Sunday, January 16, 2011

നവലോകക്രമ സന്തതി














മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം
പാദങ്ങളില്‍ വിധേയന്‍റെ ബന്ധനങ്ങളണിയൂ
വെള്ളിയില്‍ തിളങ്ങുന്ന ചങ്ങല നല്‍കാം
കാരിരുമ്പില്‍ മുഖാവരണം തീര്‍ക്കൂ
മയക്കത്തിന്‍റെ മനോഹര ഉദ്യാനം കാണിക്കാം
വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
മോക്ഷം 'ഇഷ്ടദാനമായി' നല്‍കി അനുഗ്രഹിക്കാം
ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം
ബന്ധങ്ങളെ ഓരോന്നായ് കത്തിച്ചുകളയൂ
പുറം മിനുക്കി നിന്നെ സ്വതന്ത്രനാക്കാം
അപരന്‍റെ ദീനം കുപ്പയിലെറിയൂ
ആര്‍ത്തു ചിരിക്കാന്‍ വേദി കെട്ടിത്തരാം

ഇനി.....?
ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
കാത്തു വെക്കാതെ  വേഗം കയറ്റുമതി ചെയ്യുക
പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
നീ ബന്ധങ്ങളും സ്നേഹവും കരുണയും
സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
ഞങ്ങളാരും  നിന്നെ അറിയില്ല !

24 comments:

  1. നവലോകക്രമത്തിനൊരു സന്തതി കൂടി ജനിച്ചു

    ReplyDelete
  2. വിശ്വാസത്തിന്‍റെ മകുടമഴിച്ചു പുരോഹിതനു നല്‍കൂ
    മോക്ഷം ഇഷ്ടദാനമായി നല്‍കി അനുഗ്രഹിക്കാം
    ചിന്തയെ ഞങ്ങള്‍ക്കു പകുത്തു വില്‍ക്കൂ
    പണത്തൂക്കം വെച്ചു വിലയെണ്ണിത്തരാം

    വരികളെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ല, അത്ര മനോഹരമാണ്.ശക്തമാണ്

    ReplyDelete
  3. കളർഫുൾ ലൈഫിനായി മത ചട്ടങ്ങളും ചിട്ടകളും വലിച്ചെറിഞ്ഞ ഇന്നത്തെ യുവ സമൂഹങ്ങൾ യഥാർത്ഥ്യം തിരിച്ചറിഞ്ഞെങ്കിൽ…

    ശക്തമായ വരികളും അർത്ഥമുള്ള വാക്കുകളും ഈ കാലഘട്ടത്തിൽ ചിന്തിക്കാൻ ധാരാളം.
    നന്ദി മനാഫ് സാർ

    ReplyDelete
  4. മനസ്സിന്‍റെ വാതായനങ്ങള്‍ കൊട്ടിയടക്കൂ
    സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പൂട്ടു തരാം ....
    നന്നായിരിക്കുന്നു... ആശംസകള്‍

    ReplyDelete
  5. "ബാകിയുള്ള സ്നേഹവും ദയയും കടപ്പാടും
    കൂടി നീ കയറ്റുമതി ചെയ്യുക"

    നവലോകക്രമത്തിന്റെ സന്തതികള്‍ക്ക് അതും ഇപ്പോള്‍ ബാക്കിയില്ലാതായിരിക്കുന്നു. നാം വിലക്ക് വാങ്ങിയ അടിമത്വത്തിന്റെ ചങ്ങലയില്‍ കുരുങ്ങി ഏറെ വിധേയത്വം കാണിക്കാന്‍ ശീലിച്ചിരിക്കുന്നു.

    ReplyDelete
  6. ശക്തവും യുക്തവും വ്യക്തവുമാണ് ഓരോ വരികളും. എനിക്കിഷ്ടപെട്ടു! നന്ദി മനാഫ് സാര്‍!

    ReplyDelete
  7. അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
    നീ ബന്ധങ്ങളും സ്നേഹവും കരുണയും
    സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക
    ഞങ്ങളാരും നിന്നെ അറിയില്ല !

    Yes its the outcome

    ReplyDelete
  8. പലരും പല രീതിയില്‍ തൊട്ടു പോയ വിഷയമാണെന്നറിയാം
    എന്‍റെ ശൈലിയിലും ഒരു പറച്ചില്‍ എന്നു മാത്രം...

    ReplyDelete
  9. ശൈലി നന്നായി.

    ReplyDelete
  10. it corresponds very well to my latest post, mine in prose, this in verse.
    this chemistry of thought is encouraging.
    in fact, if those who are unaware were to know what's really going on, a revolution would arise.
    But then we have the Babas of "modern" age and "religion" to keep them intoxicated.

    ReplyDelete
  11. നന്നായി..ഇനി ഉള്ളത് വിശപ്പ്‌ മാറാത്ത ജീവിതങ്ങളും ..പഴയ ഓര്‍മകളുടെ താക്കോലുകളും മാത്രം അല്ലെ?

    ReplyDelete
  12. മൂല്യങ്ങളിലേക്കു മടങ്ങുക മാത്രമാണ് ഇന്നിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം. പഴന്ച്ചനെന്നു നിനച്ചു വലിച്ചെറിഞ്ഞ മൂല്യ ധര്‍മ ബോധങ്ങള്‍ക്ക് പകരം നല്‍കാന്‍ ഒന്നും ആധുനികതയുടെ ചരക്കുകളുമായി തീരത്തണഞ കപ്പലില്‍ ഉണ്ടാവില്ല,അവ അന്ധക വിത്തുകളാണ് കൊണ്ട് വന്നത്. അതിനാല്‍ ഇനിയും ബാക്കിയുള്ള മൂല്യവിത്തുകള്‍ കൂടി വലിച്ചെറിഞ്ഞു അന്ധക വിത്തിനെ മതമായി ആചരിക്കുക. ഇതാണ് നമ്മള് പറഞ്ഞത് അല്ലെ...കൊള്ളാം..പക്ഷെ ഏറ്റു ചൊല്ലാന്‍ എത്ര പേരുണ്ടാവും...?

    ReplyDelete
  13. ആധുനികതയുടെയും, ആധുനികന്‍റെയും സമകാലിക മുഖം മനോഹരമായി അനാവരണം ചെയ്തിരിക്കുന്നു. പണയംവെക്കപ്പെടുന്ന മനുഷ്യബുദ്ധിയെ, സുഖലോലുപതയെ താലോലിക്കുന്ന ഇന്‍സ്റ്റന്റ് സുഖാന്വേഷകരുടെ ലളിതബുദ്ധിയെ, ചിന്താശേഷിക്ക് അനസ്തേഷ്യ നല്‍കി സ്വപ്നലോകത്തിന്റെ മായികലോകത്തേക്ക്‌ ആളുകളെ ആനയിക്കുന്ന ആള്‍ദൈവസംസ്കാരത്തെ നിശതമായി വിലയിരുത്തിയിരിക്കുന്നു, കുറഞ്ഞ വാക്കുകളില്‍; കുറിക്കുകൊള്ളുന്ന സൂചകങ്ങളിലൂടെ.

    മൂര്‍ച്ചയുള്ള ഈ അക്ഷരകൂരമ്പുകളുടെ അഗ്രം പരിഹാസത്തിന്റെ വിഷം പുരണ്ടതാണ്‌; ഏറ്റവുംബുദ്ധിയുള്ള സൃഷ്ടിയുടെ ബുദ്ധി ശൂന്യതയിലേക്കുള്ള തിരിഞ്ഞുനടത്തത്തിന്റെ ആക്കം വര്‍ദ്ധിക്കുന്നത് കാണുമ്പോഴുള്ള കവിയുടെ നിസ്സഹായതയുടെ നിരാശയില്‍ കുതിര്‍ത്ത നിശ്വാസം അയത്നലളിതമാം വചനാമൃതങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരിക്കുന്നു.

    നവലോകക്രമത്തിന്റെ ദുര്‍ഗന്ധമൂറുന്ന, ക്രമംതെറ്റുന്ന നിലനില്പ്പിനോട് പൊരുതുവാന്‍ ഒരു നവമൂല്യക്രമത്തിനെ സാധിക്കൂ.

    ആശംസകള്‍!

    ReplyDelete
  14. ശക്തമായ സന്ദേശം.
    ആശംസകൾ……

    ReplyDelete
  15. @salam pottengal,
    Yes,the spark is your latest post. More over,the lack of right comments in right angle there. Treat these few lines as a comment to that very post from your sharp pen.
    Thank you

    @Noushad Kuniyil,
    മൂര്‍ച്ചയുള്ള വിലയിരുത്തലിനു നന്ദി!

    മങ്ങിയ വെളിച്ചത്തില്‍ നിന്ന് സൂര്യതേജസ്സിലേക്ക്
    ഇരുള്‍ കയങ്ങളില്‍ നിന്ന് നിലാപ്രഭയിലേക്ക്
    കാനന ചുഴികളില്‍ നിന്ന് വെട്ടം നിറഞ്ഞ വീഥിയിലേക്ക്
    മൌനത്തിന്‍റെ മരവിപ്പില്‍ നിന്ന് ശബ്ദമുള്ള സൌഹൃദക്കൂട്ടങ്ങളിലേക്ക്
    ഒരു തിരിച്ചു നടത്തം ഇനിയും വൈകുന്നു;
    നമുക്കും!

    ReplyDelete
  16. @Akbar
    ഇങ്ങിനേ.... ഇരിക്കേണ്ടി വരുമോ അക്ബര്‍?
    താങ്കളുടെ 'മൊന്ത' നമ്മുടെ മോന്തക്കിട്ട്‌ കൊണ്ട മട്ടാ!

    ReplyDelete
  17. കാലിക പ്രസക്തമായ ശക്തമായ വരികള്‍ .

    ReplyDelete
  18. മരണമില്ലാതെ ജീവിക്കുക എന്നതാണ് ഏറെ ശ്രമകരം.
    കേവല,'ജീവിച്ചു തീര്‍ക്കല്‍ കലയില്‍'ഏര്‍പ്പെട്ട ആധുനിക മനുഷ്യനില്‍ ആത്മാവുണ്ടോ..? അതിനെയെല്ലാം കമ്പോളങ്ങളില്‍ ഈടിന് വെച്ചില്ലേ...?

    ReplyDelete
  19. മൂല്യച്ചുതികള്‍ക്കെതിരെ ശക്തമായൊരു ചൂണ്ടു വിരല്‍ നീളുന്നത് കണ്ടു .തുടരുക..അല്ല തുടരണം ..

    ReplyDelete
  20. സ്വന്തത്തെ വലിച്ചെറിയാനുള്ള വെഗ്രത ഉപഭോക സംസ്കാരത്തിന്‍റെ മുഗമുദ്ര
    പരസ്യങ്ങള്‍ നമ്മെ നിയന്ത്രിക്കുന്ന ലോകം...എന്ത് ചെയ്യാന്‍

    ReplyDelete
  21. ബാക്കിയുള്ള സ്നേഹവും ദയയും കടപ്പാടും
    കാത്തു വെക്കാതെ വേഗം കയറ്റുമതി ചെയ്യുക
    പകരം പുതുമയുടെ വര്‍ണ്ണങ്ങള്‍ നിറച്ച
    കൂറ്റന്‍ കപ്പലുകള്‍ നിന്‍റെ തീരത്തണക്കാം
    അവിടെ ചേര്‍ത്തുവെച്ച ചവറ്റുകൊട്ടയില്‍
    നീ ബന്ധങ്ങളും സ്നേഹവും കരുണയും
    സ്വയം വലിച്ചെറിഞ്ഞ ജീവിതവും തിരയുക

    എനിക്കിഷ്ടമായ വരികള്‍

    ReplyDelete