Thursday, April 28, 2011

2010 ഏപ്രില്‍...

ചുട്ടു പൊള്ളുന്ന മണല്‍ പുതച്ചു  കിടക്കുന്ന മരുഭൂമിയുടെ വിദൂരതയില്‍ കണ്ണു പായിച്ചു ഞാനിരുന്നു. ഒറ്റപ്പെട്ട ചെറിയ കുറ്റി മരങ്ങള്‍ ആ വിജനതയെ ആശ്വസിപ്പിച്ചു കൊണ്ട് കാറ്റില്‍ താളം പിടിക്കുന്നുണ്ട്. കൂട്ടിന് ചെറു കുന്നുകളും. അതിനുമപ്പുറം ശിരസ്സുയര്‍ത്തിയ  മലകള്‍ കൊടും ചൂടിലും ശാന്തരായി നില്‍ക്കുന്നു. ഇനിയും 300 കിലോമീറ്റര്‍  യാത്ര ചെയ്യണം.

ഒന്നാഞ്ഞു പിടിച്ചാല്‍  മാത്രമേ കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയൂ. ഒന്നിനും സമയമുണ്ടായിരുന്നില്ല. പൊടുന്നനെ തീരുമാനിച്ച യാത്രയാണല്ലോ!. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്ന് നേരിട്ട്   ഫ്ലൈറ്റുമില്ല. അബൂദാബിയിലെക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും പറക്കാനാണ്‌ പ്ലാന്‍.  അബുദാബി വരെയുള്ളത് മാത്രമേ ഇപ്പോള്‍ കണ്ഫേം ആയിട്ടുള്ളൂ. അതും ഇത്തിഹാദ് എയര്‍ ലൈന്‍സിന്‍റെ അവിടുത്തെ ഓഫീസില്‍ പരിചയക്കാരുള്ള ചില സഹോദരങ്ങളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് സാധ്യമായത്. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാഹനത്തില്‍ ശുഭകരമല്ലാത്ത ചില സന്ദേശങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ. വല്ലാതെ ഹീറ്റ് ആകുന്നുമുണ്ട്.  അളിയന്‍ അഹ് മദ് യാസിര്‍ വാഹനം ഹൈവേയുടെ ഓരത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തു.സംഗതി ഗുരുതരമാണ്. എഞ്ചിന്‍ ബെല്‍റ്റ്‌ പൊട്ടിയിരിക്കുന്നു!.

ഇടവേളകളില്‍ ചീറിപ്പാഞ്ഞു പോകുന്ന  വാഹനങ്ങള്‍ മാത്രം. ഞൊടിയിടയില്‍ ഞങ്ങളെ ബഹുദൂരം പിന്നിലാക്കി അവ ദൂരെ മറഞ്ഞു പോകുന്നു. പടച്ചവനെ.....! ഇനി എന്ത് ചെയ്യും....? ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്‌..... തള്ളിക്കയറി വന്ന ചിന്തകളുടെ വേലിയേറ്റം ശരീരത്തെയും മനസ്സിനെയും ഒരു പോലെ ഉലക്കുന്നതായി തോന്നി. വാഹനങ്ങള്‍  ഓരോന്നിനും മാറി മാറി കൈ കാണിച്ചു. രക്ഷയില്ല. ഒരു മണിക്കൂര്‍ മുന്‍പെങ്കിലും എത്തിയില്ലെങ്കില്‍ യാത്ര മുടങ്ങിയതു തന്നെ . ചൂടേറ്റു പിടഞ്ഞോടുന്ന നിമിഷങ്ങള്‍ക്ക് വല്ലാത്ത വേഗത. പത്ത്... ഇരുപത്....മുപ്പത്....ഈ നട്ടുച്ച നേരത്ത് മരുഭൂമിയുടെ ഒറ്റപ്പെട്ട പാതയോരത്ത് എന്ത് ചെയ്യാന്‍. മനസ്സില്‍ പ്രാര്‍ത്ഥന നിറയുന്നുണ്ട്. ഏതു സന്ദര്‍ഭത്തിലും കൈ വിടാത്ത ശുഭപ്രതീക്ഷ കരുത്തായി കൂടെയുണ്ട്.  അവസാനം ഓടിക്കിതച്ചു വന്ന ഒരു കാര്‍ ഞങ്ങളോട് കനിഞ്ഞു!.

വണ്ടിയില്‍ ഉടമസ്ഥന്‍ മാത്രമേയുള്ളൂ. കാര്യങ്ങള്‍ പറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം എന്നെയും കയറ്റി കുതിപ്പ് തുടര്‍ന്നു. മംഗലാപുരത്തുകാരനാണ്. കമ്പനികളില്‍ മാന്‍പവര്‍ സപ്ലേയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നു. സംസാരത്തിനിടയില്‍ എന്റെ ചിന്തകള്‍ എവിടെയെല്ലാമോ ചേക്കേറുന്നുണ്ട്. ആ മനുഷ്യനോടു എന്തെന്നില്ലാത്ത ആദരവ് തോന്നി. എന്റെ ഫ്ലൈറ്റ് മിസ്സാവരുത് എന്ന് എന്നെക്കാള്‍ നിര്‍ബന്ധം അദ്ദേഹത്തിനുള്ളതു പോലെ. മൊബൈല്‍  നമ്പരും ഇ മെയിലുമൊക്കെ വാങ്ങി. ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞങ്ങളുടെ പരിചയപ്പെടലിനു അവിചാരിത വിരാമമായി. ടിക്കറ്റു ശരിപ്പെടുത്തിയ സഹോദരനാണ് വിളിക്കുന്നത്‌ . ഒരു മണിക്കൂര്‍ മുന്പ്  എയര്‍പോര്‍ട്ടില്‍ കൌണ്ടര്‍ ക്ലോസ് ചെയ്യുമത്രേ. ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ പരിചയമുള്ള ഒരു സുഹൃത്തിന്റെ നമ്പര്‍ അദ്ദേഹം പറഞ്ഞു. ഇതില്‍ വിളിച്ച് അദ്ദേഹത്തോട് എയര്‍ പോര്‍ട്ടില്‍ വിളിക്കാന്‍ പറയണം. അയാള്‍ക്ക്‌ അവിടുത്തെ കൌണ്ടറില്‍ പരിചയക്കാരുണ്ട്‌.

സുഹൃത്ത് നല്ല വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇതേ സ്പീഡില്‍ പോയാല്‍
കഷ്ടിച്ച് 3:30 നു അവിടെയെത്താം. അതാണ്‌ ക്ലോസിംഗ് സമയം. ഹൈവെയില്‍ നിന്ന് തിരിഞ്ഞു എയര്‍പോര്‍ട്ട്‌ റോഡിലൂടെ ഞങ്ങള്‍ കിതച്ചോടി. നേരിട്ടു വന്ന ദൈവിക സഹായമാണ് ഈ  സുഹൃത്ത്. ...അല്‍ ഹംദു ലില്ലാഹ്...

ബോഡിംഗ് പാസ്‌ ഇഷ്യൂയിംഗ് അവസാനിച്ചിട്ടുണ്ട്. ഒഴിവുള്ള സീറ്റുകള്‍ വല്ലതും ലഭിക്കുമോ എന്നറിയാന്‍ പത്തു-മുപ്പതു പേര്‍ കൌണ്ടറിനു ചുറ്റും തിക്കി തിരക്കുന്നു. എങ്ങിനെയോ അതിനുള്ളിലൂടെ നുഴഞ്ഞു കയറി അവിടെയുള്ള ഓഫീസറെ കാര്യം ധരിപ്പിച്ചു. ഹാവൂ! ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ നിന്നും അയാള്‍ വിളിച്ചിട്ടുണ്ട്. മാഷാ ആല്ലാഹ്....!

ആകാശപ്പറക്കലില്‍  ഓര്‍മ്മയുടെ താളുകള്‍ അതി ശീഘ്രം മറിയാന്‍ തുടങ്ങി. ഉമ്മ....ഉമ്മയുടെ മുഖം ഈ ലോകത്തു നിന്ന്  അവസാനമായി കാണാനുള്ള യാത്രയാണ്. രാവിലെ പത്തു മണിയോട് കൂടി സുഹൃത്ത് അബ്ദുല്‍ ഹമീദ് വിളിച്ചു പറയുകയായിരുന്നു.
"ഉമ്മാക്ക് തീരെ സുഖമില്ല"
എന്നിട്ട്.....?
"വിഷമിക്കരുത്....ഉമ്മ.... മരിച്ചിരിക്കുന്നു......."
പുറപ്പെടുന്നുവെങ്കില്‍ ഉടനെ അറിയിക്കുക......  
.......................

ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്നതും വാക്കുകളിലും എഴുത്തിലും ചാലിക്കാന്‍ കഴിയാത്തതുമായ ആ വികാരം ഞാനറിഞ്ഞു. ജീവിതത്തിലെ  കൈപും മധുരവുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായാണല്ലോ കടന്നുവരിക അകവും പുറവും ഒരു പോലെ വിങ്ങി. യാത്രക്ക് തീരുമാനിച്ചതും കമ്പനിയില്‍ നിന്നും അനുമതിവാങ്ങി രേഖകള്‍ ശരിയാക്കി  പുറപ്പെട്ടതുമെല്ലാം വളരെ പെട്ടന്നായിരുന്നു.

അതിരാവിലെ നാലു മണിക്ക് 'മാതൃ'ഭാഷയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ പേരറിയാത്ത ചില വികാരങ്ങള്‍ എന്നെ ആവരണം ചെയ്തിരുന്നു. വീടടുക്കും തോറും അവയ്ക്ക് ശിഖരങ്ങള്‍ പൊട്ടി മുളച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും... അവസാനയാത്രയില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞതിന്‍റെ  ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. ഒടുവില്‍...നമസ്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു യുഗത്തെ വിട്ടേച്ചു പോകുന്ന പോലെ തോന്നി. സ്നേഹത്തിന്റെ പര്യായത്തെ  യാത്രയാക്കിയിരിക്കുന്നു.... ഇനി എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രം! കണ്ണുകള്‍ നനയുമ്പോഴും,പക്ഷെ, മനസ്സില്‍ സമാധാനത്തിന്‍റെ ഒരു ദൂതന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു. ഉമ്മ സല്കര്‍മ്മിയാണ് ... നിഷ്കളങ്കയാണ് ...നാളേക്ക് വേണ്ടി അറിഞ്ഞു പ്രവര്‍ത്തിച്ച ഭാഗ്യവതിയാണ്.....

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനം 'എന്‍റെ ചില്ലുജാലകം' പിറവി കൊണ്ടത്‌ ഉമ്മ എന്ന പോസ്റ്റോടു കൂടിയാണ്.

ഹൈവേയുടെ ഓരത്തു നിസ്സഹായനായി നിന്ന എന്നെ ഉമ്മയുടെ അടുത്തെത്തിക്കാന്‍
സഹായിയായി ഓടിവന്ന ആ വാഹനക്കാരന്റെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും തിരക്കിനിടയില്‍ ഏതോ കടലാസ് കഷ്ണത്തിലാണ് കുറിച്ചു വെച്ചിരുന്നത്. ഒരുപാട് തവണ തിരഞ്ഞു . പക്ഷെ കണ്ടെത്താനായില്ല. ആ നല്ല മനുഷ്യന്റെ പേര് പോലും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. ഒരു പക്ഷെ മനസ്സു മുഴുവന്‍ ഉമ്മയായതിനാല്‍ ആ പേരിനു കയറി നില്‍ക്കാന്‍ എന്റെ അകത്തളത്തില്‍ ഇടം കിട്ടിക്കാണില്ല. അദ്ദേഹത്തോട് വേണ്ടപോലെ കടപ്പാടറിയിക്കാന്‍ പോലും എനിക്കായില്ലല്ലോ എന്ന ദു:ഖം ഇപ്പോഴുമുണ്ട്.. വിളിക്കാമെന്നും ഇമെയില്‍ വഴി ബന്ധപ്പെടാം എന്നുമൊക്കെ പറഞ്ഞാണ് അന്നു പിരിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയ ആ നല്ല സുഹൃത്തിനു വേണ്ടി ഞാനീ വാര്‍ഷിക സ്മരണകള്‍ ‍സമര്‍പ്പിക്കുന്നു. അയാളിലെ നന്മ നിങ്ങളുമായി പങ്കുവെക്കുന്നു. ഒപ്പം നന്ദിയില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും!




Tuesday, April 12, 2011

നിലപാട്















മഹല്ല് പള്ളിയിലെ നിത്യ സാന്നിധ്യമായിരുന്ന കുഞ്ഞീതുക്ക അത്യാദരപൂര്‍വ്വം മുസ്ലിയാരോട് ചോദിച്ചു

"ഈ ചെയ്താന്‍ എങ്ങിനെയാ മൂല്യേരെ?"

മു: "അതിന്റെ പാദം പിറകോട്ടു തിരിഞ്ഞാ!"

കു: അപ്പൊ വയറോ?

മു: അതും പിറകോട്ടാ!!

കുഞ്ഞീതുക്കാക്ക് ആവേശമായി

ന്റെ അല്ലാഹ് ....അയീന്റെ മുഖമോ?

മു: "അതും പിറകോട്ടാ...."

ഒന്ന് നിശ്വസിച്ചു കുഞ്ഞീതുക്ക പറഞ്ഞു:

ന്നാ പിന്നെ അങ്ങട്ട് തിരിഞ്ഞ് നിക്കാന്ന് പറഞ്ഞാ പോരേ ന്റെ മൂല്യേരെ!?