Thursday, April 28, 2011

2010 ഏപ്രില്‍...

ചുട്ടു പൊള്ളുന്ന മണല്‍ പുതച്ചു  കിടക്കുന്ന മരുഭൂമിയുടെ വിദൂരതയില്‍ കണ്ണു പായിച്ചു ഞാനിരുന്നു. ഒറ്റപ്പെട്ട ചെറിയ കുറ്റി മരങ്ങള്‍ ആ വിജനതയെ ആശ്വസിപ്പിച്ചു കൊണ്ട് കാറ്റില്‍ താളം പിടിക്കുന്നുണ്ട്. കൂട്ടിന് ചെറു കുന്നുകളും. അതിനുമപ്പുറം ശിരസ്സുയര്‍ത്തിയ  മലകള്‍ കൊടും ചൂടിലും ശാന്തരായി നില്‍ക്കുന്നു. ഇനിയും 300 കിലോമീറ്റര്‍  യാത്ര ചെയ്യണം.

ഒന്നാഞ്ഞു പിടിച്ചാല്‍  മാത്രമേ കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയൂ. ഒന്നിനും സമയമുണ്ടായിരുന്നില്ല. പൊടുന്നനെ തീരുമാനിച്ച യാത്രയാണല്ലോ!. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്ന് നേരിട്ട്   ഫ്ലൈറ്റുമില്ല. അബൂദാബിയിലെക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും പറക്കാനാണ്‌ പ്ലാന്‍.  അബുദാബി വരെയുള്ളത് മാത്രമേ ഇപ്പോള്‍ കണ്ഫേം ആയിട്ടുള്ളൂ. അതും ഇത്തിഹാദ് എയര്‍ ലൈന്‍സിന്‍റെ അവിടുത്തെ ഓഫീസില്‍ പരിചയക്കാരുള്ള ചില സഹോദരങ്ങളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് സാധ്യമായത്. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാഹനത്തില്‍ ശുഭകരമല്ലാത്ത ചില സന്ദേശങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെടുന്ന പോലെ. വല്ലാതെ ഹീറ്റ് ആകുന്നുമുണ്ട്.  അളിയന്‍ അഹ് മദ് യാസിര്‍ വാഹനം ഹൈവേയുടെ ഓരത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്തു.സംഗതി ഗുരുതരമാണ്. എഞ്ചിന്‍ ബെല്‍റ്റ്‌ പൊട്ടിയിരിക്കുന്നു!.

ഇടവേളകളില്‍ ചീറിപ്പാഞ്ഞു പോകുന്ന  വാഹനങ്ങള്‍ മാത്രം. ഞൊടിയിടയില്‍ ഞങ്ങളെ ബഹുദൂരം പിന്നിലാക്കി അവ ദൂരെ മറഞ്ഞു പോകുന്നു. പടച്ചവനെ.....! ഇനി എന്ത് ചെയ്യും....? ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്‌..... തള്ളിക്കയറി വന്ന ചിന്തകളുടെ വേലിയേറ്റം ശരീരത്തെയും മനസ്സിനെയും ഒരു പോലെ ഉലക്കുന്നതായി തോന്നി. വാഹനങ്ങള്‍  ഓരോന്നിനും മാറി മാറി കൈ കാണിച്ചു. രക്ഷയില്ല. ഒരു മണിക്കൂര്‍ മുന്‍പെങ്കിലും എത്തിയില്ലെങ്കില്‍ യാത്ര മുടങ്ങിയതു തന്നെ . ചൂടേറ്റു പിടഞ്ഞോടുന്ന നിമിഷങ്ങള്‍ക്ക് വല്ലാത്ത വേഗത. പത്ത്... ഇരുപത്....മുപ്പത്....ഈ നട്ടുച്ച നേരത്ത് മരുഭൂമിയുടെ ഒറ്റപ്പെട്ട പാതയോരത്ത് എന്ത് ചെയ്യാന്‍. മനസ്സില്‍ പ്രാര്‍ത്ഥന നിറയുന്നുണ്ട്. ഏതു സന്ദര്‍ഭത്തിലും കൈ വിടാത്ത ശുഭപ്രതീക്ഷ കരുത്തായി കൂടെയുണ്ട്.  അവസാനം ഓടിക്കിതച്ചു വന്ന ഒരു കാര്‍ ഞങ്ങളോട് കനിഞ്ഞു!.

വണ്ടിയില്‍ ഉടമസ്ഥന്‍ മാത്രമേയുള്ളൂ. കാര്യങ്ങള്‍ പറഞ്ഞു. സന്തോഷത്തോടെ അദ്ദേഹം എന്നെയും കയറ്റി കുതിപ്പ് തുടര്‍ന്നു. മംഗലാപുരത്തുകാരനാണ്. കമ്പനികളില്‍ മാന്‍പവര്‍ സപ്ലേയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നു. സംസാരത്തിനിടയില്‍ എന്റെ ചിന്തകള്‍ എവിടെയെല്ലാമോ ചേക്കേറുന്നുണ്ട്. ആ മനുഷ്യനോടു എന്തെന്നില്ലാത്ത ആദരവ് തോന്നി. എന്റെ ഫ്ലൈറ്റ് മിസ്സാവരുത് എന്ന് എന്നെക്കാള്‍ നിര്‍ബന്ധം അദ്ദേഹത്തിനുള്ളതു പോലെ. മൊബൈല്‍  നമ്പരും ഇ മെയിലുമൊക്കെ വാങ്ങി. ഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞങ്ങളുടെ പരിചയപ്പെടലിനു അവിചാരിത വിരാമമായി. ടിക്കറ്റു ശരിപ്പെടുത്തിയ സഹോദരനാണ് വിളിക്കുന്നത്‌ . ഒരു മണിക്കൂര്‍ മുന്പ്  എയര്‍പോര്‍ട്ടില്‍ കൌണ്ടര്‍ ക്ലോസ് ചെയ്യുമത്രേ. ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ പരിചയമുള്ള ഒരു സുഹൃത്തിന്റെ നമ്പര്‍ അദ്ദേഹം പറഞ്ഞു. ഇതില്‍ വിളിച്ച് അദ്ദേഹത്തോട് എയര്‍ പോര്‍ട്ടില്‍ വിളിക്കാന്‍ പറയണം. അയാള്‍ക്ക്‌ അവിടുത്തെ കൌണ്ടറില്‍ പരിചയക്കാരുണ്ട്‌.

സുഹൃത്ത് നല്ല വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇതേ സ്പീഡില്‍ പോയാല്‍
കഷ്ടിച്ച് 3:30 നു അവിടെയെത്താം. അതാണ്‌ ക്ലോസിംഗ് സമയം. ഹൈവെയില്‍ നിന്ന് തിരിഞ്ഞു എയര്‍പോര്‍ട്ട്‌ റോഡിലൂടെ ഞങ്ങള്‍ കിതച്ചോടി. നേരിട്ടു വന്ന ദൈവിക സഹായമാണ് ഈ  സുഹൃത്ത്. ...അല്‍ ഹംദു ലില്ലാഹ്...

ബോഡിംഗ് പാസ്‌ ഇഷ്യൂയിംഗ് അവസാനിച്ചിട്ടുണ്ട്. ഒഴിവുള്ള സീറ്റുകള്‍ വല്ലതും ലഭിക്കുമോ എന്നറിയാന്‍ പത്തു-മുപ്പതു പേര്‍ കൌണ്ടറിനു ചുറ്റും തിക്കി തിരക്കുന്നു. എങ്ങിനെയോ അതിനുള്ളിലൂടെ നുഴഞ്ഞു കയറി അവിടെയുള്ള ഓഫീസറെ കാര്യം ധരിപ്പിച്ചു. ഹാവൂ! ജിദ്ദയിലെ ഇത്തിഹാദ് ഓഫീസില്‍ നിന്നും അയാള്‍ വിളിച്ചിട്ടുണ്ട്. മാഷാ ആല്ലാഹ്....!

ആകാശപ്പറക്കലില്‍  ഓര്‍മ്മയുടെ താളുകള്‍ അതി ശീഘ്രം മറിയാന്‍ തുടങ്ങി. ഉമ്മ....ഉമ്മയുടെ മുഖം ഈ ലോകത്തു നിന്ന്  അവസാനമായി കാണാനുള്ള യാത്രയാണ്. രാവിലെ പത്തു മണിയോട് കൂടി സുഹൃത്ത് അബ്ദുല്‍ ഹമീദ് വിളിച്ചു പറയുകയായിരുന്നു.
"ഉമ്മാക്ക് തീരെ സുഖമില്ല"
എന്നിട്ട്.....?
"വിഷമിക്കരുത്....ഉമ്മ.... മരിച്ചിരിക്കുന്നു......."
പുറപ്പെടുന്നുവെങ്കില്‍ ഉടനെ അറിയിക്കുക......  
.......................

ജീവിതത്തില്‍ ഒരാള്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്നതും വാക്കുകളിലും എഴുത്തിലും ചാലിക്കാന്‍ കഴിയാത്തതുമായ ആ വികാരം ഞാനറിഞ്ഞു. ജീവിതത്തിലെ  കൈപും മധുരവുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായാണല്ലോ കടന്നുവരിക അകവും പുറവും ഒരു പോലെ വിങ്ങി. യാത്രക്ക് തീരുമാനിച്ചതും കമ്പനിയില്‍ നിന്നും അനുമതിവാങ്ങി രേഖകള്‍ ശരിയാക്കി  പുറപ്പെട്ടതുമെല്ലാം വളരെ പെട്ടന്നായിരുന്നു.

അതിരാവിലെ നാലു മണിക്ക് 'മാതൃ'ഭാഷയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ പേരറിയാത്ത ചില വികാരങ്ങള്‍ എന്നെ ആവരണം ചെയ്തിരുന്നു. വീടടുക്കും തോറും അവയ്ക്ക് ശിഖരങ്ങള്‍ പൊട്ടി മുളച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും... അവസാനയാത്രയില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞതിന്‍റെ  ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല. ഒടുവില്‍...നമസ്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു യുഗത്തെ വിട്ടേച്ചു പോകുന്ന പോലെ തോന്നി. സ്നേഹത്തിന്റെ പര്യായത്തെ  യാത്രയാക്കിയിരിക്കുന്നു.... ഇനി എല്ലാം നല്ല ഓര്‍മ്മകള്‍ മാത്രം! കണ്ണുകള്‍ നനയുമ്പോഴും,പക്ഷെ, മനസ്സില്‍ സമാധാനത്തിന്‍റെ ഒരു ദൂതന്‍ മന്ത്രിക്കുന്നുണ്ടായിരുന്നു. ഉമ്മ സല്കര്‍മ്മിയാണ് ... നിഷ്കളങ്കയാണ് ...നാളേക്ക് വേണ്ടി അറിഞ്ഞു പ്രവര്‍ത്തിച്ച ഭാഗ്യവതിയാണ്.....

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനം 'എന്‍റെ ചില്ലുജാലകം' പിറവി കൊണ്ടത്‌ ഉമ്മ എന്ന പോസ്റ്റോടു കൂടിയാണ്.

ഹൈവേയുടെ ഓരത്തു നിസ്സഹായനായി നിന്ന എന്നെ ഉമ്മയുടെ അടുത്തെത്തിക്കാന്‍
സഹായിയായി ഓടിവന്ന ആ വാഹനക്കാരന്റെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും തിരക്കിനിടയില്‍ ഏതോ കടലാസ് കഷ്ണത്തിലാണ് കുറിച്ചു വെച്ചിരുന്നത്. ഒരുപാട് തവണ തിരഞ്ഞു . പക്ഷെ കണ്ടെത്താനായില്ല. ആ നല്ല മനുഷ്യന്റെ പേര് പോലും ഓര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. ഒരു പക്ഷെ മനസ്സു മുഴുവന്‍ ഉമ്മയായതിനാല്‍ ആ പേരിനു കയറി നില്‍ക്കാന്‍ എന്റെ അകത്തളത്തില്‍ ഇടം കിട്ടിക്കാണില്ല. അദ്ദേഹത്തോട് വേണ്ടപോലെ കടപ്പാടറിയിക്കാന്‍ പോലും എനിക്കായില്ലല്ലോ എന്ന ദു:ഖം ഇപ്പോഴുമുണ്ട്.. വിളിക്കാമെന്നും ഇമെയില്‍ വഴി ബന്ധപ്പെടാം എന്നുമൊക്കെ പറഞ്ഞാണ് അന്നു പിരിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടുമുട്ടിയ ആ നല്ല സുഹൃത്തിനു വേണ്ടി ഞാനീ വാര്‍ഷിക സ്മരണകള്‍ ‍സമര്‍പ്പിക്കുന്നു. അയാളിലെ നന്മ നിങ്ങളുമായി പങ്കുവെക്കുന്നു. ഒപ്പം നന്ദിയില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും!




42 comments:

  1. ഓര്‍മ്മകള്‍....

    ReplyDelete
  2. ഒരു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നു പോയത്.

    ഉമ്മയുടെ മരണവും താങ്കളുടെ നാട്ടില്‍ പോക്കുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. "ഉമ്മ" എന്ന ആ കവിതയിലൂടെ തുടങ്ങിയ ബ്ലോഗിന് ഒരു വര്‍ഷം ആയി എന്ന് താങ്കള്‍ പറയുമ്പോഴാണ് കാലചക്രം എത്ര വേഗം തിരിയുന്നു എന്നറിയുന്നത്.

    കാലം എല്ലാം മായ്ക്കുമ്പോഴും മായാത്ത ഓര്‍മ്മകള്‍ കാലത്തെ അതിജീവിക്കുന്നു. ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍. തുടര്‍ന്നും ബൂലോകത്ത് താങ്കള്‍ക്കു ഒരു പാട് മുന്നോട്ടു പോകാന്‍ കഴിയട്ടെ.
    .

    ReplyDelete
  3. ഇത്തരം സാഹചര്യങ്ങളില്‍ കിട്ടുന്ന ചില സഹായങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല! മനാഫ് സാഹിബിന്റെ ഈ അനുഭവ കുറിപ്പ് അത്തരം സഹായങ്ങള്‍ ചെയ്യുന്നതിന് വായനക്കാര്‍ക്ക് പ്രചോദന മാവട്ടെന്നാശംസിക്കുന്നു! ഈ കുറിപ്പ് ഓടി ഓടി ആ മംഗലാപുരതുക്കാരനെ കണ്ടെത്താന്‍ കഴിയട്ടെ! الله يرحم والدتك

    ReplyDelete
  4. ഉമ്മ എന്ന സന്തോഷത്തിലൂടെ തുടങ്ങിയ എഴുത്തിന്റെ യാത്ര.
    ഈ ഒന്നാം വര്‍ഷത്തില്‍ അത് സമര്‍പ്പിക്കേണ്ടത്‌ തീര്‍ച്ചയായും ആ നല്ല മനുഷ്യന് തന്നെ.
    ഈ കുറിപ്പ് എന്‍റെ ഹൃദയത്തില്‍ ഒരു സങ്കട മഴ പെയ്യിച്ചു.
    അസുഖബാധിതനായ ഉപ്പയെ കാണാന്‍ ഞാനും പോയതാണ് ഇങ്ങിനെ. പക്ഷ വിടപരയുന്നതിനു മുമ്പ് ഒരു ദിവസം ഉപ്പയോടൊപ്പം നില്‍ക്കാനും സംസാരിക്കാനുമുള്ള ഭാഗ്യം സര്‍വ്വശക്തന്‍ എനിക്ക് തന്നു. അല്‍ഹംദുലില്ലാഹ് .
    ഞാനും പ്രാര്‍ഥിക്കുന്നു ആ ഉമ്മാക്ക് വേണ്ടി .
    ഒപ്പം വാര്‍ഷിക ആശംസകള്‍. മികച്ച രചനകളുമായി ഈ ചില്ലുജാലകം ഞങ്ങള്‍ക്ക് മുമ്പില്‍ തുറക്കട്ടെ .

    ReplyDelete
  5. പ്രാര്‍ത്ഥിക്കുന്നു ആ ഉമ്മാക്ക് വേണ്ടി ,,............

    ReplyDelete
  6. അങ്ങനെയുള്ള ഒരു യാത്രയില്‍ അനുഭവിക്കുന്ന മാനസികക്ലേശം എങ്ങനെയും വിവരിക്കാന്‍ പറ്റില്ല. കഴിഞ്ഞ ഏപ്രിലില്‍ ഞാനും ഇത് പോലെ പോയിരുന്നു.... എന്‍റെ വാപ്പായെ അവസാനമായി കാണാന്‍.....

    ഞാനും പ്രാര്‍ഥിക്കുന്നു ആ ഉമ്മാക്ക് വേണ്ടി .

    ReplyDelete
  7. ഇത്തരം അനുഭവം എനിക്കുണ്ടായിട്ടില്ലെങ്കിലും ഈ പോസ്റ്റിലൂടെ അനുഭവിച്ചറിഞ്ഞു അത്തരം ഒരു സന്ദർഭം. ഈ സ്നേഹനിധിയായ ഉമ്മയുടെ പരലോകജീവിതം വെളിച്ച നിറഞ്ഞതാകട്ടെ..
    ചില്ലുജാലകത്തിനു എല്ലാവിധ ആശംസകളും ഇക്കാ..

    ReplyDelete
  8. സ്നേഹ ജാലകമായിരുന്ന ഉമ്മയുടെ മരിക്കാത്ത ൊർമകളുടെ കൂടെ മനുഷ്യ സ്നേഹത്തിന്റെ മധുരിമയാർന്ന ഒരു ചെറിയ കടലാസ് തുൻട്...!

    നഷ്ടപ്പെട്ട ആ കടലാസ് തുൻട് തേടിയലയുകയാണു മാനവരാശിയും ...

    ReplyDelete
  9. അതെ, സലിം ബായ് ...

    ReplyDelete
  10. ചില അപ്രതീക്ഷിത സഹായങ്ങൾക്ക് നന്ദിപറയാൻ വാക്കുകൾകൊണ്ടാവില്ല.
    വാക്കുകൾകൊണ്ട് വിവരിക്കാനാവാത്തതാണ് നമ്മെ നാമാക്കിയ നമ്മുടെ ഉമ്മ!
    ദൈവമെ... നിന്റെ കരുണയവർക്ക് പ്രധാനം ചെയ്യേണമേ....

    ReplyDelete
  11. പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സിലേക്ക്‌ ഓടിക്കയറിവന്നത്‌ എണ്റ്റെ ഉമ്മയാണ്‌. ത്യാഗത്തിണ്റ്റെ ഭാണ്ഡവും സ്നേഹത്തിണ്റ്റെ ചിരാതുമായി അകലങ്ങളിലേക്ക്‌.. അകലങ്ങളിലേക്ക്‌ നടന്നു മറഞ്ഞുപോയ എണ്റ്റെ ഉമ്മ!.

    ReplyDelete
  12. വളരെ നല്ല വിവരണം,
    പോസ്റ്റില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്ന ദുഖം അലയടിക്കുനുണ്ട് ,
    താങ്കളുടെ മാതാവിനു വേണ്ടി ദൈവത്തോട് പ്രാര്‍തിക്കാം

    ReplyDelete
  13. സ്വന്തം ഉമ്മ മരിച്ചാല്‍ പോലും ഒരു നോക്ക് കാണാന്‍ ഇത്ര കഷ്ടപ്പെടേണ്ടി വരുന്ന പ്രവാസി തന്നെ ഇതിലും വിഷയം. യാത്രയുടെ യാദൃശ്ചികതകളും സുഗമമായ ലക്ഷ്യപൂര്‍ത്തീകരണവുമെല്ലാം നന്നായി അവതരിപ്പിച്ചു.
    മരണം വരെ നമുക്ക് പ്രാര്‍ഥിച്ചു കൊണ്ടിരിക്കാം. അതാണല്ലോ അവരുടെ എന്നും ബാക്കിയാവുന്ന സമ്പത്ത്.

    ReplyDelete
  14. മോനെ എന്നാ സ്നെഹമൂറുന്ന ആ വിളി കേള്‍ക്കാന്‍ കൊതികാത്ത മക്കളുണ്ടോ ......
    ആ ഉമ്മാക് അല്ലഹു അവന്‍റെ കാരുണ്യതാല്‍ സ്വര്‍ഗ്ഗ പ്രവേശനം സാദിയമാകെട്ടെ. ആമീന്‍

    ReplyDelete
  15. ഉമ്മയില്‍ തുടങ്ങി ഉമ്മയില്‍ അവസാനിച്ച ഒരു വര്‍ഷം. ഉമ്മയില്‍ തുടങ്ങി ഉമ്മയില്‍ അവസാനിക്കാത്ത ഒരു ജീവിതവും. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  16. മാഷ്ക്ക് ആ മംഗലാപുരത്തുകാരനോടുള്ള പറഞ്ഞാല്‍ തീരാത്ത കടപ്പാട് പറയാതെ തന്നെ തെളിഞ്ഞുവരുന്നതാണ്. അതിനപ്പുറം ആ മംഗലാപുരത്തുകാരനു മാഷിനോടും ഒരു കടപ്പാടുണ്ട്. കാരണം അങ്ങിനെയൊരു പുണ്യവൃത്തി അയാള്‍ക്ക് ചെയ്യാന്‍ മാഷ്‌ ഒരു നിമിത്തമാവുകയായിരുന്നു. മാഷ്‌ ആ വെയിലില്‍ അത്ര നേരം കാത്തു നിന്നത് ആയുസ്സില്‍ എന്നേ കുറിക്കപ്പെട്ട ആ നിയോഗനിറവിന് വേണ്ടിയായിരുന്നു.

    ReplyDelete
  17. എല്ലാ തുടക്കങ്ങളും ഉമ്മയില്‍ നിന്നുതന്നെ..ഒടുക്കങ്ങളും നമ്മള്‍ താങ്ങിയല്ലേ പറ്റൂ..

    ReplyDelete
  18. ഉമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു....
    ഒപ്പം മനസ്സില്‍ നന്മയുള്ള ആ മംഗലാപുരത്തുകാരന് എല്ലാഭാവുകങ്ങളും ആശംസിക്കുന്നു.

    ReplyDelete
  19. പ്രാര്‍ഥനയോടെ...

    ReplyDelete
  20. പ്രയസപ്പെടുന്നവരുടെ പ്രാര്‍ത്ഥന പടച്ചവന്‍ തള്ളുകയില്ലെന്നു
    തെളിയിച്ച യാത്രാനുഭവം.
    ഉമ്മ നമുക്ക് വേണ്ടി അനുഭവിച്ചതുമായി
    തട്ടിക്കുംപോള്‍ ഇതെല്ലാം എത്ര നിസാരം!

    ReplyDelete
  21. നന്മ നിറഞ്ഞവര്‍ പെരുകട്ടെ!!ഉമ്മാക്ക് നിത്യശാന്തി ലഭിക്കട്ടെ!
    ഒപ്പം,
    നമ്മിലെത്രപേര്‍ 'മംഗലാപുരത്ത്കാരന്‍' ആവാന്‍ ശ്രമിക്കാതെ, എപ്പോഴൊക്കെ കണ്ണടച്ചിട്ടുണ്ട് എന്ന് ചിന്തിക്കുകയും ചെയ്യുക.

    ReplyDelete
  22. ഉമ്മയുടെ പരലോക ജീവിതം നാഥന്‍ സ്വര്‍ഗീയതയുടെ മാധുര്യം നല്കുന്നതാക്കട്ടെ .. ആമീന്‍.
    ഒപ്പം , നന്മയുടെ വഴിയില്‍ സഹാകാരിയവാന്‍ കഴിഞ്ഞ ആ സഹോദരനിക്കു നാഥന്‍ അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കാം.

    ReplyDelete
  23. ഉമ്മാക്ക് പരലോക സൌഖ്യത്തിനായി തേടുന്നു.
    നന്മയുടെ പ്രതീകമായ ആ അജ്ഞാത സുഹൃത്തിന് ക്ഷേമമുണ്ടാകട്ടെ.

    വാര്‍ഷിക പോസ്റ്റ്‌ വായിക്കാന്‍ വൈകി,മാഷിന്റെ വരും വര്‍ഷങ്ങള്‍ ഐശ്വര്യസമ്പൂര്‍ണ്ണമാകട്ടെ.

    ReplyDelete
  24. ഉമ്മയുടെ ഓര്‍മകളാല്‍ ദീപ്തമായ ഈ പോസ്റ്റ്‌ ഒരു നല്ല മകന്റെ മനസ്സ് കാണിച്ചു തന്നു.
    ആ ഉമ്മ ഭാഗ്യവതിയാണ്..

    ReplyDelete
  25. എനിക്ക് അറിയാവുന്ന ഈ ഉമ്മ തീര്‍ച്ചയായും സല്കര്‍മ്മിയാണ് ... നിഷ്കളങ്കയാണ് ...നാളേക്ക് വേണ്ടി അറിഞ്ഞു പ്രവര്‍ത്തിച്ച ഭാഗ്യവതിയാണ്.....
    "മരണപ്പെട്ട നമ്മുടെ മാതാപിതാകള്‍ക്ക് അള്ളാഹു അവന്റെ മഗ്ഫിറത്തു നല്‍കി അനുഗ്രഹികട്ടെ... "

    ReplyDelete
  26. മനാഫ് മാഷ് .... വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി...
    അല്ലാഹു ഉമ്മക്ക് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ .... ആമീന്

    ReplyDelete
  27. നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ .മാതാവിന്റെ
    നഷ്ടം സഹിക്കാന്‍ വലിയ പ്രയാസം തന്നെയല്ലേ.
    അടുത്തില്ലാതിരിക്കുമ്പോള്‍ സംഭവിക്കുന്ന വേര്‍പാട്
    പ്രത്യേകിച്ചും .പരസ്പര സഹായങ്ങളും സഹകരണങ്ങളും അത്യാസന്ന
    ഘട്ടങ്ങളില്‍ എത്ര വിലപ്പെട്ടതാണെന്നോര്‍മ്മപ്പെടുത്തുന്നു ഈ പോസ്റ്റ്.

    ReplyDelete
  28. വിഷയം പ്രവാസം തന്നെ..!!
    ഉമ്മക്കൊപ്പം സ്വര്‍ഗ്ഗത്തില്‍ നമുക്കും കൂടാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ..

    ചില്ല് ജാലകത്തിന് ഇനിയുമേറെ ദൂരം താണ്ടാന്‍ കൊടിയാശംസ.

    ReplyDelete
  29. അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete
  30. മാതാവിന്റെ സ്വർഗ്ഗലബ്ധിക്ക് പ്രാർത്ഥനകൾ..
    ചില്ലുജാലകത്തിന്റെ പുരോഗമനങ്ങൾക്ക് ആശംസകളും.
    നന്നായി അവതരിപ്പിച്ച മനോഹരമായ പോസ്റ്റ്..

    ReplyDelete
  31. ഇതില്‍ കുറെ നല്ല മനുഷ്യരെ കുറിച്ചു പറഞ്ഞിട്ടുണ്ട്. നന്നായി
    ഒപ്പം വാര്‍ഷിക ആശംസകളും

    ReplyDelete
  32. സങ്കടപ്പെടുത്തുന്ന വാക്കുകള്‍...! വായനയ്ക്കിടയില്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ പാടുപെട്ടു. ആ സ്നേഹനിധിയായ ഉമ്മയെ നാളെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാനുള്ള ഭാഗ്യം താങ്കള്‍ക്കു ഉണ്ടാവട്ടെ... (ആമീന്‍)

    ReplyDelete
  33. ഉമ്മ!

    അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തു നല്കുമാറാകട്ടെ-ആമീന്‍.

    ReplyDelete
  34. അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)


    വളരെ ഉപകാരപ്രതമായ ചര്ച്ചരകള്‍ ഇതുവഴി വരട്ടെ......

    “എന്റെ ച്ല്ലുജലകത്തിനു " ഈ വാര്‍ഷിക അവസരത്തില്‍ (വൈകിയ വേളയില്‍ )യെല്ലാവിത ഭാവുകങ്ങളുംനേരുന്നു...

    ReplyDelete
  35. വേദനകള്‍ കുമിഞ്ഞ നിമിഷങ്ങള്‍ ഇങ്ങനെയെങ്കിലും വരികളാക്കി ആശ്വസിക്കാന്‍ താങ്കള്‍ക്കായല്ലോ... ഒപ്പം, സന്നിഗ്ധ ഘട്ടത്തില്‍ പാഞ്ഞെത്തിയ ഒരറിയാസുഹൃത്തിനെ സ്മരിക്കാനും..

    ഉമ്മയുടെ പരലോക ജീവിതം സന്തോഷപ്രദമാകട്ടെ..

    ReplyDelete
  36. ഈ ഉമ്മാക്കും മകനും എന്റെ പ്രാര്‍ഥനകള്‍,

    ReplyDelete
  37. കണ്ണ് നിറക്കുന്ന നിമിഷങ്ങള്‍......... ഉമ്മയുടെ പരലോക ജീവിതം സന്തോഷപ്രദമാകട്ടെ..കൂടെ ആ സുഹൃത്തിനും

    ReplyDelete
  38. വൈകിയാണെങ്കിലും ഈ അനുഭവം വായിക്കാന് കഴിഞ്ഞുവല്ലോ, കണ്ണുകള് നിറഞ്ഞുപോയി.

    ReplyDelete
  39. ഓരോ ഗള്‍ഫുകാരനും ഇങ്ങനെയുള്ള സ്വകാര്യ ദുഃഖങ്ങള്‍ ഓരോന്നുണ്ടാകും... അമ്മ മരിച്ചതറി ഞ്ഞിട്ടും ഒന്ന് പോകാനാവാത്ത എത്രയോ സുഹൃത്തുക്കളില്‍ ഒരളായീ ഞാനും....

    ഒരു പക്ഷെ ആ ഉമ്മയുടെ നന്മ മനസ്സായിരിക്കാം വഴിയില്‍ വച്ച് യാത്ര നല്‍കിയ ആ നല്ല മനുഷ്യന്‍!!

    ReplyDelete