Sunday, May 30, 2010

ചെകുത്താന്‍ ചിരിക്കുന്നു












ദിനപത്രങ്ങളില്‍ ദീന വാര്‍ത്തകള്‍
നിറയുമീ യുഗസന്ധി സന്നിഗ്ധം
ഭയചകിതം കലുഷിതം
ചാനലിലിരമ്പും ചൂടുള്ള 
ഗദ്ഗദം മര്‍ത്ത്യന്‍റെ നോവോ 
കനലോ കിനാവോ

ലോക വാര്‍ത്തയുണ്ടാ-
ഭ്യന്തരമുണ്ടാര്‍ത്തി പൂണ്ട
രുകൊലചെയ്യും നവ
ചോരക്കൊതിയരുടെ പടമുണ്ട്
'വെട്ടു'ണ്ട് തിരുത്തുണ്ട്
ചെമപ്പുതേച്ച വാള്‍ക്കത്തിയുണ്ട്‌

വഴിതെറ്റിയ 'ജിഹാദി'കള്‍ കുരക്കുന്നു
മാവോയിസ്റ്റുകള്‍ നാക്കുതൂക്കിക്കിതക്കുന്നു
'ശ്രീരാമ'സേനയും മുത്തലക്കുമാരും
നേത്രം തുറിപ്പിച്ചു ജയ് വിളി മുഴക്കുന്നു
കണ്ണൂരിലിപ്പൊഴും വടിവാളുയരുന്നു
കണ്ണീരുവീണീ മണ്‍തടം കുതിരുന്നു

കുരുതിക്കളങ്ങള്‍ എമ്പാടുമിണ്ടിവിടം
യമനും കറാച്ചിയു മി-
സതാംബൂളും ഡല്‍ഹിയും
ബാലിയും ജക്കാര്‍ത്തയും
മുംബെയും മുംബാസയും
അതിരും എതിരുമില്ലാ-
മുഴു മുക്കുമൂലയും

ദുരന്ത പര്‍വ്വങ്ങളില്‍
ചെകുത്താന്‍ ചിരിക്കുന്നു
ഇനിയും നിണം കാണാന്‍
കുടില്‍ കെട്ടിയിരിക്കുന്നു
സന്തോഷത്തിമര്‍പ്പിനാല്
‍കൈകൊട്ടി ചിരിക്കുന്നു
പൊന്‍തൂവല്‍ മിനുക്കിയവന്‍
തൊപ്പിയില്‍ തിരുകുന്നു

ആഗോള ശാന്തിയുടെ യ-
പ്പോസ്തലന്മാരെവിടെ
ഇവിടെ 'ക്രമം' തീര്‍ക്കും
വായാടി കൂട്ടമെവിടെ
ഭരണപുങ്കപ്പരിഷകളെവിടെ
ബലൂണ്‍ പോലെ വീര്‍ത്ത
വായുള്ള മാന്യരെവിടെ?

അഷ്ട ദിക്കിലും
രോദനം മുഴങ്ങുന്നു
അക്ഷമരായ് നമ്മള്‍
ദു:ഖം ഭുജിക്കുന്നു
ഒരു ശാന്തി ദൂതിനായ്
കേണു കേണിടറുന്നു
കൊലയൊരു കലയായ്
നിവചിച്ചീടുമ്പോ-
ഴൊരു ബോധിവൃക്ഷം
തപസ്സു ചെയ്തീടുന്നു!

നമ്മുടെയുള്‍ത്തടം
നന്മയാല്‍  നിറയട്ടെ
സ്നേഹത്തിന്‍ ഇളംകാറ്റില്‍
മനുഷ്യത്വം വിളയട്ടെ
ശാന്തിയുടെ ദൂതുമായ്
നാമ്പുകള്‍ ഉയരട്ടെ 
ഹിംസയുടെ തേറ്റകള്‍
തകര്‍ന്നടിഞ്ഞുടയട്ടെ!

14 comments:

  1. ദുരന്ത പര്‍വ്വങ്ങളില്‍
    ചെകുത്താന്‍ ചിരിക്കുന്നു

    ReplyDelete
  2. ഒരു വാളുണ്ടോ നാല് തല കിട്ടാന്‍
    നാല് തലയുണ്ടോ ഒരു ബോംബ്‌ കിട്ടാന്‍ ‍.

    ReplyDelete
  3. ഇന്നലത്തെ പത്രം വായിച്ചപ്പോള്‍
    ഇത്രയെങ്കിലും ചെയ്യണമെന്നു തോന്നി

    ReplyDelete
  4. >> നമ്മുടെയുള്‍ത്തടം
    നന്മയാല്‍ നിറയട്ടെ
    സ്നേഹത്തിന്‍ ഇളംകാറ്റില്‍
    മനുഷ്യത്വം വിളയട്ടെ
    ശാന്തിയുടെ ദൂതുമായ്
    പുതു നാമ്പുകള്‍ ജനിക്കട്ടെ
    ഹിംസയുടെ തേറ്റകള്‍ തകര്‍-
    ന്നടിഞ്ഞുടയട്ടെ! <<

    ഇനി ഈ പ്രതീക്ഷകളും പ്രാർഥനകളുമാൺ ആകെയുള്ള ആശ്വാസം.

    ശക്തവും തീക്ഷ്ണവുമായ വരികൾ.
    അർഥവത്തായ പ്രതികരണം.
    ആദ്യ ചില വരികൾക്കു കുറച്ചു കടുപ്പം കൂടിയോ എന്നോരു ശങ്ക!

    ReplyDelete
  5. ശക്തമായ വരികള്‍..
    മനസ്സിന്റെ ഉഷ്ണം വരികളില്‍
    തീഷ്ണമായി തന്നെ കാണുന്നു..
    നന്നായി!

    ReplyDelete
  6. മനുഷ്യ ജീവന് ഉപ്പിന്‍റെ വിലപോലുമില്ലേ ?
    ഇതെന്തൊരു കാലം ഹെ!!!!!

    ReplyDelete
  7. എനിക്കും Mr. mukthar ന്റെറ അതേ അഭിപ്രായം.

    ആദ്യത്തെ ചില വരികള്ക്കു കുറച്ചു കടുപ്പം കൂടിയോ?

    ReplyDelete
  8. പത്രങ്ങളില്‍ ചോരച്ചാലുകള്‍
    ടെലിവിഷനില്‍ രക്തപ്പുഴ
    ഇന്നിന്‍റെ കാഴ്ച. എന്തു ചെയ്യാന്‍ ?

    ReplyDelete
  9. നമ്മുടെയുള്‍ത്തടം
    നന്മയാല്‍ നിറയട്ടെ
    സ്നേഹത്തിന്‍ ഇളംകാറ്റില്‍
    മനുഷ്യത്വം വിളയട്ടെ
    ശാന്തിയുടെ ദൂതുമായ്
    നാമ്പുകള്‍ ഉയരട്ടെ
    ഹിംസയുടെ തേറ്റകള്‍
    തകര്‍ന്നടിഞ്ഞുടയട്ടെ!

    ReplyDelete
  10. ഇത് ഇന്നത്തെ ലോകം. ഇവിടെ ചെകുത്താന്റെ നീതി ശാസ്ത്രം.

    ReplyDelete
  11. അക്ഷമരായ് നമ്മള്‍ അക്ഷമ തുടരട്ടെ

    ReplyDelete
  12. കുമ്പസാരം നടത്താന്‍ ഒരു പാതിരിയെ കിട്ടിയിരുന്ടെങ്ങില്‍ എത്ര നന്നായിയേനെ

    ReplyDelete
  13. ആത്മരോഷം മുഴുവന്‍ ആവിഷ്കാരത്തില്‍ പ്രതിഫലിക്കുന്ന വരികള്‍.
    എങ്കിലും ഏതാണ്ടെല്ലാ വരികള്‍ക്കും ക്രമപ്പെടുത്തല്‍ ആവശ്യമുണ്ട്. മലയാളത്തിലെ വാഗ് പ്രയോഗങ്ങളില്‍ ചിലതൊക്കെ ഇപ്പോഴും അഞ്ജതയുടെ തടവറയിലാണെന്ന് ''ഭയചകിതം'' എന്ന വാക്ക് സൂചിപ്പിക്കുന്നു. ഭയം എന്നതിന്‍റെ അര്‍ഥം തന്നെയാണ് 'ചകിതം' എന്നതിന് എന്നും, രണ്ടും ഒരേ വാക്കില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമിയുടെ ''ചൊവ്വാദോഷം'' പംക്തിയില്‍ വായിച്ചതായി ഓര്‍ക്കുന്നു.

    ReplyDelete
  14. റഫീഖ്
    ഭാഷാ നൈപുണി യെ അഭിനന്ദിക്കുന്നു
    നിര്‍ദേശത്തിനു വളരെയധികം നന്ദി

    ReplyDelete