മലയാള മണ്ണും അറേബ്യയും തമ്മില്‍ അതിപുരാതനമായ വ്യാപാര ബന്ധങ്ങള്‍ നിലനിന്നിരുന്നുവെന്നത് ചരിത്രവും വസ്തുതയുമാണ്. പ്രാചീനകാലം മുതൽ തന്നെ ഇന്ത്യാ ഉപഭൂഖണ്ഡവുമായി കടല്‍വഴിയും കരവഴിയും അറബികള്‍ക്ക് ബന്ധമുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുമ്പ് മലബാര്‍ തീരത്തെ കച്ചവട മേധാവിത്വം അറബി വ്യാപാരികൾക്കായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടെ ഈ ബന്ധം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങി. മുഹമ്മദ് നബിക്ക് മുമ്പുള്ള അറബിക്കവിതകളിലും സഞ്ചാര കഥകളിലും യാത്രാ വിവരണങ്ങളിലും അതിന്റെ സൂചനകളുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂം തന്റെ തുഹ്‌ഫത്തുല്‍ മുജാഹിദീന്‍ എന്ന കൃതിയില്‍ അറബികളുടെ വരവിനെ പരാമർശിക്കുന്നുണ്ട്.
അറബികളുമായുള്ള കേരളീയരുടെ ബന്ധം വെറും വ്യാപാരം എന്നതിനപ്പുറം വിവാഹ-കുടുംബ ബന്ധങ്ങളിലേക്കു വരെ വ്യാപിച്ചു. അത് കൊണ്ടുതന്നെ ആശയ വിനിമയത്തിൽ അറബി മലയാളം എന്ന പുരാതന ശൈലിക്ക് ആ ബന്ധങ്ങളോളം തന്നെ പഴക്കവുമുണ്ട്. മലയാള ഭാഷക്ക് അംഗീകൃതമായ ലിപി സമ്പ്രദായം ഇല്ലാതിരുന്ന കാലത്താണ് അറബി മലയാളം പ്രചാരം നേടിയത്. ഗ്രന്ഥ രചനക്കും ബോധന മാധ്യമമായും അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. അറബി ലിപി ഉപയോഗിച്ചുള്ള തമിഴ് മലേഷ്യൻ മഹൽ തുർക്കിഷ് ഭാഷകളും മറ്റിടങ്ങളിൽ രൂപപ്പെട്ടിരുന്നു. അറബി മലയാളത്തിൽ നിന്ന് പുരോഗമിച്ച് ശുദ്ധ ഭാഷാ കൈമാറ്റത്തിലേക്കും സാംസ്കാരിക വിനിമയത്തിലേക്കും വളർന്നു വികസിച്ച രണ്ട് ഭൂപ്രദേശങ്ങളുടെ ഈടുറ്റ ബന്ധമാണ്പി ന്നീട് ചരിത്രം കുറിച്ചു വെച്ചത്. ഓളങ്ങളെ മുറിച്ച് കാറ്റിന്റെ ആനുകൂല്യത്തിൽ തെന്നി നീങ്ങിയ പായ്ക്കപ്പലുകളുടെ കാലത്തോളം നീളുന്ന ബന്ധം അറബി ഭാഷക്ക് മലയാളക്കരയുമായുണ്ട്. അതിപ്പോഴും തുടരുന്നു. അറബിക്കടലിന്റെ അതി വിദൂരത പോലും ആ ബന്ധങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയുടെ പ്രവാസം ഈ ബന്ധത്തെ ബലപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അറേബ്യന്‍ ഉപദ്വീപില്‍ ജന്മംകൊണ്ട ഈ ഭാഷ നാവിക വാണിജ്യ സാംസ്കാരിക ബന്ധങ്ങളിലൂടെ കരയും കടലും കടന്ന് വിവിധ നാടുകളില്‍ ചെന്നെത്തി. ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ ഇസ്‌ലാമിന്റെ വ്യാപനവും വിശുദ്ധ ഖുര്‍ആന്റെ പഠനവും വഴിയാണ് സെമിറ്റിക് ഭാഷയായ അറബി വ്യാപകമായി ഇതര ദിക്കുകളിൽ പ്രചരിച്ചത്.
നോഹ (നൂഹ്) പ്രവാചകന്റെ കാലത്തെ ജലപ്രലയത്തിനു ശേഷം അവശേഷിച്ച സന്തതികളില്‍ ശാം എന്ന പുത്രന്റെ സന്താന പരമ്പരയിലുള്ള ജനവിഭാഗ മാണ് ചരിത്രത്തിൽ സെമിറ്റിക്കുകള്‍ എന്നറിയപ്പെട്ടത്. ഇവരില്‍ ഇറാഖ് സിറിയ ഫലസ്ത്വീന് അറേബ്യ തുടങ്ങിയ ഭാഗങ്ങളില്‍ താമസിച്ചിരുന്ന സെമിറ്റിക്കുകള്‍ സംസാരിച്ചിരുന്ന ഭാഷയാണ് അറബിക്. അതുകൊണ്ടു തന്നെയാണ് അവര്‍ അറബികൾ എന്നറിയപ്പെട്ടതും. ഹീബ്രു, അരാമിക് ഭാഷകലളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണിത്. ഭാഷാ ചരിത്ര ഗവേഷകന്മാരുടെ കാഴ്ചപ്പാടില്‍ വടക്ക് ഒറോന്തസ് (സിറിയയിലൂടെ ഒഴുക്കുന്ന നദി) മുതല്‍ തെക്ക് സിനായ് വരെയും കിഴക്ക് മധ്യ ധരണ്യാഴി വരെയും വ്യാപിച്ചു കിടന്നിരുന്ന കന്‍ആന്‍ പ്രദേശത്തുകാരുടെ ഭാഷയുമായി അറബി ഭാഷക്ക് പൊക്കിൾ കൊടി ബന്ധമുണ്ട്. ക്രി. മു 3000 ല്‍ മധ്യ അറേബ്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത സെമിറ്റിക് ഗോത്രക്കാരാണ് ഇവിടുത്തെ ആദിമ നിവാസികൾ. സെമിറ്റിക്ക് ഭാഷാ കുടുംബത്തില്‍ അറബി ഭാഷയാണ് പ്രമുഖം. സുന്ദരന്‍മാരും വിരൂപികളും വെളുത്തവരും കറുത്തവരും നീണ്ടവരും കുറിയവരും പരിഷ്കൃതരും അപരിഷ്കൃതരും എല്ലാം അറബികള്‍ക്കിടയിലുണ്ട്. പ്രകൃതിയിലും ആകാരത്തിലും വിശ്വാസത്തിലും ജീവിത രീതികളിലും വ്യത്യസ്തരാണെങ്കിലും പൊതു ഭാഷ അവരെ എകീകരിക്കുന്നു. ഭൂമിശാസ്‌ത്രത്തിന്റെ അതിര്‍ത്തികള്‍ക്കതീതമായി ജനകോടികളെ സ്വാധീനിക്കാൻ അറബി ഭാഷക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
1948 ൽ ലബനോൻ തലസ്ഥാന നഗരിയായ ബൈറൂത്തിൽ നടന്ന യുനസ്കോയുടെ മൂന്നാമത് ജനറൽ കോണ്‍ഫറൻസിലാണ് ഇംഗ്ലീഷിനും ഫ്രെഞ്ചിനോടുമോപ്പം മൂന്നാമത്തെ ക്രയ ഭാഷയായി അറബിയെ അംഗീകരിച്ചത്. റഷ്യൻ സ്പാനിഷ് ചൈനീസ് ഭാഷകൾ പിന്നീട് ഈ ഗണത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. 1973 ഡിസംബർ 18 ന് യു എൻ ജനറൽ അസ്സംബ്ലി അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയും എല്ലാവർഷവും ഡിസ: 18 ലോക അറബി ഭാഷാ ദിനമായി ആചരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇരുപത്തിനാല് രാഷ്ട്രങ്ങളിലായി ഏതാണ്ട് 420 മില്യന്‍ ജനങ്ങളുടെ ഔദ്യോഗിക ഭാഷയാണ് ഇന്ന് അറബിക്. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ ഈ ഭാഷ ഉപയോഗിക്കുന്ന പരകോടി ജനങ്ങള്‍ വേറെയുമുണ്ട്. വിശുദ്ധ ഖുർആനിന്റെ ഭാഷയായതിനാല്‍ ലോകത്തെ ഇരുനൂറിൽ പരം രാജ്യങ്ങളിലുള്ള മുസ്‌ലിംകള്‍ അറബി ഭാഷ പ്രാഥമികമായെങ്കിലും ഉപയോഗിക്കുന്നു. 2010 സെന്‍സസ് പ്രകാരം 162 കോടി മുസ്‌ലിംകൾ ലോകത്തുണ്ട്. ലോകജനസംഖ്യയുടെ ഏതാണ്ട് 25 ശതമാനം. അറേബ്യൻ ഉപഭൂഖണ്ഡത്തിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും അറബി എല്ലാ വിഭാഗം ജനങ്ങളുടെയും സംസാര ഭാഷയുമാണ്. നാലായിരത്തില്‍ പരം വര്‍ഷം പഴക്കമുണ്ടായിട്ടും അനേകം തലമുറകളായി ലക്ഷോപലക്ഷം ജനസമൂഹങ്ങള്‍ കൈകാര്യം ചെയ്‌തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ പ്രാധാന്യത്തിനോ ഒട്ടും മങ്ങലേൽക്കാതെ അറബി ഭാഷ ഇന്നും അതിന്റെ തനിമ കാക്കുന്നു.
മധ്യകാല നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത് എഴുതപ്പെട്ട ശാസ്‌ത്ര-സാങ്കേതിക-വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ അറബിഭാഷയില്‍ ലോകത്തിന് ലഭ്യമാക്കാനും ഗ്രീക്ക് ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്‌ത് ലോകത്തിന് സമ്മാനിക്കാനും അറബി ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. വാസ്‌കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിനുപയോഗിച്ചിരുന്ന ഭൂപടങ്ങളുടെ ഭാഷ അറബിയായിരുന്നു. പോര്‍ത്തുഗീസ് കപ്പിത്താന്‍ കബ്‌റാള്‍ 1500 സപ്‌തംബറിൽ സാമൂതിരി രാജാവിന് നല്‍കിയ പോര്‍ത്തുഗീസ് രാജാവിന്റെ കത്ത് അറബിഭാഷയിലുള്ളതായിരുന്നു. ആള്‍ജിബ്രയുടെയും അരിത്‌മാറ്റിക്‌സിന്റെയും അടിസ്ഥാന ഭാഷയും അറബി തന്നെയാണ്. ഭൂമുഖത്ത് ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയും അറബി തന്നെ. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുറ്റ ഭാഷ എന്ന നിലയിൽ അറബി ഭാഷ മറ്റു ഭാഷകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു.
മലയാളക്കരയിലെ കോഴിക്കോട് കേരള കണ്ണൂര്‍ മഹാത്മാഗാന്ധി ശ്രീശങ്കരാചാര്യ എന്നീ അഞ്ച് സർവ്വകലാശാലകളിൽ അറബിയില്‍ ബിരുദാനന്തര ഗവേഷണ സൗകര്യമുണ്ട്. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ജാമിഅ മില്ലിയ, ഡല്‍ഹി യുനിവേഴ്‌സിറ്റി, അലീഗര്‍ തുടങ്ങി ഒട്ടനേകം യൂനിവേഴ്‌സിറ്റികളിലും അറബിയില്‍ ഗവേഷണ സൗകര്യമുണ്ട്. കേരളത്തിലെ ആറായിരത്തിലധികം സ്‌കൂളുകളില്‍ പതിനായിരത്തിലധികം അധ്യാപകര്‍ അറബി ഭാഷ പഠിപ്പിക്കുന്നു. സംസ്ഥാനത്തെ അഞ്ച് ഓറിയന്റൽ സ്കൂളുകളിൽ അറബിക് പ്രധാന പഠന വിഷയമാണ്. പതിനൊന്ന് എയ്‌ഡഡ് അറബിക് കോളെജുകളിലും ഇരുപതിലധികം അണ്‍എയ്‌ഡഡ് അറബിക് കോളെജുകളിലും ആയിരക്കണക്കിന് മുസ്‌ലിം പള്ളികൾ കേന്ദ്രീകരിച്ചും മദ്‌റസകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തില്‍ വിവിധയിടങ്ങളിൽ നിന്നായി പത്തിലധികം അറബി മാസികകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്.
ഹിജ്‌റ 885-ല്‍ വിട വാങ്ങിയ കോഴിക്കോട് ഖാസി അബൂബക്കര്‍ ശാലിയാത്തി അതി സുന്ദരമായ അറബി കവിതകളുടെ രചയിതാവാണ്. വിശ്രുതനായ ചരിത്ര പുരുഷൻ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ കവിതകള്‍ അറബികള്‍ക്കു പോലും ഏറെ പ്രിയങ്കരമായിരുന്നു. കേരളീയ ചിഹ്‌നങ്ങളും പദങ്ങളും സാംസ്കാരിക അടയാളങ്ങളും കൊണ്ട് അറബിക്കവിതയെ പുണർന്ന പ്രതിഭാശാലിയാണ് വെളിയങ്കോട് ഉമര്‍ഖാദി. കേരളീയ മുസ്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ നഖചിത്രങ്ങളാണ് ഉമര്‍ ഖാദിയുടെ കവിതകള്‍. പെരുമ്പടവം ശ്രീധരന്റൈ പ്രസിദ്ധ നോവല്‍ ‘ഒരു സങ്കീര്‍ത്തനം പോലെ’ ഇംഗ്ലീഷ് വഴിയാണ് അറബിയിലെത്തിയത്. ഭാരതീയ ദാര്‍ശനികന്മാര്‍ സംസ്‌കൃതത്തിലെഴുതിയിരുന്ന ഗണിതശാസ്ത്രം സാഹിത്യം വൈദ്യം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഖലീഫ ഹാറൂണ്‍ റഷീദിന്റെയും ഖലീഫ മന്‍സൂറിന്റെയും കാലഘട്ടങ്ങളിൽ ഇന്ത്യന്‍ പണ്ഡിതന്മാര്‍ ബാഗ്ദാദിലെ ബൈത്തുല്‍ ഹിക്മയില്‍ താമസിച്ച് സംസ്‌കൃത ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതിഹാസം, വേദോപനിഷത്തുക്കള്‍, വൈദ്യശാസ്ത്രം, ജോതിശാസ്ത്രം, ഗണിതശാസ്ത്രം, അര്‍ത്ഥശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രസിദ്ധ ഇന്ത്യന്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെല്ലാം തലമുറകളിലൂടെ നില നിന്ന അറബി സംസ്‌കൃത പണ്ഡിതന്മാരുടെ യോജിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് അറബിയിലേക്ക് മാറിയത്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയും ഇബ്നു ഖല്‍ദൂനിന്റെ ‘മുഖദ്ദിമ’യും മലയാളത്തിലേക്കും ഇന്ത്യന്‍ ക്ളാസിക്കുകളായ രാമായണം മഹാഭാരതം പഞ്ചതന്ത്രം മുതലായവ അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മുഹ്‌യുദ്ദീന്‍ ആലുവായിയുടെ ‘ചെമ്മീന്‍’ അറബി പരിഭാഷ ഈ മേഖലയിൽ തിളങ്ങുന്ന അധ്യായമാണ്. മലയാളിയുടെ വായനാനുഭവത്തെ സാന്ദ്രമാക്കിയ ആടു ജീവിതം അറബിയിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ലോക അറബി ഭാഷാ ദിനത്തിൻറെ ഊഷ്മളതയിൽ ഈ ബന്ധം കൂടുതൽ ശക്തമാകട്ടെ എന്നു പ്രത്യാശിക്കാം.
(ലോക അറബി ഭാഷാ ദിനത്തിൽ (18.12.13) മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചു )