Sunday, March 6, 2011

കുമിള










ദ്യമായി ഞാനവിടെ ചെല്ലുമ്പോള്‍ മനസ്സു തുറന്ന ചിരി നിറഞ്ഞൊഴുകിയിരുന്നു.
തീന്‍മേശയില്‍ നിരന്ന ആവി പാറുന്ന വിഭവങ്ങള്‍ വായ്ക്കകത്ത് നൃത്ത വിരുന്നൊരുക്കി.
എവിടെയും സന്തോഷത്തിന്‍റെ ബഹുവര്‍ണ്ണ ചിഹ്നങ്ങള്‍ വിന്യസിച്ചിരുന്നു.
പടിയിറങ്ങുമ്പോള്‍ വിട്ടൊഴിയാത്ത എന്തോ ഒന്ന് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നത്
പോലെ.....ഇനിയും അവിടെ തങ്ങാന്‍ തന്നെയാണ് മനസ്സ്‌ മന്ത്രിക്കുന്നത്.

രണ്ട്ടാമത്തെ സന്ദര്‍ശനത്തില്‍ തൈലത്തിന്‍റെയും കുഴമ്പിന്‍റെയും
കഷായത്തിന്‍റെയുമൊക്കെ ഗന്ധം വല്ലാത്ത മനംപുരട്ടലുണ്ടാക്കി. അധികനേരം
നില്‍ക്കാന്‍ കഴിഞ്ഞില്ല. വിങ്ങലും മടുപ്പും  അനുഭവപ്പെട്ടു.  തടിമാടന്‍മാരായ
നിമിഷങ്ങള്‍ പഴഞ്ചന്‍ ‍പാദരക്ഷയണിഞ്ഞ് വേച്ചു നടക്കുന്നതു പോലെ തോന്നി.
കാലം അതിന്‍റെ പരുക്ക് പതിപ്പിക്കാതെ ഒന്നിനെയും വിട്ടുകളയുന്നില്ല

ഇന്നവിടെ കര്‍പൂരവും കുന്തിരിക്കവും പുകയുന്നു. നാസാരന്ദ്രങ്ങളെ ഭരിക്കുന്ന
പുകപടലമാണ് ചുറ്റും!... തളംകെട്ടി നില്‍ക്കുന്ന മൂകതയില്‍ നിഴലുപോലെ
സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഞാന്‍ വിണ്ടുകീറിയ മുറ്റത്തിന്‍റെ ആളൊഴിഞ്ഞ
വടക്കേ മൂലയിലേക്ക് പതുക്കെ നടന്നു. അവിടെ, ആകാശത്തിലേക്ക് ചില്ലകള്‍
പടര്‍ത്തിയ മുത്തശ്ശിപ്ലാവില്‍ ചാരി നിന്ന് ഓര്‍മയുടെ പഴകിയ താളുകള്‍
മറിക്കാന്‍ അല്പം സമയമുണ്ട്. തെളിഞ്ഞ വാനിലെ നക്ഷത്രങ്ങളെനോക്കി
ചാരു കസേരയില്‍ അദ്ദേഹം വിശ്രമിച്ചിരുന്നത് ഇവിടെയായിരിക്കണം!

31 comments:

  1. ജീവിതം
    മഴവില്‍ വര്‍ണ്ണങ്ങള്‍
    പ്രതിഫലിപ്പിക്കുന്ന ഒരു കുമിള!

    ReplyDelete
  2. കഥയില്‍ മനുഷ്യന്റെ നശ്വരത നന്നായി തെളിയിച്ചു കാട്ടുന്നു. അവസാന ഭാഗം ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.
    ആശംസകള്‍

    ReplyDelete
  3. നന്നായിരിക്കുന്നു... നൈമിഷിക ജീവിതത്തിലെ ഭാഗധേയങ്ങള്‍
    ആശംസകള്‍

    ReplyDelete
  4. കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു വലിയ കാലയളവിലെ അനുഭവങ്ങളെ വായനക്കാരുടെ ഭാവനയും ചേര്‍ത്ത് ആസ്വദിക്കുവാന്‍ പാകത്തിന് കുറിച്ചിട്ടു.
    മനുഷ്യന്‍ സ്വാദിഷ്ടമായ വിഭവസമൃദ്ധമായ ഒരു വിരുന്ന് മറക്കില്ല,
    അതുപോലെ രോഗാവസ്ഥയെ അന്യരുടെ വേദനയെ കാണാനും മനസ്സ്
    വൈമുഖ്യം കാണിക്കുന്നു.. ഈ ലോകത്ത് ജീവിച്ച് കൊതി തീരാത്ത മനസ്സ് വേര്‍പാട് അംഗീകരിക്കാന്‍ നന്നെ മടിക്കും...പിന്നിട് വാനിലെ നക്ഷത്രങ്ങളായ് മിന്നിനില്ക്കാം .... ഈയിടെ വായിച്ചതില്‍ ഏറെ ഇഷ്ടമായി വിത്യസ്തമായാ ഈ പോസ്റ്റ്..

    ReplyDelete
  5. തെളിഞ്ഞ വാനിലെ നക്ഷത്രങ്ങളെനോക്കി ചാരു കസേരയില്‍ അദ്ദേഹം വിശ്രമിചിരുന്നത് ഇവിടെയായിരിക്കണം!

    മിക്ക ഓർമ്മകളും അവശേഷിക്കുന്നത് ഇങ്ങനെയാണ്.
    കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  6. നന്നായിരിക്കുന്നു.

    ReplyDelete
  7. ജീവിതം
    മഴവില്‍ വര്‍ണ്ണങ്ങള്‍
    പ്രതിഫലിപ്പിക്കുന്നു. മരണമോ ? ബ്ലാക്ക്‌ ഓര്‍ വൈറ്റ്‌.

    ReplyDelete
  8. വിവിധ ഘട്ടങ്ങളില്‍ പല വര്‍ണ്ണങ്ങള്‍ കൈവരിക്കുന്ന ജീവിതത്തിന്‍റെ നിറപ്പകര്‍ച്ചകള്‍ ഒന്നിച്ചു ചേര്‍ത്താല്‍ മഴവില്ല് പോലെയാണ്. . അവ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു ഈ മിനിക്കഥയില്‍. നന്നായിരിക്കുന്നു.

    ReplyDelete
  9. നന്നായിരിക്കുന്നു... ആശംസകള്‍

    ReplyDelete
  10. കുറഞ്ഞ വരികള്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു പ്രോഫസനാല്‍ ടച്ച്

    ReplyDelete
  11. പ്രഭാതത്തില്‍ നാല് കാലിലും മധ്യാഹ്നത്തില്‍ രണ്ടു
    കാലിലും സായാഹ്നത്തില്‍ മൂന്നു കാലിലും നടക്കുന്ന ജീവി!

    ReplyDelete
  12. ബറാഅ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ഏഴ് കാര്യങ്ങള്‍ കല്‍പ്പിക്കുകയും ഏഴ് കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. മയ്യിത്തിനെ അനുഗമിക്കാനും രോഗിയെ സന്ദര്‍ശിക്കാനും ക്ഷണിച്ചവന്റെ ക്ഷണം സ്വീകരിക്കുവാനും മര്‍ദ്ദിതനെ സഹായിക്കുവാനും പ്രതിജ്ഞ പാലിക്കാനും സലാം മടക്കുവാനും തുമ്മിയവനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവിടുന്ന് ഞങ്ങളോട് കല്‍പിച്ചു. വെള്ളിപ്പാത്രം, സ്വര്‍ണ്ണമോതിരം, പട്ട്, നേരിയ പട്ട്, പട്ട്നൂല്‍ ചേര്‍ത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ ഞങ്ങളോട് അവിടുന്ന് വിരോധിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 331)

    ReplyDelete
  13. കുറഞ്ഞവരികളിൽ കഥ നന്നായി പറഞ്ഞിരിക്കുന്നു...

    ReplyDelete
  14. മനസ്സിലേക്ക് നടന്നു കയറി, ചിന്തകളില്‍ നിറഞ്ഞു കണ്ണീരു ബാക്കിയാക്കുന്ന ജീവിതം മനസ്സില്‍ തട്ടി പറഞ്ഞു മനാഫ്ക. ആശംസകള്‍..

    ReplyDelete
  15. ഓര്മ കുറിപ്പുകളും കവിതകളും ഏകദേശം എല്ലാം വായിച്ചു ഒരു പാട് ഇഷ്ടായി

    ReplyDelete
  16. ......... ഒരു പക്ഷെ, അയാളുടെ മൃതശരീരം അഗ്നിനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ ഇന്ധനമാകുന്നത് ആ മുത്തശ്ശിപ്ലാവിന്‍റെ കഷ്ണങ്ങളാവാം...!

    ReplyDelete
  17. > പ്രഭാതത്തില്‍ നാല് കാലിലും മധ്യാഹ്നത്തില്‍ രണ്ടു
    കാലിലും സായാഹ്നത്തില്‍ മൂന്നു കാലിലും നടക്കുന്ന ജീവി! <
    ഒടുക്കം ആറു കാലിലും...
    (മയ്യത്തു കട്ടിലിനു ആറു കാലാണത്രെ).

    തത്തകാ പുത്തകാ നാലുകാല്
    താനേ നടക്കയിലേ രണ്ട് കാല്
    മുച്ചി വെളുക്കയിലേ മൂന്ന് കാല്
    ഊരുക്ക് പോകയിലേ ആറ് കാല്!


    കൊച്ചു കഥ കൊള്ളാം.

    ReplyDelete
  18. നന്നായിരിക്കുന്നു...

    ReplyDelete
  19. >>>>കാലം അതിന്‍റെ പരുക്ക് പതിപ്പിക്കാതെ ഒന്നിനെയും വിട്ടുകളയുന്നില്ല <<<<

    ReplyDelete
  20. ജീവിതം നമ്മോടു പറയുന്നത് ഇതൊക്കെയാണ്,അല്ല നിരന്തരം പറയാന്‍ ശ്രമിക്കുന്നത് ഇതൊക്കെ തന്നെയാണ് , ഭാവുകങ്ങള്‍

    ReplyDelete
  21. മൂന്ന് ഘട്ടങ്ങള്‍ നന്നായി പ്രതിഫലിപ്പിച്ച ശക്തമായ എഴുത്ത്.
    ആശംസകള്‍..

    ReplyDelete
  22. ജീവിതം പകര്‍ത്തിയിരിക്കുന്നു.

    ReplyDelete
  23. ജീവിതത്തിന്റെ ആകെത്തുക! ചിന്തനീയം.

    ReplyDelete
  24. യൗവനവും വാര്‍ദ്ധക്യവും മരണവും ചെറിയൊരു കുമിളയുടെ വലുപ്പത്തില്‍. എഴുത്ത് നന്നായിരിക്കുന്നു.

    ReplyDelete
  25. ജീവിതത്തിന്റെ നശ്വരതയെ ഇതില്‍ പരം ചുരുക്കി, തീ കൊടുത്ത് അവതരിപ്പിക്കാന്‍ ആവില്ല. ഈ നശ്വരത തന്നെയാണ് ജീവിതത്തെ തീഷ്ണതയുടെ വിവിധ വര്‍ണ്ണങ്ങളില്‍ ആകര്‍ഷകമാക്കുന്നതും. ഈ ജീവിതം ഇവിടെ പെര്‍മനെന്റ് ആയിരുന്നെങ്കില്‍ എത്രമാത്രം ബോറായ ഒരു എര്‍പാട് ആകുമായിരുന്നു. say, al hamdu lillah

    ReplyDelete
  26. കുറഞ്ഞവരികളിൽ കഥ നന്നായി പറഞ്ഞിരിക്കുന്നു... ചിന്തനീയം.

    ReplyDelete