Monday, May 30, 2011

മഴക്കാല കാഴ്ചകള്‍

ണ്‍സൂണിന്‍റെ തലോടലില്‍ ഇനി
മഴത്തുള്ളികള്‍ പാകിയ രാപ്പകലുകള്‍  
മാനമിരുളുമ്പോഴും മനസ്സില്‍
തെളിഞ്ഞുവരുന്ന തണുപ്പിന്‍റെ കൂട്ട്
ചാഞ്ഞും ചരിഞ്ഞും തടിച്ചും മെലിഞ്ഞും
പെയ്തിറങ്ങുന്ന മഴനൂലുകള്‍
തളരാതെ നൃത്തമാടുന്ന ചേമ്പിലകള്‍
ആടിയുലയുന്ന തെങ്ങിന്‍ തലപ്പുകള്‍
തലയാട്ടിക്കളിക്കുന്ന പുല്‍ക്കൊടികള്‍
ദൂരെ നിന്നും ആരവത്തോടെ
ഓടിയടുക്കുന്ന പെരുമഴ

റയത്തു വെച്ച പഴയ പാത്രങ്ങളില്‍
മഴവെള്ളത്തിന്റെ മങ്ങിയ പതിപ്പ്
വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നനഞൊട്ടിയ
കോഴിത്തള്ളയും കുഞ്ഞുങ്ങളും
പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളില്‍
പാഞ്ഞു കളിക്കുന്ന പരല്‍ മീനുകള്‍
ശൃംഗാരത്തില്‍ മതി മറന്ന്‌
തവളക്കൂട്ടായ്മയുടെ കച്ചേരി
പേമാരി കനക്കുമ്പോള്‍ പതുക്കെ
കൈവീശി മറയുന്ന പാടവരമ്പുകള്‍

കുളങ്ങളില്‍ കൌമാരങ്ങളുടെ കൂത്താട്ടം
ഉടുപ്പും പുസ്തക സഞ്ചിയും
പാതി കുതിര്‍ന്ന ചെറുബാല്യങ്ങള്‍
തോട്ടിന്‍ കരയിലെ തെങ്ങിന്‍
തോപ്പിനോട് ചേര്‍ത്തുകെട്ടിയ
കോരുവിന്റെ ചായ മക്കാനിയില്‍
ആവി പാറുന്ന കപ്പയും കട്ടനും

കുത്തിയൊലിക്കുന്ന വെള്ളത്തില്‍
ഉയിരു ചാലിച്ചു നിറം തീര്‍ക്കുമ്പോഴും
ഭൂമിക്കു വല്ലാത്ത നിര്‍വൃതി
ഉരുള്‍പൊട്ടി  ഇരുള്‍ വീഴാതിരിക്കാന്‍ 
കൈപൊക്കി കരയുന്ന പാവങ്ങള്‍
പീടികത്തിണ്ണകളില്‍ വറുതിയുടെ
വര തീര്‍ത്ത് കൂനിക്കൂടുന്ന യാചകര്‍
മഴക്കാലം കാഴ്ചകളുടെ രുചിഭേദം
വര്‍ണ്ണനക്കു വഴങ്ങാത്ത  കലാരൂപം!