Monday, January 11, 2016

ഐക്യദാർഢ്യം

അയമുക്ക വയറൊന്നു തടവി നീട്ടി ഏമ്പക്കമിട്ടു. പിന്നെ പോത്തിറച്ചിയുമായി ഒരങ്കം കഴിഞ്ഞു ക്ഷീണിച്ച ഒറ്റപ്പെട്ട പല്ലുകൾ കാട്ടിച്ചിരിച്ച് പറഞ്ഞു. ഈ റബിഉൽ അവ്വൽ മാസം തീരുമ്പോ... ഞമ്മക്ക് ബല്ലാത്തൊരു സങ്കടാ....മുസ്‌ലിയാര് അയമുക്കയെ ഇടം കണ്ണിട്ടൊന്നു നോക്കി. ഇടത്തെ തോളിലെ വെള്ള മുണ്ടെടുത്ത് ഒന്ന് കുടഞ്ഞ്‌ വലത്തെ തോളിലേക്കിട്ടു. പിന്നെ താളത്തിൽ ഒരേമ്പക്കമിട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.



Monday, September 21, 2015

മാഷില്ലാത്ത സ്റ്റാഫ് റൂം...

നിലമ്പൂരിൽ എത്തും മുൻപേ പശ്ചിമഘട്ടം ശിരസ്സുയർത്തി നിൽക്കുന്നത് കാണാം. ബസ്സിന്റെ മുൻഭാഗത്തെ ചില്ലിലൂടെ മാഷങ്ങോട്ടു ചൂണ്ടി. "ആ മല കയറി വേണം നമുക്ക് യാത്ര ചെയ്യാൻ...അവിടെയാണ് നാടുകാണി ചുരം". ഒരു ഒൻപതാം ക്ലാസുകാരന്റെ എല്ലാ ആശ്ചര്യങ്ങളോടും കൂടി ഞാനും കൌതുകം കൂറി. വർഷം 1984... മൈസൂരിലേക്കുള്ള യാത്രയാണ്. സ്കൂൾ എക്സ്കേർഷൻ. ആ പദം പോലും അന്ന് വല്ലാത്തൊരാവേശമായിരുന്നു. സ്കൂൾ ടൂറാണോ...ഹനീഫ മാഷുണ്ടാകും നയിക്കാൻ. മൈസൂരും ശ്രീരംഗപട്ടണവുമൊക്കെ ചരിത്രം ചേർത്തുവെച്ച് മാഷ്‌ മായാത്ത അനുഭവമാക്കി. പിന്നെ പലപ്പോഴും അവിടങ്ങളൊക്കെ സന്ദർശിച്ചെങ്കിലും ആ സ്കൂൾ യാത്രയുടെ മധുരത്തോളം വന്നിട്ടില്ല. 

SSLC ക്ക് ശേഷവും പലയിടങ്ങളിൽ മാഷെ സന്ധിച്ചു. അടുത്ത പ്രദേശത്തുകാരൻ, നല്ല കർഷകൻ, പൊതു സമൂഹത്തിന്റെ കരുത്ത്, സംഘടനാ വൃത്തങ്ങളിൽ സജീവ സാന്നിധ്യം. ചിലയിടങ്ങളിൽ ഞാൻ വേദിയിലും മാഷ്‌ സദസ്സിലുമായി. എന്നിലെ സംഘാടകനെ പ്രോത്സാഹിപ്പിച്ചു. 1994 ൽ പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായപ്പോൾ ഞങ്ങൾ സഹപ്രവർത്തകരായി. പ്രചോദിപ്പിച്ചു...തിരുത്തി...തർക്കിച്ചു...കൂടെയിരുന്ന് ഉറക്കെച്ചിരിച്ചു. മാഷുടെ മക്കൾ എന്റെ വിദ്യാർഥികളായി. അങ്ങിനെ ചിലപ്പോഴെങ്കിലും ഞാൻ ഗുരുവും മാഷ്‌ രക്ഷിതാവുമായി. മഴയും വെയിലും മഞ്ഞും മാറിമാറിയെത്തി. മാഷും വൈകാതെ ഞാനും ഹയർ സെക്കണ്ടറിയിലേക്ക് പ്രമോഷനായി. ഇതിനിടയിൽ കുടുംബങ്ങൾക്കിടയിലെ ചില വിവാഹങ്ങൾ ഞങ്ങളെ ബന്ധുക്കളാക്കി. അടുപ്പത്തിന് പിന്നെയും ആഴം വർദ്ധിച്ചു.

മാഷുണ്ടോ...സ്റ്റാഫ് റൂം സജീവമായിരിക്കും. ചിലപ്പോൾ ഒച്ചയും ബഹളവുമാകും. എത്ര ശബ്ദമുയർന്നാലും അതിൽ സൗഹാർദ്ധത്തിന്റെ അലകൾ തന്നെയാവും വേലിയേറ്റം സൃഷ്ടിക്കുക. മാഷില്ലാത്ത ദിവസം സ്റ്റാഫ് റൂമിന് സജീവത കുറയും. 2006 മുതൽ ലീവെടുത്ത് ഞാൻ വിദേശത്തായി. വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു. അവിശ്വസനീയമായ ഒരു വാർത്ത ഒരിക്കൽ എന്റെ കാതിൽ അലച്ചു. മാഷ്‌ ലീവിലാണ്... കരൾ രോഗം പിടി മുറുക്കുന്നു...വൈകാതെ ഫോണിൽ വിളിച്ചു സംസാരിച്ചു. അങ്ങേ തലക്കൽ വാക്കുകളുതിർന്നത് ഏറെ പതിഞ്ഞ സ്വരത്തിലായിരുന്നു!. എന്റെ ദുഃഖം കഅബാലയാത്തിന്റെ തിരു മുറ്റത്ത് ഉള്ളുരുകിയ പ്രാർത്ഥനയാക്കി. ഇടക്കെല്ലാം ക്ഷേമങ്ങൾ അന്വേഷിച്ചു.

2010 ലെ വെക്കേഷൻ സമയത്ത് നേരിൽ കാണാൻ പോയി. കോലായിലെ കസേരയിൽ ക്ഷീണിതനായി മാഷെ കണ്ടു. പതിവു ശൈലിയിൽ കുറെ സംസാരിച്ചു. സ്വന്തം ക്ഷീണം മറച്ചു വെക്കാൻ ഇടക്കിടെ ശ്രമിച്ചു. പരിഭവങ്ങളുടെ നിഴലാട്ടം തെല്ലുമില്ലാതെ വിശേഷങ്ങൾ പങ്കുവെച്ചു. പ്രവാസത്തിന്റെ കയ്പും മധുരവും ചോദിച്ചറിഞ്ഞു. കരൾ മാറ്റിവെക്കൽ ഒരു പ്രതീക്ഷയായി ഇടക്കെവിടെയോ സൂചിപ്പിച്ചു. പക്ഷെ കാലം കാത്തുനിന്നില്ല. 2011 ഒക്ടോബർ അവസാനവാരം സർവീസിലിരിക്കെ മാഷ്‌ ജീവിതത്തിന്റെ പടിയിറങ്ങി. മരണ സമയത്ത് ഞാനും നാട്ടിലുണ്ടായിരുന്നു.

മാസങ്ങൾക്കു മുൻപ് പ്രവാസം അവസാനിപ്പിച്ചു സ്ഥാപനത്തിൽ തിരിച്ചെത്തിയപ്പോൾ മാഷുടെ അസാന്നിധ്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്റ്റാഫ് റൂമിൽ ആ ശബ്ദമില്ല...തമാശക്കാരനില്ല..കളങ്കമില്ലാത്ത ആ വലിയ മനസ്സിന്റെ ഉടമയില്ല; മാഷില്ലാത്ത സ്റ്റാഫ് റൂം...അതിന്റെ ഭാവം തന്നെ മാറിയിട്ടുണ്ട്. വാക്കുകൾ കടം കൊണ്ടാലും പറഞ്ഞറിയിക്കാനാവാത്ത ആ ശൂന്യതയിൽ മുഴുക്കെ ഞാനെന്റെ മൗനത്തിൽ പൊതിഞ്ഞ പ്രാർഥനകൾ നിറക്കുന്നു സാർ...

Sunday, March 22, 2015

മാന്ത്രിക വക്രം










ആരോഗ്യവും അഴകും
നീലാകാശത്തിനു കീഴെ
പാറി മറയുന്ന
മേഘക്കീറുകൾ

എന്നിട്ടും...
പറഞ്ഞു പറ്റിക്കാൻ
മനസ്സിനും,
കൈപും മധുരവും
കലർത്തി
കണ്‍കെട്ടു കാട്ടാൻ
കാലത്തിനും
എന്തൊരു മിടുക്ക്!

ഓരോ തലമുറയും
പിൻഗാമികൾക്കായി
വിയർക്കുന്നു
മാന്ത്രിക വക്രത്തിൽ
വാടിയൊടുങ്ങുന്നു!

Monday, October 6, 2014

ഉള്ളുണര്‍ന്ന ഉമ്മുല്‍ഖുറാ

03.10.14 ന് സൗദിയിലെ 'മലയാളം ന്യൂസി'ൽ പ്രസിദ്ധീകരിച്ചത് 

ഹജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ "ഗ്രാമങ്ങളുടെ മാതാവ്' (ഉമ്മുല്‍ ഖുറാ) എന്നും മക്കയിലെ കഅ്ബാലയത്തെ "ചിരപുരാതന ഗേഹം' (അല്‍ബൈത്തുല്‍ അതീഖ്) എന്നുമാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഹജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഇസ്‌ലാമില്‍ ആരാധനാ കര്‍മങ്ങള്‍ രണ്ടു തരമുണ്ട്. ശാരീരികമായ അധ്വാനം മുന്നിട്ടു നില്‍ക്കുന്നവയും സാമ്പത്തിക വിനിയോഗം മുഴച്ചുനില്‍ക്കുന്നവയും. ഹജില്‍ ഈ രണ്ട് വശങ്ങളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതായി കാണാം. ത്വവാഫ്, സഅ്‌യ്, കല്ലേറ്, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ ശാരീരികാധ്വാനം കൂടുതല്‍ പ്രകടമാക്കുന്ന ചടങ്ങുകളാണ്. ഹജ് യാത്രക്ക് വേണ്ട സാമ്പത്തിക ചെലവുകള്‍, ബലി, ദാനധര്‍മങ്ങള്‍ എന്നിവയില്‍ സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ പ്രകടമാകുന്നു. ഹജിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതും അതു കൊണ്ടാവാം. മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളോ ദുര്‍വൃത്തികളോ ഇല്ലാതെ പൂര്‍ണമായ ഹജ് നിര്‍വഹിക്കുന്നവര്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലെ നൈര്‍മല്യം പ്രാപിക്കുന്നുവെന്ന് പ്രവാചക തിരുമേനി (സ) പഠിപ്പിച്ചു. സ്രഷ്ടാവും സൃഷ്ടിയുമായുള്ള ആത്മബന്ധത്തിന് ഊഷ്മളത നല്‍കുന്നതാണ് ഹജിന്റെ ഓരോ കര്‍മങ്ങളും. ശാരീരികവും മാനസികവും സാമ്പത്തികവുമായി സ്രഷ്ടാവിനോടുള്ള പ്രതിബദ്ധത പ്രകടമാകുന്ന വ്യത്യസ്തമായ ആരാധന.

ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതവും ഇസ്മാഈല്‍ നബിയുടെ ചരിത്രവും ഹജില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. അടിമയായ ഹാജറിന്റെ നൊമ്പരങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും ഓര്‍ക്കാതെ ഒരാള്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കഴിയില്ല. കറുത്തവളും ആഫ്രിക്കന്‍ അടിമയും ദരിദ്രയും പിന്നെ സ്ത്രീയും. അവഗണിക്കപ്പെടാനുള്ള 'യോഗ്യത'യുടെ അടയാളങ്ങളായി സമൂഹം പരിഗണിക്കുന്ന എല്ലാം ഒത്തിണങ്ങിയ ഹാജറിന്റെ ജീവിതം ഹജിന്റെ ഏറ്റവും വലിയ ചരിത്ര പശ്ചാത്തലമാണ്. ഹാജർ നിന്ന ഇടങ്ങളിൽ എല്ലാ ഹാജിമാരും നിൽക്കുന്നു, ഓടിയ ഇടത്ത് ഓടുന്നു. അനശ്വരമായ ആദരം. ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ച് ജീവിതം ചരിത്രമാക്കി മാറ്റിയ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഓര്‍മകള്‍ ഒരിക്കലും ഇവിടെ വിസ്മൃതമാവുന്നില്ല.

നേരിന്റെ പാതയിലുള്ള സഞ്ചാരത്തില്‍ ഇബ്രാഹിം പ്രവാചകന്‍ അഗ്നികുണ്ഠത്തിലേക്ക് വരെ എറിയപ്പെട്ടു. സ്രഷ്ടാവിന്റെ നിര്‍ദേശമുണ്ടായപ്പോള്‍ സ്വന്തം മകനെ ബലികൊടുക്കാന്‍ തയ്യാറായി. നാടും വീടും പരിത്യജിച്ചു. സത്യത്തിന്റെ പ്രചാരണത്തിനായി ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത്, മക്ക എന്നീ പ്രദേശങ്ങള്‍ താണ്ടി. "അല്ലാഹുവിന്റെ ആത്മമിത്രം' (ഖലീലുല്ലാഹി) എന്ന പേരിനര്‍ഹനായി. കഅ്ബയും ഹജറുല്‍ അസ്‌വദും മഖാമു ഇബ്രാഹിമും ജംറകളുമെല്ലാം ആ ത്യാഗജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്നു. ഹിജ്‌റു ഇസ്മായിലും സഫയും മര്‍വയും സംസം കിണറുമെല്ലാം ഇസ്മായിലിന്റെയും ഹാജറ ബീവിയുടെയും ത്യാഗപൂര്‍ണമായ ജീവിതം അനുസ്മരിപ്പിക്കുന്നു. ആദര്‍ശശാലിയായ ഒരു നീഗ്രോ അടിമസ്ത്രീയെ ചരിത്രത്തിന്റെ ഉത്തുംഗതയിലേക്കുയര്‍ത്തിയ അധ്യായം കൂടിയാണ് ഹജില്‍ അനുസ്മരിക്കപ്പെടുന്നത്.


ഇസ്‌ലാമിലെ എല്ലാ ആരാധനകളും ഏത് സ്ഥലത്തും നിര്‍വഹിക്കാന്‍ അനുയോജ്യമാണെങ്കിലും വിശുദ്ധ ഹജ് കര്‍മം അതില്‍നിന്നും തികച്ചും വേറിട്ട അനുഭവമാണ്. ഏകദൈവാരാധനക്കായി ഭൂമിയില്‍ പണികഴിച്ച പ്രഥമ ഗേഹമായ വിശുദ്ധ കഅ്ബ മനുഷ്യചരിത്രത്തെ പരസ്പരം കണ്ണിചേര്‍ക്കുകയും പ്രവാചകന്മാരുടെ ജനതതിയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ മുഴുവന്‍ ഹാജിമാരും ഒരേസമയത്ത് സമ്മേളിക്കുന്നത് അന്ത്യവിധി നാളിലെ മനുഷ്യ സാഗരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

മനസ്സിലെ പാപക്കറകള്‍ കണ്ണീര് കൊണ്ട് കഴുകാന്‍ കൈകളുയര്‍ത്തി ഹാജിമാര്‍ കേഴുന്നത് മുഖ്യമായും അറഫാ സംഗമത്തിലാണ്. ഹജിന്റെ ഏറ്റവും പ്രധാന കര്‍മം കൂടിയാണ് അറഫ. രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും അതിരടയാളങ്ങളും ഭാഷാ വര്‍ണങ്ങളുടെ വൈവിധ്യങ്ങളും രൂപഭാവങ്ങളുടെ വ്യത്യാസങ്ങളും പരിഗണിക്കാതെ, ഒരേ സമയത്ത് ഒരേ സ്ഥലത്ത് ഒന്നിച്ചൊരുമിച്ചുകൂടി ഒരേ മനസ്സോടെ സര്‍വലോകരുടെയും രക്ഷകനായ തമ്പുരാനോട് സര്‍വലോകര്‍ക്കും വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഇതുപോലെ മറ്റെവിടെയാണ് കാണുക?

അറഫ എന്ന നാമകരണം ഈ സ്ഥലത്തിന് കിട്ടാന്‍ പല കാരണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം നബി(അ)ക്ക് ജിബ്‌രീല്‍(അ) ഹജ് നിര്‍വഹിച്ചു കാണിച്ചുകൊടുത്ത ശേഷം അവിടെവെച്ച് അറഫ്ത (മനസ്സിലാക്കിയോ?) എന്ന് ചോദിച്ചറിഞ്ഞതിനാലാണെന്നും ആദമും ഹവ്വയും അവിടെവെച്ച് പരസ്പരം കണ്ടുമുട്ടി തിരിച്ചറിഞ്ഞതിനാലാണെന്നും മറ്റും അഭിപ്രായങ്ങള്‍ ഉണ്ട്. പ്രവാചകന്റെ ജീവചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു അറഫയിലേത്. കുന്നും കുഴിയും മലകളും നിറഞ്ഞു നില്‍ക്കുന്ന ശാന്തഗംഭീരമായ ഒരന്തരീക്ഷത്തില്‍ ഒരു ലക്ഷത്തില്‍പരം അനുയായികളെ സാക്ഷി നിര്‍ത്തി മനുഷ്യാവകാശങ്ങളുടെ മഹത്വം പ്രഖ്യാപിച്ച പ്രഭാഷണം. അപരന്റെ ധനവും രക്തവും അഭിമാനവും ഏറെ പവിത്രമാണെന്ന കനപ്പെട്ട സന്ദേശം കൈമാറിയാണ് പ്രവാചക തിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ത്വവാഫും സഅ്‌യും മിനായിലെ താമസവും, അറഫയും മുസ്ദലിഫയുമെല്ലാം പരസ്പര സഹകരണത്തിന്റെ പാഠങ്ങളാണ് നല്‍കുന്നത്. അറഫയില്‍നിന്ന് മടങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയിലെ ഒഴിഞ്ഞ മൈതാനിയില്‍ ചെറുതായെന്തെങ്കിലും വിരിച്ച് അന്തിയുറങ്ങും. ആകാശത്ത് നക്ഷത്രങ്ങളും താഴെ മുസ്ദലിഫാ മൈതാനിയുടെ പരന്നു കിടക്കുന്ന പ്രതലവും മനസ്സില്‍ ഹജിന്റെ മന്ത്രങ്ങളും മാത്രം. താന്‍ എത്ര നിസ്സാരനെന്ന് ഓരോ ഹാജിക്കും ബോധ്യപ്പെടുന്ന കിടത്തം. അഹങ്കാരത്തിന്റെ എല്ലാ ചിഹ്നവും ഹജ് വേളയില്‍ തകര്‍ന്ന് വീഴുകയാണ്.

നിര്‍മലമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ഐക്യബോധത്തിന്റെയും ഉയര്‍ന്ന തലമാണ് ഹജിന്റെ കര്‍മങ്ങള്‍ അനുഭവിപ്പിക്കുന്നത്. ഭാഷയും വര്‍ണവും കുലവും നോക്കി മനുഷ്യരെ വിഭജിക്കുന്ന കാടന്‍ സമ്പ്രദായം നില നില്‍ക്കുന്ന ആധുനിക ലോകത്ത് മാനവിക ഐക്യത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ കര്‍മം കൂടിയാണിത്. പ്രത്യേകമായ ആരാധനാ മൂർത്തിയെ തേടിയുള്ള യാത്രയല്ല ഹജ്ജ്. പൂജിക്കപ്പെടാന്‍ പ്രത്യേക രൂപമോ സവിശേഷ  നൈവേദ്യമോ പൂജ നടത്താൻ  പരികർമ്മികളോ  ഇല്ല.  മുഴുവന്‍ ആരാധനകളും പ്രണാമങ്ങളും പ്രകീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ലോക സ്രഷ്ടാവിന് മാത്രം. അഥവാ, ഏകദൈവ വിശ്വാസത്തിന്റെ കരുത്തുറ്റ പ്രഖ്യാപനമാണ് ഹജില്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെടുന്നത്.

നിരന്തര ദൈവസ്മരണ, പശ്ചാത്താപം, ഭാവിയില്‍ മാതൃകാപരമായ ജീവിതം നയിക്കാനുള്ള ദൃഢനിശ്ചയം മുതലായവയിലൂടെ ഹാജിമാര്‍ ആത്മവിശുദ്ധിയുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. ഓരോ ഹാജിയും പുതിയ മനുഷ്യനായി മാറുന്നു. മരണത്തിലേക്കുള്ള യാത്രയല്ല, പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഹജ്. എന്നും ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന അനേകം സ്മരണകള്‍ സമ്മാനിച്ച ഹജിന്റെ അനുഭവങ്ങള്‍ നെഞ്ചേറ്റി, നിറഞ്ഞ മനസ്സോടെയും ആത്മസംതൃപ്തിയോടെയുമായിരിക്കും ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങുക. അവസാനം വിടവാങ്ങലിന്റെ ത്വവാഫ് നിര്‍വഹിച്ച് തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോള്‍, വീണ്ടും ഈ പുണ്യഭൂമിയിലെത്താന്‍ മനസ്സാഗ്രഹിക്കും. നിറകണ്ണുകളോടെ ഹാജിമാര്‍ അല്‍അമീന്റെ നാടുവിടും.

Thursday, September 4, 2014

ഓർക്കാൻ ഒരാൾ...

നമസ്കാരത്തിന് കൃത്യമായി പള്ളിയിലുണ്ടാകും അക്തർ ബായി. എഴുപതിനടുത്ത പ്രായം. സ്ഥിരമായി ധരിക്കാറുള്ള ജുബ്ബയുടെ ഇടതു കീശ പിന്നിക്കീറിയിട്ടുണ്ട്; അയാളുടെ ജീവിതം പോലെ തന്നെ!. സ്വർണ്ണ നിറത്തിലുള്ള നൂലുകൾ പിടിപ്പിച്ച ഒരു പഴയ തൊപ്പിയുണ്ട് ഭായിക്ക്. അയാളുടെ ആകെയുള്ള അലങ്കാരം. നമസ്കാര ശേഷം ദീർഘനേരം കൈകളുയർത്തി പ്രാർഥിക്കുന്നത് കാണാം. കണ്ണുകൾ പാതി ചിമ്മി മനസ്സുരുകിയ പ്രാർത്ഥന. അതൊരു ശീലമാണ് ഭായിക്ക്. കാണുമ്പോൾ ചെറുതായൊരു ചിരി. അത്രയേ ഞങ്ങൾ തമ്മിലറിയൂ. ഒരു കമ്പനിയുടെ തൊഴിലാളികളെ സൈറ്റിൽ എത്തിക്കലും തിരിച്ചു കൊണ്ടു വരലുമാണ് ഇപ്പോഴത്തെ ജോലി. അര നൂറ്റാണ്ടു കാലമായി വളയം പിടിക്കുന്നുണ്ട് ആ കൈകൾ. ഇവിടെ തന്നെ രണ്ടര പതിറ്റാണ്ടു കഴിഞ്ഞു. ഒരു വൈകുന്നേരം അടുത്തു കിട്ടയപ്പോഴാണ് ആ മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞത്.

പാകിസ്ഥാനിലെ ജാഫറാബാദ് ജില്ലയിൽ ഒരു ഉൾഗ്രാമത്തിലാണ് വീട്. ഭാര്യ നേരത്തെ മരിച്ചു. കടുത്ത പനിയായിരുന്നു തുടക്കം. ഏക മകൾ സാമിറയുടെ വിവാഹം കൂടി കഴിഞ്ഞതോടെ അക്തർ ബായി ശരിക്കും ഒറ്റപ്പെട്ടു. ശ്രദ്ദിക്കാനും സ്നേഹിക്കാനും ബന്ധുക്കൾ നന്നേ കുറവും. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു മൂന്നു വർഷം സാമിറ പിതാവിനെ ഇടക്കിടെ വന്നു കാണുമായിരുന്നു. അദ്ദേഹം തിരിച്ചും. മരുമകൻ മുഹമ്മദ്‌ മഖ്സൂദ് ജോലി തേടി അൽപം ദൂരേക്ക്‌ താമസം മാറിയതോടെ ആ ബന്ധത്തിലും ക്ളാവു പിടിക്കാൻ തുടങ്ങി. ക്രമേണ അവരുടെ വരവു നിലച്ചു. മരവിച്ച മനസ്സുമായി കഴിയുന്ന അക്കാലത്താണ് സൗദിയിലേക്ക് വിസ തരപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഉള്ളതു വിറ്റു. വിസക്കും യാത്രക്കുമുള്ളത് കഴിച്ച് ബാക്കി മകൾക്ക് നല്കി. വളരെ ചെറിയ ശമ്പളത്തിന് ഡ്രൈവറുടെ ജോലിക്കായി വിമാനം കയറി. ജോലിക്കപ്പുറം, വിശുദ്ധ മക്കയും പ്രവാചക നഗരവുമൊക്കെ ആ മനസ്സിന്റെ ആഗ്രഹങ്ങളായിരുന്നിരിക്കണം.

തബൂക്കിലായിരുന്നു സ്പോണ്സർ. രണ്ടു വർഷം കഴിഞ്ഞു കാണും. ഒരു ദുരന്ത വാർത്ത അക്തർ ബായിയെ തേടിയെത്തി. സാമിറയെ വീടിനകത്ത് മരിച്ച നിലയിൽ.............! വാർത്ത ആ പിതാവിന്റെ കാതിലെത്തുന്നതിന്റെ  ഇരുപത് ദിവസം മുൻപായിരുന്നു പോലും സംഭവം. ആരൊക്കെയോ വഴി വൈകിയാണ് നാട്ടിലുള്ളവർക്ക്  ബന്ധപ്പെടാനായത്. തന്റെ ചുറ്റും ഒരു വലിയ ചുഴി രൂപപ്പെട്ട് അതിൽ ആണ്ടു പോകുന്നതായി ഭായിക്ക് തോന്നി. മരുഭൂമിയുടെ വന്യതയും ജിവിതത്തിലെ ചവർപ്പും ഒരു പോലെ ബോധ്യമായ ദിനങ്ങൾ. ആഴക്കടലിൽ തുഴ നഷ്ടപ്പെട്ട വഞ്ചിക്കാരനെ പോലെയായി ജീവിതം. കയ്പേറിയ ഓർമ്മകളുടെ ഓളങ്ങളിൽ പള്ളിയും നമസ്കാരവും പ്രാത്ഥനയുമൊക്കെ ഭായിയുടെ അനുഭൂതിയായി മാറി.

എന്റെ ശിരസ്സു താണു. ഗദ്ഗദം ജലകണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ആ കണ്ണുകളിൽ ഞാനെങ്ങിനെ നോക്കും. ഞങ്ങള്ക്കിടയിൽ അവിചാരിതമായി ഉറഞ്ഞ മൗനം ഭേദിച്ചത് അദ്ദേഹമാണ്. " ഇനി... മടക്കമില്ല, ഇവിടെ മരിക്കണം...അതാണാഗ്രഹം...". ആ വാക്കുകൾ ബാക്കിയുണ്ടായിരുന്ന എന്റെ ചോദ്യങ്ങളെ മുഴുവൻ ബാഷ്പമാക്കി. തൊട്ടടുത്ത പള്ളിയിൽ നിന്ന് മഗ്'രിബ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങി. കൈകളുയർത്തി വേണ്ടുവോളം പ്രാർഥിക്കാനാവും, അക്തർ ബായി ധൃതിയിൽ പള്ളിയുടെ ഭാഗത്തേക്ക് ചുവടുകൾ വെച്ചു. മങ്ങിയ പ്രകാശത്തിലും ആ പഴയ  തൊപ്പിയിലെ നൂലുകൾ തിളങ്ങി. ദൂരെ..., സൂര്യൻ ചിതറിപ്പോയ ചെഞ്ചായം കൊണ്ട്, ആകാശം പല ചിത്രങ്ങൾ വരച്ചിരിക്കുന്നു!.

Tuesday, August 5, 2014

'ജിന്നു താഴ്‌വര'യിലേക്ക്

കുറെ കാലമായി മദീനയിലെ 'ജിന്നു താഴ്‌വര' ഒന്നു സന്ദർശിക്കാൻ വിചാരിക്കുന്നു. ഈ പെരുന്നാളിന് അതു നടന്നു. മദീന പട്ടണത്തിന്റെ പരിസരങ്ങളിൽ ചരിത്രമുറങ്ങുന്ന അനേകം ഇടങ്ങളുണ്ട്. നേരത്തെ സന്ദർശിച്ചവയും അല്ലാത്തവയും ഇത്തവണ കുടുംബ സമേതമുള്ള യാത്രയിൽ ഉൾപെട്ടു. രണ്ടര പതിറ്റാണ്ടിലേറെയായി മദീനയുടെ സ്പന്ദനങ്ങൾ അടുത്തറിയുന്ന പ്രിയ സുഹൃത്ത് Ayub Ottappalam ഗൈഡും നിഴലും സഹകാരിയുമായി മുഴുദിവസം കൂടെ വന്നു. വാദി അൽ-ജിന്ന്, വാദി അൽ-ബൈദാ എന്നെല്ലാം അറബിയിലും Ghost Valley, Magnetic Hill, Gravity Hill, Mysterious Spot എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്ന പ്രദേശമാണ് മദീനയിലെ ജബൽ ബൈദാ താഴ്‌വര. മദീനയുടെ വടക്കു കിഴക്ക് (24°43'21"N 39°26'35"E) ഭാഗത്ത് ഏതാണ്ട് 40 കിലോ മീറ്റർ ദൂരെയാണ് ഈ പ്രദേശം. ന്യൂട്രൽ ഗിയറിൽ ഇറക്കത്തിലേക്ക് ഉരുണ്ടു പോകേണ്ട വാഹനം എതിർ ദിശയിൽ സ്വയം കയറ്റം കയറി പോകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സൗദിയിലെത്തുന്ന സഞ്ചാരികളുടെ പുസ്തകത്തിൽ അടയാളം വെച്ച ഭൂപ്രദേശം.



കാന്തിക പ്രഭാവമാണെന്നും, ജിന്നുകളുടെ പ്രവർത്തനമാണെന്നും പ്രേത പ്രഹേളികയാണെന്നും എല്ലാം വിശ്വസിക്കുന്നവരുണ്ട്. പെരുന്നാളയത് കൊണ്ടാവാം സ്ഥലത്ത് സന്ദർശകർ ധാരാളമുണ്ട്. താഴ്വരയെ തലോടി കടന്നുപോകുന്ന മനോഹര വീഥിയിൽ പലയിടത്തും ഈ ആശ്ചര്യം അനുഭവിക്കാനാവും. മൂക്കത്ത് വിരൽ വെച്ച് അതിശയിക്കുന്നവരും, അടക്കം പറയുന്നവരും, നേരിയ ഭയത്തോടെ ദൂരെ മാറി നിൽക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്. വാദി അൽ-ബൈദയെ കുറിച്ച് നിറം പിടിപ്പിച്ച പല കഥകളും നിലവിലുണ്ട്. രാത്രിയായാൽ അപശബ്ദങ്ങൾ കേൾക്കുമെന്നും "നിങ്ങൾ പോകൂ...ഇത് നിങ്ങളുടെ ഇടമല്ല..." എന്ന് അശരീരി കേട്ടതായും പ്രചാരമുണ്ട്. തലയില്ലാത്ത ശരീരങ്ങൾ അലഞ്ഞു നടക്കുന്നതായി കണ്ടു എന്നു വരെ അതിശയോക്തി കലർന്ന പലതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രേതവും ജിന്നും ചെകുത്താനുമൊക്കെ കക്ഷികളാകുമ്പോൾ എന്തും ചിലവാകും. അവരേതായാലും വിശദീകരണം ചോദിക്കാൻ വരില്ലല്ലോ. ആരു പറഞ്ഞു, ആരു കണ്ടു/ കേട്ടു എന്നു മാത്രം ചോദിക്കരുത്.! കേട്ടവർ കേട്ടവർ കൂടുതൽ അതിശയോക്തി കലർത്തി പ്രചരിപ്പിക്കുന്നതിനാൽ ഇത്തരം വാർത്തകൾക്ക് അനുദിനം ആരോഗ്യം കൂടി വരികയാണ് പതിവ്. അൽപം അന്ധവിശ്വാസവും കൂടി കലർത്തി വിളമ്പിയാൽ സംഗതി ബഹു ജോറായി. Gravity Hill-കളോട് ചേർത്ത് എല്ലാ നാട്ടിലും ഇത്തരം കെട്ടു കഥകൾ നിലവിലുണ്ട്. പരിഷ്കൃതരെന്ന് നാം കരുതുന്ന പല നാട്ടുകാരും അന്തം വിട്ട അന്ധവിശ്വാസികളാണ് എന്നതാണ് വസ്തുത. ഏറ്റവും കൂടുതൽ ഹൊറർ സിനിമകൾ പുറത്തിറങ്ങുന്നതും വിജയിക്കുന്നതും ഇംഗ്ലീഷ് ഭാഷയിലും പാശ്ചാത്യ നാടുകളിലുമാണ്. 



നെറ്റ് ലോകത്തും ഇവ്വിഷയകമായ ചർച്ചകൾക്ക് നല്ല ചൂടാണ്. മദീനയിലെ ജിന്നു താഴ്‌വരയെ കുറിച്ചുള്ള ഓണ്‍ലൈൻ ചർച്ചയിൽ വന്ന ചോദ്യത്തിന് ഒരു വിദേശ വനിതയുടെ മറുപടി ഇങ്ങിനെ വായിക്കാം:

"This is true that there is a ghost valley in Saudi Arabia...precisely near Madina. The strange mountains have weird carvings and layers that are not natural in any way. I know this as my uncle lives in Saudi Arabia and he actually went to check it out! He says there are houses there with no doors or windows......whenever someone goes there...he experiences heavy headaches and a sort of burden on their shoulders. Other experiences include being slapped by someone.....the speed of cars increases even when the car is on neutral....Besides all of this....no body has ever dared to stay there after sunset."

എങ്ങിനെയുണ്ട് വിശദീകരണം?!



ലോകത്ത്  29 രാജ്യങ്ങളിലായി ഏതാണ്ട് നൂറോളം പ്രദേശങ്ങളിൽ  Gravity Hill Site- കൾ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ മാത്രം 23 സ്റ്റേറ്റുകളിലായി 40 സ്ഥലങ്ങളിൽ ഈ പ്രതിഭാസം കാണപ്പെടുന്നു. കനഡയിൽ 6 സ്ഥലങ്ങളിലും ആസ്ത്രേലിയ അയർലണ്ട് ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നാലിടങ്ങളിൽ വീതവും ഇതേ പ്രതിഭാസമുണ്ട്. ഇന്തോനേഷ്യ, ഇറ്റലി, ജോർദാൻ, ലെബനോൻ, മലേഷ്യ മെക്സിക്കോ, ഒമാൻ, സൗത്ത് ആഫ്രിക്ക, പോർച്ചുഗൽ, പോളണ്ട്, ഫിലിപ്പൈൻസ്, കൊറിയ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇതേ സംഭവമുണ്ട്. ഇന്ത്യയിൽ ജമ്മുവിലെ ലഡാക്കിലും ഗുജ്റാത്തിലെ സൌരാഷ്ട്ര റീജിയനിലും ഇത്തരം സ്പോട്ടുകളുണ്ട്. 

ജിന്നോ പ്രേതമോ കാന്തിക പ്രഭാവമോ ഒന്നുമല്ല, ചുറ്റുപാടുമുള്ള ഭൂപ്രതലത്തിന്റെ പ്രത്യേകത, ഇറക്കമുള്ള പ്രദേശത്തെ കയറ്റമുള്ളതാക്കി തോന്നിപ്പിക്കുന്ന Optical Illusion ആണ് സത്യത്തിൽ ഇവിടങ്ങളിലെല്ലാം ഉള്ളത്. ഭാഗികമായോ പൂർണമായോ ചക്രവാളം കാണാൻ കഴിയാത്ത അവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. ചുറ്റുമുള്ള കുന്നുകളുടെ വിതാനവുമായി ബന്ധപ്പെടുത്തി ഭൂപ്രതലത്തിന്റെ കിടപ്പ് മനസ്സിലാക്കുന്നതിൽ നമുക്ക് പറ്റുന്ന പിഴവാണ് ജിന്നും പ്രേതവു മൊക്കെയായി അരങ്ങു വാഴുന്നത്!. ഇത്തരം സ്പോട്ടുകൾ മിക്കതും പ്രത്യേകതരം കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതായിരിക്കും. റണ്‍വെയിൽ നിന്ന് പറന്നു പൊങ്ങിയ വിമാനം  സഞ്ചാരപഥത്തിലേക്ക് തിരിയുമ്പോൾ താഴെയുള്ള നഗരം ചെരിഞ്ഞതായി തോന്നാറില്ലേ. ഇവിടെ നഗരമല്ല വിമാനമാണ് ചെരിയുന്നത് എന്നതാണല്ലോ വസ്തുത.  



സുഹൃത്ത് Faisu Madeena 2011 ജനുവരിയിൽ തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ നിന്നാണ് ആദ്യമായി മദീനയിലെ Gravity Hill- നെ കുറിച്ച് മനസ്സിലാക്കിയത്. അന്നു തന്നെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കുറെ വിവരങ്ങൾ പരിശോധിച്ചു. പക്ഷെ, എത്ര വിശദീകരിച്ചാലും ഇന്നും പലരും വസ്തുത അംഗീകരിക്കാറില്ല. 2010 ലെ Best Visual Illusion Award നേടിയ ജാപ്പനീസ് ശാസ്ത്രകാരൻ Kokichi Sugihara- യുടെ ഗവേഷണങ്ങൾ ഉൾപ്പെടെ ഒട്ടനേകം പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണ്. മദീനയിലെ ജബൽ ബൈദായുടെ റോഡ്‌ അവസാനിക്കുന്ന മലയടിവാരം വരെ വാഹനം ഓടിച്ചു പോയാലും വലിയ കയറ്റം അനുഭവപ്പെടില്ല. എന്നാൽ തിരിച്ച് വരുമ്പോൾ ഏതാണ്ട് 13 കിലോമീറ്റർ ദൂരം നല്ല ഇറക്കം മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. മൊത്തത്തിൽ ഇറക്കമുള്ള ഒരു പ്രതലത്തിൽ കയറ്റമുണ്ട് എന്ന് തോന്നിക്കുന്ന ഭാഗങ്ങളാണ് നമ്മുടെ കണ്ണുകളെ സമർത്ഥമായി വഞ്ചിക്കുന്നത്!

Thursday, April 3, 2014

'മോടി' കൂടുമോ?


മതങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദവും  അഹിംസയും തന്റെ ജീവിത ദര്‍ശനമായി അവതരിപ്പിച്ച മഹാത്മജിയുടെ  നാടാണ് ഗുജറാത്ത്. പക്ഷെ ഇന്ന് ഗുജറാത്ത് ലോകത്ത് അറിയപ്പെടുന്നത് അഹിംസയുടെ ആള്‍രൂപമായ ഗാന്ധിയുടെ വിലാസത്തിലല്ല. മറിച്ച് നരമേധത്തിന്റെ തുരുത്തായാണ്. ആസന്നമായ തെരഞ്ഞെടുപ്പില്‍  അതേ നാട്ടില്‍ നിന്ന് ഇന്ത്യക്കൊരു പ്രധാന മന്ത്രി സ്ഥാനാര്‍ഥി വന്നപ്പോള്‍ മനസ്സില്‍ നേരും നന്മയും സൂക്ഷിക്കുന്ന ബഹുജനം ആ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കാത്തതും  വെറും രാഷ്ട്രീയ വര്‍ഗ്ഗ വിരോധം കൊണ്ടല്ല. നിയുകതന്‍ ഗാന്ധി പിറന്ന മണ്ണില്‍  അഹിംസക്കും മതേതരത്വത്തിനും ശ്മശാനം പണിതു എന്നതാണ് അതിനു പിന്നിലെ വികാരം.
വംശഹത്യക്കു നേതൃത്വം നല്കിയവര്‍ വികസനത്തിന്റെ കുമിളകള്‍ കാണിച്ച്  ബാക്കിയുള്ള മുഴുവന്‍ പോരായ്മകളും മറച്ചുവെക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന വര്‍ത്തമാനമാണ് പുതിയ സംഭവങ്ങള്‍ നമ്മോടു പറയുന്നത്.  വികസനമെന്നു കേള്‍ക്കുമ്പോള്‍ പൊതുവെ ജനം എല്ലാം മറക്കും. അതോടെ വംശഹത്യയൊന്നും ഒരു വിഷയമല്ലാതാകും. എന്ത് ഹത്യ നടന്നാലും തങ്ങളുടെ മൂലധനം സുരക്ഷിതമാകണമെന്ന ചിന്തയായിരിക്കും പിന്നെയുണ്ടാവുക. ദേശീയ തലത്തില്‍ ശ്രദ്ധേയരായ ആളുകള്‍ പോലും ഇടക്കാലത്ത് ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയ സാഹചര്യവും മറ്റൊന്നല്ല.  പണമാണ് ഇതിനു പിന്നിലെ വികാരം; മനുഷ്യനല്ല. വംശഹത്യകള്‍ നിസ്സാരമാവുകയും മൂലധന സംരക്ഷണം പ്രധാനമാകുകയും ചെയ്യുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഗുജ്‌റാത്ത് ഉയര്‍ത്തിയതും ഇപ്പോള്‍ മോദി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതും. അതിനു പിന്നില്‍  വന്‍ കോര്‍പറേറ്റുകള്‍ സമര്‍ത്ഥമായി കരുക്കള്‍ നീക്കുന്നു!
സര്‍ക്കാര്‍ സംവിധാനങ്ങളെയും സാമൂഹിക സ്ഥാപനങ്ങളെയും വിദഗ്ധമായി ദുരുപയോഗം ചെയ്ത് ഭരണകൂടത്തിന്റെ തന്നെ കാര്‍മികത്വത്തില്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ നിന്ന് നരേന്ദ്ര മോദിക്ക് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ആ ദുര്‍ഭൂതം തലയ്ക്കു മുകളില്‍ ഒരു മഹാ ശല്യമായി പാറിക്കളിക്കുന്നത് കൊണ്ടാണ് പുതിയ പ്രചാരണ പരീക്ഷണങ്ങളില്‍ മോദിയും അനുയായികളും അഭയം തേടാന്‍ ശ്രമിക്കുന്നത്.  ഹമ്മേഷ് മോദി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ അമര്‍ ചിത്രകഥകള്‍ ഈ ഗണത്തില്‍ പെടുന്നു. കുട്ടിക്കാലത്തു തന്നെ അസാധാരണ കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും സാഹസിക പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്യുന്ന ‘ബാല നരേന്ദ്ര’ യാണ് നാല്പത്തിയഞ്ച് പേജുള്ള പുസ്തകത്തിലെ  താരം. സൂറത്തിലെ താപി നദി കവിഞ്ഞൊഴുകിയപ്പോള്‍ അടുത്ത കാര്‍ണിവലില്‍ ചായക്കട നടത്തി പാവങ്ങളെ സഹായിച്ചത്, നിറയെ മുതലകളുള്ള കുളത്തിലേക്കു ചാടി അതില്‍ വീണ കളിപ്പന്ത് കൂട്ടുകാര്‍ക്ക് തിരിച്ചു നല്കിയത്, പൊളിഞ്ഞു വീണ സ്‌കൂള്‍ മതില്‍ നേരെയാക്കാനുള്ള പണം കണ്ടെത്താന്‍ നാടകം കളിച്ചത്, റെയില്‍വേ സ്‌റ്റേഷനില്‍ അച്ഛന്‍ നടത്തിയിരുന്ന  ചായക്കടയില്‍ സേവനങ്ങള്‍ ചെയ്തത്… ഇങ്ങിനെ പോകുന്നു പുതു തലമുറക്കുള്ള ബാല നരേന്ദ്ര പാഠങ്ങള്‍!. താടിയും തൊപ്പിയുമൊക്കെ ധരിച്ച മുസ്‌ലിംകളുമായി  ചേര്‍ന്നു നിന്നു കൊണ്ടുള്ള പ്രത്യേക ചിത്രങ്ങളും ധാരാളമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ ഗതകാലത്തെ പാപക്കറകള്‍ മായ്ച്ചു കളഞ്ഞ് അധികാര പീഠത്തിലേറാന്‍ ഇത്തരം കൊച്ചു വേലകള്‍ മതിയാവുമോ എന്നത് ഒരു സാമാന്യ ചോദ്യമാണ്.
ഗുജറാത്ത് ഒരു സുപ്രഭാതത്തില്‍ കലാപത്തിലേക്ക് വഴുതി വീണതായിരുന്നില്ല മറിച്ച്, നിരന്തരവും ബോധപൂര്‍വവുമായി നടന്ന വിദ്വേഷ കുത്തിവെപ്പ് കലാപമായി കത്തിപ്പടരുകയായിരുന്നു. ഗോദ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമായി അതിനെ വായിക്കാന്‍ കഴിയില്ല. പച്ച മനുഷ്യര്‍ക്കു മേല്‍ പൈശാചിക ക്രൂരതകള്‍ പ്രയോഗിക്കാന്‍ കഴിയുന്ന സമൂഹ മനസ്സ് പാകപ്പെടുത്തുകയായിരുന്നു അവിടെ. അക്രമികള്‍ക്ക് ഭരണകൂടത്തിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.  ഈ വിഷയത്തില്‍ മലയാളിയായ ഗുജറാത്ത് മുന്‍ അഡിഷണല്‍ ഇന്റലിജന്‍സ് ഡി ജി പി  ആര്‍ ബി ശ്രീകുമാര്‍ നടത്തിയ  വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.  കലാപത്തിന്റെ ഉത്തരവാദികളെയും കുറ്റവാളികളെയും നിയമത്തിനു മുന്‍പാകെ ഒരുപരിധി വരെ കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കൂട്ടക്കൊലകളില്‍ ഉറ്റവരും സ്വത്തും നഷ്ടപ്പെട്ട ആയിരങ്ങള്‍ ഇപ്പോഴും കേഴുകയാണ്.

ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് ദലിത് സ്ത്രീകളെ വേട്ടയാടി കൊന്നൊടുക്കുന്ന ഭീകരസംഭവങ്ങളും ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളില്‍  നടമാടിയിരുന്നു.  കളവ് കേസില്‍ നിരപരാധിത്വം തെളിയിപ്പിക്കാന്‍ വൃദ്ധയായ അമ്മയെയും മകളെയും തിളക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കി പൊള്ളിച്ച  സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പട്ടിണിയും   അക്രമവും മുസ്‌ലിം ന്യൂനപക്ഷ പീഡനവും അധികാര ദുര്‍വിനിയോഗവും  റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ  ഗുജറാത്തിനെയും മോദിയെയും എത്ര തന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ആ കറുപ്പ് തെളിഞ്ഞു നില്ക്കുക തന്നെ ചെയ്യും.
വികസനത്തിന്റെ ഇല്ലാക്കഥകളുടെ വേലിയേറ്റത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് പതിവാണ്. മൊത്തം അഭ്യന്തര ഉത്പാദനത്തിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് വികസനം വെള്ള പൂശി അവതരിപ്പിക്കുന്നത്. പക്ഷെ  അടിസ്ഥാന പ്രശ്‌നങ്ങള്‍ അതി രൂക്ഷം തന്നെയാണെന്ന്  ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റി അംഗം അതുല്‍ സൂദ് വെളിപ്പെടുത്തിയിരുന്നു. മൊത്തം  ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ ദൃശ്യമല്ല. സാമൂഹിക സുരക്ഷ, ഭക്ഷ്യ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, നീതി, നിയമ പരിരക്ഷ, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.  ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ശിശു വിവാഹങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന് നാലാം സ്ഥാനമാണ്. യു എന്‍ ഡി പി യുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം കുട്ടികളെ വിദ്യാലയങ്ങളില്‍ നില നിര്‍ത്തുന്ന ശ്രമത്തില്‍ ഗുജറാത്തിന് പതിമൂന്നാം സ്ഥാനം മാത്രമാണുള്ളത്. പാതി വഴിയില്‍ പഠനം നിര്‍ത്തുന്നത് 59 ശതമാനം കുട്ടികളാണ്.  ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. 16 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശുദ്ധീകരിച്ച ജലം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 65 ശതമാനം വീടുകളിലുള്ളവര്‍ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിപ്പോരുന്നു. ഇതു മൂലം അവിടങ്ങളിലെ  പൊതു ജലാശയങ്ങള്‍ വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്.   48 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. ആദിവാസി മേഖലയിലും പട്ടികജാതി  പട്ടികവര്‍ഗ്ഗങ്ങളിലും 57 ശതമാനത്തിലേറെയും പട്ടിണിക്കാരാണ്. ദേശീയ കുടുംബ ഗാര്‍ഹിക സര്‍വേ  പ്രകാരം സംസ്ഥാനത്ത് മൂന്ന് വയസ്സിന് താഴെയുള്ള ശിശുക്കളില്‍ 47 ശതമാനം പേര്‍ ആവശ്യമായ ശരീര ഭാരമില്ലാത്തവരാണ്.  സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ  ശരാശരിയുടെ ഇരട്ടിയാണിത്.
ഇതിനിടെ ഗുജറാത്തിലെ വികസനവും മോദിയും ഫേസ് ബുക്കില്‍ വൈറലായി മാറുകയുണ്ടായി.  മോദി അനുകൂലികള്‍  ഗുജറാത്തിലെ വികസനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രൊമൊട്ട് ചെയ്യാനും വോട്ടു ചോദിക്കാനും തുടങ്ങിയതോടെയാണ് എതിര്‍പക്ഷത്തുള്ളവര്‍ ‘യഥാര്‍ത്ഥ വികസനം’ എന്താണെന്ന് വ്യക്തമാക്കി കൊടുക്കുന്ന ചിത്രങ്ങളുമായി രംഗത്തു വന്നത്. ഗുജറാത്തിലെ വികസന കാഴ്ചകള്‍ എന്ന പേരില്‍ പര്‍വതീകരിച്ച ചിത്രങ്ങള്‍ പുറത്തിറക്കി  അതേ നാണയത്തിലുള്ള മറുപടികളും അരങ്ങു തകര്‍ക്കുന്നുണ്ട്.
2013 ജൂലായ് 12ന് റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ 2002ല്‍ ചെയ്തത് ശരിയായിരുന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നായിരുന്നു മോദിയുടെ  മറുപടി. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രൂരതകള്‍ക്കൊന്നിന് നേതൃത്വം കൊടുത്തിട്ട്, രാജ്യത്തും പുറത്തുമുള്ള നേരായി ചിന്തിക്കുന്നവര്‍ ആ പ്രവൃത്തിയെയും അത് ചെയ്ത ആളെയും അപലപിച്ചിട്ട്, അത് തികച്ചും ശരിയാണ് എന്നു പറയുക മാത്രമല്ല, അതിന്റെ പേരില്‍ രാജ്യത്തിന്റെ അധികാര കസേര ഉറപ്പാക്കാന്‍കൂടി ശ്രമിക്കുകയാണ് ഇപ്പോള്‍ മോദി ചെയ്യുന്നത്.  2002ലെ ഗുജറാത്ത് കലാപത്തില്‍ ദുഃഖമുണ്ടെങ്കിലും തനിക്ക് കുറ്റബോധമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്ന് മോദിയുടെ ജീവചരിത്രമെഴുതിയ ബ്രിട്ടീഷ് എഴുത്തുകാരന്‍ ആന്റി മറീനോവ്  വെളിപ്പെടുത്തിയിരുന്നു.  ഗുജറാത്ത് കലാപം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴിയും  നേരത്തെ മോദി  ഇപ്രകാരം തന്നെയാണ്  പ്രതികരിച്ചിരുന്നത്.  പക്ഷെ കരണ്‍ താപ്പറുമായുള്ള തന്റെ അഭിമുഖത്തില്‍ താന്‍ ചെയ്ത പാതകത്തിന്റെ ദാഹം കാരണം വെള്ളം കുടിക്കുന്ന യതാര്‍ത്ഥ മോദിയെ ലോകം കാണുകയുണ്ടായി. ആ ആഭിമുഖത്തിലെ ചോദ്യ ശരങ്ങള്‍ക്കു പ്രതികരിക്കാന്‍ കഴിയാതെ അന്ന് മോദി ശിരസ്സു കുനിച്ച് അല്പം വിയര്‍പ്പോടെ ഐ ബി എന്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ശ്മശാനമൂകതയാണ് ഗുജറാത്തിന്റെ ആത്മഭാവം. ഒരു വിഭാഗം വ്യാപാരികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും മോദി ഭരണം കൊണ്ട് നേട്ടമുണ്ടായിക്കാണും. പക്ഷെ, സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ആ  ഭരണം ഒരു ശാപമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തശേഷം വര്‍ഗ്ഗീയ  ശക്തികള്‍ നേടിയ ആത്മവിശ്വാസം  വികാസം പ്രാപിച്ച് രാജ്യത്തെ പൊതു  സൗഹാര്‍ദ്ദത്തെ  തകര്‍ക്കാന്‍  തയാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണു ഇപ്പോഴത്തെ  മോദി സ്ഥാനാര്‍ഥിത്വം. ഇന്ത്യയിലെ മതേതര പുരോഗമന, ജനാധിപത്യ ശക്തികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും വലിയ  വിപല്‍ സൂചനയാണ് ഇത് നല്കുന്നത്. അതുകൊണ്ട് തന്നെയാണ്  രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മോദിയുടെ കാല്‌വെപ്പുകളെ  എതിര്‍ക്കുന്നതും ഭീതിയോടെ നോക്കികാണുന്നതും!.
Published @ Varthamanam Daily- 27.03.14 http://varthamanam.com/?p=48169

Thursday, March 6, 2014

ആരും ഞെട്ടരുത്...പ്ലീസ്!












ഭാഷാ പദാവലിയുടെ
തടിച്ച ശിഖരത്തിൽ നിന്ന്
ഞെട്ടൽ എന്ന പദം
വീണു മരിച്ചിട്ട്
കാലം കുറെയായി

മൗനം കൊണ്ടൊരു
കുഴി തീർത്ത്
അതിൽ ഖബറടക്കി,
മിനുക്കിപ്പണിത
മീസാൻ കല്ലുകളിലൊന്നിൽ
'ഞെട്ടൽ' എന്നു കൊത്തി
നാട്ടി വെച്ചു!

അടുത്തുള്ള കറുത്ത
മീസാൻ കല്ലുകൾ
നേരിയ പുതുമയോടെ
ഇടം കണ്ണിട്ടു നോക്കി  
പിന്നെ; നിർവികാരതയിൽ
പോളകൾ ചിമ്മി!

Tuesday, February 18, 2014

മനസ്സിൽ മായാത്ത അനുഭവം

ഫെബ്രുവരി ആദ്യവാരം കോട്ടക്കൽ നടന്ന മുജാഹിദ് സംസ്ഥാന  സമ്മേളന നഗരിയിൽ ഒരുക്കിയിരുന്ന 'ദ മെസേജ്' മെഗാ എക്സിബിഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് കുടുംബ സമേതം ഓരോ ദിവസവും പ്രദർശനം കാണാനെത്തിയത്.  തിരക്കു കാരണം എത്രയോ പേർ ദിവസവും മടങ്ങിപ്പോയി. മനുഷ്യൻറെ വിലാസവും ജീവിതവും ലക്ഷ്യവും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എക്സിബിഷൻ. ജനുവരി 26 ന്  ആരംഭിച്ച പ്രദർശനം ഫെബ്രുവരി 4 വരെ നീണ്ടു. മെഗാ എക്സ്പോയോട് ചേർന്ന് സജ്ജീകരിക്കപ്പെട്ടിരുന്ന 'കാഴ്ച' എന്ന മിനി എക്‌സിബിഷനിൽ വളരെ കൂടുതൽ പേർ പ്രവേശിച്ചു കാണില്ല. അതിനുള്ള കാരണം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. ഐ.എസ്‌.എം. മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ കോഴിക്കോട്‌ മലബാര്‍ ഐ ഹോസ്‌പിറ്റലുമായി ചേര്‍ന്നു സംഘടിപ്പിച്ച "കാഴ്‌ച' തീർത്തും വേറിട്ട അനുഭവമായിരുന്നു.

കട്ട പിടിച്ച  കറുത്ത ഇരുട്ട് അടക്കി വാഴുന്ന ഹാളാണ് 'കാഴ്ച' എക്‌സിബിഷന്റെ ഇടം. പ്രകാശത്തിനു പ്രവേശനം പാടെ നിരോധിച്ചിട്ടുണ്ട്. അകത്തു കയറുമ്പോൾ കറുത്ത കണ്ണട കൂടി ധരിപ്പിക്കും. അതോടെ നാം പൂർണ്ണമായും അന്ധരായി. ഒരു സമയം അഞ്ചു പേർക്കാണ് പ്രവേശനം. അറിയാത്ത വഴികളിലൂടെ നഗ്ന പാദരായാണ് പോകാനുള്ളത്. ഇരുട്ടിൻറെ ആ ലോകത്ത് നമ്മെ നയിക്കുന്നത് ശരിക്കും അന്ധരായ സഹോദരങ്ങളാണ്. അവർ മുന്നിൽ നടന്ന് നിർദേശങ്ങളും വിശദീകരണങ്ങളും തരും. അഥവാ, നമ്മൾ അന്ധരും അവർ വഴികളറിയുന്നവരും! അവരുടെ ലോകമാണത്. മുൻപിൽ നടക്കുന്ന അന്ധ സുഹൃത്തിൻറെ തോളിൽ ഇടതു കൈ കൊണ്ട് പിടിക്കണം...പിന്നിലുള്ളവർ അങ്ങിനെ ക്രമത്തിൽ അപരന്റെ തോളിൽ പിടിച്ച് ഒരു വരിയായാണ് നീങ്ങുന്നത്. വലതു കൈ ഫ്രീയാണ്. എല്ലാം തൊട്ടു മനസ്സിലാക്കാം. മണത്തറിയാം, ചോദിക്കാം, കേൾക്കാം; കണ്ണു മാത്രം കാണില്ല! പരിപൂർണ്ണ അന്ധത!

ശിങ്കാരി മേളം തകർത്താടുന്ന പൂരപ്പറമ്പിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. പൊരീ...പൊരീ..പൊരീ..., വള..വള..മാല...കച്ചവടക്കാരുടെ ബഹളം കേൾക്കാം. കടകളിൽ തൂക്കിയിട്ടിരിക്കുന്ന വില്പന വസ്തുക്കളും വളയും മാലയും ബലൂണുകളുമൊക്കെ തൊട്ടു ബോധ്യപ്പെടാം. പൊരിച്ചാക്കിൽ വിരലോടിക്കാം... കച്ചവടക്കാരോട് വർത്തമാനം പറയാം...വില ചോദിക്കാം. പക്ഷെ; വർണ്ണങ്ങളില്ലാത്ത കറുത്ത ലോകം!

ശിങ്കാരി മേളവും കച്ചവടക്കാരുടെ ശബ്ദങ്ങളും അവസാനിക്കുമ്പോൾ നമ്മൾ ഒരു പച്ചക്കറി മാര്‍ക്കറ്റിൽ പ്രവേശിച്ചിരിക്കും. വിലക്കുറവേയ്...കിലോ പത്ത്..കിലോ പത്ത്...ആദായം..ആദായം...നിരത്തിവെച്ചിരിക്കുന്ന തക്കാളി, ഉള്ളി, പൈനാപ്പിൾ, മുന്തിരി മറ്റു പലതരം പഴ വർഗ്ഗങ്ങൾ...എല്ലാം തൊട്ടു മനസ്സിലാക്കാം. ഉണക്ക മൽസ്യത്തിലും, മല്ലിച്ചപ്പിലുമൊക്കെ തൊട്ടാൽ വാസനിക്കാം...കച്ചവടക്കാരുടെ കുശലം പറച്ചിൽ കേൾക്കാം..പക്ഷെ!...ഒന്നും കാണാനാവില്ല!

മാർക്കറ്റു പിന്നിട്ട് കുത്തിയൊഴുകുന്ന പുഴക്കു മീതെ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെയാണ് യാത്ര. ഒന്ന്...രണ്ടു..മൂന്നു പടികൾ കയറിയാൽ പാലത്തിലൂടെ നടക്കാം. വലതു വശത്ത് കൈവരികൾ കെട്ടിയിട്ടുണ്ട്. അതിൽ തപ്പി പിടിച്ചു പതുക്കെ നടക്കാനാണ് അന്ധ സുഹൃത്തിന്റെ നിർദേശം. താഴെ കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദം കേള്ക്കാം. പാലത്തിൽ ചെറിയ നനവുണ്ട്...പാറയിൽ തല്ലിത്തകരുന്ന ജല കണങ്ങൾ നമ്മുടെ ശരീരത്തിൽ പതിക്കുന്നു. കാലു തെന്നിയാൽ എല്ലാം തീരുമെന്ന് തോന്നും. യാ അല്ലാഹ്...!

പാലം കഴിഞ്ഞ് സ്റ്റെപ്പുകളിറങ്ങി അല്പം നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്തി. രണ്ടു പടികൾ കയറിയാൽ പ്ലാറ്റ്ഫോമായി. അന്ധ സുഹൃത്ത് കൈപിടിച്ചു കയറ്റി. അയാളെന്നെ  മറുവശത്തേക്ക് പിടിച്ചു തിരിച്ചു.  അവിടെയാണത്രെ വണ്ടി വന്നു നിൽക്കുക. ഞാൻ ദിക്കറിയാത്ത വെറും അന്ധൻ!.  തീവണ്ടിയുടെ വരവറിയിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തനതു ശൈലിയിലുള്ള അറിയിപ്പുകൾ കേൾക്കാം. ചായ...ചായ...കാപ്യേയ് ...കാപ്യേയ്... വട...വട...നമ്മൾ തീർത്തും ഇപ്പോൾ ഒരു സ്റ്റേഷനിൽ തന്നെ! സ്റ്റേഷനിൽ കച്ചവടക്കാരുടെ പതിവു ബഹളം. ഏതോ ട്രാക്കിൽ ഏതോ ട്രൈൻ നിൽക്കുന്നുണ്ടാകും. അതിൽ യാത്രക്കാരുണ്ടാവും. പക്ഷെ, ഞാൻ... !!!.   ദൂരെ നിന്നും തീവണ്ടി വരുന്ന ശബ്ദം കേൾക്കാം. കിതപ്പ് കൂടിക്കൂടി ഓടിയടുത്ത് മുന്നിലൂടെ അത് ചീറിപ്പാഞ്ഞു പോയി. വസ്ത്രങ്ങളെ ഉലച്ച് കാറ്റു വീശി. ഹോണ്‍ മുഴക്കി ദൂരെ മറയുന്ന ശബ്ദം കേൾക്കാം. ആ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല!.

സ്റ്റേഷന്റെ പടവുകളിറങ്ങി മുന്നോട്ടു നടന്നാൽ പിന്നെ കൊടും കാടാണ്. കാലിൽ തടയുന്ന വള്ളിപ്പടർപ്പുകൾ...യാത്ര തടസ്സപ്പെടുത്തുന്ന പൊന്തക്കാടുകൾ...ഊടുവഴി...ശരീരത്തിൽ കോറുന്ന മരച്ചില്ലകൾ..വന്യ ജീവികളുടെ അലർച്ചയും മുരളലും...പൊന്തക്കാട്ടിൽ നിന്ന് ഏതോ ജീവി മാന്തുന്നു... അപരന്റെ തോളിൽ പിടിച്ച് ഒരു വിധം നടന്നു മുന്നോട്ടു നീങ്ങി. കാടവസാനിച്ചു. ഇപ്പോൾ പുറത്തേക്കുള്ള വാതിലിലാണ്. പുറത്തു കടന്നു...കണ്ണട നീക്കി...വെളിച്ചമുള്ള ലോകം...സമ്മേളന നഗരിയിൽ പലയിടത്തായി ജനം. നാളെ കഴിഞ്ഞാണ് തുടക്കം. എക്സിബിഷൻ അതിനു മുന്പ് അവസാനിക്കും. ഇതു വരെ എന്നെ നയിച്ച സുഹൃത്തിനെ നോക്കി. മൃതിയടഞ്ഞ കുഴിഞ്ഞ കണ്ണുകൾ! ഇവിടെയും അയാൾക്ക് ഇരുട്ടാണല്ലോ...!. ആ 'വഴികാട്ടി'യോട് അൽപ നേരം സൗഹൃദം പങ്കിട്ടു. ഒരു വളണ്ടിയർ അയാളുടെ കൈ പിടിച്ച് എക്സിബിഷൻ ഹാളിന്റെ മുൻ വശത്തെ കവാടത്തിലേക്കു കൊണ്ടു പോയി. അടുത്ത ടീമിനെ 'നയിക്കാൻ'.

ഇരുട്ടിൻറെ ലോകത്ത് സ്ത്രീകളെ നയിക്കുന്നതിന് അന്ധകളായ സഹോദരിമാരുണ്ട് 'കാഴ്ച'യിൽ. ശബ്ദങ്ങൾക്കും ഇടപെടലുകൾക്കുമായി ഇരുപതിലധികം പേരെ ഹാളിൽ പലയിടത്തായി വിന്യസിച്ചിട്ടുണ്ട് പോലും. പുറമേ റെക്കോർഡ് ചെയ്ത ശബ്ദങ്ങളും ഉപയോഗിക്കുന്നു! ഒരു ടീം യാത്ര പൂർത്തിയാക്കാൻ ഏതാണ്ട് 10 മിനുട്ടെടുക്കും. എന്നിട്ടേ അടുത്ത ഗ്രൂപിന് കയറാൻ കഴിയൂ. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സിൽ ബോധ്യപ്പെടലുകൾ പതിപ്പിക്കുന്ന വലിയൊരു സന്ദേശമാണ് 'കാഴ്ച'.


'കാഴ്ച'യെ പല രൂപത്തിൽ അനുഭവിച്ചവരുണ്ടാകാം. ഇരുൾ ആധിപത്യമുറപ്പിച്ച ആ വലിയ മുറിയിൽ അല്പം മുന്നോട്ടു നീങ്ങിയപ്പഴേ എൻറെ മനസ്സു തപിക്കാൻ തുടങ്ങിയിരുന്നു; ചങ്കു വേദനിക്കാനും. കട്ട പിടിച്ച ആ ഇരുട്ടിൽ ഞാൻ വിങ്ങി വിങ്ങിക്കരയുകയായിരുന്നു. ഒരായിരം വട്ടം ഞാനെന്റെ നാഥനെ സ്തുതിച്ചു. പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാൻ വല്ലാതെ പാടു പെട്ടു. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!

Monday, December 23, 2013

ഒളിച്ചോടുന്നവരോട്

ഓർമ്മകളുടെ ശീതക്കാറ്റടിച്ച്
കണ്ണുകൾ കലങ്ങുമ്പോൾ
മനസ്സിൻറെ  ആഴങ്ങളിൽ
സങ്കടങ്ങളുടെ തിരയുണരും

ചിലപ്പോൾ
തൊണ്ടയുടെ ഉള്ളറകളിൽ
നോവിന്റെ മുള്ളുകൾ
ജനിച്ച് മുട്ടിലിഴയും

കാലുകൾ കുഴഞ്ഞ്
മഷിത്തണ്ടു പോലെ
ദുർബലപ്പെട്ട്
മെല്ലെ ഉലഞ്ഞാടും

ഇടക്കൊക്കെ
പതിവു താളം വിട്ട്
ഹൃദയം സ്വയമൊരു
പെരുമ്പറക്ക് കച്ച മുറുക്കും

മൗനത്തിന്റെ
ആഴമേറിയ കയങ്ങളിൽ
നൊമ്പരങ്ങളുടെ സാഗരം                                        
ഇരമ്പിയൊടുങ്ങും

കണ്ണീരും നോവും
വിരുന്നെത്താത്ത
വരണ്ട ജീവിതത്തി-
നെന്തു രുചി?

കയ്പു ചാലിച്ച
അനുഭവങ്ങളും
ഉപ്പേറിയ വാർത്തകളും
നമ്മെ വിണ്ടു കീറുകയല്ല
ബലപ്പെടുത്തുകയാണ്!

 Published @ Pravasi Varthamanam 12.12.13

Wednesday, December 18, 2013

അറബി ഭാഷയുടെ മലയാളപ്പെരുമ

മലയാള മണ്ണും അറേബ്യയും തമ്മില്‍ അതിപുരാതനമായ വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നത്‌ ചരിത്രവും വസ്തുതയുമാണ്. പ്രാചീനകാലം മുതൽ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി കടല്‍വഴിയും കരവഴിയും അറബികള്‍ക്ക്‌ ബന്ധമുണ്ട്‌. പോര്‍ച്ചുഗീസ്‌ അധിനിവേശത്തിന്‌ മുമ്പ്‌ മലബാര്‍ തീരത്തെ കച്ചവട മേധാവിത്വം അറബി വ്യാപാരികൾക്കായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ  ഈ ബന്ധം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി.  മുഹമ്മദ്‌ നബിക്ക്‌ മുമ്പുള്ള അറബിക്കവിതകളിലും സഞ്ചാര കഥകളിലും യാത്രാ വിവരണങ്ങളിലും  അതിന്റെ സൂചനകളുണ്ട്‌. ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം തന്റെ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ അറബികളുടെ വരവിനെ പരാമർശിക്കുന്നുണ്ട്. 

അറബികളുമായുള്ള കേരളീയരുടെ ബന്ധം വെറും വ്യാപാരം എന്നതിനപ്പുറം വിവാഹ-കുടുംബ  ബന്ധങ്ങളിലേക്കു വരെ വ്യാപിച്ചു. അത് കൊണ്ടുതന്നെ ആശയ വിനിമയത്തിൽ  അറബി മലയാളം എന്ന പുരാതന ശൈലിക്ക് ആ ബന്ധങ്ങളോളം തന്നെ പഴക്കവുമുണ്ട്. മലയാള ഭാഷക്ക് അംഗീകൃതമായ ലിപി സമ്പ്രദായം ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം പ്രചാരം നേടിയത്. ഗ്രന്ഥ രചനക്കും ബോധന മാധ്യമമായും അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. അറബി ലിപി ഉപയോഗിച്ചുള്ള തമിഴ് മലേഷ്യൻ മഹൽ തുർക്കിഷ് ഭാഷകളും മറ്റിടങ്ങളിൽ രൂപപ്പെട്ടിരുന്നു.  അറബി മലയാളത്തിൽ നിന്ന് പുരോഗമിച്ച്  ശുദ്ധ ഭാഷാ കൈമാറ്റത്തിലേക്കും സാംസ്കാരിക വിനിമയത്തിലേക്കും വളർന്നു വികസിച്ച രണ്ട് ഭൂപ്രദേശങ്ങളുടെ ഈടുറ്റ ബന്ധമാണ്പി ന്നീട് ചരിത്രം കുറിച്ചു വെച്ചത്. ഓളങ്ങളെ മുറിച്ച് കാറ്റിന്റെ ആനുകൂല്യത്തിൽ തെന്നി നീങ്ങിയ പായ്ക്കപ്പലുകളുടെ കാലത്തോളം നീളുന്ന ബന്ധം അറബി ഭാഷക്ക് മലയാളക്കരയുമായുണ്ട്. അതിപ്പോഴും തുടരുന്നു. അറബിക്കടലിന്റെ അതി വിദൂരത പോലും ആ ബന്ധങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയുടെ പ്രവാസം ഈ ബന്ധത്തെ ബലപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ ജന്മംകൊണ്ട ഈ ഭാഷ നാവിക വാണിജ്യ സാംസ്കാരിക ബന്ധങ്ങളിലൂടെ കരയും കടലും കടന്ന്‌ വിവിധ നാടുകളില്‍ ചെന്നെത്തി. ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ ഇസ്‌ലാമിന്റെ വ്യാപനവും വിശുദ്ധ ഖുര്‍ആന്റെ പഠനവും വഴിയാണ്  സെമിറ്റിക്  ഭാഷയായ അറബി  വ്യാപകമായി ഇതര ദിക്കുകളിൽ  പ്രചരിച്ചത്. 

നോഹ (നൂഹ്) പ്രവാചകന്റെ കാലത്തെ ജലപ്രലയത്തിനു ശേഷം അവശേഷിച്ച  സന്തതികളില്‍ ശാം എന്ന പുത്രന്റെ സന്താന പരമ്പരയിലുള്ള ജനവിഭാഗ മാണ് ചരിത്രത്തിൽ സെമിറ്റിക്കുകള്‍ എന്നറിയപ്പെട്ടത്. ഇവരില്‍ ഇറാഖ് സിറിയ ഫലസ്ത്വീന് അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ താമസിച്ചിരുന്ന സെമിറ്റിക്കുകള്‍ സംസാരിച്ചിരുന്ന ഭാഷയാണ് അറബിക്. അതുകൊണ്ടു തന്നെയാണ്  അവര്‍ അറബികൾ എന്നറിയപ്പെട്ടതും. ഹീബ്രു, അരാമിക് ഭാഷകലളുമായി ബന്ധപ്പെട്ട്  കിടക്കുന്ന ഒന്നാണിത്. ഭാഷാ ചരിത്ര ഗവേഷകന്മാരുടെ കാഴ്ചപ്പാടില്‍ വടക്ക് ഒറോന്തസ് (സിറിയയിലൂടെ ഒഴുക്കുന്ന നദി) മുതല്‍ തെക്ക് സിനായ് വരെയും  കിഴക്ക് മധ്യ ധരണ്യാഴി വരെയും വ്യാപിച്ചു കിടന്നിരുന്ന കന്‍ആന്‍ പ്രദേശത്തുകാരുടെ ഭാഷയുമായി അറബി ഭാഷക്ക് പൊക്കിൾ കൊടി ബന്ധമുണ്ട്.  ക്രി. മു 3000 ല്‍ മധ്യ അറേബ്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സെമിറ്റിക് ഗോത്രക്കാരാണ് ഇവിടുത്തെ ആദിമ നിവാസികൾ. സെമിറ്റിക്ക് ഭാഷാ കുടുംബത്തില്‍ അറബി ഭാഷയാണ് പ്രമുഖം. സുന്ദരന്‍മാരും വിരൂപികളും വെളുത്തവരും കറുത്തവരും നീണ്ടവരും കുറിയവരും പരിഷ്കൃതരും അപരിഷ്കൃതരും എല്ലാം അറബികള്‍ക്കിടയിലുണ്ട്. പ്രകൃതിയിലും ആകാരത്തിലും വിശ്വാസത്തിലും ജീവിത രീതികളിലും വ്യത്യസ്തരാണെങ്കിലും പൊതു  ഭാഷ അവരെ എകീകരിക്കുന്നു. ഭൂമിശാസ്‌ത്രത്തിന്റെ അതിര്‍ത്തികള്‍ക്കതീതമായി ജനകോടികളെ സ്വാധീനിക്കാൻ അറബി ഭാഷക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.


1948 ൽ  ലബനോൻ തലസ്ഥാന നഗരിയായ ബൈറൂത്തിൽ നടന്ന യുനസ്കോയുടെ മൂന്നാമത് ജനറൽ കോണ്‍ഫറൻസിലാണ് ഇംഗ്ലീഷിനും ഫ്രെഞ്ചിനോടുമോപ്പം മൂന്നാമത്തെ ക്രയ ഭാഷയായി അറബിയെ അംഗീകരിച്ചത്. റഷ്യൻ സ്പാനിഷ്‌ ചൈനീസ് ഭാഷകൾ പിന്നീട് ഈ ഗണത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. 1973 ഡിസംബർ 18 ന്  യു എൻ ജനറൽ അസ്സംബ്ലി അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയും എല്ലാവർഷവും ഡിസ: 18 ലോക അറബി ഭാഷാ ദിനമായി ആചരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇരുപത്തിനാല് രാഷ്ട്രങ്ങളിലായി ഏതാണ്ട് 420 മില്യന്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്‌ ഇന്ന് അറബിക്‌. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ ഈ ഭാഷ ഉപയോഗിക്കുന്ന പരകോടി ജനങ്ങള്‍ വേറെയുമുണ്ട്‌. വിശുദ്ധ ഖുർആനിന്റെ  ഭാഷയായതിനാല്‍ ലോകത്തെ ഇരുനൂറിൽ പരം രാജ്യങ്ങളിലുള്ള  മുസ്‌ലിംകള്‍ അറബി ഭാഷ പ്രാഥമികമായെങ്കിലും ഉപയോഗിക്കുന്നു. 2010 സെന്‍സസ്‌ പ്രകാരം 162 കോടി മുസ്‌ലിംകൾ ലോകത്തുണ്ട്.  ലോകജനസംഖ്യയുടെ ഏതാണ്ട്‌ 25 ശതമാനം. അറേബ്യൻ ഉപഭൂഖണ്ഡത്തിലും വടക്കൻ  ആഫ്രിക്കൻ രാജ്യങ്ങളിലും അറബി എല്ലാ വിഭാഗം ജനങ്ങളുടെയും സംസാര ഭാഷയുമാണ്‌.  നാലായിരത്തില്‍ പരം വര്‍ഷം പഴക്കമുണ്ടായിട്ടും അനേകം തലമുറകളായി ലക്ഷോപലക്ഷം ജനസമൂഹങ്ങള്‍ കൈകാര്യം ചെയ്‌തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ പ്രാധാന്യത്തിനോ ഒട്ടും മങ്ങലേൽക്കാതെ അറബി ഭാഷ ഇന്നും അതിന്റെ തനിമ കാക്കുന്നു. 

മധ്യകാല നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത്‌ എഴുതപ്പെട്ട ശാസ്‌ത്ര-സാങ്കേതിക-വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ അറബിഭാഷയില്‍ ലോകത്തിന്‌ ലഭ്യമാക്കാനും ഗ്രീക്ക്‌ ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്‌ത്‌ ലോകത്തിന്‌ സമ്മാനിക്കാനും അറബി ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. വാസ്‌കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിനുപയോഗിച്ചിരുന്ന  ഭൂപടങ്ങളുടെ  ഭാഷ അറബിയായിരുന്നു. പോര്‍ത്തുഗീസ്‌ കപ്പിത്താന്‍ കബ്‌റാള്‍ 1500 സപ്‌തംബറിൽ  സാമൂതിരി രാജാവിന്‌ നല്‍കിയ പോര്‍ത്തുഗീസ്‌ രാജാവിന്റെ കത്ത്‌ അറബിഭാഷയിലുള്ളതായിരുന്നു. ആള്‍ജിബ്രയുടെയും അരിത്‌മാറ്റിക്‌സിന്റെയും അടിസ്ഥാന ഭാഷയും അറബി തന്നെയാണ്. ഭൂമുഖത്ത്‌ ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയും അറബി തന്നെ. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുറ്റ ഭാഷ എന്ന നിലയിൽ  അറബി ഭാഷ മറ്റു ഭാഷകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. 


മലയാളക്കരയിലെ കോഴിക്കോട് കേരള  കണ്ണൂര്‍  മഹാത്മാഗാന്ധി ശ്രീശങ്കരാചാര്യ എന്നീ അഞ്ച് സർവ്വകലാശാലകളിൽ അറബിയില്‍ ബിരുദാനന്തര  ഗവേഷണ സൗകര്യമുണ്ട്‌. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി  ജാമിഅ മില്ലിയ, ഡല്‍ഹി യുനിവേഴ്‌സിറ്റി, അലീഗര്‍  തുടങ്ങി ഒട്ടനേകം യൂനിവേഴ്‌സിറ്റികളിലും  അറബിയില്‍ ഗവേഷണ സൗകര്യമുണ്ട്‌. കേരളത്തിലെ ആറായിരത്തിലധികം സ്‌കൂളുകളില്‍ പതിനായിരത്തിലധികം അധ്യാപകര്‍ അറബി ഭാഷ പഠിപ്പിക്കുന്നു. സംസ്ഥാനത്തെ അഞ്ച് ഓറിയന്റൽ സ്കൂളുകളിൽ അറബിക് പ്രധാന പഠന വിഷയമാണ്. പതിനൊന്ന്‌ എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും ഇരുപതിലധികം അണ്‍എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും ആയിരക്കണക്കിന്‌ മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ചും മദ്‌റസകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തില്‍ വിവിധയിടങ്ങളിൽ നിന്നായി പത്തിലധികം അറബി മാസികകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. 

ഹിജ്‌റ 885-ല്‍ വിട വാങ്ങിയ കോഴിക്കോട്‌ ഖാസി അബൂബക്കര്‍ ശാലിയാത്തി അതി സുന്ദരമായ അറബി കവിതകളുടെ രചയിതാവാണ്‌. വിശ്രുതനായ ചരിത്ര പുരുഷൻ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ കവിതകള്‍ അറബികള്‍ക്കു പോലും ഏറെ പ്രിയങ്കരമായിരുന്നു. കേരളീയ ചിഹ്‌നങ്ങളും പദങ്ങളും സാംസ്കാരിക അടയാളങ്ങളും കൊണ്ട്‌ അറബിക്കവിതയെ പുണർന്ന പ്രതിഭാശാലിയാണ്‌ വെളിയങ്കോട്‌ ഉമര്‍ഖാദി.  കേരളീയ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ നഖചിത്രങ്ങളാണ്‌ ഉമര്‍ ഖാദിയുടെ കവിതകള്‍. പെരുമ്പടവം ശ്രീധരന്റൈ പ്രസിദ്ധ നോവല്‍ ‘ഒരു സങ്കീര്‍ത്തനം പോലെ’ ഇംഗ്ലീഷ് വഴിയാണ് അറബിയിലെത്തിയത്. ഭാരതീയ ദാര്‍ശനികന്മാര്‍ സംസ്‌കൃതത്തിലെഴുതിയിരുന്ന ഗണിതശാസ്ത്രം സാഹിത്യം വൈദ്യം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 


ഖലീഫ ഹാറൂണ്‍ റഷീദിന്റെയും ഖലീഫ മന്‍സൂറിന്റെയും കാലഘട്ടങ്ങളിൽ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ താമസിച്ച് സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതിഹാസം, വേദോപനിഷത്തുക്കള്‍, വൈദ്യശാസ്ത്രം, ജോതിശാസ്ത്രം, ഗണിതശാസ്ത്രം, അര്‍ത്ഥശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രസിദ്ധ ഇന്ത്യന്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെല്ലാം തലമുറകളിലൂടെ നില നിന്ന അറബി  സംസ്‌കൃത പണ്ഡിതന്മാരുടെ യോജിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് അറബിയിലേക്ക് മാറിയത്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയും ഇബ്നു ഖല്‍ദൂനിന്റെ ‘മുഖദ്ദിമ’യും മലയാളത്തിലേക്കും ഇന്ത്യന്‍ ക്ളാസിക്കുകളായ രാമായണം മഹാഭാരതം പഞ്ചതന്ത്രം  മുതലായവ അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ‘ചെമ്മീന്‍’ അറബി പരിഭാഷ ഈ മേഖലയിൽ തിളങ്ങുന്ന അധ്യായമാണ്. മലയാളിയുടെ വായനാനുഭവത്തെ സാന്ദ്രമാക്കിയ ആടു ജീവിതം അറബിയിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ലോക അറബി ഭാഷാ ദിനത്തിൻറെ ഊഷ്മളതയിൽ ഈ ബന്ധം കൂടുതൽ ശക്തമാകട്ടെ എന്നു പ്രത്യാശിക്കാം.

(ലോക അറബി ഭാഷാ ദിനത്തിൽ (18.12.13) മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചു )

Tuesday, December 10, 2013

കടം തരുമോ?

കരുത്തുള്ള വാക്കുകൾ
കൂട്ടിനു കിട്ടിയാൽ
ഗതകാലം ചികയാം
താഴിട്ടു പൂട്ടിയ
ഓര്മ്മകളുടെ
ചെപ്പു തുറക്കാം
മറവിയുടെ മാറാലകൾ
വകഞ്ഞു മാറ്റി
മനസ്സിൻറെ ഭിത്തികളിൽ
മഞ്ഞു പെയ്യിക്കാം


മാതാവിൻറെ മടിയിൽ
തല ചായ്ക്കാം
കൊച്ചു പെങ്ങളുടെ
വാത്സല്യമറിയാം
അനുഭവങ്ങളുടെ നനുത്ത
പടവുകളിറങ്ങി
ബാല്യമെന്ന
പൊയ്കയിൽ
ചാടിക്കുളിക്കാം
മഴവെള്ളത്തിൽ
കാടലാസു തോണിയിറക്കാം
കുഞ്ഞു കിളികളോട്
കിന്നാരം പറയാം
സ്നേഹത്തിന്റെ
കളിവീടു പണിയാം

ഉപ്പുകൂട്ടി പച്ചമാങ്ങ
പകുക്കാം
കുറ്റിപ്പൊന്തയിലെ
മുള്ളുകൊണ്ട്
ചുള്ളിക്ക പറിക്കാം
മരച്ചില്ലകളിൽ
ഊഞ്ഞാലു കെട്ടാം
പാടവക്കിലിരുന്ന്
മീൻ പിടിക്കാം
കൊയ്തൊഴിഞ്ഞ പാടത്ത്
കാൽപന്തു കളിക്കാം
പൊട്ടിയ ഭരണിയിൽ
നിന്ന് ഉപ്പുമാങ്ങ
മോഷ്ടിക്കാം

മൂന്നാം ക്ലാസ്സിലെ
കാലൊടിഞ്ഞ
ബെഞ്ചിലിരിക്കാം
പുതിയ പുസ്തകങ്ങളുടെ
സ്നേഹ ഗന്ധം
വീണ്ടുമറിയാം
സ്കൂൾ മുറ്റത്ത്
കളിക്കൂട്ടങ്ങളൊരുക്കാം
മാനം കറുക്കുമ്പോൾ
പരിഭവിക്കാം
കണക്കു മാഷുടെ
തല്ലു കൊള്ളാം
മുറിഞ്ഞ പെൻസിൽ
കയ്യിൽ പിടിച്ച്
കണ്ണീരു വാർക്കാം

പറങ്കിമാവും
നെല്ലി മരവും
ഞാവൽ പഴവും
തേടി അലയാം
കുന്നുകൾ താണ്ടാം
കുളങ്ങളിൽ കൂത്താടാം
ഇടവഴികളിലും
മരത്തണലിലും
പുനർജനിക്കാം
ജീവിതത്തിൻറെ
പടിയിറങ്ങിപ്പോയ
കളിക്കൂട്ടുകാരനെയോർത്ത്
വിങ്ങിക്കരയാം
മനസ്സിന്റെ
വരണ്ട മുറിവുകളിൽ
ആ കണ്ണീരു പുരട്ടാം

ഓർമ്മകളുടെ
തുലാവർഷം
തീർക്കുന്ന
മഴ കൊണ്ട്
നനഞ്ഞു കുതിരാം

കരുത്തുള്ള വാക്കുകൾ
കടം തരുമോ?

Sunday, September 22, 2013

കൊലപാതകങ്ങളുടെ മന:ശാസ്ത്രം?

സർക്കാർ ജോലി ലഭിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്ന മകൻ ഒരു സിനിമാ കഥാപാത്രം മാത്രമായിരുന്നെങ്കിൽ ഇന്ന് അതും യാഥാർത്യമായി പുലരുന്നുണ്ട്. ബീഹാറിലെ മുങ്കര്‍ ജില്ലയിൽ നിന്ന്  ഈ വർഷം  ജൂലായ് 18 നാണ് സമാന സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. റെയില്‍വേയിൽ  ജോലി കിട്ടുന്നതിനു വേണ്ടി സ്വന്തം അച്ഛനെ മകന്‍ വാടകക്കൊലയാളിയെ വിട്ട് കൊലപ്പെടുത്തുകയായിരുന്നു. ജമല്‍പുര്‍ റെയില്‍വേ വര്‍ക്ക് ഷോപ്പിലെ സീനിയര്‍ ടെക്‌നീഷ്യന്‍ ആയിരുന്ന ഉപേന്ദ്ര മണ്ഡല്‍ ആണ്  കൊല്ലപ്പെട്ടത്. ഗര്‍ഹി വില്ലേജിലെ താമസക്കാരനായ അനില്‍ കുമാര്‍ എന്ന വാടകക്കൊലയാളിയാണ് ഉപേന്ദ്ര മണ്ഡലിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉപേന്ദ്ര മണ്ഡലിന്റെ മകന്‍ സദാനന്ദ് മണ്ഡലാണ് കൊലപാതകത്തിന് പിന്നിലെന്ന്‌ തെളിഞ്ഞത്. റെയില്‍വേ ഉദ്യോഗസ്ഥാനായ പിതാവ് സര്‍വ്വീസിലിരിക്കെ മരിച്ചാല്‍ തനിക്ക് ആ ജോലികിട്ടുമെന്ന കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ്  അച്ഛനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മൂത്ത മകനായ സദാനന്ദ് മണ്ഡല്‍ പോലീസിനോട് സമ്മതിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്‍കാത്തതിനാണ് ഉത്തർപ്രദേശിലെ  ബാല്ല്യ ജില്ലയിലെ ഖൈറ നിഫ്കി ഗ്രാമത്തില്‍ കഴിഞ്ഞ ജൂലൈ മാസത്തിൽ  ശിവാനന്ദ് ഗിരി എന്ന അറുപത്തിരണ്ടുകാരൻ  മകന്റെ കൈകളാൽ കൊല്ലപ്പെട്ടത്.  ഉത്തരേന്ത്യൻ ഉൾനാടൻ ഗ്രാമങ്ങളിൽ മാത്രം കേട്ടിരുന്ന ഇത്തരം സംഭവങ്ങൾ ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. 

കഴിഞ്ഞ മാസം മണിമലയ്ക്കു സമീപം പഴയിടത്ത്  കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ട ദമ്പതികളായ  ഭാസ്കരന്‍ നായരുടെയും തങ്കമ്മയുടെയും അടുത്ത ബന്ധുവായ അരുണ്‍ ശശിയാണ് പിന്നീട് പ്രതിയായി  പിടിയിലായത്. സഹോദരനും സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത  പരിയാരത്തെ നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയെ സ്വന്തം മകന്‍ രഞ്ജിത്  വിഷം നല്‍കി കൊന്ന് കുഴിച്ചുമൂടിയത്  2011 ഒക്ടോബര്‍ ഒമ്പതിനാണ്.  രഞ്ജിത്തും രഞ്ജിത്തിന്‍റെ സഹോദരിയും തമ്മിലുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്ത മാലതിയ്ക്ക് രഞ്ജിത് ബലമായി വിഷം നല്‍കുകയായിരുന്നു. അമ്മ വിഷം കഴിച്ചു മരിച്ചു എന്നും ആരും അറിയാതെ ജഡം മറവു ചെയ്യാമെന്നും പിതാവ് മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞെങ്കിലും ബന്ധുക്കളെ ഈ വിവരം അറിയിക്കണമെന്ന് മാധവന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്ത സഹോദരങ്ങള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ആദിവാസി യുവാക്കളെ കൊണ്ട് കമ്പോസ്റ്റ്  കുഴി ഉണ്ടാക്കി  മാതാവിന്‍റെ ജഡം ഈ കുഴിയില്‍മറവു ചെയ്യുകയായിരുന്നു. അമ്മ എറണാകുളത്ത് ചികിത്സയ്ക്കായി പോയിരിക്കുകയാണെന്ന് അയല്‍വാസികളെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അയല്‍ക്കാരനായ പ്രതാപചന്ദ്രന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തോടെ  കൊലപാതക രഹസ്യം പുറത്താവുകയാണുണ്ടായത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012 ല്‍ രാജ്യത്ത് മൊത്തം നടന്ന കൊലപാതകങ്ങള്‍ 34,434 ആണ്. ഇതില്‍ കൊലപാതക കാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് 13,448 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 3,877 കൊലപാതകങ്ങളും വ്യക്തി താല്പര്യങ്ങളുടെ പുറത്ത് നടന്നിട്ടുള്ളതാണ്. 3,169 കൊലപാതകങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമായിരുന്നു. 2,549 കൊലപാതകങ്ങള്‍ നടന്നത് പ്രണയത്തിന്റേയും സെക്‌സിന്റേയും പേരിലാണ്.  വ്യക്തി താല്പര്യങ്ങൾക്കും വൈരാഗ്യത്തിനും വസ്തു തര്‍ക്കത്തിനും തൊട്ടു താഴെ കൊലപാതക കാരണങ്ങളില്‍ പ്രണയം വില്ലനായി വരുന്നുണ്ട്. സാമ്പത്തിക ദുരയും വഴിവിട്ട താല്പര്യങ്ങളും ദുര്മോഹവുമാണ് അടിസ്ഥാനപരമായി ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാനുള്ളത്. ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സംസ്ഥാനം മുൻപന്തിയിലുണ്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2012 ലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം ആദ്യ സ്ഥാനങ്ങളുടെ ക്രമത്തിൽ   കേരളം  (455.8), മധ്യപ്രദേശ് (298.8), തമിഴ്നാട് (294.8) എന്നിങ്ങനെയാണ് ക്രൈം റേറ്റ്.    

ഏവരും വാഹനാപകടം ആണെന്ന് ആദ്യം കരുതിയ ദുരന്തമാണ്  കഴിഞ്ഞ നോമ്പു കാലത്ത് അരീക്കോട്‌ ആലുക്കലില്‍ സ്‌കൂട്ടര്‍ വെളളക്കെട്ടിലേക്ക്‌ മറിഞ്ഞ്‌ ഉമ്മയും രണ്ടു മക്കളും മരിച്ച സംഭവം. പോലീസിന്റെ അന്വേഷണത്തില്‍ ഇത് ആസൂത്രിത കൊലയെന്ന് ഉടൻ തെളിഞ്ഞു. മറ്റൊരു വിവാഹം കഴിക്കാനും ഭാവിയിൽ മക്കൾ ബാധ്യത അകാതിരിക്കാനുമാണ് കുടുംബ നാഥൻ  ഈ  ആസൂത്രിത കൂട്ടക്കൊല നടത്തിയത്. ഭാര്യയുടെയും മക്കളുടെയും പേരിൽ ഇന്ഷുറന്സ് പോളിസികൾ വരെ കൊലപാതകി മുഹമ്മദ്‌ ഷരീഫ് തയ്യാറാക്കി വെച്ചിരുന്നു. ഏഴും അഞ്ചും വയസുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയെ മർദ്ദിച്ചവശയാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തി കക്കൂസ് ടാങ്കിൽ മൂടിയ കേസിൽ നെടുമങ്ങാട്ടുള്ള വേട്ടമ്പള്ളി തവലോത്തു കോളനിയിലെ ഓട്ടോ ഡ്രൈവർ ആന്റണിയെ പൊലീസ് അറസ്​റ്റു ചെയ്​ത വാർത്ത നാം മറന്നിട്ടില്ല. ഇതിൽ മദ്യമായിരുന്നു വില്ലൻ!. ഇത്തരം അനവധി സംഭവങ്ങൾക്കു പുറമെയാണ് രാഷ്ട്രീയ ഗോഥയിൽ  അരങ്ങേറുന്ന ക്രൂരമായ കൊലകൾ. 

നാട്ടിലും വിദേശത്തും ഒരു പോലെ ഞെട്ടലുണ്ടാക്കിയ കൊലപാതകമാണ് ഈ മാസം ഷാര്‍ജയിൽ  അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ അബൂബക്കര്‍ കുത്തേറ്റുമരിച്ച സംഭവം. പിടിയിയിലായത് അതേ സ്ഥാപനത്തിൽ  ജോലി ചെയ്യുന്ന കണ്ണൂര്‍ കൊളച്ചേരി സ്വദേശി  അബ്ദുല്‍ബാസിത് എന്ന ഇരുപത്തിമൂന്നുകാരനാണെന്നത് വലിയ ഞെട്ടലോടു കൂടിയാണ് പുറം ലോകം ശ്രവിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന ബാസിത്തിന്റെ പിതാവ് മൊയ്തീന്‍കുഞ്ഞിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊല്ലപ്പെട്ട അബൂബക്കര്‍ തന്നെയാണ് വിസ നല്‍കി ബാസിത്തിന്  സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി നല്‍കിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ബാസിതിന്  സഹോദരിയുടെ കല്യാണത്തിന് പത്തുദിവസം നാട്ടില്‍ പോകാനായി ലീവ് നല്‍കുകയും കല്യാണ ആവശ്യത്തിനായി സാമ്പത്തികസഹായം നല്‍കുകയും ഇനിയും വേണ്ടത് ചെയ്യാമെന്ന് അബൂബക്കർ പറയുകയും ചെയ്തിരുന്നു. ഒരു സാധാരണ മലയാളി യുവാവിന് എങ്ങിനെ ഇത്ര ക്രൂരനാകാൻ കഴിഞ്ഞു എന്ന ചോദ്യം അവശേഷിക്കുന്നു.  മനുഷ്യ ബന്ധങ്ങളെയും പരസ്പര വിശ്വാസത്തെയും കാറ്റിൽ പറത്തുന്ന ഇത്തരം സംഭവങ്ങൾ നാട്ടിലും പുറത്തും വ്യാപകമാകുന്നു എന്നതാണ് സമകാല ചിത്രം. ഇത് കേരളീയ കുടുംബങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്നുണ്ട്.

മദ്യ ലഹരിയിലോ നൈമിഷിക വികാരങ്ങളുടെ വേലിയേറ്റത്തിലോ നടക്കുന്ന കൊലപാതകങ്ങളെക്കാൾ കൂടുതൽ ആസൂത്രിത കൊലപാതകങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതിൽ ഭൂരിഭാഗവും സാമ്പത്തിക ലാഭങ്ങൾ ലാക്കാകി ഉള്ളവയാണെന്നും  കാണാൻ കഴിയും. പെട്ടെന്ന് പണക്കാരാവുകയെന്ന ദുർമോഹം സാർഥകമാക്കാനോ ഭൌതിക സുഖങ്ങളിൽ ആറാടുന്നതിനോ വേണ്ട പണത്തിനായി  കൂടപ്പിറപ്പിന്റെ നെഞ്ചിൽ വരെ കഠാരയിറക്കാൻ മടിക്കാത്ത സമൂഹമാണോ നാം? ആധുനിക ആഡംബര ജീവിതത്തിലും മാധ്യമങ്ങൾ നിറം തേച്ച് വിളമ്പുന്ന മോഹിപ്പിക്കുന്ന പരസ്യങ്ങളിലും അഭിരമിച്ച് സ്വപ്‌നങ്ങൾ മെനയുന്ന തരം താണ സംസ്കാരത്തിലേക്ക് നാം മൂക്കുകുത്തി വീണു എന്നിടത്താണ് പ്രശ്നത്തിന്റെ അടിവേരുള്ളത്. തൊലിപ്പുറത്തും അവയവങ്ങളിലും വരുന്ന രോഗങ്ങൾ നിർണ്ണയിക്കാനും ചികിത്സിക്കാനും എളുപ്പമാണ്. മനസ്സിനെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തലും ചികിൽസിക്കലും അത്ര എളുപ്പമല്ല.  പുറമെ സുന്ദരന്മാരും കുലീനരുമായി തോന്നിക്കുന്ന പലരും മനസ്സിൽ മാരക രോഗങ്ങൾ പേറി നടക്കുന്നവരാണെന്ന സത്യം തിരിച്ചറിയാനും ചികിത്സിക്കാനും സമൂഹം തയ്യാറാവണം. ഭരണ കൂടത്തിനും നിയമ പാലകർക്കും  പൊതു രംഗത്തും മത രംഗത്തുമുള്ള സംഘടനകൾക്കും സന്നദ്ധ കൂട്ടായ്മകൾക്കും കുടുംബങ്ങൾക്കും ഇതിൽ കൃത്യമായ റോളുണ്ട്. 

ഒരാളുടെ ദുർമോഹങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരുന്നത് ഒന്നോ അതിലധികമോ കുടുംബങ്ങളോ ഒരു ഗ്രാമം മുഴുവനോ ആയിരിക്കും. അവരുടെ ജീവിതം ആകെ അടിമേൽ മറിയുന്നു. ആ നഷ്ടവും വിങ്ങലും തലമുറകളോളം നീളുന്നു. കൊലപാതകിയുടെ  ഇഹലോക ജീവിതവും മരണാനന്തര ജീവിതവും  ഇരുളടയുന്നു. ഇരുമ്പഴിക്കുള്ളിൽ കൈവിരൽ കടിച്ചു കാലം കഴിക്കാനോ വധ ശിക്ഷക്കു കീഴ്പെടാനോ  അയാൾ വിധിക്കപ്പെടുന്നു. ഇക്കാലത്ത് നടക്കുന്ന കൊലപാതകങ്ങളിൽ അപൂർവ്വം എണ്ണങ്ങൾ ഒഴിച്ചു നിർത്തിയാൽ പ്രതികൾ കൃത്യമായി പിടിക്കപ്പെടുന്നുണ്ട് എന്ന ചിന്ത പോലും കുറ്റം ചെയ്യാൻ മുതിരുന്നവരെ അലട്ടുന്നില്ല എന്നത് ഏറെ കൗതുകരമാണ്.  കാൽ പന്തുകളിയിലെ തർക്കം മൂത്താണ് മലപ്പുറം ജില്ലയിലെ കുനിയിൽ പ്രദേശത്ത് ഒരു പാവം ചെറുപ്പക്കാരനെ കുത്തി വീഴ്ത്തിയത്.   ജാമ്യത്തിലിറങ്ങിയ കൊലപാതകികൾ പിന്നീട് സമാന രീതിയിൽ വധിക്കപ്പെട്ടു. കൊലപാതക പരമ്പരയിൽ ഒരു ഗ്രാമം മുഴുവൻ വിറങ്ങലിച്ചു പോയ  മഹാ ദുരന്തം! ആരെന്തു നേടി? നീറുന്ന കുറേ മനസ്സുകളിൽ  കരിയാത്ത കുറെ മുറിപ്പാടുകളല്ലാതെ!

"മറ്റൊരാളെ കൊന്നതിനു പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു". (ഖുർആൻ-5:32)  
(Published @ Varthamanam Daily- 22.09.13)

Monday, July 22, 2013

നോമ്പ്












അകം വിങ്ങുന്ന 
പശ്ചാതാപം 
മനസ്സിലെ 
കളകൾ 
പിഴുതെറിയണം 

ഉള്ളു നിറഞ്ഞ
പ്രാർത്ഥന
ജീവിതത്തെ
നനച്ച്
ഹരിതാഭമാക്കണം

എങ്കിൽ
നോമ്പുകാരന്റെ
ദിനരാത്രങ്ങൾ
സാർത്ഥകമായി!

Wednesday, June 19, 2013

ചരിത്രമുറങ്ങുന്ന അൽ ഉലയിലേക്ക്...

ചെറുപ്പം മുതലേ  മനസ്സിൽ ചേക്കേറിയ ഒരു ഭൂപ്രദേശം നേരിൽ കാണുക അവാച്യമായ അനുഭവമാണ്. അടുത്തറിയും തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന മരുപ്പരപ്പും അരികെ  തലയുയർത്തി നിൽക്കുന്ന  മലനിരകളും വഴി നീളെ  കൂടെ വരുമ്പോൾ  യാത്ര പിന്നെയും ഹൃദ്യമാകും. ലക്ഷ്യ സ്ഥാനം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഇടം കൂടിയാകുമ്പോൾ  ജിജ്ഞാസയും നമ്മോടു കൈകോർക്കും. 

മാമലകൾ സാക്ഷി...മുന്നിൽ അക'ബർ ചാലിയാർ  


ലോകത്തെ 157രാജ്യങ്ങളിൽ നിന്നായി ഏതാണ്ട്  962 സ്ഥലങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ഗണത്തിൽ സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്ര ഭൂമിയാണ്‌ മദായിന്‍ സ്വാലിഹ് എന്നറിയപ്പെടുന്ന അൽ  ഹിജ്‌ർ പ്രദേശം. 2008-ൽ കനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.  


ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ യാമ്പുവിൽ നിന്ന് യാമ്പു നഖൽ, അൽ ഈസ് വഴിയാണ് അൽ ഉലയിലേക്കുള്ള യാത്ര. ചെറിയ ഒറ്റവരിപ്പതയാണ്  പോക്കിനും വരവിനുമുള്ളത്. പാത ചെറുതെങ്കിലും വാഹങ്ങളുടെ   വേഗതക്ക് കാര്യമായ കുറവൊന്നുമില്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. മേഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ റോഡിനപ്പുറം കടക്കുക ഇവിടെ സാധാരണ കാഴ്ച. ഹൈവേകളിൽ ഇരുവശവും കാണുന്ന  കമ്പി വെലിയൊന്നും ഇത്തരം റോഡുകൾക്കില്ല.  പാവം ഒട്ടകങ്ങൾ രാത്രിയാകുമ്പോൾ  നമ്മെ അലോസരപ്പെടുത്തുന്ന ഭീകരന്മാരായെന്നു വരും!.   



യാത്രക്കിടയിൽ

പ്രവാചക നഗരിയായ മദീനയില്‍ നിന്ന് 325 കിലോമീറ്റര്‍ വടക്കു  മാറിയാണ് അൽ ഉല നഗരം.  അൽ വജ്ഹാണ് തൊട്ടടുത്ത എയർപോർട്ട്‌. അൽ ഉലയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാറകളുടെ രൂപഭാവങ്ങളും വർണ്ണ ഭംഗിയും വിസ്മയകരമായ കാഴ്ചയൊരുക്കി തുടങ്ങും. കാലത്തിന്റെ പരുക്കുകളും നൂറ്റാണ്ടുകളുടെ പ്രായം സമ്മാനിച്ച  അടയാളങ്ങളും  കലാപരമായി ഏറ്റുവാങ്ങി ഇന്നും ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളാണ് അൽ ഉല നഗരത്തിൽ നമ്മെ വരവേൽക്കുക. കാലത്തിന്റെ കരവിരുതും ശില്പ ചാരുതയും അവയിലൂടെ വായിച്ചെടുക്കാനാവും.  പ്രകൃതിയുടെ നിർമ്മാണ വൈദഗ്ദ്യത്തിൽ രൂപം കൊണ്ട ശില്‍പ താഴ്‌വരയാണ്‌ ചരിത്രമുറങ്ങുന്ന അൽ ഉല പട്ടണം. 
 അൽ ഉല

അൽ ഉല - മദായിൻ സാലിഹ് റോഡ്‌ 

അല്‍ ഉലയിൽ നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാൽ മദായിൻ സ്വാലിഹിലെത്താം. ചരിത്രത്തിന്റെ കനപ്പെട്ട ശേഷിപ്പുകളുള്ള മൂക താഴ്വര!. മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാറകൾ നമ്മെ പൌരാണിക കാലത്തേക്ക് കൈപിടിച്ചു നടത്തും. അവിടെ പ്രവേശിക്കുമ്പോൾ തന്നെ ഭയവും ആശ്ചര്യവും  ഇഴ ചേർന്ന വികാരം നമ്മെ വലയം ചെയ്യും. അതി ശക്തവാന്മാരായിരുന്ന ഒരു ജനപഥം വിട്ടേച്ചു പോയ കാർഷിക സമതലവും കാലത്തിന്റെ രുചി ഭേദങ്ങൾക്ക് മൂകമായി സാക്ഷി നില്ക്കുന്ന പ്രായം ചെന്ന പാറക്കെട്ടുകളും കുന്നുകളും. സഹസ്രാബ്ദങ്ങളുടെ അനുഭവം വിളിച്ചോതുന്ന ഈ പ്രദേശത്തിന്റെ സംരക്ഷണം പ്രകൃതി തന്നെ സ്വയം ഏറ്റെടുത്തപോലെ തോന്നും. പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും ഇന്ന് ഈ ചരിത്ര  ഭൂമിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.




പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇവിടെ ചെറുതും വലുതുമായ 132 ശിലാഭവനങ്ങളാണുള്ളത്. വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ 
സ്ഥാപിച്ചിട്ടുണ്ട് . വാഹങ്ങൾ ചെന്നെത്താവുന്ന വിധം റോഡുകൾ നിർമ്മിച്ചിട്ടുമുണ്ട്.



വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സ്വാലിഹ് നബിയുടെ ജനത വസിച്ചിരുന്ന  ഈ  താഴ്വര. തങ്ങളുടെ പ്രവാചകനെ  ധിക്കരിക്കുകയും അഹങ്കരിക്കുകയും ചെയ്ത കാരണത്താൽ ഘോരശബ്ദത്തോടെ നശിപ്പിക്കപ്പെട്ട  സമൂദ്  ഗോത്രത്തിന്റെ ആവാസകേന്ദ്രമായിരുന്നതു കൊണ്ടാണ് ഇവിടം മദായിൻ സ്വാലിഹ് എന്ന പേരിൽ പ്രസിദ്ധമായത്. സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നവരും പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുവരുമായിരുന്നു അതി ശക്തവാന്മാരായ സമൂദുകാർ. 



ദൈവ കല്പന ധിക്കരിക്കുകയും അവരിലെ ദൂതന്റെ പ്രവാചകത്വത്തിനു തെളിവായി അമാനുഷിക രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒട്ടകത്തെ വിലക്കു ലംഘിച്ച് അവർ അറുത്ത് കളയുകയും ചെയ്തു. ഒൻപത്  റൗഡി  സംഘങ്ങൾ ആ നഗരത്തിൽ  ഉണ്ടായിരുന്നതായി ഖുർആൻ പറയുന്നുണ്ട് . ധിക്കാരം അതിരു കടന്നപ്പോൾ ഘോര ശബ്ദം മൂലം അവർ നശിപ്പിക്കപ്പെടുകയാണുണ്ടായത് . ഏതാണ്ട് 5000 വര്ഷം മുന്പ്  ബി സി 3000 ത്തിനും 2500 നും ഇടയിലാണ്  സമൂദ്   ഗോത്രത്തിന്റെ കാലമായി ഗണിക്കപ്പെടുന്നത്. അറബികൾക്കിടയിൽ പ്രവാചക ആഗമനത്തിനു മുൻപു തന്നെ ഇവരെ കുറിച്ചുള്ള കഥകൾ നില നിന്നിരുന്നു.  



വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ കച്ചവടസംഘങ്ങള്‍ മദായിന്‍ സ്വാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തതായും  പുരാവസ്തുക്കള്‍ക്കിടയിലെ കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്വാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും ചരിത്രമുണ്ട്. അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമായതിനാൽ ദു:ഖത്തോടു  കൂടിയല്ലാതെ നിങ്ങളവിടെ പ്രവേശിക്കരുതെന്നും പെട്ടെന്ന് കടന്നു പോകണമെന്നും പ്രവാചകൻ നിർദേശിച്ചു.   




നരവംശ ശാസ്ത്ര പഠനങ്ങൾ പ്രകാരം പുരാത ജോർദാൻ കേന്ദ്രമായി ഭരണം നടത്തിയിരുന്ന നബ്ത്തികളുടെ രണ്ടാം പട്ടണമായാണ് മദായിൻ സ്വാലിഹ് അറിയപ്പെടുന്നത്.  ജോർദാനിലെ പുരാതന പെട്ര നഗരമായിരുന്നു അവരുടെ ആസ്ഥാനം. ഏതാണ്ട് ബി സി  312 ൽ പെട്ര നഗരം സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത് . 1985  മുതൽ  യുനെസ്കോയുടെ  ലോക പൈതൃക പട്ടികയിലും ഇപ്പോൾ പുതിയ ലോകാത്ഭുതങ്ങളിലും പെട്രയുണ്ട്. പീത വർണ്ണത്തിലുള്ള മലകൾ തുരന്നുള്ള നിർമ്മിതികളിലെ സ്തൂപങ്ങളും രൂപങ്ങളും രണ്ടിടത്തും ഒരേ ശൈലിയിലാണ്. പെട്രയല്ല മദായിൻ സ്വാലിഹാണ് നബ്തികളുടെ ഒന്നാം നഗരം എന്ന വാദവും നിലവിലുണ്ട്. പെട്രയിലെ നിർമ്മിതികളിൽ തൂണുകൾ വളരെ കൂടുതലായി  കാണപ്പെടുന്നു എന്നതും പ്രത്യേകതയാണ്. വിശുദ്ധ ഖുർആന്റെ വിവരണവും സൗദി ചരിത്ര പഠനങ്ങളും അനുസരിച്ച് സ്വാലിഹ് നബി നിയുക്തനായ ഹിജ്ർ പ്രദേശം ഇതു തന്നെയാണെന്നും മദാഇൻ സ്വാലിഹിൽ കാണുന്നത് സമൂദ് ഗോത്രത്തിന്റെ ശേഷിപ്പുകളാണെന്നുമുള്ള  ഉറച്ച പക്ഷമാണ്  മുസ്‌ലിംകൾക്കുള്ളത്. സമൂദ് ഗോത്രത്തിന്റെ  ശിലാ ഭവനങ്ങളിൽ നബ്തികൾ പില്കാലത്ത് തങ്ങളുടേതായ മാറ്റങ്ങൾ വരുത്തി എന്നു വിശ്വസിക്കുന്നതാവും കൂടുതൽ നീതി. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളിൽ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. 

പുരാതന പെട്ര നഗരം . ജോർദ്ദാൻ  

അൽ- ഖസ്'ന: പെട്രയിലെ പുരാതന ക്ഷേത്രം

നബ്ത്തികളുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രവും ഇടത്താവളവുമായിരുന്നു മദായിന്‍ സ്വാലിഹ് . തലസ്ഥാനമായ പെട്ര എ ഡി  106-ല്‍ റോമാ സൈന്യത്തോട് പരാചയപ്പെട്ടതോടെ  മദായിന്‍ സ്വാലിഹിന്റെ പ്രതാപവും അവസാനിച്ചുവെന്നാണ് ചരിത്രം. പില്‍ക്കാലത്ത് ദമസ്‌കസില്‍ നിന്ന്  മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയിലും  മദായിന്‍ സ്വാലിഹ് ഒരു  പ്രധാന കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷൻ കൂടിയായിരുന്നു ഇവിടം. ബന്ധപ്പെട്ട കെട്ടിടങ്ങളുടെയും റെയിലിന്റെയും എന്‍ജിന്റെയും ഭാഗങ്ങൾ അവിടെ നില നിർത്തിയിട്ടുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഞരമ്പു പോലെ പഴയ ഡമസ്കസ് മുതൽ മദീന വരെ നീണ്ടു കിടന്ന ചരിത്ര സഞ്ചാരത്തിന്റെ നാരോ ഗേജ്!



നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് കൃത്യമായ വിവരമില്ലെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതപ്പെടുന്നത്.  ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സ്വാലിഹും നിലംപൊത്തിയതിനുശേഷം ഈ പ്രദേശത്തെ പിന്മുറക്കാരായ നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിന്‍  ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പഴയ ഹിജ് ർ  നിവാസികളും പിൽകാലക്കാരായ നബ്ത്തികളും ചരിത്ര കുതുകികളുടെ മുൻപിൽ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഒട്ടേറെ വാതായനങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട് 




പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച അൽ- ഉല പുരാതന നഗരം അൽ ഉലയിലെ മറ്റൊരു കാഴ്ചയാണ്. 800 -ൽ പരംവീടുകളുടെ ഒരു സമുച്ഛയമാണിത്. കല്ലും മണ്ണും ഈത്തപ്പനത്തടിയുമൊക്കെ ഉപയോഗിച്ച് നിമ്മിച്ച ഈ വീടുകൾ പലതും മുകൾ നിലയുള്ളതാണ്. ചുവന്ന പാറയിൽ  ഉയരത്തിൽ നിർമ്മിച്ച കോട്ടയുടെ മുകളിൽ കയറിയാൽ പുരാതന നഗരവും ആധുനിക നഗരവും ഇരു വശങ്ങളിലായി കാണാം.  കോട്ടയുടെ അടിത്തറയുടെ പ്രായം 2600 വർഷമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  വീടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വഴികൾ മനോഹരമായി പ്ലാൻ ചെയ്തു നിർമ്മിച്ചിട്ടുണ്ട്. ആരവത്തോടും ആഹ്ലാദത്തോടും കൂടി ഒരു ജനത ഇപ്പോഴും അവിടെ ജീവിക്കുന്ന പോലെ തോന്നും. കോട്ടയുടെ മുകളിൽ കയറിയാൽ മുഴുവൻ ഭവനങ്ങളും ഒറ്റ ക്ലിക്കിൽ പകർത്താം.


സഹയാത്രികർ അൽ ഉല കോട്ടയുടെ മുകളിൽ 

അൽ- ഉല ഓൾഡ്‌ സിറ്റി  


പൌരാണികതയുടെ തുടിപ്പികൾ തേടിയുള്ള യാത്ര അതുല്യ അനുഭവമാണ്. ചരിത്രത്തെ തൊട്ടറിയലാണ്. കാലമെന്ന മഹാ പ്രവാഹത്തിൽ ലയിച്ചില്ലാതായ ജനപഥങ്ങളെ  അടുത്തറിയുമ്പോൾ ചരിത്രത്തിന്റെ ഇങ്ങേ തലക്കൽ ഒരർഥത്തിൽ നാം നമ്മെ തന്നെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. പിറകെ വരുന്ന സമൂഹങ്ങൾ നമ്മെ വായിക്കും. നിശ്വസിക്കും. ഈ ഒഴുക്ക് തുടർന്നു കൊണ്ടേയിരിക്കും.


 മുസഫർ അഹ് മദ്  'മരുഭൂമിയുടെ ആത്മകഥ' അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്‌. "മടങ്ങുന്നു. തൊഴിൾ ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തിൽ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടുകാരനുമാകണം. മരുഭൂമി താണ്ടാൻ കരുത്തുള്ള പേശികൾ വാങ്ങണം".  മടങ്ങുന്നു...