Tuesday, February 18, 2014

മനസ്സിൽ മായാത്ത അനുഭവം

ഫെബ്രുവരി ആദ്യവാരം കോട്ടക്കൽ നടന്ന മുജാഹിദ് സംസ്ഥാന  സമ്മേളന നഗരിയിൽ ഒരുക്കിയിരുന്ന 'ദ മെസേജ്' മെഗാ എക്സിബിഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് കുടുംബ സമേതം ഓരോ ദിവസവും പ്രദർശനം കാണാനെത്തിയത്.  തിരക്കു കാരണം എത്രയോ പേർ ദിവസവും മടങ്ങിപ്പോയി. മനുഷ്യൻറെ വിലാസവും ജീവിതവും ലക്ഷ്യവും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എക്സിബിഷൻ. ജനുവരി 26 ന്  ആരംഭിച്ച പ്രദർശനം ഫെബ്രുവരി 4 വരെ നീണ്ടു. മെഗാ എക്സ്പോയോട് ചേർന്ന് സജ്ജീകരിക്കപ്പെട്ടിരുന്ന 'കാഴ്ച' എന്ന മിനി എക്‌സിബിഷനിൽ വളരെ കൂടുതൽ പേർ പ്രവേശിച്ചു കാണില്ല. അതിനുള്ള കാരണം വായിച്ചു കഴിയുമ്പോൾ മനസ്സിലാകും. ഐ.എസ്‌.എം. മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ കോഴിക്കോട്‌ മലബാര്‍ ഐ ഹോസ്‌പിറ്റലുമായി ചേര്‍ന്നു സംഘടിപ്പിച്ച "കാഴ്‌ച' തീർത്തും വേറിട്ട അനുഭവമായിരുന്നു.

കട്ട പിടിച്ച  കറുത്ത ഇരുട്ട് അടക്കി വാഴുന്ന ഹാളാണ് 'കാഴ്ച' എക്‌സിബിഷന്റെ ഇടം. പ്രകാശത്തിനു പ്രവേശനം പാടെ നിരോധിച്ചിട്ടുണ്ട്. അകത്തു കയറുമ്പോൾ കറുത്ത കണ്ണട കൂടി ധരിപ്പിക്കും. അതോടെ നാം പൂർണ്ണമായും അന്ധരായി. ഒരു സമയം അഞ്ചു പേർക്കാണ് പ്രവേശനം. അറിയാത്ത വഴികളിലൂടെ നഗ്ന പാദരായാണ് പോകാനുള്ളത്. ഇരുട്ടിൻറെ ആ ലോകത്ത് നമ്മെ നയിക്കുന്നത് ശരിക്കും അന്ധരായ സഹോദരങ്ങളാണ്. അവർ മുന്നിൽ നടന്ന് നിർദേശങ്ങളും വിശദീകരണങ്ങളും തരും. അഥവാ, നമ്മൾ അന്ധരും അവർ വഴികളറിയുന്നവരും! അവരുടെ ലോകമാണത്. മുൻപിൽ നടക്കുന്ന അന്ധ സുഹൃത്തിൻറെ തോളിൽ ഇടതു കൈ കൊണ്ട് പിടിക്കണം...പിന്നിലുള്ളവർ അങ്ങിനെ ക്രമത്തിൽ അപരന്റെ തോളിൽ പിടിച്ച് ഒരു വരിയായാണ് നീങ്ങുന്നത്. വലതു കൈ ഫ്രീയാണ്. എല്ലാം തൊട്ടു മനസ്സിലാക്കാം. മണത്തറിയാം, ചോദിക്കാം, കേൾക്കാം; കണ്ണു മാത്രം കാണില്ല! പരിപൂർണ്ണ അന്ധത!

ശിങ്കാരി മേളം തകർത്താടുന്ന പൂരപ്പറമ്പിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. പൊരീ...പൊരീ..പൊരീ..., വള..വള..മാല...കച്ചവടക്കാരുടെ ബഹളം കേൾക്കാം. കടകളിൽ തൂക്കിയിട്ടിരിക്കുന്ന വില്പന വസ്തുക്കളും വളയും മാലയും ബലൂണുകളുമൊക്കെ തൊട്ടു ബോധ്യപ്പെടാം. പൊരിച്ചാക്കിൽ വിരലോടിക്കാം... കച്ചവടക്കാരോട് വർത്തമാനം പറയാം...വില ചോദിക്കാം. പക്ഷെ; വർണ്ണങ്ങളില്ലാത്ത കറുത്ത ലോകം!

ശിങ്കാരി മേളവും കച്ചവടക്കാരുടെ ശബ്ദങ്ങളും അവസാനിക്കുമ്പോൾ നമ്മൾ ഒരു പച്ചക്കറി മാര്‍ക്കറ്റിൽ പ്രവേശിച്ചിരിക്കും. വിലക്കുറവേയ്...കിലോ പത്ത്..കിലോ പത്ത്...ആദായം..ആദായം...നിരത്തിവെച്ചിരിക്കുന്ന തക്കാളി, ഉള്ളി, പൈനാപ്പിൾ, മുന്തിരി മറ്റു പലതരം പഴ വർഗ്ഗങ്ങൾ...എല്ലാം തൊട്ടു മനസ്സിലാക്കാം. ഉണക്ക മൽസ്യത്തിലും, മല്ലിച്ചപ്പിലുമൊക്കെ തൊട്ടാൽ വാസനിക്കാം...കച്ചവടക്കാരുടെ കുശലം പറച്ചിൽ കേൾക്കാം..പക്ഷെ!...ഒന്നും കാണാനാവില്ല!

മാർക്കറ്റു പിന്നിട്ട് കുത്തിയൊഴുകുന്ന പുഴക്കു മീതെ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെയാണ് യാത്ര. ഒന്ന്...രണ്ടു..മൂന്നു പടികൾ കയറിയാൽ പാലത്തിലൂടെ നടക്കാം. വലതു വശത്ത് കൈവരികൾ കെട്ടിയിട്ടുണ്ട്. അതിൽ തപ്പി പിടിച്ചു പതുക്കെ നടക്കാനാണ് അന്ധ സുഹൃത്തിന്റെ നിർദേശം. താഴെ കുത്തിയൊഴുകുന്ന പുഴയുടെ ശബ്ദം കേള്ക്കാം. പാലത്തിൽ ചെറിയ നനവുണ്ട്...പാറയിൽ തല്ലിത്തകരുന്ന ജല കണങ്ങൾ നമ്മുടെ ശരീരത്തിൽ പതിക്കുന്നു. കാലു തെന്നിയാൽ എല്ലാം തീരുമെന്ന് തോന്നും. യാ അല്ലാഹ്...!

പാലം കഴിഞ്ഞ് സ്റ്റെപ്പുകളിറങ്ങി അല്പം നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്തി. രണ്ടു പടികൾ കയറിയാൽ പ്ലാറ്റ്ഫോമായി. അന്ധ സുഹൃത്ത് കൈപിടിച്ചു കയറ്റി. അയാളെന്നെ  മറുവശത്തേക്ക് പിടിച്ചു തിരിച്ചു.  അവിടെയാണത്രെ വണ്ടി വന്നു നിൽക്കുക. ഞാൻ ദിക്കറിയാത്ത വെറും അന്ധൻ!.  തീവണ്ടിയുടെ വരവറിയിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ തനതു ശൈലിയിലുള്ള അറിയിപ്പുകൾ കേൾക്കാം. ചായ...ചായ...കാപ്യേയ് ...കാപ്യേയ്... വട...വട...നമ്മൾ തീർത്തും ഇപ്പോൾ ഒരു സ്റ്റേഷനിൽ തന്നെ! സ്റ്റേഷനിൽ കച്ചവടക്കാരുടെ പതിവു ബഹളം. ഏതോ ട്രാക്കിൽ ഏതോ ട്രൈൻ നിൽക്കുന്നുണ്ടാകും. അതിൽ യാത്രക്കാരുണ്ടാവും. പക്ഷെ, ഞാൻ... !!!.   ദൂരെ നിന്നും തീവണ്ടി വരുന്ന ശബ്ദം കേൾക്കാം. കിതപ്പ് കൂടിക്കൂടി ഓടിയടുത്ത് മുന്നിലൂടെ അത് ചീറിപ്പാഞ്ഞു പോയി. വസ്ത്രങ്ങളെ ഉലച്ച് കാറ്റു വീശി. ഹോണ്‍ മുഴക്കി ദൂരെ മറയുന്ന ശബ്ദം കേൾക്കാം. ആ വണ്ടിക്ക് അവിടെ സ്റ്റോപ്പില്ല!.

സ്റ്റേഷന്റെ പടവുകളിറങ്ങി മുന്നോട്ടു നടന്നാൽ പിന്നെ കൊടും കാടാണ്. കാലിൽ തടയുന്ന വള്ളിപ്പടർപ്പുകൾ...യാത്ര തടസ്സപ്പെടുത്തുന്ന പൊന്തക്കാടുകൾ...ഊടുവഴി...ശരീരത്തിൽ കോറുന്ന മരച്ചില്ലകൾ..വന്യ ജീവികളുടെ അലർച്ചയും മുരളലും...പൊന്തക്കാട്ടിൽ നിന്ന് ഏതോ ജീവി മാന്തുന്നു... അപരന്റെ തോളിൽ പിടിച്ച് ഒരു വിധം നടന്നു മുന്നോട്ടു നീങ്ങി. കാടവസാനിച്ചു. ഇപ്പോൾ പുറത്തേക്കുള്ള വാതിലിലാണ്. പുറത്തു കടന്നു...കണ്ണട നീക്കി...വെളിച്ചമുള്ള ലോകം...സമ്മേളന നഗരിയിൽ പലയിടത്തായി ജനം. നാളെ കഴിഞ്ഞാണ് തുടക്കം. എക്സിബിഷൻ അതിനു മുന്പ് അവസാനിക്കും. ഇതു വരെ എന്നെ നയിച്ച സുഹൃത്തിനെ നോക്കി. മൃതിയടഞ്ഞ കുഴിഞ്ഞ കണ്ണുകൾ! ഇവിടെയും അയാൾക്ക് ഇരുട്ടാണല്ലോ...!. ആ 'വഴികാട്ടി'യോട് അൽപ നേരം സൗഹൃദം പങ്കിട്ടു. ഒരു വളണ്ടിയർ അയാളുടെ കൈ പിടിച്ച് എക്സിബിഷൻ ഹാളിന്റെ മുൻ വശത്തെ കവാടത്തിലേക്കു കൊണ്ടു പോയി. അടുത്ത ടീമിനെ 'നയിക്കാൻ'.

ഇരുട്ടിൻറെ ലോകത്ത് സ്ത്രീകളെ നയിക്കുന്നതിന് അന്ധകളായ സഹോദരിമാരുണ്ട് 'കാഴ്ച'യിൽ. ശബ്ദങ്ങൾക്കും ഇടപെടലുകൾക്കുമായി ഇരുപതിലധികം പേരെ ഹാളിൽ പലയിടത്തായി വിന്യസിച്ചിട്ടുണ്ട് പോലും. പുറമേ റെക്കോർഡ് ചെയ്ത ശബ്ദങ്ങളും ഉപയോഗിക്കുന്നു! ഒരു ടീം യാത്ര പൂർത്തിയാക്കാൻ ഏതാണ്ട് 10 മിനുട്ടെടുക്കും. എന്നിട്ടേ അടുത്ത ഗ്രൂപിന് കയറാൻ കഴിയൂ. ലളിതമായ സജ്ജീകരണങ്ങളിലൂടെ നമ്മുടെ മനസ്സിൽ ബോധ്യപ്പെടലുകൾ പതിപ്പിക്കുന്ന വലിയൊരു സന്ദേശമാണ് 'കാഴ്ച'.


'കാഴ്ച'യെ പല രൂപത്തിൽ അനുഭവിച്ചവരുണ്ടാകാം. ഇരുൾ ആധിപത്യമുറപ്പിച്ച ആ വലിയ മുറിയിൽ അല്പം മുന്നോട്ടു നീങ്ങിയപ്പഴേ എൻറെ മനസ്സു തപിക്കാൻ തുടങ്ങിയിരുന്നു; ചങ്കു വേദനിക്കാനും. കട്ട പിടിച്ച ആ ഇരുട്ടിൽ ഞാൻ വിങ്ങി വിങ്ങിക്കരയുകയായിരുന്നു. ഒരായിരം വട്ടം ഞാനെന്റെ നാഥനെ സ്തുതിച്ചു. പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാൻ വല്ലാതെ പാടു പെട്ടു. അന്ധതയുടെ ആഴം ഞാനറിഞ്ഞു; കാഴ്ചയെന്ന മഹാ അനുഗ്രഹത്തിൻറെ വിലയും!