Tuesday, February 18, 2014

മനസ്സിൽ മായാത്ത അനുഭവം

ഫെബ്രുവരി ആദ്യവാരം കോട്ടക്കൽ നടന്ന മുജാഹിദ് സംസ്ഥാന  സമ്മേളന നഗരിയിൽ ഒരുക്കിയിരുന്ന 'ദ മെസേജ്' മെഗാ എക്സിബിഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് കുടുംബ സമേതം ഓരോ ദിവസവും പ്രദർശനം കാണാനെത്തിയത്.  തിരക്കു കാരണം എത്രയോ പേർ ദിവസവും മടങ്ങിപ്പോയി. മനുഷ്യൻറെ വിലാസവും ജീവിതവും ലക്ഷ്യവും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എക്സിബിഷൻ. ജനുവരി 26 ന്  ആരംഭിച്ച പ്രദർശനം ഫെബ്രുവരി 4 വരെ നീണ്ടു. മെഗാ എക്സ്പോയോട് ചേർന്ന് സജ്ജീകരിക്കപ്പെട്ടിരുന്ന 'കാഴ്ച' എന്ന മിനി എക്‌സിബിഷനിൽ വളരെ കൂടുതൽ പേർ പ്രവേശിച്ചു കാണില്ല. അതിനുള്ള കാരണം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. ഐ.എസ്‌.എം. മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ കോഴിക്കോട്‌ മലബാര്‍ ഐ ഹോസ്‌പിറ്റലുമായി ചേര്‍ന്നു സംഘടിപ്പിച്ച "കാഴ്‌ച' തീർത്തും വേറിട്ട അനുഭവമായിരുന്നു.

കട്ട പിടിച്ച  കറുത്ത ഇരുട്ട് അടക്കി വാഴുന്ന ഹാളാണ് 'കാഴ്ച' എക്‌സിബിഷന്റെ ഇടം. പ്രകാശത്തിനു പ്രവേശനം പാടെ നിരോധിച്ചിട്ടുണ്ട്. അകത്തു കയറുമ്പോൾ കറുത്ത കണ്ണട കൂടി ധരിപ്പിക്കും. അതോടെ നാം പൂർണ്ണമായും അന്ധരായി. ഒരു സമയം അഞ്ചു പേർക്കാണ് പ്രവേശനം. അറിയാത്ത വഴികളിലൂടെ നഗ്ന പാദരായാണ് പോകാനുള്ളത്. ഇരുട്ടിൻറെ ആ ലോകത്ത് നമ്മെ നയിക്കുന്നത് ശരിക്കും അന്ധരായ സഹോദരങ്ങളാണ്. അവർ മുന്നിൽ നടന്ന് നിർദേശങ്ങളും വിശദീകരണങ്ങളും തരും. അഥവാ, നമ്മൾ അന്ധരും അവർ വഴികളറിയുന്നവരും! അവരുടെ ലോകമാണത്. മുൻപിൽ നടക്കുന്ന അന്ധ സുഹൃത്തിൻറെ തോളിൽ ഇടതു കൈ കൊണ്ട് പിടിക്കണം...പിന്നിലുള്ളവർ അങ്ങിനെ ക്രമത്തിൽ അപരന്റെ തോളിൽ പിടിച്ച് ഒരു വരിയായാണ് നീങ്ങുന്നത്. വലതു കൈ ഫ്രീയാണ്. എല്ലാം തൊട്ടു മനസ്സിലാക്കാം. മണത്തറിയാം, ചോദിക്കാം, കേൾക്കാം; കണ്ണു മാത്രം കാണില്ല! പരിപൂർണ്ണ അന്ധത!

ശിങ്കാരി മേളം തകർത്താടുന്ന പൂരപ്പറമ്പിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. പൊരീ...പൊരീ..പൊരീ..., വള..വള..മാല...കച്ചവടക്കാരുടെ ബഹളം കേൾക്കാം. കടകളിൽ തൂക്കിയിട്ടിരിക്കുന്ന വില്പന വസ്തുക്കളും വളയും മാലയും ബലൂണുകളുമൊക്കെ തൊട്ടു ബോധ്യപ്പെടാം. പൊരിച്ചാക്കിൽ വിരലോടിക്കാം... കച്ചവടക്കാരോട് വർത്തമാനം പറയാം...വില ചോദിക്കാം. പക്ഷെ; വർണ്ണങ്ങളില്ലാത്ത കറുത്ത ലോകം!

ശിങ്കാരി മേളവും കച്ചവടക്കാരുടെ ശബ്ദങ്ങളും അവസാനിക്കുമ്പോൾ നമ്മൾ ഒരു പച്ചക്കറി മാര്‍ക്കറ്റിൽ പ്രവേശിച്ചിരിക്കും. വിലക്കുറവേയ്...കിലോ പത്ത്..കിലോ പത്ത്...ആദായം..ആദായം...നിരത്തിവെച്ചിരിക്കുന്ന തക്കാളി, ഉള്ളി, പൈനാപ്പിൾ, മുന്തിരി മറ്റു പലതരം പഴ വർഗ്ഗങ്ങൾ...എല്ലാം തൊട്ടു മനസ്സിലാക്കാം. ഉണക്ക മൽസ്യത്തിലും, മല്ലിച്ചപ്പിലുമൊക്കെ തൊട്ടാൽ വാസനിക്കാം...കച്ചവടക്കാരുടെ കുശലം പറച്ചിൽ കേൾക്കാം..പക്ഷെ!...ഒന്നും കാണാനാവില്ല!

മാർക്കറ്റു പിന്നിട്ട് കുത്തിയൊഴുകുന്ന പുഴക്കു മീതെ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെയാണ് യാത്ര. ഒന്ന്...രണ്ടു..മൂന്നു പടികൾ കയറിയാൽ പാലത്തിലൂടെ നടക്കാം. വലതു വശത്ത് കൈവരികൾ കെട്ടിയിട്ടുണ്ട്. അതിൽ തപ്പി പിടിച്ചു പതുക്കെ നടക്കാനാണ് അന്ധ സുഹൃത്തിന്റെ നിർദേശം. താഴെ കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദം കേള്ക്കാം. പാലത്തിൽ ചെറിയ നനവുണ്ട്...പാറയിൽ തല്ലിത്തകരുന്ന ജല കണങ്ങൾ നമ്മുടെ ശരീരത്തിൽ പതിക്കുന്നു. കാലു തെന്നിയാൽ എല്ലാം തീരുമെന്ന് തോന്നും. യാ അല്ലാഹ്...!

പാലം കഴിഞ്ഞ് സ്റ്റെപ്പുകളിറങ്ങി അല്പം നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്തി. രണ്ടു പടികൾ കയറിയാൽ പ്ലാറ്റ്ഫോമായി. അന്ധ സുഹൃത്ത് കൈപിടിച്ചു കയറ്റി. അയാളെന്നെ  മറുവശത്തേക്ക് പിടിച്ചു തിരിച്ചു.  അവിടെയാണത്രെ വണ്ടി വന്നു നിൽക്കുക. ഞാൻ ദിക്കറിയാത്ത വെറും അന്ധൻ!.  തീവണ്ടിയുടെ വരവറിയിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തനതു ശൈലിയിലുള്ള അറിയിപ്പുകൾ കേൾക്കാം. ചായ...ചായ...കാപ്യേയ് ...കാപ്യേയ്... വട...വട...നമ്മൾ തീർത്തും ഇപ്പോൾ ഒരു സ്റ്റേഷനിൽ തന്നെ! സ്റ്റേഷനിൽ കച്ചവടക്കാരുടെ പതിവു ബഹളം. ഏതോ ട്രാക്കിൽ ഏതോ ട്രൈൻ നിൽക്കുന്നുണ്ടാകും. അതിൽ യാത്രക്കാരുണ്ടാവും. പക്ഷെ, ഞാൻ... !!!.   ദൂരെ നിന്നും തീവണ്ടി വരുന്ന ശബ്ദം കേൾക്കാം. കിതപ്പ് കൂടിക്കൂടി ഓടിയടുത്ത് മുന്നിലൂടെ അത് ചീറിപ്പാഞ്ഞു പോയി. വസ്ത്രങ്ങളെ ഉലച്ച് കാറ്റു വീശി. ഹോണ്‍ മുഴക്കി ദൂരെ മറയുന്ന ശബ്ദം കേൾക്കാം. ആ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല!.

സ്റ്റേഷന്റെ പടവുകളിറങ്ങി മുന്നോട്ടു നടന്നാൽ പിന്നെ കൊടും കാടാണ്. കാലിൽ തടയുന്ന വള്ളിപ്പടർപ്പുകൾ...യാത്ര തടസ്സപ്പെടുത്തുന്ന പൊന്തക്കാടുകൾ...ഊടുവഴി...ശരീരത്തിൽ കോറുന്ന മരച്ചില്ലകൾ..വന്യ ജീവികളുടെ അലർച്ചയും മുരളലും...പൊന്തക്കാട്ടിൽ നിന്ന് ഏതോ ജീവി മാന്തുന്നു... അപരന്റെ തോളിൽ പിടിച്ച് ഒരു വിധം നടന്നു മുന്നോട്ടു നീങ്ങി. കാടവസാനിച്ചു. ഇപ്പോൾ പുറത്തേക്കുള്ള വാതിലിലാണ്. പുറത്തു കടന്നു...കണ്ണട നീക്കി...വെളിച്ചമുള്ള ലോകം...സമ്മേളന നഗരിയിൽ പലയിടത്തായി ജനം. നാളെ കഴിഞ്ഞാണ് തുടക്കം. എക്സിബിഷൻ അതിനു മുന്പ് അവസാനിക്കും. ഇതു വരെ എന്നെ നയിച്ച സുഹൃത്തിനെ നോക്കി. മൃതിയടഞ്ഞ കുഴിഞ്ഞ കണ്ണുകൾ! ഇവിടെയും അയാൾക്ക് ഇരുട്ടാണല്ലോ...!. ആ 'വഴികാട്ടി'യോട് അൽപ നേരം സൗഹൃദം പങ്കിട്ടു. ഒരു വളണ്ടിയർ അയാളുടെ കൈ പിടിച്ച് എക്സിബിഷൻ ഹാളിന്റെ മുൻ വശത്തെ കവാടത്തിലേക്കു കൊണ്ടു പോയി. അടുത്ത ടീമിനെ 'നയിക്കാൻ'.

ഇരുട്ടിൻറെ ലോകത്ത് സ്ത്രീകളെ നയിക്കുന്നതിന് അന്ധകളായ സഹോദരിമാരുണ്ട് 'കാഴ്ച'യിൽ. ശബ്ദങ്ങൾക്കും ഇടപെടലുകൾക്കുമായി ഇരുപതിലധികം പേരെ ഹാളിൽ പലയിടത്തായി വിന്യസിച്ചിട്ടുണ്ട് പോലും. പുറമേ റെക്കോർഡ് ചെയ്ത ശബ്ദങ്ങളും ഉപയോഗിക്കുന്നു! ഒരു ടീം യാത്ര പൂർത്തിയാക്കാൻ ഏതാണ്ട് 10 മിനുട്ടെടുക്കും. എന്നിട്ടേ അടുത്ത ഗ്രൂപിന് കയറാൻ കഴിയൂ. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സിൽ ബോധ്യപ്പെടലുകൾ പതിപ്പിക്കുന്ന വലിയൊരു സന്ദേശമാണ് 'കാഴ്ച'.


'കാഴ്ച'യെ പല രൂപത്തിൽ അനുഭവിച്ചവരുണ്ടാകാം. ഇരുൾ ആധിപത്യമുറപ്പിച്ച ആ വലിയ മുറിയിൽ അല്പം മുന്നോട്ടു നീങ്ങിയപ്പഴേ എൻറെ മനസ്സു തപിക്കാൻ തുടങ്ങിയിരുന്നു; ചങ്കു വേദനിക്കാനും. കട്ട പിടിച്ച ആ ഇരുട്ടിൽ ഞാൻ വിങ്ങി വിങ്ങിക്കരയുകയായിരുന്നു. ഒരായിരം വട്ടം ഞാനെന്റെ നാഥനെ സ്തുതിച്ചു. പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാൻ വല്ലാതെ പാടു പെട്ടു. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!

29 comments:

 1. മനസ്സിൽ മായാത്ത അനുഭവം...തിരിച്ചറിവിന്റെ സുഖം!

  ReplyDelete
 2. ഞാനും നിങ്ങളുടെ കൂടെ പങ്കെടുത്ത പോലെയായി..

  ReplyDelete
 3. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!
  Al-Hamdulillah. We are blessed with our sight.
  I also travelled with you.
  Good post mash.

  ReplyDelete
 4. ഇരുൾ ആധിപത്യമുറപ്പിച്ച ആ വലിയ മുറിയിൽ അല്പം മുന്നോട്ടു നീങ്ങിയപ്പഴേ എൻറെ മനസ്സു തപിക്കാൻ തുടങ്ങിയിരുന്നു; ചങ്കു വേദനിക്കാനും. കട്ട പിടിച്ച ആ ഇരുട്ടിൽ ഞാൻ വിങ്ങി വിങ്ങിക്കരയുകയായിരുന്നു. ഒരായിരം വട്ടം ഞാനെന്റെ നാഥനെ സ്തുതിച്ചു. പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാൻ വല്ലാതെ പാടു പെട്ടു. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!

  ഈ വാക്കുകളിലുണ്ട് എല്ലാം!

  ReplyDelete
 5. ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ആവട്ടെ നമ്മെ മുന്നോട്ടു നയിക്കുന്നത്
  നല്ല കുറിപ്പ് മാസ്റ്റര്‍ജി

  ReplyDelete
 6. നല്ല വാക്കുകള്‍...അവിടെ എത്തിയത് പോലെ..നാഥന് സ്തുതി...അജിത്തെട്ടനാണ് ഇങ്ങോട്ട് നയിച്ചത്..

  ReplyDelete
 7. ഉള്‍ക്കാഴ്ചയുള്ള ലേഖനം... നന്നായി..

  ReplyDelete
 8. മാഷേഇങ്ങനെ എഴുതിമനസ്സിനെ വെധനിപ്പിക്കരുതെ സമ്മേളനത്തില്‍ വരാതിരുന്നതി ല്‍കുറ്റബോധം തോന്നിയത്ഇപ്പോള്‍ മാത്രമാണ് ഇതാണ് യദാര്‍ത്ഥ സമ്മേളന സന്തേശംഎന്ന് തോന്നുന്നു

  ReplyDelete
 9. വായനയുടെ ഇടക്ക് വര്ണങ്ങളും കാഴ്ചയുമില്ലാത്ത ലോകത്ത് എത്തിയപോലെ അനുഭവപ്പെട്ടു...
  ഈ വായന പോലും കാഴ്ച്ചയെ മറച്ചെങ്കിൽ അന്ധനായ ഒരു മനുഷ്യന്റെ അവസ്ഥ ആലോചിച്ചാൽ അറ്റമില്ല...

  ReplyDelete
 10. മാഷേ...
  വീണ്ടും ഞാനവിടെ എത്തിയോ....?!

  ReplyDelete
 11. താങ്കളുടെ ഈ എഴുത്തും എനിക്കും ആ യാത്രാ സൌഖ്യം ലഭിച്ചു ...
  വിവരണാതീതമായ യാത്ര...
  നല്ല ആശംസകള്‍
  @srus..

  ReplyDelete
 12. ഉൾക്കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരിക്കും അത്, സംശയമില്ല.
  കാഴ്ച്ച ഒരു അനുഗ്രഹമാണെങ്കിൽ, അന്ധത ഒരു ശാപമായിരിക്കുമല്ലോ. ആരാണ് അവർക്ക് ആ ശാപം നൽകിയത് ? എന്തിന് ?

  ഹൈദ്രാബാദിൽ ഇതുപോലൊരു ഹോട്ടൽ ഉള്ളതായി വായിച്ചിട്ടുണ്ട്. അങ്ങോട്ടു കയറുമ്പോൾ കണ്ണുകൾ കെട്ടും. പിന്നെ നയിക്കുന്നത് അന്ധന്മാരായ ജീവനക്കാരാണ്. ഓർഡറെടുക്കുന്നതും ഭക്ഷണം വിളമ്പുന്നതും ഒക്കെ അവർ തന്നെ. നാം കണ്ണു കാണാതെ തന്നെ ഭക്ഷണവും കഴിക്കണം. നല്ല ആശയം, അല്ലേ ?

  ReplyDelete
 13. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സിൽ ബോധ്യപ്പെടലുകൾ പതിപ്പിക്കുന്ന വലിയൊരു സന്ദേശമാണ് 'കാഴ്ച'.

  തീര്‍ച്ചയായും.
  വായിച്ചു കഴിഞ്ഞപ്പോള്‍ അത് ശരിക്കും അനുഭവപ്പെട്ടു.

  ReplyDelete
 14. കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയറിഞ്ഞ അനുഭവം...

  ReplyDelete
 15. വായിച്ചപ്പോള്‍ ഞാനും അറിഞ്ഞു ആ കാഴ്ചയില്ലാത്ത ലോകം... എല്ലാം കണ്ട് അനുഭവിച്ചതിന് ശേഷം ഇത്തരം ഒരവസ്ഥയില്‍ എത്തിയാല്‍....ദൈവം രക്ഷിക്കട്ടെ....മനസ്സിലാകുന്ന വിധത്തിലുള്ള ഈ വിവരണത്തിന് അഭിനന്ദനങ്ങള്‍

  ReplyDelete
 16. കണ്ണില്ലാത്തപ്പോളാണ് കണ്ണിന്റെ വില അറിയുക എന്നു പറയാറുളളത് അനുഭവിച്ചറിഞ്ഞു ...... ഒരിക്കലും മറക്കാത്ത അനുഭവം

  ReplyDelete
 17. Many thanks and appreciation dear MT Manaf Sir, for raising a very significant issue regarding the blindness!

  In this juncture, I would like draw your thought provoke to the two kind of blindness of both physically and spiritually in this world and the Hereafter as well.

  Firstly,

  Physical Blindness is the greatest deprivation in the world and Allah grants its reward according to His Pleasure. For this reason, patience in this case is highly meritorious. Its reward is Jannah or Paradise provided the blind is enormously rich in Faith.

  Anas ibn Malik reported: The Messenger of Allah, swalla-Allaahu alayhi wa sallam -, said:

  إن الله عز و جل قال : إذا ابتليت عبدي بحبيبتيه فصبر عوضته منهما الجنة ] يريد عينيه

  Anas (May Allah be pleased with him) said: I heard the Messenger of Allah (swalla-Allaahu alayhi wa sallam) saying,

  "Allah, the Glorious and Exalted said: `When I afflict my slave-servant in his two dear things (i.e., his eyes), and he endures patiently, I shall compensate him for them with Jannah.".

  [Sahih Bukhari 5329].

  Secondly,

  Please reflect on the meaning of blind in Surah Ta-Ha, Verses 120-126 (20:120-126) where Allah is asked "why I am blind now, while I was not blind before (in life)?" Is he really blind?

  The prevailing opinion is that blind in Surah Taha(20:124) means physically blindness.

  The disbeliever will be blind when Resurrected on the Last Day. He will not be able to see any thing.

  The disbeliever says: (While I had sight before). [20:125].

  This means that he is contrasting his state before death (he could see) and his new state when Resurrected (he can not see).

  Allah Says in other verses that the disbelievers shall be raised up on the Day of Resurrection without senses: (And We shall gather them together on the Day of Resurrection on their faces, blind, dumb and deaf). [17:97].

  - Sidheeque M. A. Veliankode

  ReplyDelete
  Replies
  1. Dear Sidheeque sab,
   Thanxs for your visit and valuable comment. You've unveiled the real 'vision' behind physical & spiritual blindness!

   Delete
 18. നല്ല വാക്കുകള്‍... വീണ്ടും അവിടെ എത്തിയത് പോലെ

  ReplyDelete
 19. വർണ്ണങ്ങളില്ലാത്ത കറുത്ത ലോകം!
  അതെത്ര ഭീകരമായിരിക്കു..ഈ ലേഖനം വായിക്കുമ്പോൾ തന്നെ നാമെത്ര ഭാഗ്യവാന്മാർ എന്ന് ചിന്തിച്ചു പോകുന്നു..നാഥൻ നമ്മെ നന്ദിയുള്ളവരാക്കി തീർക്കട്ടെ ..

  ReplyDelete
 20. വല്ലാത്ത ഒരു അനുഭവം തന്നെ !!, കണ്ണുള്ള നമ്മള്‍ അതിന്റെ വില അറിയുന്നില്ല.ഒന്ന് നഷ്ട്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ വില അറിയൂ ദൈവത്തെ ഓര്‍ക്കൂ പലരും.പത്തു മിനുട്ടിനുള്ളില്‍ കാഴ്ചയില്ലാതെ മനസ്സു വിഷമിച്ചു എങ്കില്‍ ഒരു ആയുസ്സ് മുഴുവന്‍ വെളിച്ചം അന്യമായവരേ കുറിച്ച് നാം എത്ര തവണ ഓര്‍ക്കണം,? നല്ല പോസ്റ്റ്‌ മാഷേ

  ReplyDelete
 21. വ്യത്യസ്തമായ ഒരു വായനാനുഭവം.. എല്ലാം ഉണ്ടായിട്ടും എന്തിനും ഏതിനും പരാതി പറയുന്നവര്‍ക്കും ദൈവത്തെ പഴി ചാരുന്നവര്‍ക്കും ഒരുത്തമ സന്ദേശം..

  ഇത് വായിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ ഒരു സിനിമാ ഡയലോഗ് ഓര്‍മ്മ വന്നു.. " കപട ലോകത്തെ കാണാന്‍ എനിക്ക് കാഴ്ച വേണ്ടാ" എന്ന്.. ഒരു തരത്തില്‍ ആലോചിച്ചാല്‍ അതും ശരിയാണ്.. കണ്ണുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍, അത് കാണാന്‍ വിധിക്കപ്പെട്ട നിസ്സഹായരായ വേറെ കുറെ മനുഷ്യര്‍.. അങ്ങിനെയുള്ള ഈ ലോകത്ത് കണ്ണില്ലാത്തവര്‍ അവരുടെ അകക്കണ്ണ് കൊണ്ട് നന്മകള്‍ മാത്രം കാണുന്നു.. ദൈവം അവര്‍ക്ക് മുന്നില്‍ വെളിച്ചം വിതറി വഴി കാട്ടുന്നു..

  നല്ലൊരു പോസ്റ്റ്‌ സമ്മാനിച്ചതിനു നന്ദി.. ഇവിടേയ്ക്ക് നയിച്ച ഫൈസല്‍ ബാബുവിനും നന്ദി..

  ReplyDelete
 22. ഒരാഴ്ചയോളം അവിടെ ഉണ്ടായിട്ടും മറ്റു ജോലികളിലായതിനാല്‍ "കാഴ്ച" കാണാന്‍ പറ്റിയില്ലായിരുന്നു.റയില്‍വേ അറിയിപ്പുകളും ശിങ്കാരിമേളവും ഇപ്പോഴും ചെവിയില്‍ അലയൊലി ഉണ്ടാക്കുന്നു.വളരെയധികം സന്തോഷം.നമുക്ക് ദൈവത്തെ സ്തുതിക്കാം.അല്‍ ഹമ്ദുലില്ലാഹ് .

  ReplyDelete
 23. മനസ്സിൽ മായാത്ത അനുഭവം

  ReplyDelete
 24. ശരിക്കും ഞങ്ങളുടെയും കണ്ണ് കെട്ടി!അപ്പോള്‍ അതാ വെളിച്ചത്തിന്‍റെ പ്രവാഹം .!!ഇത് വരെ കണ്ടതൊക്കെയും കാണാതാകുന്നു .കണ്ടവയുടെ തെളിമ മങ്ങുന്നു .പകരം ഇരുട്ട് വെളിച്ചമായി ഉള്ളില്‍ നിറയുന്നു .മുജാഹിദ് ആശയങ്ങളോട് ഒട്ടും യോജിപ്പില്ലെങ്കിലും ആ സമ്മേളന നഗരിയില്‍ വരാതിരുന്നതിലും ഈ കാഴ്ച കാണാന്‍ കഴിയാഞ്ഞതിലും തികഞ്ഞ നഷ്ടബോധം !അതിസുന്ദരമായി എഴുതി ..അസൂയ തോന്നുന്നു

  ReplyDelete
 25. കണ്ണ് ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ല , ഇത് ആ വില ശരിക്കും മനസിലാക്കി തരും ....

  ReplyDelete
 26. കണ്ണ് തുറപ്പിക്കുന്ന കുറിപ്പ്.
  കണ്ണുണ്ടായിട്ടും പലതും കാണാന്‍ കൂട്ടാക്കാത്തവര്‍ നമ്മള്‍.

  ReplyDelete
 27. കണ്ണുള്ളവര്‍ക്ക് കാഴ്ച്ചയുടെ വില അറിയില്ലാന്നു പറയുന്നത് എത്രയോ ശരിയായ കാര്യം ..!

  ReplyDelete
 28. മനസ്സില്‍ മായാതെ നില്‍ക്കുന്ന അനുഭവക്കുറിപ്പ്.

  ReplyDelete