Monday, May 30, 2011

മഴക്കാല കാഴ്ചകള്‍

ണ്‍സൂണിന്‍റെ തലോടലില്‍ ഇനി
മഴത്തുള്ളികള്‍ പാകിയ രാപ്പകലുകള്‍  
മാനമിരുളുമ്പോഴും മനസ്സില്‍
തെളിഞ്ഞുവരുന്ന തണുപ്പിന്‍റെ കൂട്ട്
ചാഞ്ഞും ചരിഞ്ഞും തടിച്ചും മെലിഞ്ഞും
പെയ്തിറങ്ങുന്ന മഴനൂലുകള്‍
തളരാതെ നൃത്തമാടുന്ന ചേമ്പിലകള്‍
ആടിയുലയുന്ന തെങ്ങിന്‍ തലപ്പുകള്‍
തലയാട്ടിക്കളിക്കുന്ന പുല്‍ക്കൊടികള്‍
ദൂരെ നിന്നും ആരവത്തോടെ
ഓടിയടുക്കുന്ന പെരുമഴ

റയത്തു വെച്ച പഴയ പാത്രങ്ങളില്‍
മഴവെള്ളത്തിന്റെ മങ്ങിയ പതിപ്പ്
വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നനഞൊട്ടിയ
കോഴിത്തള്ളയും കുഞ്ഞുങ്ങളും
പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളില്‍
പാഞ്ഞു കളിക്കുന്ന പരല്‍ മീനുകള്‍
ശൃംഗാരത്തില്‍ മതി മറന്ന്‌
തവളക്കൂട്ടായ്മയുടെ കച്ചേരി
പേമാരി കനക്കുമ്പോള്‍ പതുക്കെ
കൈവീശി മറയുന്ന പാടവരമ്പുകള്‍

കുളങ്ങളില്‍ കൌമാരങ്ങളുടെ കൂത്താട്ടം
ഉടുപ്പും പുസ്തക സഞ്ചിയും
പാതി കുതിര്‍ന്ന ചെറുബാല്യങ്ങള്‍
തോട്ടിന്‍ കരയിലെ തെങ്ങിന്‍
തോപ്പിനോട് ചേര്‍ത്തുകെട്ടിയ
കോരുവിന്റെ ചായ മക്കാനിയില്‍
ആവി പാറുന്ന കപ്പയും കട്ടനും

കുത്തിയൊലിക്കുന്ന വെള്ളത്തില്‍
ഉയിരു ചാലിച്ചു നിറം തീര്‍ക്കുമ്പോഴും
ഭൂമിക്കു വല്ലാത്ത നിര്‍വൃതി
ഉരുള്‍പൊട്ടി  ഇരുള്‍ വീഴാതിരിക്കാന്‍ 
കൈപൊക്കി കരയുന്ന പാവങ്ങള്‍
പീടികത്തിണ്ണകളില്‍ വറുതിയുടെ
വര തീര്‍ത്ത് കൂനിക്കൂടുന്ന യാചകര്‍
മഴക്കാലം കാഴ്ചകളുടെ രുചിഭേദം
വര്‍ണ്ണനക്കു വഴങ്ങാത്ത  കലാരൂപം!

20 comments:

  1. ഉരുള്‍പൊട്ടി ഇരുള്‍ വീഴാതിരിക്കാന്‍
    കൈപൊക്കി കരയുന്ന പാവങ്ങള്‍

    touching lines..

    ReplyDelete
  2. മഴക്കാലം ഒരുവന് ഹരമാണെങ്കില്‍ മറ്റൊരുവന് വറുതിയുടെ നാളുകളാണ്. മഴത്തുള്ളികള്‍ ഏറ്റുവാങ്ങാന്‍ ചിലര്‍ വെളിയിലേക്ക് ചാടുമ്പോള്‍ , പാളി വീഴുന്ന തുള്ളികളില്‍നിന്നും രക്ഷ തേടി ചിലര്‍ മുറിയുടെ മൂലയിലേക്ക് ഒതുങ്ങും.....

    "തോട്ടിന്‍ കരയിലെ തെങ്ങിന്‍
    തോപ്പിനോട് ചേര്‍ത്തുകെട്ടിയ
    കോരുവിന്റെ ചായ മക്കാനിയില്‍
    ആവി പാറുന്ന കപ്പയും കട്ടനും ........... "
    പാതി മഴയത്ത് നനയാതെ ഒതുങ്ങിനിന്ന് കഴിക്കാന്‍ നല്ല രസമായിരിക്കുമല്ലേ?
    മനാഫ്‌ മാഷേ , പറഞ്ഞ് വെറുതെ കൊതിപ്പിക്കരുത് ........... !!!!!!!!
    (ആ ഫോട്ടോ രാവിലെ കണ്ടപ്പോള്‍ തന്നെ നാട്ടില്‍ പോയി തിരികെ വന്നതേയുള്ളൂ :-) )

    ReplyDelete
  3. മഴക്കാലം കാഴ്ചകളുടെ രുചിഭേദം

    വര്‍ണ്ണനക്കു വഴങ്ങാത്ത കലാരൂപം

    ReplyDelete
  4. മഴയുടെ വശ്യതക്കപ്പുറം ഒരു വന്യതയുമുണ്ട്.
    രണ്ടിനെയും കുറിച്ച വരികലോടായി..
    ഒത്തിരി സ്നേഹിച്ചു പോകുന്നു മഴയെ , ഒരുപാടൊരുപാട്... എനിക്കെന്നാണ് ഒരു മഴയാകാന്‍ കഴിയുക... ?

    ReplyDelete
  5. മഴയായി പെയ്തിറങ്ങുന്നതും കാത്തു....

    ReplyDelete
  6. നന്നായിട്ടുണ്ട് !!

    ReplyDelete
  7. അതി സുന്ദരമായ മഴക്കാലത്തെ ഏറെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു

    വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നനഞൊട്ടിയ
    കോഴിത്തള്ളയും കുഞ്ഞുങ്ങളും
    പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളില്‍
    പാഞ്ഞു കളിക്കുന്ന പരല്‍ മീനുകള്‍

    തുടങ്ങി ഒട്ടേറെ കാഴ്ചകളിലൂടെ ഒരു വര്‍ഷകാലം വായനക്കാരുടെ മനോ മുകരത്തില്‍ പെരുമഴയായി തിമിര്‍ക്കുന്നു കവിതയില്‍. വളരെ ഇഷ്ടമായി ഈ കവിത.

    ReplyDelete
  8. പെരുമഴക്കാലത്തിന്റെ സൌന്ദര്യവും, കുസൃതിയും, സന്തോഷവും, തേങ്ങലും കോര്തുവെച്ച വരികള്‍..

    ReplyDelete
  9. മഴക്കാല കാഴ്ചകളുടെ ഒരു സുന്ദര ചിത്രം മനോഹരമായി വരഞ്ഞിട്ടിരിക്കുന്നു ഇവിടെ... ആശംസകള്‍

    ReplyDelete
  10. കൈവീശി മറയുന്ന പാടവരമ്പുകള്‍ ഈ ഓര്‍മയും അസ്വധനവും ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം

    ReplyDelete
  11. വായിച്ചപ്പോള്‍ മനസ്സിലും ഒരു മഴ പെയ്തു കുത്തിയൊലിച്ചു നിറഞ്ഞൊഴുകുന്നു. ഒരു ശീതക്കാറ്റ് അടിക്കുന്നു. കുട "അമ്പ്രം" മറിഞ്ഞു മേലാകെ നനയുന്നു. മേഘം പിന്നെയും കറുത്ത് ഇരുട്ട് മൂടുന്നു.

    ReplyDelete
  12. മഴക്കാലവും മഴയും എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മഴയെ പേടിച്ചുറങ്ങാത്തവരുമുണ്ട്.

    ReplyDelete
  13. Many fail to put comments through Explorer. Mozilla is ok.

    ReplyDelete
  14. "പേമാരി കനക്കുമ്പോള്‍ പതുക്കെ
    കൈവീശി മറയുന്ന പാടവരമ്പുകള്‍"
    വരമ്പുകളില്ലാത്ത വരികള്‍ അതിലോല ലോലം
    പെയ്യാത്ത മേഘങ്ങളേ നോക്കി
    ഈറനണിയിച്ച നിമിഷങ്ങള്‍ .. നീര്‍ മണി വീണുടഞ്ഞു
    ഈറന്‍ മനസ്സിനെ തട്ടുണര്‍ത്തി..

    ReplyDelete
  15. മഴക്കാലം കാഴ്ചകളുടെ രുചിഭേദം
    മഴക്കാലം കാഴ്ചകളുടെ രുചിഭേദം...

    ReplyDelete
  16. പേമാരി,ഉരുൾപൊട്ടൽ,....കവിതയിലൂടെ ശരിക്കും ഒരു ചിത്രം മനസ്സിൽ തെളിഞ്ഞുവന്നു..

    ReplyDelete
  17. വളരെ മനോഹരമായ വരികള്‍ മഴ കായ്ച്ചകള്‍ അവസാനത്തെ ഒരു വരിയോടു യോജിക്കില്ല (വര്‍ണ്ണനക്കു വഴങ്ങാത്ത കലാരൂപം!) വഴങ്ങാതതല്ല വര്‍ണിച്ചാല്‍ തീരാത്ത കാഴ്ചകളാണ്

    ReplyDelete
  18. @Lala:
    നല്ല നിരീക്ഷണം
    നന്ദി...

    ReplyDelete
  19. "കുത്തിയൊലിക്കുന്ന വെള്ളത്തില്‍
    ഉയിരു ചാലിച്ചു നിറം തീര്‍ക്കുമ്പോഴും
    ഭൂമിക്കു വല്ലാത്ത നിര്‍വൃതി"
    കാല്‍ നൂറ്റാണ്ട് പിന്നിടുന്ന പ്രവാസജീവിതതിന്നിടയില്‍ മറന്നു തുടങ്ങിയ കാഴ്ചകള്‍ .

    ReplyDelete
  20. മനസ്സില്‍ ഒരു പെരുമഴ പെയ്തു

    ReplyDelete