നിൽ അക'ബർ ചാലിയാർ  


ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട്  962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ  ഹിജ്‌ർ പ്രദേശം. 2008- കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.  


ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ യാമ്പുവിൽ നിന്ന് യാമ്പു നഖൽഅൽ ഈസ് വഴിയാണ് അൽ ഉലയിലേക്കുള്ള യാത്ര. ചെറിയ ഒറ്റവരിപ്പതയാണ്  പോക്കിനും വരവിനുമുള്ളത്. പാത ചെറുതെങ്കിലും വാഹങ്ങളുടെ   വേഗതക്ക് കാര്യമായ കുറവൊന്നുമില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ റോഡിനപ്പുറം കടക്കുക ഇവിടെ സാധാരണ കാഴ്ച. ഹൈവേകളിൽ ഇരുവശവും കാണുന്ന  കമ്പി വെലിയൊന്നും ഇത്തരം റോഡുകൾക്കില്ല.  പാവം ഒട്ടകങ്ങൾ രാത്രിയാകുമ്പോൾ  നമ്മെ അലോസരപ്പെടുത്തുന്ന ഭീകരന്മാരായെന്നു വരും!.   യാത്രക്കിയിൽ

പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 325 കിലോമീറ്റര്‍ വടക്കു  മാറിയാണ് അൽ ഉല നഗരം.  അൽ വജ്ഹാണ് തൊട്ടടുത്ത എയർപോർട്ട്‌. അൽ ഉലയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയൊരുക്കി തുടങ്ങും. കാലത്തിന്റെ പരുക്കുകളും നൂറ്റാണ്ടുകളുടെ പ്രായം സമ്മാനിച്ച  അടയാളങ്ങളും  കലാപരമായി ഏറ്റുവാങ്ങി ഇന്നും ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളാണ് അൽ ഉല നഗരത്തിൽ നമ്മെ വരവേൽക്കുക. കാലത്തിന്റെ കരവിരുതും ശില്പ ചാരുതയും അവയിലൂടെ വായിച്ചെടുക്കാനാവും.  പ്രകൃതിയുടെ നിർമ്മാണ വൈദഗ്ദ്യത്തിൽ രൂപം കൊണ്ട ശില്‍പ താഴ്‌വരയാണ്‌ ചരിത്രമുറങ്ങുന്ന അൽ ഉല പട്ടണം. 
 അൽ ഉല

അൽ ഉല - മദായിൻ സാലിഹ് റോഡ്‌ 

അല്‍ ഉലയിൽ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാൽ മദായിൻ സ്വാലിഹിലെത്താം. ചരിത്രത്തിന്റെ കനപ്പെട്ട ശേഷിപ്പുകളുള്ള മൂക താഴ്വര!. മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാറകൾ നമ്മെ പൌരാണിക കാലത്തേക്ക് കൈപിടിച്ചു നടത്തുംഅവിടെ പ്രവേശിക്കുമ്പോൾ തന്നെ ഭയവും ആശ്ചര്യവും  ഇഴ ചേർന്ന വികാരം നമ്മെ വലയം ചെയ്യും. അതി ശക്തവാന്മാരായിരുന്ന ഒരു ജനപഥം വിട്ടേച്ചു പോയ കാർഷിക സമതലവും കാലത്തിന്റെ രുചി ഭേങ്ങൾക്ക് മൂകമായി സാക്ഷി നില്ക്കുന്ന പ്രായം ചെന്ന പാറക്കെട്ടുകളും കുന്നുകളും. സഹസ്രാബ്ദങ്ങളുടെ അനുഭവം വിളിച്ചോതുന്ന ഈ പ്രദേശത്തിന്റെ സംരക്ഷണം പ്രകൃതി തന്നെ സ്വയം ഏറ്റെടുത്തപോലെ തോന്നും. പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും ഇന്ന് ഈ ചരിത്ര  ഭൂമിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇവിടെ ചെറുതും വലുതുമായ 132 ശിലാഭവനങ്ങളാണുള്ളത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ 
സ്ഥാപിച്ചിട്ടുണ്ട് . വാഹങ്ങൾ ചെന്നെത്താവുന്ന വിധം റോഡുകൾ നിർമ്മിച്ചിട്ടുമുണ്ട്.വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ ജനത വസിച്ചിരുന്ന  ഈ  താഴ്വര. തങ്ങളുടെ പ്രവാചകനെ  ധിക്കരിക്കുകയും അഹങ്കരിക്കുകയും ചെയ്ത കാരണത്താൽ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട  സമൂദ്  ഗോത്രത്തിന്റെ ആവാസകേന്ദ്രമായിരുന്നതു കൊണ്ടാണ് ഇവിടം മദായിൻ സ്വാലിഹ് എന്ന പേരിൽ പ്രസിദ്ധമായത്. സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നവരും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുവരുമായിരുന്നു അതി ശക്തവാന്മാരായ സമൂദുകാർ. ദൈവ കല്പന ധിക്കരിക്കുകയും അവരിലെ ദൂതന്റെ പ്രവാചകത്വത്തിനു തെളിവായി അമാനുഷിക രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്കു ലംഘിച്ച് അവർ അറുത്ത് കളയുകയും ചെയ്തു. ഒൻപത്  റൗഡി  സംഘങ്ങൾ ആ നഗരത്തിൽ  ഉണ്ടായിരുന്നതായി ഖുർആൻ പറയുന്നുണ്ട് . ധിക്കാരം അതിരു കടന്നപ്പോൾ ഘോര ശബ്ദം മൂലം അവർ നശിപ്പിക്കപ്പെടുകയാണുണ്ടായത് . ഏതാണ്ട് 5000 വര്ഷം മുന്പ്  ബി സി 3000 ത്തിനും 2500 നും ഇടയിലാണ്  സമൂദ്   ഗോത്രത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. അറബികൾക്കിടയിൽ പ്രവാചക ആഗമനത്തിനു മുൻപു തന്നെ ഇവരെ കുറിച്ചുള്ള കഥകൾ നില നിന്നിരുന്നു.  വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തതായും  പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും ചരിത്രമുണ്ട്. അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമായതിനാൽ ദു:ഖത്തോടു  കൂടിയല്ലാതെ നിങ്ങളവിടെ പ്രവേശിക്കരുതെന്നും പെട്ടെന്ന് കടന്നു പോകണമെന്നും പ്രവാചകൻ നിർദേശിച്ചു.   
നരവംശ ശാസ്ത്ര പഠനങ്ങൾ പ്രകാരം പുരാത ജോർദാൻ കേന്ദ്രമായി ഭരണം നടത്തിയിരുന്ന നബ്ത്തികളുടെ രണ്ടാം പട്ടണമായാണ് മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്.  ജോർദാനിലെ പുരാതന പെട്ര നഗരമായിരുന്നു അവരുടെ ആസ്ഥാനം. ഏതാണ്ട് ബി സി  312 ൽ പെട്ര നഗരം സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . 1985  മുതൽ  യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിലും ഇപ്പോൾ പുതിയ ലോകാത്ഭുതങ്ങളിലും പെട്രയുണ്ട്. പീത വർണ്ണത്തിലുള്ള മലകൾ തുരന്നുള്ള നിർമ്മിതികളിലെ സ്തൂപങ്ങളും രൂപങ്ങളും രണ്ടിടത്തും ഒരേ ശൈലിയിലാണ്. പെട്രയല്ല മദായിൻ സ്വാലിഹാണ് നബ്തികളുടെ ഒന്നാം നഗരം എന്ന വാദവും നിലവിലുണ്ട്. പെട്രയിലെ നിർമ്മിതികളിൽ തൂണുകൾ വളരെ കൂടുതലായി  കാണപ്പെടുന്നു എന്നതും പ്രത്യേകതയാണ്. വിശുദ്ധ ഖുർആന്റെ വിവരണവും സൗദി ചരിത്ര പഠനങ്ങളും അനുസരിച്ച് സ്വാലിഹ് നബി നിയുക്തനായ ഹിജ്ർ പ്രദേശം ഇതു തന്നെയാണെന്നും മദാഇൻ സ്വാലിഹിൽ കാണുന്നത് സമൂദ് ഗോത്രത്തിന്റെ ശേഷിപ്പുകളാണെന്നുമുള്ള  ഉറച്ച പക്ഷമാണ്  മുസ്‌ലിംകൾക്കുള്ളത്. സമൂദ് ഗോത്രത്തിന്റെ  ശിലാ ഭവനങ്ങളിൽ നബ്തികൾ പില്കാലത്ത് തങ്ങളുടേതായ മാറ്റങ്ങൾ വരുത്തി എന്നു വിശ്വസിക്കുന്നതാവും കൂടുതൽ നീതി. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളിൽ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. 

പുരാതന പെട്ര നഗരം . ജോർദ്ദാൻ  

അൽ- ഖസ്'ന: പെട്രയിലെ പുരാതന ക്ഷേത്രം

നബ്ത്തികളുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രവും ഇടത്താവളവുമായിരുന്നു മദായിന്‍ സ്വാലിഹ് . തലസ്ഥാനമായ പെട്ര എ ഡി  106-ല്‍ റോമാ സൈന്യത്തോട് പരാചയപ്പെട്ടതോടെ  മദായിന്‍ സ്വാലിഹിന്റെ പ്രതാപവും അവസാനിച്ചുവെന്നാണ് ചരിത്രം. പില്‍ക്കാലത്ത് ദമസ്‌കസില്‍ നിന്ന്  മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയിലും  മദായിന്‍ സ്വാലിഹ് ഒരു  പ്രധാന കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷൻ കൂടിയായിരുന്നു ഇവിടം. ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും റെയിലിന്റെയും എന്‍ജിന്റെയും ഭാഗങ്ങൾ അവിടെ നില നിർത്തിയിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഞരമ്പു പോലെ പഴയ ഡമസ്കസ് മുതൽ മദീന വരെ നീണ്ടു കിടന്ന ചരിത്ര സഞ്ചാരത്തിന്റെ നാരോ ഗേജ്!നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് കൃത്യമായ വിവരമില്ലെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതപ്പെടുന്നത്.  ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സ്വാലിഹും നിലംപൊത്തിയതിനുശേഷം ഈ പ്രദേശത്തെ പിന്മുറക്കാരായ നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിന്‍  ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പഴയ ഹിജ് ർ  നിവാസികളും പിൽകാലക്കാരായ നബ്ത്തികളും ചരിത്ര കുതുകികളുടെ മുൻപിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഒട്ടേറെ വാതായനങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട് 
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽ- ഉല പുരാതന നഗരം അൽ ഉലയിലെ മറ്റൊരു കാഴ്ചയാണ്. 800 -ൽ പരംവീടുകളുടെ ഒരു സമുച്ഛയമാണിത്. കല്ലും മണ്ണും ഈത്തപ്പനത്തടിയുമൊക്കെ ഉപയോഗിച്ച് നിമ്മിച്ച ഈ വീടുകൾ പലതും മുകൾ നിലയുള്ളതാണ്. ചുവന്ന പാറയിൽ  ഉയരത്തിൽ നിർമ്മിച്ച കോട്ടയുടെ മുകളിൽ കയറിയാൽ പുരാതന നഗരവും ആധുനിക നഗരവും ഇരു വശങ്ങളിലായി കാണാം.  കോട്ടയുടെ അടിത്തറയുടെ പ്രായം 2600 വർഷമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  വീടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വഴികൾ മനോഹരമായി പ്ലാൻ ചെയ്തു നിർമ്മിച്ചിട്ടുണ്ട്. ആരവത്തോടും ആഹ്ലാദത്തോടും കൂടി ഒരു ജനത ഇപ്പോഴും അവിടെ ജീവിക്കുന്ന പോലെ തോന്നും. കോട്ടയുടെ മുകളിൽ കയറിയാൽ മുഴുവൻ ഭവനങ്ങളും ഒറ്റ ക്ലിക്കിൽ പകർത്താം.


സഹയാത്രികർ അൽ ഉല കോട്ടയുടെ മുകളിൽ 

അൽ- ഉല ഓൾഡ്‌ സിറ്റി  


പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ  അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.


 മുസഫർ അഹ് മദ്  'മരുഭൂമിയുടെ ആത്മകഥ' അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌. "മടങ്ങുന്നു. തൊഴിൾ ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തിൽ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടുകാരനുമാകണം. മരുഭൂമി താണ്ടാൻ കരുത്തുള്ള പേശികൾ വാങ്ങണം".  മടങ്ങുന്നു... 

Thursday, April 11, 2013

ഉത്തരാധുനിക പട്ടിണി!

തിരികെട്ട് പുകയുന്ന 
മരിച്ച വിളക്കിനടുത്ത്‌
കൂനിക്കൂടി വിറങ്ങലിച്ച
ദൈന്യതയുടെ
അസ്ഥിക്കഷ്ണങ്ങളില്‍
തീപ്പൊരി പോലെ
മിന്നി  നിൽക്കുന്നുണ്ട് 
പഴയ  പട്ടിണി

വറവു  ചട്ടിയിൽ 
ഞെളിപിരി കൊണ്ടും 
രുചി ഭേദങ്ങളുടെ 
പുത്തൻ കൂട്ടുകൾ 
വാരിപ്പുണർന്നും 
നാസാരന്ദ്രങ്ങളെയും 
നാവിനെയും കുഴക്കുന്ന 
ഇഷ്ട വിഭവങ്ങൾ 
ഇന്ന്  വായക്കു പഥ്യം 

വെണ്ടക്ക വെട്ടിയതും 
കൈപ്പക്ക  പിഴിഞ്ഞതും 
കുമ്പളം കലക്കിയതും 
പച്ചിലയും ചവർപ്പും
ഒരു പിടി ഗുളികകളും 
ആധുനികന്റെ 
തീന്മേശ കയ്യടക്കിയതാണ് 
ഉത്തരാധുനിക പട്ടിണി!
(Pravasi Varthamanam- 11.04.13)