
വാര്‍ത്ത (28.06.10)
ടെലിവിഷന്‍ കാണാന്‍ അടുത്ത വീട്ടില്‍ പോകാന്‍ അനുവാദം നല്കാത്തതിനാല്
ആത്മഹത്യ ചയ്ത മകനെക്കുറിച്ചും തന്റെ വളര്‍ത്തുതത്ത കൂട്ടില്‍ നിന്ന്
പാറിപ്പോയതില്‍ മനംനൊന്തു ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെക്കുറിച്ചും
വായിച്ചവരാന് നാം. പരീക്ഷ റിസള്‍ട്ടു വരുമ്പോഴും അഡ്മിഷന്
കിട്ടാതിരിക്കുമ്പോഴും ചാക്ക് കണക്കിനു ആത്മഹത്യകള്‍ വേറെ! കമിതാക്കളും
കാമാര്‍ത്തരും മരക്കൊമ്പിലും ജലാശയങ്ങളിലും റെയില്‍പാളത്തിലു മൊക്കെ
ഹൈജംപും ലോങ്ങ്ജംപും പഠിക്കുന്നത് ഇതിനു പുറമെ. മക്കളെ കൊന്നു
ജീവന്റെ തിരി സ്വയം തല്ലിക്കെടുത്തുന്ന മാതാക്കളും, കുടുംബ സമേതം
ജീവനൊടുക്കുന്ന കൂട്ടങ്ങളും മറ്റൊരു വശത്ത്.പുറം ലോകത്തെ ത്രസിപ്പിച്ചും
അസൂയപ്പെടുത്തിയും പളപളപ്പില്‍ ജീവിക്കുമ്പോഴും ഉള്ളില്‍ എരിതീയുമായി
അവസാനം ഒരു തുള്ളി വിഷത്തിലോ ഒരു കഷ്ണം കയറിലോ ഫുള്‍ സ്റ്റോപ്പിടുന്ന
താര മങ്കകളും ഹീറോകളും; അങ്ങിനെ... അങ്ങിനെ... അങ്ങിനെ...
തങ്ങള്‍ ആരാധ്യരായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുടെയും
നേതാക്കളുടെയുമൊക്കെ വിയോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്ന അന്യ സംസ്ഥാനക്കാരെക്കുറിച്ച് നമുക്ക് പരിചയമുണ്ട്. ഇത്തരം വിഷയങ്ങളില്‍
മലയാളിയുടെ മനോനില അല്പംകൂടി ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇമ്മാതിരി
സംഭവങ്ങള്‍ ആ ധാരണയെ പലപ്പോഴും തകിടംമറിക്കുന്നു.
Dale Carnegie എന്ന അമേരിക്കന്‍ എഴുത്തുകാരനെക്കുറിച്ച് വായിച്ചിട്ടുണ്ട്.
How to stop worrying and Start Living എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട
ഒരു രചനയാണ്. ജീവിതത്തിലെ അസ്വാസ്ത്യങ്ങള്‍ അവസാനിപ്പിച്ച്
നിര്‍മലമായി എങ്ങിനെ മുന്നോട്ടു പോകാം എന്നാണ് അതിലെ പ്രതിപാദ്യം.
പക്ഷെ ഗ്രന്ഥകാരന് അവസാനം ആത്മഹത്യാ ചോദനയും ജീവിതവിരക്തിയും
ഉണ്ടായിരുന്നതായി സൂചനയുണ്ട്. അത് മറ്റൊരു സമസ്യ!
ആത്മഹത്യയെ കുറിച്ച് പ്രധാനമായും രണ്ടു പക്ഷമുണ്ട്
1) മഹാ ഭീരുക്കളാണ് ഇത് ചെയ്യുക (ജീവിത യാഥാര്ത്യങ്ങളെ നേരിടാന്‍
കഴിയാത്ത ഒളിച്ചോട്ടം)
2) അതീവ ധൈര്യമുള്ളവരാനു ആത്മാഹുതി ചെയ്യുന്നവര്‍ (ജീവന് അവസാനിപ്പിക്കാനുള്ള ധൈര്യമാണത്രെ ഉദ്ദേശ്യം)
വ്യാഖ്യാനങ്ങള്‍ എന്തുമാവാം. ഒരു കാര്യം ഉറപ്പ്; ഒരിക്കല്‍ ആത്മഹത്യാ ശ്രമം
നടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ വീണ്ടും അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം. അതത്ര സുഖമുള്ള എര്പാടല്ല എന്നര്‍ത്ഥം. പ്രധാന
മതങ്ങളെല്ലാം ആത്മാഹുതി വന്‍പാപമായാണ് പരിചയപ്പെടുത്തുന്നത്.
സ്രഷ്ടാവ് കനിഞ്ഞരുളിയ ആത്മാവിനെ ഹനിക്കാന്‍ നമുക്ക്
അവകാശമില്ലെന്നാണ് കൃസ്തുമത ശാസന. ആത്മഹത്യ ചെയ്യുന്നവന് നിത്യ നരകവാസിയാകുമെന്നാണ് ഇസ്ലാമിക അധ്യാപനം.ജീവിതത്തെ കുറിച്ചുള്ള
കൃത്യമായ കാഴ്ചപ്പാടും ലക്ഷ്യബോധവും അന്യം നില്‍ക്കുമ്പോഴാണ് ഈ ക്രൂരത
അരങ്ങേറുക. ഏതായാലും, നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെട്ട് ഊതി
യണക്കുവാനും കീറിക്കളയുവാനും മാത്രം നിസ്സാരമല്ല മനുഷ്യജന്മം എന്നു നാം
തിരിച്ചറിഞ്ഞേ മതിയാവൂ! .