Monday, October 6, 2014

ഉള്ളുണര്‍ന്ന ഉമ്മുല്‍ഖുറാ

03.10.14 ന് സൗദിയിലെ 'മലയാളം ന്യൂസി'ൽ പ്രസിദ്ധീകരിച്ചത് 

ഹജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ "ഗ്രാമങ്ങളുടെ മാതാവ്' (ഉമ്മുല്‍ ഖുറാ) എന്നും മക്കയിലെ കഅ്ബാലയത്തെ "ചിരപുരാതന ഗേഹം' (അല്‍ബൈത്തുല്‍ അതീഖ്) എന്നുമാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഹജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ഇസ്‌ലാമില്‍ ആരാധനാ കര്‍മങ്ങള്‍ രണ്ടു തരമുണ്ട്. ശാരീരികമായ അധ്വാനം മുന്നിട്ടു നില്‍ക്കുന്നവയും സാമ്പത്തിക വിനിയോഗം മുഴച്ചുനില്‍ക്കുന്നവയും. ഹജില്‍ ഈ രണ്ട് വശങ്ങളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നതായി കാണാം. ത്വവാഫ്, സഅ്‌യ്, കല്ലേറ്, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ ശാരീരികാധ്വാനം കൂടുതല്‍ പ്രകടമാക്കുന്ന ചടങ്ങുകളാണ്. ഹജ് യാത്രക്ക് വേണ്ട സാമ്പത്തിക ചെലവുകള്‍, ബലി, ദാനധര്‍മങ്ങള്‍ എന്നിവയില്‍ സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ പ്രകടമാകുന്നു. ഹജിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതും അതു കൊണ്ടാവാം. മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളോ ദുര്‍വൃത്തികളോ ഇല്ലാതെ പൂര്‍ണമായ ഹജ് നിര്‍വഹിക്കുന്നവര്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലെ നൈര്‍മല്യം പ്രാപിക്കുന്നുവെന്ന് പ്രവാചക തിരുമേനി (സ) പഠിപ്പിച്ചു. സ്രഷ്ടാവും സൃഷ്ടിയുമായുള്ള ആത്മബന്ധത്തിന് ഊഷ്മളത നല്‍കുന്നതാണ് ഹജിന്റെ ഓരോ കര്‍മങ്ങളും. ശാരീരികവും മാനസികവും സാമ്പത്തികവുമായി സ്രഷ്ടാവിനോടുള്ള പ്രതിബദ്ധത പ്രകടമാകുന്ന വ്യത്യസ്തമായ ആരാധന.

ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതവും ഇസ്മാഈല്‍ നബിയുടെ ചരിത്രവും ഹജില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നുണ്ട്. അടിമയായ ഹാജറിന്റെ നൊമ്പരങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയും ഓര്‍ക്കാതെ ഒരാള്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കഴിയില്ല. കറുത്തവളും ആഫ്രിക്കന്‍ അടിമയും ദരിദ്രയും പിന്നെ സ്ത്രീയും. അവഗണിക്കപ്പെടാനുള്ള 'യോഗ്യത'യുടെ അടയാളങ്ങളായി സമൂഹം പരിഗണിക്കുന്ന എല്ലാം ഒത്തിണങ്ങിയ ഹാജറിന്റെ ജീവിതം ഹജിന്റെ ഏറ്റവും വലിയ ചരിത്ര പശ്ചാത്തലമാണ്. ഹാജർ നിന്ന ഇടങ്ങളിൽ എല്ലാ ഹാജിമാരും നിൽക്കുന്നു, ഓടിയ ഇടത്ത് ഓടുന്നു. അനശ്വരമായ ആദരം. ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ച് ജീവിതം ചരിത്രമാക്കി മാറ്റിയ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഓര്‍മകള്‍ ഒരിക്കലും ഇവിടെ വിസ്മൃതമാവുന്നില്ല.

നേരിന്റെ പാതയിലുള്ള സഞ്ചാരത്തില്‍ ഇബ്രാഹിം പ്രവാചകന്‍ അഗ്നികുണ്ഠത്തിലേക്ക് വരെ എറിയപ്പെട്ടു. സ്രഷ്ടാവിന്റെ നിര്‍ദേശമുണ്ടായപ്പോള്‍ സ്വന്തം മകനെ ബലികൊടുക്കാന്‍ തയ്യാറായി. നാടും വീടും പരിത്യജിച്ചു. സത്യത്തിന്റെ പ്രചാരണത്തിനായി ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത്, മക്ക എന്നീ പ്രദേശങ്ങള്‍ താണ്ടി. "അല്ലാഹുവിന്റെ ആത്മമിത്രം' (ഖലീലുല്ലാഹി) എന്ന പേരിനര്‍ഹനായി. കഅ്ബയും ഹജറുല്‍ അസ്‌വദും മഖാമു ഇബ്രാഹിമും ജംറകളുമെല്ലാം ആ ത്യാഗജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്നു. ഹിജ്‌റു ഇസ്മായിലും സഫയും മര്‍വയും സംസം കിണറുമെല്ലാം ഇസ്മായിലിന്റെയും ഹാജറ ബീവിയുടെയും ത്യാഗപൂര്‍ണമായ ജീവിതം അനുസ്മരിപ്പിക്കുന്നു. ആദര്‍ശശാലിയായ ഒരു നീഗ്രോ അടിമസ്ത്രീയെ ചരിത്രത്തിന്റെ ഉത്തുംഗതയിലേക്കുയര്‍ത്തിയ അധ്യായം കൂടിയാണ് ഹജില്‍ അനുസ്മരിക്കപ്പെടുന്നത്.


ഇസ്‌ലാമിലെ എല്ലാ ആരാധനകളും ഏത് സ്ഥലത്തും നിര്‍വഹിക്കാന്‍ അനുയോജ്യമാണെങ്കിലും വിശുദ്ധ ഹജ് കര്‍മം അതില്‍നിന്നും തികച്ചും വേറിട്ട അനുഭവമാണ്. ഏകദൈവാരാധനക്കായി ഭൂമിയില്‍ പണികഴിച്ച പ്രഥമ ഗേഹമായ വിശുദ്ധ കഅ്ബ മനുഷ്യചരിത്രത്തെ പരസ്പരം കണ്ണിചേര്‍ക്കുകയും പ്രവാചകന്മാരുടെ ജനതതിയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ദുല്‍ഹജ് ഒമ്പതിന് അറഫയില്‍ മുഴുവന്‍ ഹാജിമാരും ഒരേസമയത്ത് സമ്മേളിക്കുന്നത് അന്ത്യവിധി നാളിലെ മനുഷ്യ സാഗരത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

മനസ്സിലെ പാപക്കറകള്‍ കണ്ണീര് കൊണ്ട് കഴുകാന്‍ കൈകളുയര്‍ത്തി ഹാജിമാര്‍ കേഴുന്നത് മുഖ്യമായും അറഫാ സംഗമത്തിലാണ്. ഹജിന്റെ ഏറ്റവും പ്രധാന കര്‍മം കൂടിയാണ് അറഫ. രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും അതിരടയാളങ്ങളും ഭാഷാ വര്‍ണങ്ങളുടെ വൈവിധ്യങ്ങളും രൂപഭാവങ്ങളുടെ വ്യത്യാസങ്ങളും പരിഗണിക്കാതെ, ഒരേ സമയത്ത് ഒരേ സ്ഥലത്ത് ഒന്നിച്ചൊരുമിച്ചുകൂടി ഒരേ മനസ്സോടെ സര്‍വലോകരുടെയും രക്ഷകനായ തമ്പുരാനോട് സര്‍വലോകര്‍ക്കും വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഇതുപോലെ മറ്റെവിടെയാണ് കാണുക?

അറഫ എന്ന നാമകരണം ഈ സ്ഥലത്തിന് കിട്ടാന്‍ പല കാരണങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം നബി(അ)ക്ക് ജിബ്‌രീല്‍(അ) ഹജ് നിര്‍വഹിച്ചു കാണിച്ചുകൊടുത്ത ശേഷം അവിടെവെച്ച് അറഫ്ത (മനസ്സിലാക്കിയോ?) എന്ന് ചോദിച്ചറിഞ്ഞതിനാലാണെന്നും ആദമും ഹവ്വയും അവിടെവെച്ച് പരസ്പരം കണ്ടുമുട്ടി തിരിച്ചറിഞ്ഞതിനാലാണെന്നും മറ്റും അഭിപ്രായങ്ങള്‍ ഉണ്ട്. പ്രവാചകന്റെ ജീവചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഭാഷണങ്ങളില്‍ ഒന്നായിരുന്നു അറഫയിലേത്. കുന്നും കുഴിയും മലകളും നിറഞ്ഞു നില്‍ക്കുന്ന ശാന്തഗംഭീരമായ ഒരന്തരീക്ഷത്തില്‍ ഒരു ലക്ഷത്തില്‍പരം അനുയായികളെ സാക്ഷി നിര്‍ത്തി മനുഷ്യാവകാശങ്ങളുടെ മഹത്വം പ്രഖ്യാപിച്ച പ്രഭാഷണം. അപരന്റെ ധനവും രക്തവും അഭിമാനവും ഏറെ പവിത്രമാണെന്ന കനപ്പെട്ട സന്ദേശം കൈമാറിയാണ് പ്രവാചക തിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ത്വവാഫും സഅ്‌യും മിനായിലെ താമസവും, അറഫയും മുസ്ദലിഫയുമെല്ലാം പരസ്പര സഹകരണത്തിന്റെ പാഠങ്ങളാണ് നല്‍കുന്നത്. അറഫയില്‍നിന്ന് മടങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയിലെ ഒഴിഞ്ഞ മൈതാനിയില്‍ ചെറുതായെന്തെങ്കിലും വിരിച്ച് അന്തിയുറങ്ങും. ആകാശത്ത് നക്ഷത്രങ്ങളും താഴെ മുസ്ദലിഫാ മൈതാനിയുടെ പരന്നു കിടക്കുന്ന പ്രതലവും മനസ്സില്‍ ഹജിന്റെ മന്ത്രങ്ങളും മാത്രം. താന്‍ എത്ര നിസ്സാരനെന്ന് ഓരോ ഹാജിക്കും ബോധ്യപ്പെടുന്ന കിടത്തം. അഹങ്കാരത്തിന്റെ എല്ലാ ചിഹ്നവും ഹജ് വേളയില്‍ തകര്‍ന്ന് വീഴുകയാണ്.

നിര്‍മലമായ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ഐക്യബോധത്തിന്റെയും ഉയര്‍ന്ന തലമാണ് ഹജിന്റെ കര്‍മങ്ങള്‍ അനുഭവിപ്പിക്കുന്നത്. ഭാഷയും വര്‍ണവും കുലവും നോക്കി മനുഷ്യരെ വിഭജിക്കുന്ന കാടന്‍ സമ്പ്രദായം നില നില്‍ക്കുന്ന ആധുനിക ലോകത്ത് മാനവിക ഐക്യത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കുന്ന വിശുദ്ധ കര്‍മം കൂടിയാണിത്. പ്രത്യേകമായ ആരാധനാ മൂർത്തിയെ തേടിയുള്ള യാത്രയല്ല ഹജ്ജ്. പൂജിക്കപ്പെടാന്‍ പ്രത്യേക രൂപമോ സവിശേഷ  നൈവേദ്യമോ പൂജ നടത്താൻ  പരികർമ്മികളോ  ഇല്ല.  മുഴുവന്‍ ആരാധനകളും പ്രണാമങ്ങളും പ്രകീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ലോക സ്രഷ്ടാവിന് മാത്രം. അഥവാ, ഏകദൈവ വിശ്വാസത്തിന്റെ കരുത്തുറ്റ പ്രഖ്യാപനമാണ് ഹജില്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെടുന്നത്.

നിരന്തര ദൈവസ്മരണ, പശ്ചാത്താപം, ഭാവിയില്‍ മാതൃകാപരമായ ജീവിതം നയിക്കാനുള്ള ദൃഢനിശ്ചയം മുതലായവയിലൂടെ ഹാജിമാര്‍ ആത്മവിശുദ്ധിയുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. ഓരോ ഹാജിയും പുതിയ മനുഷ്യനായി മാറുന്നു. മരണത്തിലേക്കുള്ള യാത്രയല്ല, പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഹജ്. എന്നും ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന അനേകം സ്മരണകള്‍ സമ്മാനിച്ച ഹജിന്റെ അനുഭവങ്ങള്‍ നെഞ്ചേറ്റി, നിറഞ്ഞ മനസ്സോടെയും ആത്മസംതൃപ്തിയോടെയുമായിരിക്കും ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങുക. അവസാനം വിടവാങ്ങലിന്റെ ത്വവാഫ് നിര്‍വഹിച്ച് തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോള്‍, വീണ്ടും ഈ പുണ്യഭൂമിയിലെത്താന്‍ മനസ്സാഗ്രഹിക്കും. നിറകണ്ണുകളോടെ ഹാജിമാര്‍ അല്‍അമീന്റെ നാടുവിടും.

2 comments: