Tuesday, May 11, 2010

നഖക്ഷതങ്ങള്‍

ഗൃഹാതുരതയുണര്ത്തുന്ന ചില ചിത്രങ്ങള്‍ അയച്ച് ഒരു സുഹൃത്ത്‌ പറഞ്ഞു "ഇതിനെക്കുറിച്ച്‌ എന്തെങ്കിലുമെഴുതൂ..." അങ്ങിനെ ഈ പോസ്റ്റുണ്ടായി.

പലതും...
അന്യമായിക്കൊണ്ടിരിക്കുന്നു
ഗ്രാമ്യമായ ഹരിതാഭ
നമ്മുടെ മനസ്സില്‍
വിളക്കിചേര്‍ത്ത
ഗൃഹാതുരതയാണ്
യാന്ത്രികതയുടെ
സമയമില്ലായ്മയില്‍
ബന്ധങ്ങള്‍ ഇല്ലാതാകുന്നു
വിയര്‍പ്പിന്‍റെ മണം
വിലകൊടുത്തു വാങ്ങാന്‍
വിധിക്കപ്പെട്ട
പുതിയ തലമുറക്ക്
നാം നുണഞ്ഞ
അനുഭവങ്ങളുടെ തനിമ
സ്വപ്നത്തിലും സ്വപ്നം
കാണാനാവാത്ത കനി

പുതിയ പാഠ പുസ്തകങ്ങള്‍ക്ക്
വല്ലാത്തൊരു സുഗന്ധമായിരുന്നു
ഒരു പുഷ്പവും നല്‍കാത്ത;
ഉറവ ഏതെന്നറിയാത്ത,
ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന
നിത്യമായ സുഗന്ധം!
ഇന്നും കൂട്ടിനുള്ള സുഗന്ധംപുസ്തകങ്ങള്‍ ഭദ്രമായിക്കെട്ടി
സ്കൂളിലേക്ക് പുറപ്പെടും
കാറ്റില്‍ ഉലഞ്ഞാടി കുട 'അമ്പടം' മറിയും
മഴയത്തു നനഞ്ഞു കുതിര്‍ന്നു നടക്കും
പെരുമയും ഉശിരും നടിച്ചു
കൂട്ടുകാരുമായി അടിപിടി കൂടും
വസ്ത്രവും പുസ്തകവും കീറും
മുഖവും കഴുത്തും മാന്തിപ്പറിക്കും
നഖക്ഷതങ്ങള്‍ സംസാരിക്കുംമകരമാസ തണുപ്പില്‍
ഉണങ്ങിയ പ്ലാവില കൂട്ടി തീ കായും
മഞ്ഞുവീണ് ആര്‍ദ്രമായ ഇലകളില്‍
തീ പടരാന്‍ മടിച്ചു നില്‍ക്കും
എല്ലാം കഴിയുമ്പോള്‍
ദേഹമാസകലം പുകയുടെ മണം നിറയും
പര പര വെളുക്കുവോളം
കൂനിക്കൂടിയിരിക്കുംമഴക്കാലത്ത് തോട്ടിലും കുളത്തിലും
മലക്കം മറിഞ്ഞും ഊളിയിട്ടും
ചാടി ച്ചാടിത്തിമര്‍ക്കും
കണ്ണ് ‘മുട്ടയിടുവോളം’ മുങ്ങിക്കളിക്കും
ആര്ത്തും ചൂളം വിളിച്ചും
മുങ്ങാന്‍ കുഴികളിടും
തണുത്തു വിറച്ചു വിറങ്ങലിച്ച്
കിട് കിട് കിടാന്നു പറയും


പ്ലാവിന്മുകളില്‍ കയറി
ചക്ക പറിക്കും
മാവിന്റെ ഏഴാം ചുള്ളിയില്‍
നിന്ന് മാങ്ങയും
പറങ്കി മാങ്ങ കടിച്ചുകീറും
പപ്പായ കറ കിറെന്നു ശാപ്പിടും
ഇളനീര്‍ മാതളം പേരക്ക
ഞാവല്‍പഴം അത്തിപ്പഴം...
പ്രകൃതിയുടെ രുചിയറിയുംപന്തു കളിക്കാന്‍
തരികിട പിരിവെടുക്കും
കട്ടിയുള്ള ബലൂണ്‍ വാങ്ങി
തുണിക്കഷ്ണം ചുറ്റി
ചരടു വലിച്ചു വരിഞ്ഞു കെട്ടി
കാല്‍ പന്ത് കളിക്കും
എല്ലാത്തിനും പരിചയ
സമ്പന്നര്‍ കാണും
അവരെ സോപ്പിട്ടും
കാണിക്ക കൊടുത്തും
സംഗതി നേടും

തെങ്ങോലയില്‍ നിന്ന് പീപിയുണ്ടാക്കും
ചില മണ്ടൂസുകള്‍ ഊതിയാല്‍
പീപി മൌനം പാലിക്കും
ഊതാനറിയാത്ത 'മണകുണാഞ്ഞന്മാര്‍'
ഓല ചക്രവും ഓല പാമ്പും
ഓല തുമ്പിയുമുണ്ടാക്കും
ചക്രവണ്ടി ഉരുട്ടിയുരുട്ടി
ഓലച്ക്രം കീറും
കൂമന്‍ കേടാക്കിയ തേങ്ങാ തൊണ്ടില്‍
ഈന്തിന്‍ പട്ട കയറ്റി ഉരുട്ടിക്കളിക്കും
ചകിരി പിഞ്ഞിപ്പിഞ്ഞി
‘ഉശിരന്‍' വണ്ടിയാകും
ബോംബയും മൈസൂരും
കോഴിക്കോടും ബംഗ്ലൂരുമൊക്കെ
യാത്ര പോയി വരുംവഴിവക്കിലെ തേന്മാവിന് ചുവട്ടില്‍
കാറ്റ് വരുന്നതും കാത്തിരിക്കും
കാറ്റ് പാഞ്ഞു പോകുമ്പോള്‍
പഴു പഴുത്ത മാമ്പഴങ്ങളെ
തള്ളി താഴെയിടും
കണ്ണും ദിക്കുമുള്ളവന്‍
അതു നൊട്ടി നുണയും
മറ്റൊരു കാറ്റിന്‍റെ
വരവിനു കാതോര്‍ക്കും
വൈകുന്നേരങ്ങളില്‍ വലിയവരുടെ
പന്തുകളി കാണാന്‍ പോകും
കളിക്കളം കടന്നു പുറത്ത് പോകുന്ന
പന്തെടുക്കാന്‍ ആക്രാന്തം കാട്ടും
ഗോള്പോസ്റ്റിനു പിറകില്‍ കാത്തിരിക്കും
ചിലപ്പോള്‍ വയറ്റത് ശക്തമായി വന്നടിക്കും
കണ്ണില്‍ പൊന്നീച്ച പാറും !
പുറമേ ധൈര്യപൂര്‍വ്വം ചിരിക്കും
കഥ വീട്ടിലറിയും, ജഗപൊഗയാകും


പാട വാക്കിലെ ചെറു ചാലില്‍ നിന്ന്
മുണ്ടു കോരി മീന്‍ പിടിക്കും
കെണിയില്‍ പെട്ട ചെറു മീനുകള്‍
കുപ്പികളില്‍ കണ്ണു തുറിപ്പിച്ച്
അങ്ങുമിങ്ങും ഓടിനടക്കും
മീന്‍കുഞ്ഞുങ്ങളോട് സാമ്യമുള്ള
മാക്രിമക്കളെ പിടിച്ചു സ്വയം
പല്ലിളിച്ചു വിഡ്ഢികളാകുംപടക്കവും പൂത്തിരിയും
കൊതിയോടെ തിരികൊളുത്തും
വലിയ ഗമയില്‍ നില്‍ക്കും
കൈവിരല്‍ പൊള്ളും
ആരും കാണാതെ പിന്നോട്ടു വലിയും
അടുത്ത ചോറും കറിയുമാകുമ്പോള്‍
സംഭവം പുറത്തറിയും
കുടുംബങ്ങളിലേക്ക്‌ വിരുന്നു പോകും
അവിടെ അതിഥിയായി വിലസും
കളിയും വഴക്കും കലഹവും
കുതൂഹലവും നിറയും
രാത്രി കഥ പറഞ്ഞു കഥ പറഞ്ഞു
ഉറക്കത്തിലേക്കു വഴുതും
ദിവസങ്ങള്‍ ആഴ്ചകളാകും
അടുത്ത വിരുന്നു കാലത്തിനായി
വൃക്ഷികക്കാറ്റിനായി
കണ്ണി മാങ്ങക്കായി
കളിക്കൂട്ടങ്ങള്‍ക്കായി
കുസൃതികള്‍ക്കായി
പ്രതീക്ഷയോടെ കാത്തിരിക്കും
**********x*************

23 comments:

 1. നഖക്ഷതങ്ങള്‍ സംസാരിക്കും...

  ReplyDelete
 2. മനാഫ് മാഷേ..

  ഇതു കലക്കി..
  നഖക്ഷതങ്ങള്‍
  എന്നു കണ്ടപ്പോള്‍
  ആകെ ബേജാറായാണ്
  വായിച്ചു തുടങ്ങിയത്..

  കുട്ടിക്കാലം പോലെ
  സുന്ദരം കവിതയും..

  കുട്ടിക്കാലം
  പെയ്തിറങ്ങി..
  കവിതയിലും
  ഒപ്പം മനസ്സിലും...

  ReplyDelete
 3. very interesting, feeling nostalgia.

  ReplyDelete
 4. 'കവിത'യേക്കാള്‍ പതിന്മടങ്ങ്‌ തിളങ്ങിയേനെ ഇതൊരു ലേഖനരൂപത്തില്‍ പോസ്റിയിരുന്നെങ്കില്‍ എന്നെനിക്ക് അഭിപ്രായമുണ്ട്. ക്ഷമിക്കുക.പറയാതെ വയ്യ.

  ReplyDelete
 5. Its about a generation.
  Thank you for the kulir thennal.......

  ReplyDelete
 6. "അടുത്ത വിരുന്നു കാലത്തിനായി
  വൃക്ഷിക ക്കാറ്റിനായി
  കളിക്കൂട്ടങ്ങള്‍ക്കായി
  കുസൃതികള്‍ക്കായി
  പ്രതീക്ഷയോടെ കാത്തിരിക്കും"

  ഓര്‍മ്മകള്‍ പിറകോട്ടു പായുന്നു
  നഷ്ട ബോധം തോന്നുന്നു

  ReplyDelete
 7. പ്രിയ ഇസ്മായീല്‍,
  ഗദ്യമായോ പദ്യമായോ വായിച്ചോളൂ
  ഇത് 'കവിത'യാണെന്ന് ഞാന്‍ പറഞ്ഞില്ല....ഭും!

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു..
  ബാല്യ കാലങ്ങളിലേക്ക് തിരിച്ചോടിയ അനുഭൂതി..
  അഭിനന്ദനങ്ങള്‍...

  യൂസുഫ് പുലാപ്പറ്റ

  ReplyDelete
 9. സ്വപ്നത്തിലും സ്വപ്നം
  കാണാനാവാത്ത കനി

  ReplyDelete
 10. ഒരു കാലഘട്ടം സ്പന്ദിക്കുന്നു
  നന്നായി

  ReplyDelete
 11. 'ചില്ലുജാലക'ത്തിലൂടെ എത്തിനോക്കിയപ്പോള്‍ സര്‍ഗാത്മകതയുടെ സൂര്യബിംബങ്ങള്‍ കണ്ടു; സന്തോഷം!

  രചനകള്‍ തെറ്റില്ലാത്ത വിധം ഉയര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും ചിലതൊക്കെ '' അറ്റകുറ്റപ്പണികള്‍'' ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍, നൊന്തു പിടയുമ്പോള്‍ മാത്രം പേനയൂന്തുക. എല്ലാവിധ ആശംസകളും!

  ReplyDelete
 12. ശരിയാണ് റഫീക്ക്
  നൊന്തു പിടയുമ്പോഴാണ്
  പേന കൊണ്ട് സംസാരിക്കാനാവുക;
  മനസ്സു കൊണ്ട് എഴുതാനും...
  നിര്‍ദേശത്തിനു കൃതജ്ഞത

  ReplyDelete
 13. പ്രതീക്ഷയോടെ കാത്തിരിക്കും....
  കവിതകള്‍ക്കായി

  ReplyDelete
 14. At this belated hour, let me be brief and remember these lines that may put the feeling in a capsule:
  ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ
  നിഴലിന്‍മേല്‍ നിഴല്‍ വീഴും നഗരത്തിലോ
  എവിടെയോ കളഞ്ഞുപോയ കൌമാരം
  ഇന്നെന്‍റെ ഓര്‍മയില്‍ തിരയുന്നൂ
  ഇന്നെന്‍റെ ഓര്‍മയില്‍ ഞാന്‍ തിരയുന്നൂ

  *
  Typing Malayalam in Google is pretty good and easy. Yet, some words just don’t come right. For example "കൌമാരം", can anybody help?

  ReplyDelete
 15. This comment has been removed by a blog administrator.

  ReplyDelete
 16. മാഷേ..

  മാഷ്ന് ഓര്‍മയുണ്ടോ മയ്യേരിച്ചിറ പള്ളിയിലെ സുബഹി, അത് കഴിഞ്ഞുള്ള ശുക്കൂറ്മാഷിന്റെറ ഖുറ്ആന് പരിഭാഷ വായന, ചറ്ച്ചകള്, അഭിപ്രയങ്ങള്, അവസാനമായി സൈതലവികാക്കാന്റ്റെ കടയിലെ വെള്ള പോലത്തെചായ,ഒഴിവ് ദിവസങ്ങളില് സുബഹിക്കവരാത്തവരുടെ വീട് സന്ദറ്ശനം.അങ്ങനേ..അങ്ങനേ..അങ്ങനേ..!!!

  ReplyDelete
 17. hai sir i am mundir pallimalil did you rember me pls post to some off our mayerichra or kalpaknchri hot news and storyes i am wetting for that and one more thing all msm kallingalparmba school boyes telling you thanges for this blog

  ReplyDelete
 18. അടിപൊളി ഗൃഹാതുരത്വം മണക്കുന്ന ഓര്‍മ്മകള്‍ ഇപ്പോള്‍ ആണ് വായിച്ചത്....

  ReplyDelete
 19. ഒരു കുറി കൂടി ചെരുപ്പമാകുവാന്‍ ]
  കൊതിക്കുന്നെ അല്ല ]
  ചെറുപ്പം ആവുന്നു ......................

  ReplyDelete
 20. മാഷ്‌ എന്നോടൊന്നും ചോദിച്ചിട്ടില്ല ഞാന്‍ മാഷോട് ഒന്നും പറഞ്ഞിട്ടുമില്ല, പിന്നെ എങ്ങിനെ എന്‍റെ കുട്ടിക്കാലം ഇത്ര ഭംഗിയായി മാഷിന് വിവരിക്കാന്‍ കഴിഞ്ഞു?!!!!.
  വായനയുടെ തീരത്ത് പദ്യവും ഗദ്യവും വേര്‍തിരിക്കാനുള്ള "കപ്പാകുറ്റി" എനിക്കില്ല. വളരെ ആക്രാന്തത്തോടെ ആയിരുന്നു ഇത് മുഴുവനും വായിച്ചത്‌, എല്ലാം തീര്‍ന്നപ്പോള്‍ അടിമുടി ഒന്ന് കുളിര്‍ത്തു.
  അല്ലാഹു അനുഗ്രഹിക്കട്ടേ..ആമീന്‍

  ReplyDelete