Tuesday, August 5, 2014

'ജിന്നു താഴ്‌വര'യിലേക്ക്

കുറെ കാലമായി മദീനയിലെ 'ജിന്നു താഴ്‌വര' ഒന്നു സന്ദർശിക്കാൻ വിചാരിക്കുന്നു. ഈ പെരുന്നാളിന് അതു നടന്നു. മദീന പട്ടണത്തിന്റെ പരിസരങ്ങളിൽ ചരിത്രമുറങ്ങുന്ന അനേകം ഇടങ്ങളുണ്ട്. നേരത്തെ സന്ദർശിച്ചവയും അല്ലാത്തവയും ഇത്തവണ കുടുംബ സമേതമുള്ള യാത്രയിൽ ഉൾപെട്ടു. രണ്ടര പതിറ്റാണ്ടിലേറെയായി മദീനയുടെ സ്പന്ദനങ്ങൾ അടുത്തറിയുന്ന പ്രിയ സുഹൃത്ത് Ayub Ottappalam ഗൈഡും നിഴലും സഹകാരിയുമായി മുഴുദിവസം കൂടെ വന്നു. വാദി അൽ-ജിന്ന്, വാദി അൽ-ബൈദാ എന്നെല്ലാം അറബിയിലും Ghost Valley, Magnetic Hill, Gravity Hill, Mysterious Spot എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്ന പ്രദേശമാണ് മദീനയിലെ ജബൽ ബൈദാ താഴ്‌വര. മദീനയുടെ വടക്കു കിഴക്ക് (24°43'21"N 39°26'35"E) ഭാഗത്ത് ഏതാണ്ട് 40 കിലോ മീറ്റർ ദൂരെയാണ് ഈ പ്രദേശം. ന്യൂട്രൽ ഗിയറിൽ ഇറക്കത്തിലേക്ക് ഉരുണ്ടു പോകേണ്ട വാഹനം എതിർ ദിശയിൽ സ്വയം കയറ്റം കയറി പോകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സൗദിയിലെത്തുന്ന സഞ്ചാരികളുടെ പുസ്തകത്തിൽ അടയാളം വെച്ച ഭൂപ്രദേശം.കാന്തിക പ്രഭാവമാണെന്നും, ജിന്നുകളുടെ പ്രവർത്തനമാണെന്നും പ്രേത പ്രഹേളികയാണെന്നും എല്ലാം വിശ്വസിക്കുന്നവരുണ്ട്. പെരുന്നാളയത് കൊണ്ടാവാം സ്ഥലത്ത് സന്ദർശകർ ധാരാളമുണ്ട്. താഴ്വരയെ തലോടി കടന്നുപോകുന്ന മനോഹര വീഥിയിൽ പലയിടത്തും ഈ ആശ്ചര്യം അനുഭവിക്കാനാവും. മൂക്കത്ത് വിരൽ വെച്ച് അതിശയിക്കുന്നവരും, അടക്കം പറയുന്നവരും, നേരിയ ഭയത്തോടെ ദൂരെ മാറി നിൽക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്. വാദി അൽ-ബൈദയെ കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നിലവിലുണ്ട്. രാത്രിയായാൽ അപശബ്ദങ്ങൾ കേൾക്കുമെന്നും "നിങ്ങൾ പോകൂ...ഇത് നിങ്ങളുടെ ഇടമല്ല..." എന്ന് അശരീരി കേട്ടതായും പ്രചാരമുണ്ട്. തലയില്ലാത്ത ശരീരങ്ങൾ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നു വരെ അതിശയോക്തി കലർന്ന പലതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രേതവും ജിന്നും ചെകുത്താനുമൊക്കെ കക്ഷികളാകുമ്പോൾ എന്തും ചിലവാകും. അവരേതായാലും വിശദീകരണം ചോദിക്കാൻ വരില്ലല്ലോ. ആരു പറഞ്ഞു, ആരു കണ്ടു/ കേട്ടു എന്നു മാത്രം ചോദിക്കരുത്.! കേട്ടവർ കേട്ടവർ കൂടുതൽ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നതിനാൽ ഇത്തരം വാർത്തകൾക്ക് അനുദിനം ആരോഗ്യം കൂടി വരികയാണ് പതിവ്. അൽപം അന്ധവിശ്വാസവും കൂടി കലർത്തി വിളമ്പിയാൽ സംഗതി ബഹു ജോറായി. Gravity Hill-കളോട് ചേർത്ത് എല്ലാ നാട്ടിലും ഇത്തരം കെട്ടു കഥകൾ നിലവിലുണ്ട്. പരിഷ്കൃതരെന്ന് നാം കരുതുന്ന പല നാട്ടുകാരും അന്തം വിട്ട അന്ധവിശ്വാസികളാണ് എന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ഹൊറർ സിനിമകൾ പുറത്തിറങ്ങുന്നതും വിജയിക്കുന്നതും ഇംഗ്ലീഷ് ഭാഷയിലും പാശ്ചാത്യ നാടുകളിലുമാണ്. നെറ്റ് ലോകത്തും ഇവ്വിഷയകമായ ചർച്ചകൾക്ക് നല്ല ചൂടാണ്. മദീനയിലെ ജിന്നു താഴ്‌വരയെ കുറിച്ചുള്ള ഓണ്‍ലൈൻ ചർച്ചയിൽ വന്ന ചോദ്യത്തിന് ഒരു വിദേശ വനിതയുടെ മറുപടി ഇങ്ങിനെ വായിക്കാം:

"This is true that there is a ghost valley in Saudi Arabia...precisely near Madina. The strange mountains have weird carvings and layers that are not natural in any way. I know this as my uncle lives in Saudi Arabia and he actually went to check it out! He says there are houses there with no doors or windows......whenever someone goes there...he experiences heavy headaches and a sort of burden on their shoulders. Other experiences include being slapped by someone.....the speed of cars increases even when the car is on neutral....Besides all of this....no body has ever dared to stay there after sunset."

എങ്ങിനെയുണ്ട് വിശദീകരണം?!ലോകത്ത്  29 രാജ്യങ്ങളിലായി ഏതാണ്ട് നൂറോളം പ്രദേശങ്ങളിൽ  Gravity Hill Site- കൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രം 23 സ്റ്റേറ്റുകളിലായി 40 സ്ഥലങ്ങളിൽ ഈ പ്രതിഭാസം കാണപ്പെടുന്നു. കനഡയിൽ 6 സ്ഥലങ്ങളിലും ആസ്ത്രേലിയ അയർലണ്ട് ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നാലിടങ്ങളിൽ വീതവും ഇതേ പ്രതിഭാസമുണ്ട്. ഇന്തോനേഷ്യ, ഇറ്റലി, ജോർദാൻ, ലെബനോൻ, മലേഷ്യ മെക്സിക്കോ, ഒമാൻ, സൗത്ത് ആഫ്രിക്ക, പോർച്ചുഗൽ, പോളണ്ട്, ഫിലിപ്പൈൻസ്, കൊറിയ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇതേ സംഭവമുണ്ട്. ഇന്ത്യയിൽ ജമ്മുവിലെ ലഡാക്കിലും ഗുജ്റാത്തിലെ സൌരാഷ്ട്ര റീജിയനിലും ഇത്തരം സ്പോട്ടുകളുണ്ട്. 

ജിന്നോ പ്രേതമോ കാന്തിക പ്രഭാവമോ ഒന്നുമല്ല, ചുറ്റുപാടുമുള്ള ഭൂപ്രതലത്തിന്റെ പ്രത്യേകത, ഇറക്കമുള്ള പ്രദേശത്തെ കയറ്റമുള്ളതാക്കി തോന്നിപ്പിക്കുന്ന Optical Illusion ആണ് സത്യത്തിൽ ഇവിടങ്ങളിലെല്ലാം ഉള്ളത്. ഭാഗികമായോ പൂർണമായോ ചക്രവാളം കാണാൻ കഴിയാത്ത അവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. ചുറ്റുമുള്ള കുന്നുകളുടെ വിതാനവുമായി ബന്ധപ്പെടുത്തി ഭൂപ്രതലത്തിന്റെ കിടപ്പ് മനസ്സിലാക്കുന്നതിൽ നമുക്ക് പറ്റുന്ന പിഴവാണ് ജിന്നും പ്രേതവു മൊക്കെയായി അരങ്ങു വാഴുന്നത്!. ഇത്തരം സ്പോട്ടുകൾ മിക്കതും പ്രത്യേകതരം കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതായിരിക്കും. റണ്‍വെയിൽ നിന്ന് പറന്നു പൊങ്ങിയ വിമാനം  സഞ്ചാരപഥത്തിലേക്ക് തിരിയുമ്പോൾ താഴെയുള്ള നഗരം ചെരിഞ്ഞതായി തോന്നാറില്ലേ. ഇവിടെ നഗരമല്ല വിമാനമാണ് ചെരിയുന്നത് എന്നതാണല്ലോ വസ്തുത.  സുഹൃത്ത് Faisu Madeena 2011 ജനുവരിയിൽ തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ നിന്നാണ് ആദ്യമായി മദീനയിലെ Gravity Hill- നെ കുറിച്ച് മനസ്സിലാക്കിയത്. അന്നു തന്നെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കുറെ വിവരങ്ങൾ പരിശോധിച്ചു. പക്ഷെ, എത്ര വിശദീകരിച്ചാലും ഇന്നും പലരും വസ്തുത അംഗീകരിക്കാറില്ല. 2010 ലെ Best Visual Illusion Award നേടിയ ജാപ്പനീസ് ശാസ്ത്രകാരൻ Kokichi Sugihara- യുടെ ഗവേഷണങ്ങൾ ഉൾപ്പെടെ ഒട്ടനേകം പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണ്. മദീനയിലെ ജബൽ ബൈദായുടെ റോഡ്‌ അവസാനിക്കുന്ന മലയടിവാരം വരെ വാഹനം ഓടിച്ചു പോയാലും വലിയ കയറ്റം അനുഭവപ്പെടില്ല. എന്നാൽ തിരിച്ച് വരുമ്പോൾ ഏതാണ്ട് 13 കിലോമീറ്റർ ദൂരം നല്ല ഇറക്കം മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. മൊത്തത്തിൽ ഇറക്കമുള്ള ഒരു പ്രതലത്തിൽ കയറ്റമുണ്ട് എന്ന് തോന്നിക്കുന്ന ഭാഗങ്ങളാണ് നമ്മുടെ കണ്ണുകളെ സമർത്ഥമായി വഞ്ചിക്കുന്നത്!

14 comments:

 1. സത്യത്തിൽ അവിടെ ഏഴുകിലോമീറ്റർ ദൂരത്തിൽ 310 മീറ്റർ താഴോട്ടാണ് ഭൂമിയുടെ കിടപ്പ് എങ്കിലും മുകളിലേക്കാണെന്ന് തോന്നുന്നത് ചുറ്റുഭാഗത്തുള്ള കുന്നുകളും ഭൂപരിതലവും സൃഷ്ടിക്കുന്ന ഒപ്റ്റിക് ഇല്ല്യൂഷനാണ്. ഒമാനിലും ഇങ്ങനെയുള്ള ഇല്ല്യൂഷനുള്ള സ്ഥലങ്ങളുണ്ടെന്ന് ഒരു സുഹൃത്ത് പങ്കുവെച്ചത് ഓർക്കുന്നു.

  ReplyDelete
 2. ഒപ്റ്റിക്കല്‍ ഇല്യൂഷനുള്ളില്‍ ഒരു ഒപ്പിക്കല്‍ ജിന്ന്!!!

  ReplyDelete
 3. പ്രേതവും ജിന്നും ചെകുത്താനുമൊക്കെ കക്ഷികളാകുമ്പോൾ എന്തും ചിലവാകും.

  ReplyDelete
 4. very informative post.. വിവരം പറയാതെ താങ്കൾ ഒറ്റയ്ക്ക് പോയതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.

  ReplyDelete
  Replies
  1. Ji, pre planned ആയിരുന്നില്ല യാത്ര. കുടുംബ സമേതം മദീനയിലെക്കൊരു യാത്ര. അതിൽ ഒത്തു വന്നതാ ഈ ജിന്ന്

   Delete
 5. വിവരണം മനോഹരം !! അഭിനന്ദനം !! അന്ധ വിശ്വാസികള്‍ ഇത്തരം സ്ഥലങ്ങള്‍ ആണ് ആഗ്രഹിക്കുന്നത് .പക്ഷെ അതിന്റെ ശാസ്ത്രീയ വശം ഇവടെ ചൂണ്ടിക്കാണിച്ചത് നന്നായി .സ്ഥലം സന്ദര്‍ശിക്കണം .ഇന്ഷാ അല്ലാഹ് .

  ReplyDelete
 6. ഹും ഹും പെരുന്നാളിന് പൂര്‍ണ്ണ വിശ്രമമാണ് എന്ന് പറഞ്ഞത് ഇതിനായിരുന്നു അല്ലെ ? .... ഞമ്മളെ മാവും ........ :)

  ReplyDelete
 7. PART (1)
  അത്ഭുതം - വിചിത്രം - അധിശയോക്തി - അന്ധവിശ്വാസം - കെട്ടുകഥ - കേട്ടുകഥ - മൂഡവിശ്വാസം -- ഇങ്ങിനെയൊക്കെയുള്ള പദാവലിയാണ് പ്രിയ ഇസ്ലാമിക പ്രബോധകനായ താങ്കളുടെ 'ജിന്നു താഴ്‌വര'യിലേക്ക്' എന്ന ചിന്തോദ്ദീപകമായ അക്ഷര നിധി കണ്ടുകിട്ടിയപ്പോൾ മനസ്സിൽ മറ്റൊരു ചില്ലു ജാലകം തുറക്കുകയായിരുന്നു .

  ഒരു വെടിക്ക് രണ്ടു പക്ഷികൾ തന്നെ താങ്കൾ വീഴ്ത്തിയിരിക്കുന്നു. ടൂറിസ്റ്റായി കുടുംബമൊന്നിച്ചു കറങ്ങി ഇസ്ലാമിക പ്രബോധകനായി വായനക്കാരുമായി ഏറ്റവും നല്ല സന്ദേശവും അറിവും പങ്കു വെച്ചതിലും ഒരു വലിയ അന്ധവിശ്വാസവും ഊഹാപോഹവും പുകമറയും നീക്കി തെളിമയുള്ള ഇസ്ലാമിക വിശ്വാസ ദീപ്തി പ്രകാശിപ്പിച്ചതിന്നു അല്ലാഹു ബഹുമാന്യനായ താങ്കൾക്കു അല്ലാഹു കൂടുതൽ കഴിവും ശേഷിയും ശേമുഷിയും പ്രദാനം ചെയ്യുമാറാകട്ടെ! ആമീൻ

  താങ്കളുടെ പ്രതിപാദ്യ വിഷയമായ "ജിന്നു താഴ്‌വര" സൌദിയിൽ ഒരു അപസർപ്പക കഥ മാത്രമല്ല .. നൂറ്റാണ്ടുകൾ നീണ്ട; എന്നല്ല ജാഹിലിയ്യാ കാലത്തു പോലും ഉണ്ടായിരുന്ന കെട്ടുകഥകളുടെയും കേട്ടുകഥകളുടെയും തുടർച്ചയാണ്. സൌദിയുടെ വിവിധ പ്രവിശ്യകളിൽ ഇന്നും ഇത് പ്രസിദ്ധമാണ് . ഇവിടെയിറങ്ങുന്ന പല അറബി പത്രങ്ങൾക്കും വായനാക്കാരും വരിക്കാരും കുറയുമ്പോൾ ഏഴ് കോളം ശീർഷകത്തിൽ വച്ച് കാച്ചുന്ന ഇത്തരം ലീഡിംഗ് സ്റ്റോറികൾ 35 വർഷങ്ങളായി ഞാൻ റിയാദിൽ വച്ച് വായിച്ചു കൊണ്ടിരിക്കുന്നു. ഇന്നലെയും ഇത്തരം മാറ്റൊരു കഥയും വായിക്കാനിടയായി.

  ReplyDelete
 8. PART (2)
  സൌദിയിൽ പല മേഖലകളിലായി ഇത്തരം ധാരാളം താഴ്വരകളുണ്ട് . അസീർ, നജ്രാൻ , ദക്ഷിണ ളഹ്രാൻ , തബൂക്ക് , അൽ ഉലാ , തയ്മാഅ, മക്കാ - ഹദാ റോഡിലുള്ള അൽ കര്ർ , താഇഫിലെ ഖർനുൽ മനാസിൽ മീഖാതിലെക്കു പോകുമ്പോൾ വാദി മുഹ്റിം , അൽ ബാഹയിലേക്ക് പോകുമ്പോൾ പൂർവ്വ ദക്ഷിണ താഇഫിലെ ഹദൻ പ്രദേശം , ദക്ഷിണ സൌദിയിലെ മഹായിൽ അസീർ പ്രദേശത്തെ ഫിർഷാത് , തുടങ്ങി നിരവധി താഴ്വരകൾ ഈ പട്ടികയിൽ ചിലതാണ് . സൗദിയിലുള്ളത് പോലെ ജൊർദാനിലെ അമ്മാനിലും ഇത്തരം ജിന്ന് താഴ്വരകൾ പ്രസിദ്ധമാണ്.

  ഇത്തരം ജിന്ന്മ-ശൈത്വാൻ കഥകളിലൂടെ മനുഷ്യരെ അന്ധവിശ്വാസത്തിൽ തളച്ചിടാനും അജതാന്ധകാരത്തിൽ തള്ളിയിടാനും ആരാണ് ഉത്തരവാദികൾ : ഒന്നാം പ്രതി അല്ലാഹുവിനെ ഭയപ്പെടാത്ത ദൈവ ഭക്തിയില്ലാത്ത പൌരോഹിത്യ മേലങ്കിയണിഞ്ഞ പണ്ഡിത വേഷധാരികലാണ് . ജനങ്ങളുടെ അജ്ഞത അകറ്റാനും ഉൽക്കണഡ തീർക്കാനും സത്യം വെളിപ്പെടുത്തി നേർവഴി കാണിക്കാനും അവര്ക്ക് സമയം കിട്ടാറില്ല . വളരെ തിരക്കാണ് എപ്പോഴും അവർ. മൃഷ്ടാന്നഭോജനവും ഫിത്ന കളിയും പ്രമോഷനും നിർബ്ബാധം നടക്കണമല്ലോ .. "പഞ്ജ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം" എന്നാണല്ലോ പഴമൊഴി.

  ടൂരിസ്ടുകളെയും ഹജ്ജും ഉംറയും നിർവ്വഹിക്കാൻ വരുന്നവരെയും ചൂഷണം ചെയ്തു അവർക്ക് വട്ടപ്പൂജ്യം ദൈവ പ്രതിഫലം വാങ്ങിക്കൊടുത്തു അവരുടെ പോക്കറ്റ്‌ കാലിയാക്കി സായൂജ്യമടയുന്ന സിയാറത്ത് ടൂർ ഓപ്പറേറ്റര്മാരാണ് രണ്ടാം പ്രതി . സൌദിയിൽ ഹുറൂബിൽ കുടുങ്ങിയ പ്രവാസി ജീവിതത്തിൽ ഒരിക്കലും തന്റെ കഫീലിനെ കണ്ടിട്ടില്ലാത്ത പല കറക്കു കച്ചവടക്കാരും സൗദിയിലും ഗൾഫിലെ മറ്റ് രാജ്യങ്ങളിലും ഇതിന്റെ ഏജന്റു പണിക്കാരും പ്രൊഫഷനൽ പ്രോമോട്ടർമാരുമാണ് . കഫീലിന്റെയൊ അന്യരുടെയോ ബസ്സും കാറും വാനുമെലലാം ടാക്സിയായി ഉപയോഗിച്ചും ഇന്നാട്ടുകാരുടെ ബില്ദിങ്ങുകൾ താമസ വാടകയ്ക്ക് നൽകിയും ജിന്ന് താഴ്വരയിലേക്കും ഇഫ്രീത്ത് മലയിലേക്കും മനുഷ്യക്കടത്ത് നടത്തുന്നത് ഇനിയും നാം മൂകരും അന്ധരും ബധിരരുമായി പഞ്ജപുച്ചവുമടക്കി കണ്ടും കേട്ടും നിശ്ശബ്ദരായിക്കൂടാ.

  ReplyDelete
 9. PART (3)
  സൗദിയിലും ഗൾഫു നാടുകളിലും മിഡിൽ ഈസ്റ്റിലും ലോകത്തിൻറെ മറ്റു പല രാജ്യങ്ങളിലും കാണപ്പെടുന്ന പ്രകൃതിയിലെ ഇത്തരം പ്രതിഭാസങ്ങൾക്ക് ആരുടേയും ദുർവ്യാഖ്യാനങ്ങളുടെ ആവശ്യമില്ല .. ശാസ്ത്രീയമായി തെളിയിക്കാനും ഗവേഷണ പഠനങ്ങൾ നടത്താനും അതിന്റെ ഫലങ്ങൾ പുറം ലോകത്തെ അറിയിക്കാനും ശാസ്ത്രജ്ഞരും വിവര സാന്ഗേതിക വിദ്യകളും ഇവിടെ സൗദിയിലും പ്രവർത്തിക്കുന്നുണ്ട് . ഖുർആൻ കെട്ടു കഥയും മുഹമ്മദ്‌ നബി തിരുമേനി (സ്വല്ല-അല്ലാഹു അലൈഹി വ സല്ലം ) ആഭിജാത്യനും വികട കവിയുമാണെന്ന് പ്രചരിപ്പിച്ചു പണം പറ്റുന്നവർക്കും അവരെ അനുകരിക്കുന്നവരിൽ നിന്നും ഏജൻസി എടുത്ത് ദീനിനെ തീൻ കച്ചവട്മാക്കുന്നവർക്ക് എന്നും സങ്കൽപ്പ കാല്പനിക തരംഗങ്ങൾ അങ്ങാടിയിൽ വിളമ്പാതെ അവരുടെ ദീൻ കച്ചവടം നടക്കില്ലല്ലോ ..

  ഇത്തരം പ്രകൃതിയിലെ പ്രതിഭാസങ്ങൾക്ക് ജിന്നുമായോ ജിന്സുമായോ, ഇഫ്രീതുമായോ മാലാഖകളുമായോ യാതൊരു ബന്ധവും അടുത്തോ അകന്നോ ഇല്ല തീർച്ചയാണ് . ഭൂമി ശാസ്ത്രവും, ഭൂ ഗർഭ പ്രകൃതി ശാസ്ത്രവും ഒക്കെ ഇടപെടുന്ന മേഘലയാണിത് . അവിടെ സാധാരണക്കാരുടെ ബുദ്ധി കീഴ് മേൽ മറിച്ചു പുകച്ചു ചൂടാക്കി പുണ്ണ് ആക്കെണ്ടതില്ല. പ്രത്യേകിച്ച് മുറിവൈദ്യന്മാർ വിളമ്പുന്ന അര വിദ്യകളും മുറിയൻ അറിവും എപ്പോഴും ഐതിഹ്യങ്ങള്‍, കെട്ടുകഥകൾ , കാല്‍പനികകഥകൾ, വ്യാജമായി കൂട്ടിക്കെട്ടി അതിശയോക്തി കലർത്തി പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിക്കുന്നു .

  ഇസ്ലാം ഇത്തക്കാരിൽ നിന്നും എത്രയോ കാതം അകലെയാണ് നിൽക്കുന്നത് . ഇസ്ലാം പ്രകൃതി മതമാണ്‌ . വിശുദ്ധ ഖുർആനിൽ ധാരാളം പ്രകൃതി ശാസ്ത്ര ഭൌതീക വിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന എത്രയോ വിജ്ഞാന ശാഖകളുണ്ട് . മനുഷ്യരോട് ഭൂമിയിൽ സഞ്ചരിക്കുവാനും പ്രകൃതിയും പ്രപഞ്ചവും കണ്ടു ആസ്വദിച്ചു ചിന്തിച്ചു പഠിക്കാനും അങ്ങിനെ പ്രപഞ്ച നാഥൻറെ മഹാ കഴിവും ശക്തിയും അംഗീകരിച്ചു അല്ലാഹുവിൽ വിശ്വാസം ഊട്ടി ഉറപ്പിച്ചും സത്യവിശാസം ഹൃദയത്തിൽ രൂഡമൂലമാക്കുകയും ചെയ്യുകയാണ് ഓരോ സത്യ വിശ്വാസിയും ചെയ്യേണ്ടത് . അല്ലാതെ അതൃശ്യ ലോകത്ത് ജീവിക്കുന്നവരെ പ്പറ്റി വ്യാജ കഥകൾ പ്രച്ചരിപ്പിക്കാതെ സ്വന്തം വിശ്വാസ വിശുദ്ധിയും സ്വകാര്യ ജീവിതത്തിലെ സത്യ സന്ധമായ സുതാര്യതയും ഉറപ്പു വരുത്തുകയാണ് വേണ്ടത്. ശരിയായ അറിവുകൾ അതിന്റെ യഥാർത്ഥ സ്രോതസ്സിൽ നിന്നും പഠിക്കാൻ ശ്രമിക്കുകയും ചെയ്യുക .

  അതിനാൽ മദീനയിൽ പോകുന്നവർ ഇസ്ലാം അനുവദിച്ച സ്ഥലങ്ങൾ മാത്രം സന്ദർശിക്കുകയും അക്കാര്യത്തിൽ പ്രവാചക തിരുമേനി (സ്വല്ല-അല്ലാഹു അലൈഹി വ സല്ലം ) കണിശമായി പഠിപ്പിച്ച ചിട്ടകൾ പാലിക്കുക; നിരോധിച്ചത് പാടെ ഒഴിവാക്കുക; അനാവശ്യമായി പണവും, സമയവും ഊർജവും ചിലവഴിക്കാതിരിക്കുകയും ചെയ്യുക.

  ReplyDelete
 10. PART (4)
  സൗദിയിലും മറ്റെല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന പ്രകൃതിയിലെ ഈ പ്രതിഭാസം കുറെയേറെ ശാസ്ത്രീയ ഘടകങ്ങൾ അടങ്ങിയതാണ് : ഇത്തരം താഴ്വരകൾ കിടക്കുന്ന ഭൂമിയിലെ പാറകൾ, താപവും, മര്‍ദ്ദവും മൂലം രൂപാന്തരപ്പെടുന്ന പാറകളും മലമടക്കുകളും ആഗ്നേയ ശിലകളും കൃഷ്‌ണശിലകളും കരിങ്കല്ലുകളും ഗ്രാനൈറ്റുകളും ധാരാളമായി കാണപ്പെടുന്ന പ്രത്യേക ഭൂപ്രകൃതിയാണ് ഇതിന്റെ സവിശേഷത . കാന്തശക്തിവിജ്ഞാനീയം വഴി ഇത്തരം മേഘലകളിലുള്ള വിപരീതാവസ്ഥകളും ഇതിനുള്ള കൃത്യമായ ശാസ്ത്രീയ വിശകലനവും നടത്തിയിട്ടുമുണ്ട് . ഭൂമാപനക്കുഴല്‍ ഉപയോഗിച്ചും , ദൂരവും ഉയരവും കോണവും അളക്കാനുള്ള മറ്റു ശാസ്ത്രീയ ഉപകരണം വഴിയും ഈ പ്രകൃതി പ്രതിഭാസം പഠന വിധേയമാക്കിയിട്ടുണ്ട് .

  ഇതെല്ലാം അള്ളാഹുവിൻറെ അലന്ഘനീയമായ നിയമ വ്യവസ്ഥകൾക്ക് വിധേയമായി ചരിക്കുന്ന പ്രപഞ്ചത്തിലെ പ്രകൃതി രമണീയതയാണ് . അല്ലാതെ ഇതൊന്നും വ്യാജ കഥകൾ പ്രചരിപ്പിക്കാൻ ജിന്നുകളുമായോ മലക്കുകളുമായോ പ്രേതങ്ങളുമായോ ഭൂതങ്ങളുമായോ യാതൊരു തരത്തിലും കൂട്ടിക്കെട്ടി മനുഷ്യരെ ചൂഷണം ചെയ്യാതിരിക്കുക .

  ഇതെ സന്ദേശമാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്ത് പഠിക്കാൻ വേണ്ടി ഞാൻ മദീനയിലെ ജാമിഅ: ഇസ്ലാമിയ്യയിൽ വെച്ചു കണ്ടു മുട്ടിയ ബഹുമാന്യരായ ശയ്ഖു: Dr Ghazi Al-Mutairi, (Professor, Prince Nayef bin Abdul Aziz for the Study of the Promotion of Virtue and Prevention of Vice), ജിദ്ദയിൽ വെച്ചു Dr. Abdullah Al-Omari (Head of the Saudi Society for Geo-sciences), മദീനയിൽ വെച്ചു ഷെയ്ഖ് Bandar bin Mohammed Rabeesh (Media spokesman and director of public relations for the Promotion of Virtue and Prevention of Vice).. അവരെല്ലാം ഒരേ സ്വരത്തിൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഇസ്ലാമുമായി ബന്ധിപ്പിച്ചു അവിശ്വാസ അന്ധവിശ്വാസ കഥകൾ മെനഞ്ഞുണ്ടാക്കി പ്രച്ചരിപ്പിക്കുന്നതിന്നു എതിരെ ശക്തമായി പ്രതികരിച്ചു . പ്രതേകിച്ചു, ഹാജിമാരും ഉംറ നിർവഹിക്കാൻ വരുന്നവരും മസ്ജിദുന്നബവി സന്ദർശിക്കാൻ മദീനയിൽ എത്തുന്നവരും ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ അവർ ശക്തമായി ആവശ്യപ്പെട്ടു . ഇസ്ലാമിൽ ഇല്ലാത്ത വിശ്വാസവും കർമ്മവും അതിൽ നൂതനമായി കടത്തിക്കൂട്ടിയാലുള്ള ഭവിശ്യത്തുകളെയും ദീനിൽ അതുണ്ടാക്കുന്ന ഫിത്നകളെയും അവർ ശക്ടമായി താക്കീത് നല്കി .

  ആകയാൽ, ഈ രംഗത്ത് വളരെ വ്യക്തമായ ശാസ്ത്രീയ വിശകലനം നടത്തി മനുഷ്യർക്ക്‌ വിജ്ഞാന പ്രകാശം ചൊരിഞ്ഞു ബോധവല്ക്കരണം നടത്തിയ മാന്യ സുഹൃത്ത് ജനാബ് യം ടി മനാഫ് മാഷിൽ നിന്നും ഇനിയും ധാരാളം യഥാർഥ അറിവിന്റെ മുത്തും പവിഴവും ജനിക്കട്ടെ എന്നു പ്രത്യാശിക്കുന്നു .. അല്ലാഹു അദ്ദേഹത്തിന്ന് അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ ! ആമീൻ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു .

  സിദ്ദീഖ് വെളിയങ്കോട് - റിയാദ്

  ReplyDelete
 11. പ്രയോജനപ്രദമായ യാത്രാവിവരണം.

  ReplyDelete
 12. Thankyou for this wonderful travelogue...

  ReplyDelete
 13. വിശദമായി പറഞ്ഞിരിക്കുന്നു . നന്നായി മനാഫ് ഭായ് .

  എന്നാലും വിശ്വാസങ്ങളെ പൊളിച്ചടുക്കുന്നത് നല്ല കാര്യമല്ല :) ;)

  ReplyDelete