Sunday, August 21, 2011

ദരിദ്രന്‍റെ അവകാശംജീവിതം നിലനിര്‍ത്താനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം എന്നിവ ലഭ്യമല്ലാത്ത അവസ്ഥയെ ദാരിദ്ര്യം എന്നു വിളിക്കാം. ഇതില്‍ നിന്നു കരകയറാന്‍ ഭിക്ഷാടനം ഒരു തൊഴിലായി സ്വീകരിച്ചവര്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയാണ്. അപരന്‍റെ മുന്‍പില്‍ കൈ നീട്ടുന്നതിനു തങ്ങളുടെ അഭിമാനം അനുവദിക്കാത്തതിനാല്‍ പ്രയാസങ്ങളുടെ നോവും നീറ്റലും അറിയിക്കാതെ ഒതുങ്ങി ജീവിക്കുന്നവര്‍ വേറെ. ഈ രണ്ടാമത്തെ ഗണത്തില്‍ പെടുന്നവരെ സൂചിപ്പിക്കുവാന്‍ അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് 'മിസ്കീന്‍'. സമൂഹം നിര്‍ബന്ധമായും കാണേണ്ടതും എന്നാല്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യുന്ന വിഭാഗം. അനാഥര്‍, അബലര്‍, നിരാലംബര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, വയോധികര്‍, മനോരോഗികള്‍, സാംക്രമിക രോഗമുള്ളവര്‍ തുടണ്ടി ഈ നിര നീണ്ടു പോകുന്നു. ദക്ഷിണ പൂര്‍വ്വേഷ്യന്‍ മേഖലയിലെ ദരിദ്രരാണ് ലോക ദരിദ്രജനതയില്‍ ഭൂരിഭാഗവും. ഇതില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. ഗ്രാമതലത്തിലെ ദാരിദ്ര്യം നഗരതലത്തിലേതിനെ അപേക്ഷിച്ച് രൂക്ഷവും വ്യാപകവുമാണ്. അതിന്റെ ഘടനയും സ്വഭാവവും നഗരതലത്തിലേതിനെക്കാള്‍ വ്യത്യസ്തവുമാണ്.

സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോകിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉള്ളവന്‍ ദുര്‍വ്യയം ചെയ്യുകയും ഇല്ലാത്തവന് നല്‍കേണ്ടത്‌ തടയപ്പെടുകയും ചെയ്യുമ്പോള്‍ സമ്പന്നന്‍ ഉയരുകയും ദരിദ്രന്‍ കൂടുതല്‍ തളരുകയും ചെയ്യുന്നു. . മനുഷ്യന്റെ ദുരയും പൂഴ്ത്തിവെപ്പും ദുര്മോഹങ്ങളും ഇതിനു ആക്കം കൂട്ടുന്നുണ്ട്!

 പരിഹാരം.........?

സാമ്പത്തിക രംഗത്തെ പ്രയോകിക വിതരണവും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്‍റെ ക്രിയാത്മക രീതിയുമാണ് ഇസ്‌ലാം വിവക്ഷിക്കുന്ന സകാത്ത് സംബ്രദായം. തന്‍റെ സമ്പത്തില്‍ നിശ്ചിത പരിധി (നിസ്വാബ്) എത്തിക്കഴിഞ്ഞാല്‍ ഓരോരുത്തരും നിര്‍ബന്ധമായും നല്‍കേണ്ട ദാനമാണിത് . എല്ലാ വരുമാന ഇനങ്ങള്‍ക്കും പരിധിയെത്തിയാല്‍ ഇത് നിര്‍ബന്ധമാണ്‌. പക്ഷെ മുസ്ലിംകള്‍ക്കിടയില്‍ പലരും പ്രസ്തുത വിഷയത്തില്‍ അജ്ഞത നടിക്കുകയോ
ഇക്കാര്യം  സൌകര്യപൂര്‍വ്വം വിസ്മരിക്കുകയോ ചെയ്യുന്നു. പലപ്പോഴായി നിര്‍ധനര്‍ക്ക് നല്‍കുന്ന ഒറ്റപ്പെട്ട സഹായങ്ങള്‍ നിര്‍ബന്ധ ദാനമാകുന്ന സക്കാത്തിന്‍റെ കണക്കിലെഴുതി ആശ്വാസമടയുന്നവരാന് ഏറെ പേരും. അത് ഐചികദാനം (സ്വദഖ) മാത്രമേ ആകുന്നുള്ളൂ. നിര്‍ബന്ധ ദാനം (സക്കാത്ത്) ആകുന്നില്ല. സക്കാത്ത് സത്യത്തില്‍ ദരിദ്രന്‍റെ അവകാശമാണ് അല്ലാതെ ധനികന്റെ ഔദാര്യമല്ല. നമസ്കാരം, നോമ്പ്, സക്കാത്ത് എന്നിവ ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭ ങ്ങളില്‍ ഇഴചേര്‍ന്നു നിക്കുന്ന കര്‍മ്മങ്ങളാണ്.ഇതില്‍ രണ്ടെണ്ണം മാത്രം
പ്രയോഗവല്‍ക്കരിക്കുകയും ഒന്നിനെ പാടെ അവഗണിക്കുകയും ചെയ്യുന്നത് തികഞ്ഞ അപരാധമത്രേ!

തങ്ങളുടെ സ്വത്തുക്കളില്‍ ചോദിച്ചു വരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണ്ണിത അവകാശ മുണ്ടെന്നും അത് നല്‍കല്‍ വിശ്വാസിലളുടെ ലക്ഷണമാണെന്നും വിശുദ്ധ ഖുര്‍ആന്‍ (70:24,24) അസന്നിഗ്ദമായി അറിയിക്കുന്നുണ്ട്.

ഒന്നാം ഖലീഫ അബൂബക്കര്‍ (റ) ഭരണ മേറ്റെടുത്തപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: "അല്ലാഹുവാണ് സത്യം; നമസ്കാരത്തിനും സകാത്തിനുമിടയില്‍ വേര്‍തിരിവ് കാണിക്കുന്നവരോട് ഞാന്‍ സമരം ചെയ്യുന്നതാണ്"

മിക്ക ഇനങ്ങള്‍ക്കും വര്‍ഷത്തിലാണ് സകാത്ത് നല്‍കേണ്ടത്. അത് റമദാന്‍ മാസത്തിലാകണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ശരീരത്തോടൊപ്പം മനസ്സും നിര്‍മ്മലമാകുന്ന പുണ്യദിനങ്ങള്‍ സമ്പത്തിന്‍റെ വാര്‍ഷിക ശുദ്ധീകരണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാന്‍ സഹായിച്ചേക്കും. പക്ഷെ, റമദാനില്‍ ഒരു പ്രത്യേകദിനം മാത്രം സകാത്ത് വിതരണത്തിനു വേണ്ടി കാണുകയും പാവങ്ങളെ തെരുവിലിറക്കി തെണ്ടിക്കുകയും ചെയ്യുന്ന രീതിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. സകാത്ത് കൃത്യമായ ഒരു ആരാധനയാണ്. സമ്പന്നന്‍റെ പടിവാതിലില്‍ കൈനീട്ടി നില്‍കുന്ന സാധുവിന്‍റെ കരങ്ങളിലേക്ക് ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന വെറും നാണയത്തുട്ടുകളോ ധാന്യമണികളോ അല്ല. സമൂഹത്തിന്റെ സുസ്ഥിതിക്കു മതം അനുശാസിച്ച മഹത്തായ ഒരു കര്‍മ്മത്തെ അതിന്റെ അനുയായികള്‍ തന്നെ ഭിക്ഷാടനത്തിന്റെ വാര്‍ഷിക ദിനമാക്കി മാറ്റുന്നത് എത്ര ഖേദകരമാണ്!

സംഘടിതമായി അത് നിര്‍വ്വഹിക്കാന്‍ സാധിച്ചാല്‍ അതാകും ഏറെ ഉത്തമം. അതിനു കഴിയാത്തവര്‍ നിശ്ശബ്ദമായി അത് അര്‍ഹിക്കുന്നവന്‍റെ കരങ്ങളിലെത്തിക്കുകയാണ് വേണ്ടത്.

കൃത്യമായ രൂപവും രീതിയുമുള്ള ഒരു ആരാധന തങ്ങളുടെ ഇഷ്ടപ്രകാരം അനുഷ്ടിക്കുവാന്‍ മതം അനുവദിക്കുന്നില്ല. സമ്പത്തിനോടുള്ള ആര്‍ത്തി മൂത്ത് ദുര്ന്യായങ്ങള്‍ നിരത്തി മുഖം രക്ഷിക്കാന്‍ നമുക്ക് സാധിച്ചെന്നു വരും. പക്ഷെ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിനം കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് കുതറി മാറാന്‍ കഴിയില്ല; ആത്മാവിനെ വഞ്ചിച്ചു കൊണ്ടല്ലാതെ!.

"നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുന്പായി നിങ്ങള്ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ അടുത്ത ഒരു അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്. എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്".( വി. ഖുര്‍ആന്‍-62:10)

സകാത്ത് എന്ന പദത്തിന് വളര്‍ച്ച, വര്‍ദ്ധനവ്‌, വിശുദ്ധി എന്നൊക്കെയാണ് അര്‍ഥം. കൊടുക്കുന്നവനും വാങ്ങുന്നവനും അത് വളര്‍ച്ചക്കും വിശുദ്ധിക്കും സഹായകമായിരിക്കണം. 

 

Monday, August 1, 2011

വ്രതം


വ്രതം
ജഹന്നമില്‍* നിന്നൊരു പരിച
റയ്യാന്‍* തുറക്കുന്ന താക്കോല്‍  
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചു കളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍

ആത്മ വിചാരപ്പെടാം, നമുക്ക്
സ്വയം വിമര്‍ശകരാവാം
തെറ്റിന്റെ വക്കുകള്‍ വിട്ട്
നന്മയുടെ തീരമണയാം
ജഡികമോഹങ്ങള്‍ക്കു വിട നല്‍കി
പുതു തീര്‍ത്ഥയാത്ര തുടങ്ങാം
നികൃഷ്ട ചിന്തകളില്‍ നിന്നകന്ന്‌
നിത്യശാന്തിയുടെ കവാടം തിരയാം
ദുരാഗ്രഹങ്ങളുടെ ഇരുണ്ട
തടവറയില്‍ നിന്ന് മാറി
ബോധത്തിന്റെ അരികു പറ്റാം
കൈകളുയര്‍ത്തിക്കരഞ്ഞ്
ഖല്ബിനെ-ക്കഴുകാം
തൌബ കൊണ്ട് മിനുക്കി
ഉള്ളം സ്ഫടിക തുല്യമാക്കാം
ഞെരുങ്ങുന്ന സാധുവിന്
കരുണയുടെ നനവു പകരാം
വിചാരം തുറന്നു വെച്ച്
വികാരങ്ങളെ- യൊതുക്കാം
രാപ്പകലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന
നന്മയുടെ നാമ്പുകള്‍
കൊയ്‌തെടുക്കാം

വ്രതം
ജഹന്നമില്‍ നിന്നൊരു പരിച
റയ്യാന്‍ തുറക്കുന്ന താക്കോല്‍
ഇഷ്ടാനിഷ്ടങ്ങളുടെ നിയന്ത്രകന്‍
മനസ്സില്‍ അള്ളിയ
കറ തേച്ചുകളയാന്‍
നന്മയുടെ തെളിനീരുമായ് വരുന്ന
വിശ്വാസിയുടെ വിശുദ്ധ തോഴന്‍
-------------------------------
ജഹന്നം*- നരകം  
റയ്യാന്‍*- നോമ്പുകാര്‍ക്കുള്ള സ്വര്‍ഗ്ഗ കവാടം
-------------------------------