Wednesday, June 19, 2013

ചരിത്രമുറങ്ങുന്ന അൽ ഉലയിലേക്ക്...

ചെറുപ്പം മുതലേ  മനസ്സിൽ ചേക്കേറിയ ഒരു ഭൂപ്രദേശം നേരിൽ കാണുക അവാച്യമായ അനുഭവമാണ്. അടുത്തറിയും തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന മരുപ്പരപ്പും അരികെ  തലയുയർത്തി നിൽക്കുന്ന  മലനിരകളും വഴി നീളെ  കൂടെ വരുമ്പോൾ  യാത്ര പിന്നെയും ഹൃദ്യമാകും. ലക്ഷ്യ സ്ഥാനം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഇടം കൂടിയാകുമ്പോൾ  ജിജ്ഞാസയും നമ്മോടു കൈകോർക്കും. 

മാമലകൾ സാക്ഷി...മുന്നിൽ അക'ബർ ചാലിയാർ  


ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട്  962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ  ഹിജ്‌ർ പ്രദേശം. 2008- കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.  


ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ യാമ്പുവിൽ നിന്ന് യാമ്പു നഖൽഅൽ ഈസ് വഴിയാണ് അൽ ഉലയിലേക്കുള്ള യാത്ര. ചെറിയ ഒറ്റവരിപ്പതയാണ്  പോക്കിനും വരവിനുമുള്ളത്. പാത ചെറുതെങ്കിലും വാഹങ്ങളുടെ   വേഗതക്ക് കാര്യമായ കുറവൊന്നുമില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ റോഡിനപ്പുറം കടക്കുക ഇവിടെ സാധാരണ കാഴ്ച. ഹൈവേകളിൽ ഇരുവശവും കാണുന്ന  കമ്പി വെലിയൊന്നും ഇത്തരം റോഡുകൾക്കില്ല.  പാവം ഒട്ടകങ്ങൾ രാത്രിയാകുമ്പോൾ  നമ്മെ അലോസരപ്പെടുത്തുന്ന ഭീകരന്മാരായെന്നു വരും!.   



യാത്രക്കിയിൽ

പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 325 കിലോമീറ്റര്‍ വടക്കു  മാറിയാണ് അൽ ഉല നഗരം.  അൽ വജ്ഹാണ് തൊട്ടടുത്ത എയർപോർട്ട്‌. അൽ ഉലയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയൊരുക്കി തുടങ്ങും. കാലത്തിന്റെ പരുക്കുകളും നൂറ്റാണ്ടുകളുടെ പ്രായം സമ്മാനിച്ച  അടയാളങ്ങളും  കലാപരമായി ഏറ്റുവാങ്ങി ഇന്നും ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളാണ് അൽ ഉല നഗരത്തിൽ നമ്മെ വരവേൽക്കുക. കാലത്തിന്റെ കരവിരുതും ശില്പ ചാരുതയും അവയിലൂടെ വായിച്ചെടുക്കാനാവും.  പ്രകൃതിയുടെ നിർമ്മാണ വൈദഗ്ദ്യത്തിൽ രൂപം കൊണ്ട ശില്‍പ താഴ്‌വരയാണ്‌ ചരിത്രമുറങ്ങുന്ന അൽ ഉല പട്ടണം. 
 അൽ ഉല

അൽ ഉല - മദായിൻ സാലിഹ് റോഡ്‌ 

അല്‍ ഉലയിൽ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാൽ മദായിൻ സ്വാലിഹിലെത്താം. ചരിത്രത്തിന്റെ കനപ്പെട്ട ശേഷിപ്പുകളുള്ള മൂക താഴ്വര!. മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാറകൾ നമ്മെ പൌരാണിക കാലത്തേക്ക് കൈപിടിച്ചു നടത്തുംഅവിടെ പ്രവേശിക്കുമ്പോൾ തന്നെ ഭയവും ആശ്ചര്യവും  ഇഴ ചേർന്ന വികാരം നമ്മെ വലയം ചെയ്യും. അതി ശക്തവാന്മാരായിരുന്ന ഒരു ജനപഥം വിട്ടേച്ചു പോയ കാർഷിക സമതലവും കാലത്തിന്റെ രുചി ഭേങ്ങൾക്ക് മൂകമായി സാക്ഷി നില്ക്കുന്ന പ്രായം ചെന്ന പാറക്കെട്ടുകളും കുന്നുകളും. സഹസ്രാബ്ദങ്ങളുടെ അനുഭവം വിളിച്ചോതുന്ന ഈ പ്രദേശത്തിന്റെ സംരക്ഷണം പ്രകൃതി തന്നെ സ്വയം ഏറ്റെടുത്തപോലെ തോന്നും. പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും ഇന്ന് ഈ ചരിത്ര  ഭൂമിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.




പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇവിടെ ചെറുതും വലുതുമായ 132 ശിലാഭവനങ്ങളാണുള്ളത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ 
സ്ഥാപിച്ചിട്ടുണ്ട് . വാഹങ്ങൾ ചെന്നെത്താവുന്ന വിധം റോഡുകൾ നിർമ്മിച്ചിട്ടുമുണ്ട്.



വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ ജനത വസിച്ചിരുന്ന  ഈ  താഴ്വര. തങ്ങളുടെ പ്രവാചകനെ  ധിക്കരിക്കുകയും അഹങ്കരിക്കുകയും ചെയ്ത കാരണത്താൽ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട  സമൂദ്  ഗോത്രത്തിന്റെ ആവാസകേന്ദ്രമായിരുന്നതു കൊണ്ടാണ് ഇവിടം മദായിൻ സ്വാലിഹ് എന്ന പേരിൽ പ്രസിദ്ധമായത്. സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നവരും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുവരുമായിരുന്നു അതി ശക്തവാന്മാരായ സമൂദുകാർ. 



ദൈവ കല്പന ധിക്കരിക്കുകയും അവരിലെ ദൂതന്റെ പ്രവാചകത്വത്തിനു തെളിവായി അമാനുഷിക രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്കു ലംഘിച്ച് അവർ അറുത്ത് കളയുകയും ചെയ്തു. ഒൻപത്  റൗഡി  സംഘങ്ങൾ ആ നഗരത്തിൽ  ഉണ്ടായിരുന്നതായി ഖുർആൻ പറയുന്നുണ്ട് . ധിക്കാരം അതിരു കടന്നപ്പോൾ ഘോര ശബ്ദം മൂലം അവർ നശിപ്പിക്കപ്പെടുകയാണുണ്ടായത് . ഏതാണ്ട് 5000 വര്ഷം മുന്പ്  ബി സി 3000 ത്തിനും 2500 നും ഇടയിലാണ്  സമൂദ്   ഗോത്രത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. അറബികൾക്കിടയിൽ പ്രവാചക ആഗമനത്തിനു മുൻപു തന്നെ ഇവരെ കുറിച്ചുള്ള കഥകൾ നില നിന്നിരുന്നു.  



വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തതായും  പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും ചരിത്രമുണ്ട്. അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമായതിനാൽ ദു:ഖത്തോടു  കൂടിയല്ലാതെ നിങ്ങളവിടെ പ്രവേശിക്കരുതെന്നും പെട്ടെന്ന് കടന്നു പോകണമെന്നും പ്രവാചകൻ നിർദേശിച്ചു.   




നരവംശ ശാസ്ത്ര പഠനങ്ങൾ പ്രകാരം പുരാത ജോർദാൻ കേന്ദ്രമായി ഭരണം നടത്തിയിരുന്ന നബ്ത്തികളുടെ രണ്ടാം പട്ടണമായാണ് മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്.  ജോർദാനിലെ പുരാതന പെട്ര നഗരമായിരുന്നു അവരുടെ ആസ്ഥാനം. ഏതാണ്ട് ബി സി  312 ൽ പെട്ര നഗരം സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . 1985  മുതൽ  യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിലും ഇപ്പോൾ പുതിയ ലോകാത്ഭുതങ്ങളിലും പെട്രയുണ്ട്. പീത വർണ്ണത്തിലുള്ള മലകൾ തുരന്നുള്ള നിർമ്മിതികളിലെ സ്തൂപങ്ങളും രൂപങ്ങളും രണ്ടിടത്തും ഒരേ ശൈലിയിലാണ്. പെട്രയല്ല മദായിൻ സ്വാലിഹാണ് നബ്തികളുടെ ഒന്നാം നഗരം എന്ന വാദവും നിലവിലുണ്ട്. പെട്രയിലെ നിർമ്മിതികളിൽ തൂണുകൾ വളരെ കൂടുതലായി  കാണപ്പെടുന്നു എന്നതും പ്രത്യേകതയാണ്. വിശുദ്ധ ഖുർആന്റെ വിവരണവും സൗദി ചരിത്ര പഠനങ്ങളും അനുസരിച്ച് സ്വാലിഹ് നബി നിയുക്തനായ ഹിജ്ർ പ്രദേശം ഇതു തന്നെയാണെന്നും മദാഇൻ സ്വാലിഹിൽ കാണുന്നത് സമൂദ് ഗോത്രത്തിന്റെ ശേഷിപ്പുകളാണെന്നുമുള്ള  ഉറച്ച പക്ഷമാണ്  മുസ്‌ലിംകൾക്കുള്ളത്. സമൂദ് ഗോത്രത്തിന്റെ  ശിലാ ഭവനങ്ങളിൽ നബ്തികൾ പില്കാലത്ത് തങ്ങളുടേതായ മാറ്റങ്ങൾ വരുത്തി എന്നു വിശ്വസിക്കുന്നതാവും കൂടുതൽ നീതി. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളിൽ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. 

പുരാതന പെട്ര നഗരം . ജോർദ്ദാൻ  

അൽ- ഖസ്'ന: പെട്രയിലെ പുരാതന ക്ഷേത്രം

നബ്ത്തികളുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രവും ഇടത്താവളവുമായിരുന്നു മദായിന്‍ സ്വാലിഹ് . തലസ്ഥാനമായ പെട്ര എ ഡി  106-ല്‍ റോമാ സൈന്യത്തോട് പരാചയപ്പെട്ടതോടെ  മദായിന്‍ സ്വാലിഹിന്റെ പ്രതാപവും അവസാനിച്ചുവെന്നാണ് ചരിത്രം. പില്‍ക്കാലത്ത് ദമസ്‌കസില്‍ നിന്ന്  മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയിലും  മദായിന്‍ സ്വാലിഹ് ഒരു  പ്രധാന കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷൻ കൂടിയായിരുന്നു ഇവിടം. ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും റെയിലിന്റെയും എന്‍ജിന്റെയും ഭാഗങ്ങൾ അവിടെ നില നിർത്തിയിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഞരമ്പു പോലെ പഴയ ഡമസ്കസ് മുതൽ മദീന വരെ നീണ്ടു കിടന്ന ചരിത്ര സഞ്ചാരത്തിന്റെ നാരോ ഗേജ്!



നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് കൃത്യമായ വിവരമില്ലെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതപ്പെടുന്നത്.  ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സ്വാലിഹും നിലംപൊത്തിയതിനുശേഷം ഈ പ്രദേശത്തെ പിന്മുറക്കാരായ നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിന്‍  ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പഴയ ഹിജ് ർ  നിവാസികളും പിൽകാലക്കാരായ നബ്ത്തികളും ചരിത്ര കുതുകികളുടെ മുൻപിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഒട്ടേറെ വാതായനങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട് 




പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽ- ഉല പുരാതന നഗരം അൽ ഉലയിലെ മറ്റൊരു കാഴ്ചയാണ്. 800 -ൽ പരംവീടുകളുടെ ഒരു സമുച്ഛയമാണിത്. കല്ലും മണ്ണും ഈത്തപ്പനത്തടിയുമൊക്കെ ഉപയോഗിച്ച് നിമ്മിച്ച ഈ വീടുകൾ പലതും മുകൾ നിലയുള്ളതാണ്. ചുവന്ന പാറയിൽ  ഉയരത്തിൽ നിർമ്മിച്ച കോട്ടയുടെ മുകളിൽ കയറിയാൽ പുരാതന നഗരവും ആധുനിക നഗരവും ഇരു വശങ്ങളിലായി കാണാം.  കോട്ടയുടെ അടിത്തറയുടെ പ്രായം 2600 വർഷമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  വീടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വഴികൾ മനോഹരമായി പ്ലാൻ ചെയ്തു നിർമ്മിച്ചിട്ടുണ്ട്. ആരവത്തോടും ആഹ്ലാദത്തോടും കൂടി ഒരു ജനത ഇപ്പോഴും അവിടെ ജീവിക്കുന്ന പോലെ തോന്നും. കോട്ടയുടെ മുകളിൽ കയറിയാൽ മുഴുവൻ ഭവനങ്ങളും ഒറ്റ ക്ലിക്കിൽ പകർത്താം.


സഹയാത്രികർ അൽ ഉല കോട്ടയുടെ മുകളിൽ 

അൽ- ഉല ഓൾഡ്‌ സിറ്റി  


പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ  അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.


 മുസഫർ അഹ് മദ്  'മരുഭൂമിയുടെ ആത്മകഥ' അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌. "മടങ്ങുന്നു. തൊഴിൾ ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തിൽ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടുകാരനുമാകണം. മരുഭൂമി താണ്ടാൻ കരുത്തുള്ള പേശികൾ വാങ്ങണം".  മടങ്ങുന്നു... 

40 comments:

  1. ഓരോ യാത്രയും മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിക്കുന്നു...ഓർമ്മകൾ ബാക്കിയാക്കുന്നു...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മരുഭൂമിയിലെ ഓരോ യാത്രകളും പ്രവാസത്തിന്റെ അടയാളങ്ങളായി മനസ്സിൽ നിലനിൽക്കും !

    ReplyDelete
  4. <<<<
    പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ
    അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.
    >>>>>

    ReplyDelete
  5. വിവരണം ഫോട്ടോ സഹിതം കൊടുത്തതിനാല്‍ അവിടങ്ങളില്‍ കണ്ടിട്ടില്ലെകിനും നേരില്‍ കണ്ട പ്രതീതിയാണ് മനസ്സിന് തോന്നിയത് .. ഇന്ഷാ അല്ലാഹ് അവിടങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കണം എന്നൊരു ആഗ്രഹം ഉണ്ട് ഈ എഴുത്ത് അതിനു ഒന്ന് കൂടി പ്രചോദനമായി..
    പ്രിയ മനാഫ്‌ മാസ്റ്റര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  6. ഫോട്ടോകളും വിവരണവും നന്നായി. ഇത് മുന്നെ വായിച്ചതാണല്ലോ

    ReplyDelete
    Replies
    1. മദായിൻ സാലിഹ് ഒട്ടേറെ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്. എത്രയോ ബ്ലോഗുകളിൽ പോസ്റ്റായിട്ടുണ്ട്. മുൻപു വായിക്കാത്തവർ വളരെ ചുരുക്കമാവും. ഒരാവർത്തനമല്ല ഉദ്ധ്യേശിച്ചത്. പരമ്പരാഗത വിവരങ്ങൾക്കപ്പുറമുള്ള ഒരു ചരിത്രാന്വേഷണമാണ് .

      Delete
  7. കാപാലികരേ ഒറ്റപ്പെടുത്തുക....


    ഇൻഷാ അള്ളാഹ് നമുക്കൊരിക്കൽ കൂടി അവിടം സന്ദർശിക്കണം... വിവരണം ഉഷാറായി... ചരിത്രവും ചരിത്രാതീതവും ആധുനികവും ഉരുമിച്ച് ചേർത്തൊരു വിവരണം ഇഷ്ടായി...

    ReplyDelete
  8. ആധികാരികമായ വിവരണം .
    ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ കൈരോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു . ഒരു യാത്രാ മോഹവും .

    ഒരു പുരാതന നഗരത്തെ ചരിത്രത്തിന് കാതോർക്കാൻ ൻ വിട്ടുകൊണ്ട് സംരക്ഷിച്ചു നിർത്തുന്ന ഭരണാധികാരികൾ അഭിനന്ദനം അർഹിക്കുന്നു .
    ഖുർആനിൽ പറഞ്ഞിരിക്കുന്ന ഈ സ്ഥലങ്ങളിലൂടെ അലയുമ്പോൾ നിങ്ങൾ അനുഭവിച്ചിട്ടുള്ള ആനന്ദം വരികളിൽ കാണാം .

    പ്രിയ മനാഫ് ഭായ് .
    സന്തോഷം അറിയിക്കുന്നു . ഒരു കഥ പറഞ്ഞു തന്നതിന് . ഒരു യാത്രയിൽ കൂടെ കൂട്ടിയതിന് . ഞാനുമുണ്ടായിരുന്നോ നിങ്ങളോടൊപ്പം ?

    ReplyDelete
    Replies
    1. Dear Cheruvadi,
      കൈരോമങ്ങളാവില്ല; താങ്കളിലെ യാത്രികനാവും ആവേശം കൊണ്ടത് :)

      Delete
  9. പഠനാര്‍ഹമായ യാത്രാവിവരണം. കാവ്യാത്മകമായ ഭാഷ. A Classic Post..

    ReplyDelete
    Replies
    1. സന്തോഷം, പ്രിയ വള്ളിക്കുന്ന് ...

      Delete
  10. mahsa allah......njaan ethu vayichu kazijappol madayinu swaalih vazi oru yathra kazinju vanna anubhavam poley...thanks mash..jazakallah khair.

    ReplyDelete
  11. നല്ല ഭാഷയിൽ പറഞ്ഞ ആധികാരിക വിവരണം. മദായിൻ സാലിഹ് എന്ത് കൊണ്ടും ചരിത്ര പ്രാധാന്യമുള്ള സ്ഥലം. ഈ യാത്രയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.

    ReplyDelete
    Replies
    1. ഓരോ യാത്രയും ആത്മ ബന്ധത്തിന്റെ കണ്ണികൾ കൂടുതൽ ബലപ്പെടുത്തും. മറ്റൊരു യാത്രക്കുള്ള ഊർജ്ജം പകരും. അല്ലേ ചാലിയാർ

      Delete
  12. കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയപ്പോള്‍ ഇവിടം സന്ദര്‍ശിക്കണമെന്ന വല്ലാത്ത ഒരു ആവേശത്തിലായിരുന്നു . പക്ഷെ ദൂരക്കൂടുതലും സമയ ദൌര്‍ലഭ്യവും കാരണം അത് നടന്നില്ല.
    ഇത് വരെ വായിച്ച മദായിന്‍ സാലിഹിനെ കുറിച്ചുള്ള വിവരണങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് തോന്നിപ്പിക്കുന്ന അവതരണം !
    (പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ
    അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.)

    ReplyDelete
    Replies
    1. അതെ ഇസ്മയിൽ ജി; ഒരു മുഴു ദിവസം വേണം, അൽ ഉലയെ അറിയാൻ

      Delete
  13. ചരിത്രം വായിയ്ക്കുകയും ചിത്രങ്ങള്‍ കാണുകയും ചെയ്തു
    ഇവിടെ ഷെയര്‍ ചെയ്തതിന് താങ്ക്സ്

    ReplyDelete
  14. മനോഹരം , ഖുര്‍ആന്‍ പരാമര്‍ശിച്ച ഒരു ഈ മദാഇന്‍ സ്വാലിഹു ഒന്ന് കാണാന്‍ ആഗ്രഹമുണ്ട് .സഫലമാക്കി തരണേ നാഥാ .

    ReplyDelete
  15. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ
    അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

    അടുത്ത് തന്നെ അവിടം സന്ദർശിക്കണമെന്നുണ്ട്. മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള വിവരണത്തിന് നന്ദി.

    ReplyDelete
  16. INFORMATIVE POST
    THANKS MANAF SIR

    HAKEEM

    ReplyDelete
  17. നല്ല വിവരണം !

    ReplyDelete
  18. ചരിത്രത്തിലേക്കുള്ള യാത്ര മനോഹരമായി പരഞ്ഞു, ചിത്രങ്ങളും അതി മനോഹരം ചരിത്ര പാഠങ്ങള്‍ നമുക്കും ഗുണകരമാകട്ടെ..
    ആശംസകള്‍ ..

    ReplyDelete
  19. കഴിഞ്ഞ ചെറിയ പെരുന്നാളിന് ജിദ്ദ ഇസ്ലാഹി സെന്ററില്‍ നിന്ന് ഒരു ബസ്സ്‌ പോയിരുന്നു. വിവരണത്തില്‍ എഴുതിയ പോലെ അവിടേക്ക് എത്തുന്നതിനു മുമ്പ് തന്നെ പാറകളുടെ ആകൃതികള്‍ ഞങ്ങളില്‍ അത്ഭുദം ഉണ്ടാക്കി. കിലോമീറ്ററുകള്‍ ദൂരത്തില്‍ പരന്നുകിടക്കുന്ന പാറകളില്‍ അങ്ങിനെ അവര്‍ അവരുടെ കരവിരുതുകള്‍ പ്രകടിപ്പിചെങ്കില്‍ അവര്‍ എന്ത് മാത്രം മല്ലന്മാരായിരുന്നു എന്ന് ഞങ്ങള്‍ സ്വയം ചോദിച്ചു. മിക്ക പാറകളിലും വിഗ്രഹങ്ങളുടെ രൂപത്തില്‍ കൊത്തിയുണ്ടാക്കിയത് പ്രത്യകം ശ്രദ്ധിച്ചു. ഏതായാലും ചരിത്ര സ്ഥലം എന്ന നിലക്ക് അതെല്ലാം സന്ദര്ഷിക്കെണ്ടാതാണ്. കൂറ്റന്‍ പാറകളില്‍ റൂമുകളും, ഷെല്‍ഫ് പോലെയും കൊത്തിവെച്ചത് കാണാന്‍ രസം തന്നെ. ഇന്ന് പോലെയുള്ള ആയുധങ്ങളോ മറ്റുപകരണങ്ങലോ ഇല്ലാതെ അവരാ പണി എങ്ങിനെയാണ്ന നടത്തിയത് എന്ന് ഓര്‍ക്കുമ്പോള്‍, അല്ലാഹുവിന്റെ കല്പനയെ ധിക്കരിച്ച ആ മല്ലന്മാരെ അള്ളാഹു ഒരു ഘോരശബ്ദം കൊണ്ട് നശിപ്പിച്ചുവെങ്കില്‍ അതില്‍ നിന്നെല്ലാം നമുക്ക് പാഠം ലഭിക്കേണ്ടതുണ്ട്. ധിക്കാരം പ്രവര്‍ത്തിച്ചാല്‍ നമ്മെ ശിക്ഷിക്കാനും അല്ലാഹുവിനു കഴിയും എന്ന പാഠമായിരിക്കണം അത്. മറ്റൊരു കാര്യം നാം പരിചയമില്ലത്ത വല്ലയിടത്തേക്കും യാത്ര പോകുമ്പോള്‍ പോകുന്ന സ്ഥലത്തെ കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകണം, വഴിയെകുരിച്ചു അറിഞ്ഞിരിക്കണം, എന്തെല്ലാമാണ് അവിടെ കാണാനുള്ളത് എന്നും അറിഞ്ഞിരിക്കണം. അതിന്റെ കുറവ് തിരിച്ചു വന്നതിനു ശേഷം ഞങ്ങള്‍ അനുഭവിച്ചു. അതുകൊണ്ട് ഈ സ്ഥലത്തേക്ക് സന്ദര്‍ശനത്തിനു ഒരുങ്ങുന്നവര്‍ മനാഫ് മാഷുടെ ഈ പോസ്റ്റിങ്ങ്‌ ഒരു ഗൈഡ് ആയി എടുക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു.

    ReplyDelete
  20. ചരിത്ര സ്പർശമുള്ള പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ (പ്രത്യേകിച്ചും) പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ നമ്മുടെ യാത്ര വെറും യാത്രയിൽ നിന്ന് തിരിച്ചറിവിന്റെ വിതാനത്തിലേക്കുയരും.

    ReplyDelete
  21. മദാഇന്‍ സ്വാലിഹിന്റെ പല വിവരങ്ങളും വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഭാഷാ സരളത കൊണ്ടും കോര്‍ത്തിണക്കല്‍ കൊണ്ടും ഇത് വേറിട്ട്‌ നില്‍ക്കുന്നു.അവിടം സന്ദര്‍ശിക്കാനുള്ള ത്വര വീണ്ടും ഉള്ളിലുയര്‍ത്തി..

    ReplyDelete
  22. Dear MT..nannayittund..ishtappettu
    charithram samsaarikkunna post
    keep it up....

    P. Nasar Mohammad

    ReplyDelete
  23. https://www.facebook.com/notes/ashik-bp/%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%B9%E0%B5%8D-%E0%B4%B8%E0%B4%AE%E0%B5%82%E0%B4%A6%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF/575129635836328

    ReplyDelete
  24. നല്ലൊരു യാത്ര ചെയ്ത അനുഭൂതി .ചരിത്ര ശേഷിപ്പുകള്‍ ഫോടോയിലെന്കിലും കാണാന്‍ കഴിഞ്ഞു അല ഹമ്ദുലിലാഹ് ....

    ReplyDelete
  25. ഞമ്മളും പോയിരുന്നു

    http://mujeebrahmanchengara.blogspot.com/2012/08/blog-post.html#more

    ReplyDelete
  26. വളരെ നാളായി ആഗ്രഹിക്കുന്നു ഇവിടം ഒന്നു സന്ദർശിക്കണമെന്ന്... വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഷാ അല്ലാഹ്.

    ഈ പോസ്റ്റ് ഒരു സഹായ ഹസ്തമായി.
    ആശംസകൾ.

    ReplyDelete
  27. ഇന്നും പടുത്തുയര്‍ത്തുന്നവര്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലാവട്ടെ ഏറെ വൈജ്ഞാനികപ്രദമായ ഈ പോസ്റ്റ്‌.

    ReplyDelete
  28. പുറംകാഴ്ചയിലെ ദൃശ്യാനുഭൂതിയിൽ അതിരു തീർക്കാറുള്ള പതിവ് യാത്രാനുഭവ വിവരണങ്ങളിൽ നിന്നും വ്യത്യാസപ്പെട്ടു നില്ക്കുന്ന യാത്രാ'വിവരം'. മദാഇൻ സ്വാലിഹിനെ കേൾക്കുമ്പോൾ, അവിടം സന്ദർശിക്കുമ്പോൾ ഒരാൾക്കുണ്ടാവുന്ന അനേകം സന്ദേഹങ്ങൾക്കും, അന്വേഷണങ്ങൾക്കും ആധികാരികമായി മറുപടിയുണ്ടിതിൽ. മദാഇൻ സ്വാലിഹിലെ ചരിത്രശേഷിപ്പിന്റെ കോമ്പൌണ്ടിനകത്തു തന്നെ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഹിജാസ് റെയിൽ വേയുടെ അവശേഷിപ്പുകളെക്കുറിച്ച് നടത്തിയ, "ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഞരമ്പു പോലെ പഴയ ഡമസ്കസ് മുതൽ മദീന വരെ നീണ്ടു കിടന്ന ചരിത്ര സഞ്ചാരത്തിന്റെ നാരോ ഗേജ്!" എന്ന വർണ്ണനയുടെ സൗന്ദര്യം അവാച്യമാണ്; കാവ്യസുന്ദരമാണ്.

    രണ്ടുവട്ടം മദാഇനിൽ പോയിട്ടുണ്ട്. രണ്ടുവട്ടം 'കാണാത്ത' കാഴ്ചകൾ ഈ യാത്രാവിവരണത്തിൽ നിന്നും കാണായി. സക്കറിയ ഇവിടം സന്ദർശിച്ച് ആവേശം കൊള്ളുകയും ഒന്നുകൂടി ഇവിടെ വരണമെന്നും പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്.

    സ്നേഹം, സന്തോഷം, ആശംസകൾ; പ്രിയങ്കരനായ ചങ്ങാതി മാഷെ :)

    ReplyDelete
    Replies
    1. സ്നേഹം, സന്തോഷം, ആശംസകൾ; പ്രിയങ്കരനായ ചങ്ങാതി...

      Delete
  29. രണ്ടു തവണ ഈയുള്ളവനും ആ ചരിത്ര ഭൂമി സന്നര്‍ശിചിട്ടുണ്ട്,ആദ്യം പ്രിയ സ്നേഹിതന്‍ നൌഷാദ് കുനിയിലിനൊപ്പവും,അടുത്ത തവണ ബഹുമാന്യനായ ISM സെക്രട്ടറി ഇസ്മായില്‍ കരിയാടുമൊത്തും,ആ ഓര്‍മ്മകള്‍ വീണ്ടും മാഷിന്‍റെ വരികളിലൂടെ മിന്നി മായുന്നു.നിറഞ്ഞ സന്തോഷവും ആശംസകളും നേരുന്നു ...

    ReplyDelete
  30. വശ്യ സുന്ദര മനോഹരമീ വിവരണം,
    മലനിരകളെ സ്പർശിച്ചു
    മരുപ്പരപ്പുകൾക്കോരംചേർന്ന് കടന്നുപോകുന്ന
    ഒറ്റവരിപ്പാതപോൽ.

    "ചരിത്രമുറങ്ങുന്ന അൽ ഉലയിലേക്ക്" മനാഫ് മാഷിൻറെ മാസ്റ്റർ പീസായി അറിയപ്പെടും തീർച്ച.

    ReplyDelete
  31. അബ്ബാസ് ഭായ് വഴിയാണ് ഇവിടെ എത്തിയത്, ഈ ബ്ലോഗില്‍, വെറുതെ ഒരു യാത്ര നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ചരിത്രമോ, ഭൂമിശാസ്ത്രമോ ഒന്നും അവര്‍ ശ്രദ്ധിക്കാറില്ല, അവര്‍ക്കുള്ള ഒരു മാതൃകയാണ് ഈ ബ്ലോഗ്‌, നന്ദി, യാത്ര നടത്തുന്നതിലുപരിയായി, പ്രതിഫലം ആഗ്രഹിക്കാതെ അത് പകര്ന് നല്‍കുന്നതിനു, താങ്കള്‍ മാതൃഭുമിയുടെ യാത്ര മാഗസിനില്‍ എഴുതിയിട്ടുണ്ടോ, അതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിവരനമെഴുതാന്‍ ഒരു പേജ് ഉണ്ട്

    ReplyDelete
  32. GOOD ONE. CONGRATS
    THANKS

    ReplyDelete