Sunday, April 25, 2010

ഉമ്മ



 വിട്ടുപിരിഞ്ഞ പ്രിയ മാതാവിന്റെ സ്മരണയിലും,
അവര്‍ക്കുള്ള പ്രാര്ത്ഥനയിലും തുടക്കം.














     
          ഉമ്മ

ഇളം കാറ്റില്‍ മുഴുക്കെ
മുലപ്പാലിന്‍റെ മണം നിറയുന്നു
വിട പറയലിന്‍റെ ഇരമ്പം
ആര്‍ത്തലച്ചു വരുന്നു
ഇരുട്ട് വ്യാപിക്കുന്നു
ശൂന്യത ചുഴി തീര്‍ക്കുന്നു
സ്നേഹ സാഗരം നുരയുന്നു
ഓര്‍മ്മകള്‍ സാന്ദ്രമാകുന്നു

ഖബറില്‍ മറഞ്ഞത്
എനിക്കു വേണ്ടി
നിറഞ്ഞൊഴുകിയ ഹൃദയം
എന്നെ ചേര്‍ത്ത മാറിടം
ഇമ വെട്ടാതെ പാര്‍ത്ത മിഴികള്‍
താരാട്ടിയ ദുര്‍ബല കരങ്ങള്‍
ഞാനെന്ന ഭാരവും പേറി
വേച്ചു വേച്ചു നടന്ന
മെലിഞ്ഞ കാലുകള്‍
എന്‍റെ കൈവിരല്‍
ഊളിയിട്ട മുടിയിഴകള്‍
ഞാന്‍ അധരം ചേര്‍ത്തമര്‍ത്തിയ
നനുത്ത കവിള്‍ത്തടം

നികത്താനാവാത്ത നഷ്ടവും
തന്നു തീരാത്ത സ്നേഹവും
മായാത്ത പുഞ്ചിരിയും
ഒരുപിടി വെളുത്ത വസ്ത്രങ്ങളും
വലിയ ലിപിയുള്ള ഖുര്‍ആനും
ചാരുകസേരയും; അതിലേറെ
നല്ല ഓര്‍മകളും ബാക്കി വെച്ചു
സ്വര്‍ഗ്ഗ വാതില്‍ തേടി
പോയി... അല്ലേ...?

‘ജന്നത്തി’ല്‍ നിന്നൊരു
കവാടം തുറക്കട്ടെ
അണമുറിയാതെ
കാരുണ്യം വര്‍ഷിക്കട്ടെ
ഇരുള്‍ മുറ്റിയ മണ്‍വീട്ടില്‍
പ്രഭാവലയങ്ങള്‍ നിറയട്ടെ
ഉദ്യാന പടവുകള്‍ കയറി
നാഥന്‍റെ ആഥിത്യമറിയട്ടെ
കര്‍മ്മങ്ങളുടെ തണലില്‍
ശാന്തമായ് ഉറങ്ങട്ടെ

കരുണാമയനേ…
പ്രകാശത്തിന്‍റെ വിളക്കുമാടമേ
വാക്ക് പാലിക്കുന്നവനേ
മനസ്സുള്ളം കാണുന്നവനേ
ഹൃത്തടം തണുപ്പിക്കുന്നവനേ
നീ സകല രക്ഷയും നല്‍ക,
ഉയിര്‍ത്തെഴുന്നേറ്റു വരും നാളില്‍
ഇനിയും സന്ധിപ്പിച്ചു തരിക
കൈവെള്ളയില്‍ മുഖമമര്‍ത്തി
വിതുമ്പാന്‍ എന്നെയനുവദിക്ക...!